Monday, June 24, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 07 Oct 2018 12.37 AM

ഡെയ്‌ഞ്ചര്‍ പാപ്പച്ചന്‍...

uploads/news/2018/10/254700/sun1.jpg

സെഞ്ച്വറി എന്നു കേട്ടാല്‍ നമ്മുടെയൊക്കെ ഉള്ളില്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള ഓര്‍മ്മകളാണുണ്ടാവുക. എന്നാല്‍ ചെറുതും വലുതുമായ അപകടങ്ങളില്‍ കാല്‍ സെഞ്ച്വറിയില്‍ കൂടുതല്‍ അപകടങ്ങള്‍ ഏറ്റുവാങ്ങിയ ഒരു യുവാവ്‌ അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ അയാളുടെ പേരിനൊപ്പം ആക്‌സിഡന്റ്‌ എന്ന്‌ കൂട്ടി ചേര്‍ത്ത്‌ വിളിക്കാന്‍ കൂട്ടുകാരും നാട്ടുകാരും തയ്യാറാവുകയും തുടര്‍ന്ന്‌ പേരിനൊപ്പം ആക്‌സിഡന്റ്‌ എന്ന്‌ കൂട്ടിചേര്‍ത്ത്‌ വിളിച്ചാലേ തിരിച്ചറിയാന്‍ സാധിക്കൂ എന്ന അവസ്‌ഥയിലായി. എന്തായാലും ഇന്ന്‌ പാപ്പച്ചന്‍ എന്ന യുവാവ്‌ ആക്‌സിഡന്റ്‌ പാപ്പച്ചനാണ്‌. വൈദ്യുതിയില്‍ നിന്നുള്ള അപകടം കൂടി ഏറ്റുവാങ്ങി വാങ്ങേണ്ടി വന്നപ്പോള്‍ ആക്‌സിഡന്റ്‌ എന്ന വാക്കിന്റെ സ്‌ഥാനത്ത്‌ ഡെയ്‌ഞ്ചര്‍ കയറിപ്പറ്റുകയും ഡെയ്‌ഞ്ചര്‍ പാപ്പച്ചനായി മാറുകയും ചെയ്‌തു.
ബാലരാമപുരം ജംഗ്‌ഷനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ വടക്കുമാറി മുടവൂര്‍പാറയില്‍ സ്വകാര്യമാനേജ്‌മെന്റ്‌ സ്‌കൂളിനോട്‌ ചേര്‍ന്ന്‌ മുത്താരമ്മന്‍ ക്ഷേത്രം. സമയം വൈകുന്നേരം 6.30. റോഡില്‍ സ്‌ട്രീറ്റ്‌ ലൈറ്റുകളും വീടുകളില്‍ വെളിച്ചവും തെളിയാന്‍ പോകുന്നതേയുള്ളൂ. പകല്‍ മുഴുവനും ആഹാരത്തിനു വേണ്ടിയുള്ള അലച്ചില്‍ കഴിഞ്ഞ്‌ അന്തിയുറങ്ങാന്‍ പക്ഷികള്‍ ക്ഷേത്ര കോമ്പൗണ്ടിലെ ആല്‍മരത്തില്‍ ശബ്‌ദ കോലാഹലത്തോടെ ചേക്കേറുന്നു. മുത്താരമ്മന്‍ ക്ഷേത്രത്തില്‍ നിന്നും സന്ധ്യാദീപാരാധനക്കിടയിലെ മണിയൊച്ച അന്തരീക്ഷത്തില്‍ ചേര്‍ന്ന്‌ ലയിക്കുന്നു. ദീപാരാധന തൊഴാന്‍ കുറച്ചു പേര്‍ മാത്രം കാത്തുനില്‍ക്കുന്നു. ദീപാരാധനയ്‌ക്കിടയിലെ മണിയൊച്ച വളരെ ശ്രദ്ധാപൂര്‍വ്വം ഭക്‌തിയോടെ കേട്ടുനില്‍ക്കുകയാണ്‌ സമീപത്തെ സുധാലയം വീടിന്റെ മുന്‍വാതിലില്‍ മധ്യവയസ്‌കനായ ഒരാള്‍. അവിടെയെത്തിയ രണ്ട്‌ ചെറുപ്പക്കാര്‍ മധ്യവയസ്‌കനോട്‌ ചോദിച്ചു. '' പാപ്പച്ചന്റെ വീടല്ലേ?''
മറുപടി ഇപ്രകാരമായിരുന്നു. '' ആക്‌സിഡന്റ്‌ ആയിരിക്കും''
ചോദിച്ചത്‌ കേട്ടില്ല എന്നു തോന്നിയ യുവാക്കള്‍ വീണ്ടും ഉച്ചത്തില്‍ ''ടിവിയും, റേഡിയോയുമൊക്കെ നന്നാക്കുന്ന പാപ്പച്ചന്റെ വീടല്ലേ?'' എന്ന്‌ അയാളോട്‌ ചോദിച്ചു. വീണ്ടും അയാളുടെ മറുപടി ഇപ്രകാരമായിരുന്നു.
''ആക്‌സിഡന്റ്‌ ആയിരിക്കും പറഞ്ഞോളൂ, ഭയമൊന്നുമില്ല''
പെട്ടെന്ന്‌ യുവാക്കള്‍ രണ്ടു പേരും അയാളോടായി പറഞ്ഞു.
''ആക്‌സിഡന്റ്‌ അറിയിക്കാന്‍ വന്നതല്ല. വീട്ടിലെ കേടായ ടി.വി. നന്നാക്കാനായിരുന്നു''
യുവാക്കളോട്‌ ക്ഷമ ചോദിച്ച്‌ വീട്ടിനുള്ളില്‍ വിളിച്ചിരുത്തി അയാള്‍ തന്റെ മകന്‍ പാപ്പച്ചന്‍ ആക്‌സിഡന്റ്‌ പാപ്പച്ചന്‍ ആയതിനെക്കുറിച്ചും തുടര്‍ന്ന്‌ ഡെയ്‌ഞ്ചര്‍ പാപ്പച്ചന്‍ ആയതിനെക്കുറിച്ചും പറഞ്ഞു. തുടര്‍ന്ന്‌ പാപ്പച്ചന്‍ എത്തിയാലുടന്‍ അങ്ങോട്ട്‌ വിളിപ്പിക്കാമെന്ന ഉറപ്പിന്‍ മേല്‍ ഫോണ്‍ നമ്പറുംവാങ്ങിയാണ്‌ അവരെ മടക്കി അയച്ചത്‌.
പത്താം ക്ലാസ്സില്‍ പരാജയം സമ്മതിച്ച പാപ്പച്ചനെ വെറുതേ നില്‍ക്കേണ്ട എന്നു കരുതിയാണ്‌ അച്‌ഛന്‍ ആട്ടോറിക്ഷ ഡ്രൈവിംഗ്‌ പഠിക്കാന്‍ കൊണ്ടു ചെന്നാക്കിയത്‌. പഠനം കഴിഞ്ഞതോടെ സമീപത്തെ സോപ്പ്‌ കമ്പനിയില്‍ ആട്ടോഡ്രൈവറായി ജോലി കിട്ടി. രണ്ട്‌ ആഴ്‌ച്ച കഴിഞ്ഞതേയുള്ളൂ. കുറ്റിച്ചല്‍ എന്ന സ്‌ഥലത്ത്‌ വച്ച്‌ ഓട്ടോ ഓടിച്ച്‌ പോകവെ പട്ടികള്‍ പരസ്‌പരം കടികൂടി തന്റെ ഓട്ടോയിലിടിച്ച്‌ മറിഞ്ഞാണ്‌ അപകടം ഉണ്ടായത്‌. വലത്‌ ഷോള്‍ഡറിന്‌ ഡിസ്‌ലൊക്കേഷന്‍ സംഭവിച്ച്‌ മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തി. അങ്ങനെ ആദ്യത്തെ അപകടവും ഏറെ നാളത്തെ ചികിത്സയും കഴിഞ്ഞ്‌ ഒരു നാള്‍ കൂട്ടുകാരനോടൊപ്പം വണ്ടിയില്‍ പോകവേ തമിഴ്‌നാട്ടിലെ പാര്‍വ്വതിപുരത്ത്‌ വച്ചായിരുന്നു രണ്ടാമത്തെ അപകടം. തമിഴ്‌നാടിന്റെ കട്ടബൊമ്മന്‍ ബസ്സിടിച്ചാണ്‌ രണ്ടാമത്തെ അപകടം. ഈ അപകടത്തില്‍ പാപ്പച്ചന്‌ ഇടത്‌ ഷോള്‍ഡറിന്റെ ലൊക്കേഷനാണ്‌ പോയത്‌. വീണ്ടും മെഡിക്കല്‍ കോളേജില്‍ ചീകില്‍സ കഴിഞ്ഞ്‌ വീട്ടിലെത്തിയതോടെ കര്‍ക്കശക്കാരനായ അച്‌ഛന്റെ നിര്‍ദ്ദേശവും വന്നു.
'ഇനി നീ വണ്ടി ഓടിക്കാന്‍ പോകേണ്ട. വീട്ടില്‍ നിന്നാല്‍ മതി.'
അങ്ങനെ വീട്ടില്‍ നില്‍ക്കുമ്പോഴാണ്‌ ഒരു നാള്‍ കൂട്ടുകാരുമൊത്ത്‌ തെങ്ങിന്‍ പൊത്തിലിരുന്ന തേനീച്ചക്കൂട്ടില്‍ നിന്നും തേന്‍ എടുക്കാന്‍ പോയത്‌. 4 പേരാണ്‌ തെങ്ങില്‍ കയറിയത്‌. ഏറ്റവും മുകളില്‍ പാപ്പച്ചന്‍ പൊത്തില്‍ നിന്നും എടുത്ത്‌ തൊട്ടു താഴെയുള്ള ആള്‍ക്ക്‌ കൈമാറും. അവിടെനിന്നും താഴേക്ക..്‌ അങ്ങനെയാണ്‌ തീരുമാനം. പാപ്പച്ചന്‍ പൊത്തില്‍ കൈയ്യിട്ട്‌ വാരിയതോടുകൂടി തേനീച്ച മൊത്തം പാപ്പച്ചന്റെ മുഖത്ത്‌ വന്നു കൂടി. താഴോട്ടുള്ള 3 പേരും ഇറങ്ങി ഓടി രക്ഷപ്പെട്ടു. പാപ്പച്ചന്‍ തേനിച്ചകളുടെ കുത്തേറ്റ്‌ മുഖം വികൃതമായി തെങ്ങിന്റെ ചുവട്ടിലും വീണ്ടും മെഡിക്കല്‍ കോളജിലും എത്തി. ഇതോടെ പാപ്പച്ചന്റെ വീട്ടുകാര്‍ ഒരു തീരുമാനമെടുത്തു. വെറുതേ നിര്‍ത്തേണ്ട പഠിക്കാന്‍ പോകട്ടെ. അങ്ങനെയാണ്‌ 3 വര്‍ഷത്തെ മെക്കാനിസം ഓഫ്‌ റോഡിയോ ആന്റ്‌ ടെലിവിഷന്‍ കോഴ്‌സിന്‌ പോയത്‌. പഠിക്കാന്‍ പോയിരുന്നതു കാരണം ഈ കാലയളവില്‍ യാതൊരു അപകടവും ഉണ്ടായില്ല എന്നും പാപ്പച്ചന്‍ പറയുന്നു.
പഠനം കഴിഞ്ഞ്‌ ഫ്രീലാന്‍സ്‌ ടെക്‌നീഷ്യനായി ജോലി തുടങ്ങി. ബി.എസ്‌.എ സൈക്കിളിലാണ്‌ ടൂള്‍സ്‌ ബാഗുമായി യാത്ര. ഒരു ദിവസം വൈകുന്നേരം 5 മണിയോടെ പോങ്ങുംമൂടിനു സമീപം ഒരു വീട്ടില്‍ ടി.വി നന്നാക്കാന്‍ പോയി. വീട്‌ അല്‌പം ഉള്ളിലായതുകാരണം സൈക്കിള്‍ റോഡില്‍ വച്ചിട്ടാണ്‌ പോയത്‌. വീട്ടിലെത്തി ടി.വി പരിശോധിച്ച്‌ മടങ്ങിയപ്പോള്‍ 6.30 മണിയായി. ഇരുട്ട്‌ വീഴാന്‍ തുടങ്ങി. പുരയിടത്തിനകത്ത്‌ കൂടിയുള്ള വഴിയേ നടന്നു വരുമ്പോള്‍ പെെട്ടന്ന്‌ കാല്‍ വഴുതി അഗാധതയിലേക്ക്‌... താഴേക്ക്‌ പോകുന്ന വഴി കിട്ടിയ കയറില്‍ ബലമായി പിടിച്ചു. നിമിഷങ്ങള്‍ കഴിയും മുമ്പേ വെള്ളത്തിനു മുകളില്‍ എത്തി നില്‍ക്കുന്നു. മുകളിലോട്ട്‌ നോക്കി പിടിച്ചിരിക്കുന്ന കയറിന്റെ മറ്റേയറ്റം വെള്ളം കോരാന്‍ കെട്ടിയിരുന്ന ഇരുമ്പ്‌ ബക്കറ്റ്‌ മുകളില്‍ കയര്‍ തൂക്കിയിരുന്ന കപ്പിയില്‍ ഇടിച്ചു നില്‍ക്കുന്നു. അപ്പോഴാണ്‌ മനസിലായത്‌ താന്‍ കിണറ്റിലാണെന്ന്‌. കൈ വിട്ടാല്‍ വെള്ളത്തിനടിയില്‍... വിളിക്കാന്‍ കഴിയുന്ന തീവ്രതയില്‍ രക്ഷിക്കണേ എന്നു നിലവിളിച്ചു. അതുവഴി ആ സമയം ചന്തയില്‍ പോയി മടങ്ങിയ സ്‌ത്രികള്‍ പാപ്പച്ചന്റെ നിലവിളി കേട്ട്‌ കരയില്‍ നിന്നു വിളിച്ച്‌ ശബ്‌ദമുണ്ടാക്കി. ആളൊഴിഞ്ഞു കിടന്ന പുരയിടത്തില്‍ ചീട്ട്‌ കളിച്ചുകൊണ്ടിരുന്ന സംഘം എത്തിയാണ്‌ പാപ്പച്ചനെ കസേര കെട്ടിയിറക്കി രക്ഷപ്പെടുത്തിയത്‌. ഭാഗ്യത്തിന്‌ ഒരു പോറല്‍ പോലുമേല്‍ക്കാതെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
വീണ്ടും രണ്ടാഴ്‌ച കഴിഞ്ഞ്‌ ഒരു നാള്‍ അനജുനുമൊത്ത്‌ പണിസ്‌ഥലത്തു നിന്നും ഉച്ചയ്‌ക്ക് കപ്പയും മീനും കഴിക്കാന്‍ വേണ്ടി സൈക്കിളില്‍ പോകുകയായിരുന്നു. അരുവിക്കര എന്ന സ്‌ഥലത്ത്‌ ഇറക്കത്തില്‍ എത്തിയപ്പോള്‍ സൈക്കിളിന്റെ ഫോര്‍ക്ക്‌ ഒടിഞ്ഞ്‌ തറയില്‍ വീണു പാപ്പച്ചന്റെ മുഖം മൊത്തം വികൃതമായി. മുന്‍വരിയിലെ പല്ലുകളെല്ലാം നഷ്‌ടമായി. വീണ്ടും മെഡിക്കല്‍ കോളജില്‍ മൂന്നു ദിവസം കഴിഞ്ഞാണ്‌ ബോധം വീണത്‌.
ഏറെ നാളത്തെ ചികിത്സ കഴിഞ്ഞ്‌ ബാലരാമപുരത്തെ വിഴിഞ്ഞം റോഡിലൂടെ കാറില്‍ ഒരു സ്‌റ്റീരിയോ ഫിറ്റ്‌ ചെയ്യാന്‍ നടന്നു പോകവേ ഒരു പഴയ യെസ്‌.ഡി. മോട്ടോര്‍ സൈക്കിള്‍ പാപ്പച്ചനെ ഇടിച്ചു തള്ളിയിട്ടു. മുതുക്‌ മൊത്തം പഞ്ചറായി. ഇത്രയും അപകടങ്ങള്‍ നിരന്തരം സംഭവിച്ചതോടെ പാപ്പച്ചന്‍ ആക്‌സിഡന്റ്‌ പാപ്പച്ചനായി അറിയപ്പെടാന്‍ തുടങ്ങി. മാത്രമല്ല വീട്ടില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍ അനുമതി വേണമെന്ന മട്ടുമായി. തുടര്‍ന്ന്‌ വീട്ടുകാരോട്‌ ജോത്സ്യന്‍ പറഞ്ഞ പ്രകാരം വീടിനോട്‌ ചേര്‍ന്ന്‌ പ്രത്യേകം പണി കഴിപ്പിച്ച മുറിയില്‍ കഴിഞ്ഞുവരവെ ഒരു ഡിസംബര്‍മാസം സന്ധ്യയ്‌ക്ക് കരോള്‍ പാര്‍ട്ടിയെ കാണാനായി ഇടവഴിക്കരുകില്‍ നില്‍ക്കുകയായിരുന്നു. വലതു കാല്‍വിരലില്‍ എന്തോ കടിച്ചു. പാപ്പച്ചന്‍ നിലവിളിച്ചുകൊണ്ടോടി വീട്ടിലെത്തിയപ്പോള്‍ പാമ്പ്‌ പാപ്പച്ചന്റെ കാല്‍ക്കുഴിയില്‍ കടിച്ചു ചുറ്റിയിരിക്കുന്നു. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്‌ പാമ്പിനെ മാറ്റി കടിച്ച ഭാഗം ബ്ലേഡുകൊണ്ടു മുറിച്ച്‌ രക്‌തം പുറത്തേക്കൊഴുക്കി. മുകള്‍ഭാഗത്ത്‌ തുണി ചുറ്റി കെട്ടി സമീപത്തെ വിഷചികിത്സാ കേന്ദ്രത്തിലെത്തിച്ചു. ഈ സംഭവത്തിനു ശേഷം പാപ്പച്ചന്‍ വീടിനുപുറത്ത്‌ പോകാതെ കഴിഞ്ഞു. കടുത്ത വേനല്‍ ചൂട്‌ സഹിക്കാനാകാതെ പാപ്പച്ചന്‍ തലയണയും പായുമായി പുറത്ത്‌ വരാന്തയില്‍ ഉറങ്ങാന്‍ കിടന്നു. അര്‍ദ്ധരാത്രിയായപ്പോള്‍ കഴുത്തില്‍ എന്തോ കടിച്ചപോലെ തോന്നി. കഴുത്തില്‍ ഒന്ന്‌ തടവിനോക്കി. വേദനകാരണം പുറത്ത്‌ ലൈറ്റിട്ട്‌ തലയിണ പൊക്കിനോക്കിയപ്പോള്‍ ഒരു പാമ്പ്‌ തലയിണയ്‌ക്കടിയില്‍ ചുറ്റിയിരിക്കുന്നു. പാപ്പച്ചന്റെ നിലവിളികേട്ട്‌ ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരും കടിയേറ്റ ഭാഗം ബ്ലേഡ്‌ കൊണ്ട്‌ അല്‍പം കീറി രക്‌തം പുറത്തേക്ക്‌ ഒഴുക്കി മെഡിക്കല്‍കോളജില്‍ എത്തിച്ചാണ്‌ രക്ഷപ്പെടുത്തിയത്‌.
അതീവ സൂക്ഷ്‌മതയില്‍ കഴിഞ്ഞുവരവേ ഒരുനാള്‍ വൈകുന്നേരം വീട്ടിനുമുന്നിലെ പുരയിടത്തില്‍ മതിലില്‍ കൈയും ചാരിനില്‍ക്കുന്ന സമയം വലതുകൈ ചൂണ്ടുവിരലില്‍ എന്തോകടിച്ചതായി തോന്നി. പല്ലിയാകുമെന്നാണ്‌ ആദ്യം കരുതിയത്‌.സൂക്ഷിച്ചു നോക്കി. മതില്‍ കെട്ടിനിടയില്‍ നിന്നും പാമ്പിന്റെ നാക്കാണ്‌ കണ്ടത്‌. വിവരമറിഞ്ഞ്‌ വീട്ടുകാരും നാട്ടുകാരും കൂടി. കൈക്കുഴയില്‍ തുണിമുറുക്കികെട്ടി ബാലരാമപുരത്തെ ആശുപത്രിയില്‍ ആദ്യം കൊണ്ടുപോയി. ഏതിനം പാമ്പെന്നറിയാതെ ഡോക്‌ടര്‍മാര്‍ വിഷമിക്കുമ്പോള്‍ കൂട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്ന്‌ വികൃതമാക്കി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്‌ വീണ്ടും പാമ്പുമായി മെഡിക്കല്‍ കോളജില്‍. ഈ സംഭവം കൂടി ആയപ്പോള്‍ പാപ്പച്ചന്‍ ആക്‌സിഡന്റ്‌ പാപ്പച്ചനായി സ്‌ഥിരീകരിക്കപ്പെട്ടു.

ആക്‌സിഡന്റ്‌ പാപ്പച്ചന്‍ ഡെയ്‌ഞ്ചര്‍ പാപ്പച്ചനിലേക്ക്‌
ഒരു ശിവരാത്രി ദിവസം. പാപ്പച്ചന്‍ കൂട്ടുകാരനുമൊത്ത്‌ ബാലരാമപുരം തേമ്പാമുട്ടത്തെ ശിവക്ഷേത്രത്തില്‍ പോയി. തേമ്പാമുട്ടം ഇറക്കത്തെത്തിയപ്പോള്‍ പാപ്പച്ചന്‌ ഒന്നിനു പോകണമെന്ന്‌ തോന്നി ഇരുട്ടില്‍ സൈഡില്‍ ഒതുങ്ങി. ട്രാന്‍സ്‌ഫോമര്‍ സ്‌ഥാപിച്ചിരുന്ന പോസ്‌റ്റിന്റെ സ്‌റ്റേകമ്പിയുടെ ചുവട്ടിലുള്ള ഇരുമ്പ്‌ പൈപ്പിലാണ്‌ ഒന്നിന്‌ സ്‌ഥലം കണ്ടെത്തിയത്‌. പാപ്പച്ചന്‍ ഇതാ വീണു കിടക്കുന്നു. കൂട്ടുകാരന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പാപ്പച്ചന്‍ റോഡില്‍ കിടക്കുകയാണ്‌. കൂട്ടുകാരനും ഉല്‍സവം കാണാന്‍ പോയവരും ചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചു. ഡോക്‌ടര്‍ പാപ്പച്ചനോട്‌ ചോദിച്ചു.
' എന്താ, പറയൂ..'
'മൂത്രമൊഴിച്ചപ്പോള്‍ കറണ്ടടിച്ചു'
ഇതായിരുന്നു മറുപടി. അപകടമൊന്നുമില്ലായെന്നു മനസ്സിലാക്കിയ പാപ്പച്ചന്‌ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. പാപ്പച്ചന്‌ കറണ്ടടിച്ച വാര്‍ത്ത അറിഞ്ഞ്‌ നേരം പുലരും മുമ്പേതന്നെ ആക്‌സിഡന്റ്‌ പാപ്പച്ചന്‍ ഡെയ്‌ഞ്ചര്‍ പാപ്പച്ചനായി.
ജ്യോത്സ്യരുടെ കാലാവധി കഴിഞ്ഞതോടെ ഇത്തരത്തില്‍ ചെറുതും വലുതുമായ 50ല്‍ കൂടുതല്‍ അപകടങ്ങള്‍ നേരിടേണ്ടി വന്ന പാപ്പച്ചന്‍ വിവാഹിതനായി. ബാലരാമപുരത്തു തന്നെ ഒരു കട തുടങ്ങി. ഒരിടത്തും അലഞ്ഞു നടക്കാതെ ടെലിവിഷനും റേഡിയോയും മറ്റും നന്നാക്കുന്ന സ്‌ഥാപനമാണ്‌ പാപ്പച്ചന്‍ തുടങ്ങിയത്‌. ഒരു വര്‍ഷം കഴിഞ്ഞ്‌ ഒരു രാത്രിയില്‍ തന്റെ വെസ്‌പാ സ്‌കൂട്ടര്‍, കടയ്‌ക്ക് പിന്നില്‍ വയ്‌ക്കാന്‍ പോകുന്നതിനിടയില്‍ സ്‌കൂട്ടറോടുകൂടി മറിഞ്ഞുവീണ്‌ വായില്‍ ഫിറ്റുചെയ്‌തിരുന്ന മുന്‍വരിയിലെ പല്ല്‌ ഇളകി വീണുപോയി. രാത്രിയില്‍ ലൈറ്റിന്റെ സഹായത്തില്‍ തിരികെ കിട്ടി. പിറ്റേ ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ അറിഞ്ഞത്‌ അര്‍ധരാത്രിയില്‍ ഏതോവിധത്തില്‍ തന്റെ കട തീ കത്തിനശിച്ചു എന്നായിരുന്നു.
ഇപ്പോള്‍ ഉപജീവന മാര്‍ഗ്ഗം തേടി വിദേശത്ത്‌ എത്തിയ പാപ്പച്ചന്‍ തനിക്കുണ്ടായ അപകടങ്ങളുമായി ബന്ധപ്പെട്ട്‌ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന കുറെ അനുഭവങ്ങളുണ്ട്‌.
വീട്ടിലെ ലാന്‍ഡ്‌്ഫോണില്‍ തന്നെക്കുറിച്ചുള്ള ആക്‌സിഡന്റിന്റെ വിവരംകേട്ട്‌ മടുത്ത്‌ ദേഷ്യം തോന്നിയ അച്‌ഛന്‍ ലാന്‍ഡ്‌ഫോണ്‍ നിലത്തടിച്ചു പൊട്ടിച്ചത്‌, പണിക്കു വിളിക്കാന്‍ വീട്ടിലെത്തിയ യുവാക്കള്‍ പാപ്പച്ചനുണ്ടോ എന്നു ചോദിച്ചപ്പോള്‍ ആക്‌സിഡന്റായിരിക്കും എന്നു പറഞ്ഞ്‌ യുവാക്കളെ അമ്പരിപ്പിച്ചത്‌, കഴുത്തില്‍ പാമ്പുകടിയേറ്റ്‌ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി-കഴുത്തിലല്ലായിരുന്നെങ്കില്‍ തുണികൊണ്ട്‌ കെട്ടിയെങ്കിലും കൊണ്ടുപോകാമായിരുന്നു. ഇപ്പോള്‍ നമ്മള്‍ എവിടെ കെട്ടും എന്നു പറഞ്ഞ്‌ കൂട്ടുകാര്‍ ഭയപ്പെട്ടത്‌. കിണറ്റില്‍ വീണ്‌ നിസ്സാര പരിക്കുപോലും സംഭവിക്കാതെ വീട്ടിലെത്തി അമ്മയോട്‌ പറഞ്ഞപ്പോള്‍ വിശ്വസിക്കാത്ത അമ്മ , കിണറ്റില്‍ വീണാല്‍ ഇങ്ങനെ വരാന്‍ പറ്റുമോ എന്ന്‌ ചോദിച്ച്‌ പാപ്പച്ചനെ കളിയാക്കിയത്‌. തന്റെ കല്ല്യാണത്തിനെത്തിയ കൂട്ടുകാരികള്‍ ബാലരാമപുരത്തെത്തി പാപ്പച്ചന്റെ വീട്‌ ചോദിച്ചപ്പോള്‍ നാട്ടുകാര്‍ വെറും പാപ്പച്ചനല്ല ഡെയ്‌ഞ്ചര്‍ പാപ്പച്ചനാണ്‌ എന്ന്‌ കൂട്ടുകാരികളോട്‌ പറഞ്ഞത്‌. ഷോക്കേറ്റ്‌ ചികില്‍സയ്‌ക്കായി ഇന്‍ജക്ഷന്‍ റൂമിലെത്തിയപ്പോള്‍ മൂത്രമൊഴിക്കുന്ന സ്‌ഥലത്ത്‌ കുഴപ്പമൊന്നുമില്ലല്ലോ എന്ന്‌ നഴ്‌സുമാര്‍ പരസ്‌പരം പറഞ്ഞ്‌ കളിയാക്കിയത്‌. അതിനുപുറമെ സൈക്കിളിന്റെ പോര്‍ക്കൊടിഞ്ഞു മെഡിക്കല്‍കോളേജില്‍ കിടക്കേ തന്നെ കാണാനെത്തിയ കൂട്ടുകാര്‍ പാപ്പച്ചനെ തിരിച്ചറിയാതെ വാര്‍ഡില്‍ കറങ്ങിനടന്നു. അവസാനം കണ്ടുപിടിച്ച്‌ അടുത്തെത്തിയപ്പോള്‍ തന്റെ കൂട്ടുകാരില്‍ ഒരാള്‍ -പാപ്പച്ചാ നീ എങ്കേ പോയി വീണ്‌ എപ്പടിയാച്ച്‌ എന്നു പറഞ്ഞ്‌ വിലപിച്ചതുമൊക്കെ ഓര്‍മ്മിച്ച്‌ ചിരിക്കാനും ചിന്തിക്കാനും മറ്റുമായി പാപ്പച്ചന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ഇപ്പോള്‍ 46-ാം വയസ്സിലെത്തി നില്‍ക്കുന്ന പാപ്പച്ചന്‌ ആരെങ്കിലും സെഞ്ച്വറി എന്ന്‌ പറയുന്നത്‌ കേട്ടാല്‍ ആദ്യം ഓര്‍മ്മയില്‍ എത്തുന്നത്‌ തന്റെ ജീവിതത്തിലുണ്ടായ അപകടങ്ങളുടെ സെഞ്ച്വറി തന്നെയാണ്‌.
ആപത്തോ അനര്‍ത്ഥങ്ങളോ വരുമ്പോള്‍ മനുഷ്യര്‍ പലരും വിധിയെന്നോ ദൈവ നിശ്‌ചയമെന്നോ തലയിലെഴുത്തെന്നോ പറഞ്ഞ്‌ പലതരത്തിലാണ്‌ പ്രതികരിക്കാറുള്ളത്‌. എന്നാല്‍ യൗവ്വന പ്രായത്തില്‍ തന്നെ നിരവധിതവണ ആപത്തുകള്‍ക്ക്‌ വിധേയനായിട്ടും വിധിയെയോ ദൈവ നിശ്‌ചയത്തെയോ തലയിലെഴുത്തിനെയോ പഴിക്കാത്ത വ്യക്‌തിയാണ്‌ പാപ്പച്ചന്‍.
സുദര്‍ശനന്‍ എന്നാണ്‌ പാപ്പച്ചന്‌ അച്‌ഛനിട്ട പേര്‌. എന്നാല്‍ അച്‌ഛന്റെ ഉറ്റ സുഹൃത്ത്‌ ഒരു ക്രിസ്‌തീയ വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്‌ടമാണ്‌ വീട്ടില്‍ പാപ്പച്ചനെന്ന്‌ വിളിക്കാന്‍ അച്‌ഛനും അമ്മയ്‌ക്കും പ്രേരണയായത്‌. തന്നെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ഒരു പക്ഷെ ആക്‌സിഡന്റ്‌/ഡെയ്‌ഞ്ചര്‍ സുദര്‍ശനന്‍ എന്നു വിളിക്കുന്നതിനെക്കാള്‍ വിളിപ്പേരിന്‌ ചേര്‍ച്ചയുണ്ടാകാന്‍ വേണ്ടി അച്‌ഛന്റെ കൂട്ടുകാരന്‌ ഉള്‍വിളിയുണ്ടായി പാപ്പച്ചന്‍ എന്ന പേര്‌ നിര്‍ദ്ദേശിച്ചതാണോ എന്നും പാപ്പച്ചന്‌ സംശയം തോന്നാതിരുന്നിട്ടില്ല.

ചന്ദ്രന്‍ പനയറക്കുന്ന്‌

Ads by Google
Sunday 07 Oct 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW