Wednesday, May 22, 2019 Last Updated 34 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 12.11 AM

പ്രളയാനന്തര ജീവിതം നരകമാക്കരുത്‌

uploads/news/2018/10/254918/1.jpg

പ്രകൃതിക്ഷോഭങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും മുന്നില്‍ മനുഷ്യന്‍ നിസാരനാണ്‌, നിസഹായനാണ്‌. പറഞ്ഞുകേട്ട പ്രകൃതിക്ഷോഭങ്ങള്‍ അനുഭവമായപ്പോള്‍ കേരളം സ്‌തംഭിച്ചു നിന്നിട്ട്‌ അധികകാലമായില്ല. എന്നാല്‍ കേരളത്തെ വെള്ളത്തില്‍ മുക്കിത്താഴ്‌ത്തിയ പ്രളയത്തില്‍ നല്ലൊരു ഭാഗം സംഭാവന ചെയ്‌തത്‌ മനുഷ്യന്‍ തന്നെയായിരുന്നു.
പ്രധാനമായും നമ്മുടെ ജലസംഭരണികളുടെ മാനേജ്‌മെന്റിലുണ്ടായ പാളിച്ച. ഇതു തിരിച്ചറിയാന്‍ അധികം ഗവേഷണം നടത്തേണ്ടതില്ല. പത്തനംതിട്ടയെ ശ്വാസംമുട്ടിച്ച വെള്ളം വന്നതെവിടെനിന്ന്‌? ആലുവയെയും എറണാകുളത്തെയും മുക്കിത്താഴ്‌ത്തിയ വെള്ളം വന്നതെങ്ങനെ? ചാലക്കുടിയില്‍ ചെളിനിറച്ച വെള്ളം വന്നതെവിടെനിന്ന്‌? ഇങ്ങനെ പരിശോധിച്ചാല്‍ പ്രളയത്തിന്റെ കാരണം കണ്ടെത്താനാകും. ബാണാസുരസാഗര്‍ തുറന്നുവിട്ടത്‌ കലക്‌ടറെ പോലും അറിയിക്കാതെയാണെന്ന വിവാദവും മറക്കാറായിട്ടില്ല.
നഷ്‌ടപ്പെട്ട മുന്നൂറിലേറെ മനുഷ്യജീവനുകള്‍ക്കു മേല്‍നിന്ന്‌ ഉത്തരവാദിത്ത രഹിതമായി സംസാരിച്ച അധികൃതരും കുറവല്ല. ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ മുതല്‍ വൈദ്യുതിമന്ത്രി വരെ അക്കൂട്ടത്തിലുണ്ട്‌. വീഴ്‌ചയെ അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ തലയില്‍ വച്ചുകെട്ടി രക്ഷപെടാനുള്ള ഒരു ശ്രമമെന്ന ന്യായം പറയാം.
എന്നാല്‍ ആദ്യത്തെ അനുഭവത്തിനുശേഷവും അതില്‍നിന്നു പാഠങ്ങളൊന്നുമുള്‍ക്കൊണ്ടിട്ടില്ലെന്നു കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ കാണിച്ചു തരുന്നു. ജലസംഭരണികള്‍ പരിപാലിക്കുന്നതിലും നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ഒരു സംവിധാനം ആവശ്യമാണ്‌. സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്നു പറയുമ്പോഴും നിറയുന്നത്‌ കെടുകാര്യസ്‌ഥതയുടെ അടയാളങ്ങളാണ്‌.
ദുരന്തനിവാരണ അതോറിറ്റി മഴമുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നു നടന്ന സംഭവങ്ങള്‍ വീഴ്‌ചകള്‍ വ്യക്‌തമാക്കുന്നതാണ്‌. ഡാമുകളിലെ വെള്ളമെത്ര? തുറക്കുമ്പോള്‍ ഒഴുകുന്ന വെള്ളമെത്ര? ഷട്ടര്‍ തുറക്കത്തക്ക വെള്ളം ഡാമിലുണ്ടോ? ഇക്കാര്യങ്ങളിലൊന്നും ആര്‍ക്കും ഒരു നിശ്‌ചയവുമില്ല. വീഴ്‌ചയുടെ ഉത്തരവാദിത്തം തങ്ങളുടെ തലയില്‍ വരരുതെന്നു കരുതി വെള്ളമില്ലാത്ത ഡാമുകള്‍ തുറക്കുന്നതിനു കേരളം സാക്ഷിയായി. ഇവിടെയാണു കേന്ദ്രീകൃതവും കാര്യക്ഷമവുമായ ഒരു ഡാം മാനേജ്‌മെന്റ്‌ സംവിധാനം നമുക്കുണ്ടാകേണ്ടതിന്റെ ആവശ്യകത വ്യക്‌തമാകുന്നത്‌. നിലവിലുള്ള സംവിധാനം പരാജയമാണെന്ന്‌ ആദ്യപ്രളയവും തുടര്‍ന്നുണ്ടായ സംഭവങ്ങളും വ്യക്‌തമാക്കുന്നു. കഴിഞ്ഞ ദിവസത്തെ റെഡ്‌ അലേര്‍ട്ടിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും ഉത്തരവാദിത്തബോധമുള്ളവരെ ലജ്‌ജിപ്പിക്കുന്നതാണ്‌.
കാലാവസ്‌ഥാ മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും ജനദ്രോഹമാകുന്ന അവസ്‌ഥയാണു കേരളത്തില്‍. മുന്നറിയിപ്പിനും മുന്നൊരുക്കങ്ങള്‍ക്കുമപ്പുറം ഉത്തരവാദിത്തമൊഴിവാക്കല്‍ എന്ന അവസ്‌ഥയിലേക്കു മാറിയിരിക്കുന്നു ഈ അറിയിപ്പുകള്‍.
പ്രകൃതി ദുരന്തങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പലതും ആത്മാര്‍ഥതയില്ലാത്തതായിരുന്നെന്നു കാലം തെളിയിക്കരുത്‌. കാരണം രണ്ടുമാസമാകാറായിട്ടും സഹായധനമായി പ്രഖ്യാപിച്ച പതിനായിരം രൂപ ലഭിക്കാത്തവര്‍ അവശേഷിക്കുന്നു. ഈ സാങ്കേതികത പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ആവശ്യത്തിലേറെ സമയമായിരുന്നു.
മറ്റൊരു നീതികേടിന്റെ സ്വരമുയരുന്നത്‌ ദുരന്തബാധിതര്‍ക്കു പ്രഖ്യാപിച്ച പലിശരഹിത സഹായധനത്തിന്റെ കാര്യത്തിലാണ്‌. കുടുംബശ്രീവഴി മാത്രം ഈ പദ്ധതി നടപ്പാക്കുമ്പോള്‍ ഇരകള്‍ക്കുള്ള പദ്ധതിയായി കാണാന്‍ കഴിയില്ല. മറിച്ച്‌ ചില രാഷ്‌ട്രീയ അജന്‍ഡകളുടെ ഭാഗമായേ ഈ പണവിതരണത്തേ കാണാനാകൂ. മത, പാര്‍ട്ടി ഭേദമെന്യേ ഒരേ മാനദണ്ഡത്തില്‍ വിതരണം ചെയ്യേണ്ടതാണ്‌ സഹായങ്ങള്‍. കാരണം ഇത്‌ പൊതുജനങ്ങളുടെ പണമാണ്‌, പാര്‍ട്ടിഫണ്ടല്ല. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിയിലും ദുരന്തബാധിതരുടെ ക്ഷേമത്തിനു നിര്‍ദേശിക്കപ്പെടുന്ന മാനദണ്ഡങ്ങള്‍ തുല്യനീതി ഉറപ്പുവരുത്തുന്നതാകണം.

Ads by Google
Monday 08 Oct 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW