Monday, June 24, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 07 Oct 2018 12.37 AM

ഒരു ഫാസിസ്‌റ്റ് പ്രണയകഥ

uploads/news/2018/10/254697/sun3.jpg

മനസ്സില്‍ അധികാരികള്‍ക്ക്‌ നേരെ രോഷം ആളിക്കത്തി. ചുറ്റും ഞാന്‍ കണ്ട പലരിലും ആ ആത്മരോഷം ഉണ്ടായിരുന്നു. പക്ഷെ പരസ്‌പരം നോക്കി നെടുവീര്‍പ്പിടുകയല്ലാതെ പ്രവര്‍ത്തിക്കാന്‍ ആരും തയ്യാറായില്ല. എനിക്കങ്ങനെ എന്റെ രോഷത്തെ നെടുവീര്‍പ്പുകളാക്കി അവഗണിക്കാന്‍ കഴിയില്ല. ഉള്ളിലെ അമര്‍ഷം അതോടെ തീരുമാനങ്ങള്‍ ആയി മാറുകയായിരുന്നു. ഒരു പുതിയ രാഷ്‌ട്രം കെട്ടിപ്പടുക്കാനുള്ള തീരുമാനം!
ഭരണകൂടത്തിന്‌ എതിരെയുള്ള രാഷ്‌ട്രീയകക്ഷിയില്‍ അംഗമാവുമ്പോള്‍ ലക്ഷ്യവും മാര്‍ഗ്ഗവും വ്യക്‌തമായിരുന്നു. ഒരിക്കല്‍ സ്വയം ഭരണകൂടമാവുക! അത്‌ വഴി രാഷ്‌ട്രത്തെ അത്‌ അര്‍ഹിക്കുന്ന ഉയരങ്ങളിലേക്കെത്തിക്കുക! ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ ഒരു വേദി കണ്ടെത്തണം ആദ്യം. അതായിരുന്നു രാഷ്‌ട്രീയപ്രവേശനത്തിന്റെ പ്രഥമ ലക്ഷ്യം. സത്യത്തില്‍ ആ പാര്‍ട്ടിയുടെ ആശയങ്ങള്‍ എന്നെ വല്ലാതെ പ്രലോഭിപ്പിച്ചിരുന്നില്ല. രാഷ്‌ട്രീയത്തില്‍ ആശയസംവാദത്തിനു നല്ലൊരു പ്രാസംഗികനാവണം. മനസ്സില്‍ ആശയങ്ങള്‍ വ്യക്‌തമാവണം. അവ സാധാരണക്കാരന്റെ ഭാഷയില്‍ പറയാന്‍ കഴിയണം. ഞാന്‍ പരിശീലനം ചെയ്‌തു. അവസാനം കിട്ടിയ ഒരവസരത്തില്‍ ഞാന്‍ പ്രസംഗിച്ചു. അത്‌ അങ്ങിങ്ങു ചെറിയ തീപ്പൊരികള്‍ വിതറി. പതിയെ എന്റെ പ്രസംഗങ്ങള്‍ക്ക്‌ കേള്‍വിക്കാര്‍ കൂടി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. പൊതുസമ്മേളനങ്ങളില്‍ നിന്നു പൊതുസമ്മേളനങ്ങളിലേക്ക്‌, പ്രകടനങ്ങളിലേക്ക്‌, തുറന്ന പ്രക്ഷോഭങ്ങളിലേക്ക്‌! ഒരു ജനത തങ്ങളുടെ നഷ്‌ടപ്പെട്ട വ്യക്‌തിത്വം, അഭിമാനം, വീര്യം...എല്ലാം തിരിച്ചു പിടിക്കാനുള്ള വ്യഗ്രതയിലായിരുന്നു. യുദ്ധം ശേഷിപ്പിച്ച ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വേറെ. അവര്‍ക്കു വേണ്ടിയിരുന്നത്‌ ഒരു നായകനെ ആയിരുന്നു. ജനത്തിനു പറയാനുള്ളതും അവരുടെ ഉള്ളില്‍ അടിച്ചമര്‍ത്തിയ അമര്‍ഷവും ഞാന്‍ വാക്കുകളാക്കി. അവര്‍ കയ്യടിച്ചു. അവരുടെ കയ്യടികള്‍ എന്റെ വളര്‍ച്ചയ്‌ക്കും ആക്കം കൂട്ടി. പതുക്കെ ഞാന്‍ ഭരണാധികാരികളുടെയും രാഷ്‌ട്രീയ എതിരാളികളുടെയും കണ്ണിലെ കരടായി. പാര്‍ട്ടിയില്‍ എന്റെ സ്‌ഥാനങ്ങള്‍ ഉയര്‍ന്നു. പാര്‍ട്ടിയെ ഞാന്‍ എന്റെ വരുതിയിലാക്കി. പ്രക്ഷോഭങ്ങളില്‍ ഭരണസിംഹാസനങ്ങള്‍ ഇളകി. ഗതിയില്ലാതെ അവരെന്നെ തുറങ്കലിലടച്ചു. അതെന്നെ കൂടുതല്‍ ശക്‌തനാക്കുകയാണ്‌ ചെയ്‌തത്‌. ജയിലില്‍ നിന്നു ഞാന്‍ എഴുതാന്‍ തുടങ്ങി. എന്റെ എഴുത്തുകളും അതിലൂടെ ഞാന്‍ നല്‍കിയ ആഹ്വാനങ്ങളും, രാജ്യത്തെ യുവജനതയുടെ രക്‌തത്തിലേക്കാണ്‌ അലിഞ്ഞു ചേര്‍ന്നത്‌. ജയില്‍മോചിതനായി പുറത്തിറങ്ങുമ്പോള്‍, ഞാന്‍ രാജ്യത്തെ ഏറ്റവും വലിയ എതിര്‍കക്ഷിനേതാവായി വളര്‍ന്നിരുന്നു.
എല്ലാം ശരിയായി നടക്കുകയായിരുന്നു. ഇനി വരുന്നത്‌ തിരഞ്ഞെടുപ്പാണ്‌. മത്സരം കഠിനമാണ്‌. രാഷ്‌ട്രീയത്തിലെ അതികായനോട്‌ പരമോന്നത സ്‌ഥാനത്തിനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഞാന്‍. അതിനിടയിലാണ്‌ അവള്‍ എന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌. അവള്‍ വരരുതായിരുന്നു...അനുവദിക്കരുതായിരുന്നു...പലപ്പോഴും മനസ്‌ സ്വയം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചില്ല. പക്ഷെ തോറ്റുമില്ല. അവഗണിക്കാന്‍ കഴിയാത്ത അത്ര ജനപിന്തുണ എനിക്കുണ്ടായിരുന്നു. അതോടെ എന്നെ ഭരണത്തിന്റെ ഭാഗമാക്കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. പിന്നീട്‌ രാഷ്‌ട്രീയ തന്ത്ര കുതന്ത്രങ്ങളുടെ കാലമായിരുന്നു. ഭരണകക്ഷിയായ വലിയപക്ഷിയുടെ ചിറകരിഞ്ഞു വീഴ്‌ത്താന്‍ ആദ്യം സ്വയംശക്‌തി നേടണമായിരുന്നു. അതിനായി ഞാന്‍ എതിര്‍കക്ഷിയിലെ ചെറിയപക്ഷികളെ ഭക്ഷിച്ചു. അവസാനം എന്റെ പാര്‍ട്ടി ഒഴികെ മറ്റൊരു പാര്‍ട്ടിയും പ്രതിപക്ഷത്ത്‌ ഇല്ലാതായി. ഭരണഘടനയുടെ പഴുതുകള്‍ ഉപയോഗിച്ച്‌ ഞാന്‍ സ്വയം സ്വതന്ത്രനായി. പിന്നെ ആ പഴുതുകള്‍ അടച്ചു. എതിര്‍ത്തവരെ ഒതുക്കി. ഒതുങ്ങാത്തവര്‍ അപ്രത്യക്ഷരായി. സൈന്യം പൂര്‍ണ്ണ അധീനതയിലായപ്പോള്‍ മറ്റെല്ലാം എളുപ്പമായി. നിയോഗംപോലെ സംഭവിച്ച രാഷ്‌ട്രപതിയുടെ മരണത്തോടെ ഭരണഘടന മാറ്റി സ്വയം ഭരണാധികാരിയായി പ്രഖ്യാപിച്ചു. അങ്ങനെ ഞാന്‍ രാഷ്‌ട്രത്തിന്റെ തലവനായി! അപ്പോഴും ദൂരെയെങ്ങോ ഒരു ബാധ്യതയായി അവള്‍ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളില്‍ അവള്‍ സന്തോഷിച്ചിരുന്നോ? അതോ ഞാന്‍ കയ്യെത്താദൂരത്തായി എന്ന്‌ പരിതപിച്ചിരുന്നോ? അവള്‍ വെറുമൊരു സ്‌ത്രീയായിരുന്നു. അവള്‍ക്കെന്ത്‌ രാഷ്‌ട്രീയം, എന്ത്‌ രാഷ്‌ട്രം!
മനസ്സില്‍ അവളെ കുറ്റപ്പെടുത്തുമ്പോഴും, ഈ അന്ത്യനിമിഷത്തില്‍ മരണത്തിനായി കാത്തിരിക്കുമ്പോഴും തുണയായി അവള്‍ മാത്രമാണ്‌ എന്നത്‌ വിധിയുടെ മറ്റൊരു തമാശ. ഇന്ന്‌ രാഷ്‌ട്രമില്ല. രാഷ്‌ട്രീയവുമില്ല. ഉള്ളത്‌ ഈ തണുത്ത കൈകള്‍ മാത്രം! അവളുടെ തണുത്ത കൈകള്‍!
ഞാന്‍ ആ കൈകളിലേക്ക്‌ എന്റെ മുഖം ചേര്‍ത്തു. മുന്‍പും ഇങ്ങനെ തളരുമ്പോള്‍, മനസിനും ശരീരത്തിനും വിശ്രമം വേണമെന്ന്‌ തോന്നുമ്പോള്‍ ഈ കൈകളിലാണ്‌ ഞാന്‍ അഭയം പ്രാപിക്കാറ്‌. അതിനാണ്‌ അവളെ എന്റെ വസതിയുടെ തൊട്ടടുത്ത്‌ ഒരു സ്വര്‍ണ്ണക്കൂടുണ്ടാക്കി അതില്‍ പ്രതിഷ്‌ഠിച്ചത്‌. അതെ! സത്യത്തില്‍ അതിനുവേണ്ടി മാത്രമായിരുന്നു അവള്‍! എന്റെ ശരികള്‍ക്കും സ്വാര്‍ത്ഥതയ്‌ക്കും വേണ്ടി ഒരുപാട്‌ ജീവിതങ്ങള്‍ ബലികൊടുത്തിട്ടുണ്ട്‌. പക്ഷേ, ജീവിക്കുന്ന രക്‌തസാക്ഷി ഇവളാണ്‌. അവള്‍ പലപ്പോഴും അത്‌ പറയാതെ പറഞ്ഞിട്ടുണ്ട്‌.
'നിങ്ങളുടെ ശേഖരങ്ങളിലെ ഒരു പെയിന്റിങ്‌ പോലെ, ചുമരില്‍ തൂങ്ങുന്ന ആ ഘടികാരം പോലെ, ആ മൂലയില്‍ ഇരിക്കുന്ന ഗ്രാമഫോണ്‍ പോലെ ഞാനും.. അല്ലേ എന്റെ വോള്‍ഫ്‌..'
അവള്‍ നിസ്സംഗതയോടെ എന്നോട്‌ ചോദിക്കാറുണ്ട്‌.
എനിക്ക്‌ മറുപടി ഉണ്ടാവാറില്ല. അവളും അവളുടെ മാതാപിതാക്കളും ആഗ്രഹിച്ചിരുന്നത്‌ പ്രത്യക്ഷമായ തുറന്ന ഒരു ബന്ധം ആയിരുന്നു. എനിക്കത്‌ സാധ്യമായിരുന്നില്ല. അതറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ അവള്‍ സ്വന്തം വീടുപേക്ഷിച്ച്‌ എന്നോടൊപ്പം വന്നത്‌. ജീവിതത്തിലെ ഒരു വേളയിലും അവള്‍ക്ക്‌ എന്റെ മനസ്സില്‍ പാര്‍ട്ടിയേക്കാളും രാഷ്‌ട്രത്തെക്കാളും പ്രാധാന്യം ഉണ്ടായിരുന്നില്ല. അത്‌ എന്നോളം തന്നെ അവള്‍ക്കും അറിയാമായിരുന്നു.
'ഈ രാഷ്‌ട്രമാണ്‌ എന്റെ വധു. രാഷ്‌ട്രസേവനം ആണെന്റെ ജീവിതം. അതിനപ്പുറമൊന്നും എന്റെ ജീവിതത്തിലില്ല.' ജനഹൃദയങ്ങളിലേക്ക്‌ ആഴത്തില്‍ ഇറങ്ങി ചെന്ന എന്റെ വാക്കുകള്‍. എനിക്ക്‌ എന്റെ വാക്കുകളോടും എന്റെ ജനങ്ങളോടും നീതി പുലര്‍ത്തണമായിരുന്നു. എന്റെ പാര്‍ട്ടിക്കും രാഷ്‌ട്രത്തിനും അത്‌ ആവശ്യമായിരുന്നു. രാഷ്‌ട്രസേവനമാണ്‌ പൗരധര്‍മ്മം എന്ന സന്ദേശം ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ സ്വയം ഒരു മാതൃകയാവേണ്ടത്‌ ആവശ്യമായിരുന്നു. അതിനുവേണ്ടി ഉപേക്ഷിക്കേണ്ടി വന്ന പലതില്‍ ഒന്നാണ്‌ അവളും.
എല്ലാമറിഞ്ഞിട്ടും ചില സുഹൃത്തുക്കള്‍ അവളെ സ്വന്തമാക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. അവര്‍ക്ക്‌ അവളുടെ ദുഃഖം കാണാമായിരുന്നു.
'അവള്‍ വളരെ ചെറിയ കുട്ടിയാണ്‌. എനിക്കവളെ ഇഷ്‌ടമാണ്‌. പക്ഷെ ഞാന്‍ ഏറ്റെടുത്ത ഒരു ദൗത്യമുണ്ട്‌. ഒരിക്കല്‍ ഞാന്‍ എന്റെ രാജ്യത്തെ അതിന്റെ ഉന്നതങ്ങളില്‍ എത്തിക്കുമ്പോള്‍, വിശ്വസ്‌തമായ ഒരു കരങ്ങളില്‍ എന്റെ ചുമതലകള്‍ ഏല്‍പിച്ചു കഴിയുമ്പോള്‍ എനിക്കൊന്നു വിശ്രമിക്കണം. അന്നവള്‍ എനിക്ക്‌ കൂട്ടായി ഉണ്ടാവും'
അതായിരുന്നു എന്റെ മറുപടി.
വളരെ സത്യസന്ധമായ ആഗ്രഹമായിരുന്നു അത്‌.
വളരെ തന്ത്രപരമായി കൊണ്ടുപോവേണ്ട രണ്ടു വൈരുധ്യങ്ങളായിരുന്നു അവളും രാഷ്‌ട്രീയവും. തീര്‍ച്ചയായും രാഷ്‌ട്രീയത്തിന്‌ തന്നെയായിരുന്നു മുന്‍തൂക്കം. അവള്‍ നഷ്‌ടമാവരുത്‌. അതോടൊപ്പം അവള്‍ എന്റെ മാര്‍ഗ്ഗത്തിന്‌ തടസമായി വരികയും അരുത്‌. ലക്ഷ്യത്തില്‍ എത്തുന്നതുവരെ അവളെ മറ്റാര്‍ക്കും ഒന്നിനും വിട്ടുകൊടുക്കാതെ സൂക്ഷിക്കുക എന്നത്‌ എന്റെ സ്വാര്‍ത്ഥത.
ഒരു സമയം വരെ വളരെ കൃത്യതയോടെ അവളും രാഷ്‌ട്രീയവും ഇടകലരാതെ കൊണ്ടുപോവുന്നതില്‍ ഞാന്‍ വിജയിച്ചു. അല്ല! അങ്ങനെ ഞാന്‍ വിശ്വസിച്ചു. അത്‌ തെറ്റായിരുന്നെന്ന്‌ അവളുടെ ആത്മഹത്യാശ്രമങ്ങള്‍ തെളിയിച്ചുതന്നു. ഒന്നല്ല, രണ്ടു തവണ! എന്റെ സമനില തെറ്റിച്ചത്‌ അതായിരുന്നു. കൂട്ടിയും കിഴിച്ചും അവസാനം ഞാന്‍ ആ തീരുമാനം എടുത്തു.
അവള്‍ക്കു വേണ്ടത്‌ എന്റെ സാമീപ്യവും സമയവുമാണ്‌. അതിന്‌ തടസമായിരുന്നത്‌ എന്റെ രാഷ്‌ട്രീയവ്യക്‌തിത്വവും, പിന്നെ അവളിലേക്കുള്ള ദൂരവും. എന്റെ വ്യക്‌തിത്വത്തെ ബലികൊടുക്കാന്‍ കഴിയില്ല. പക്ഷെ ദൂരം ഇല്ലാതാക്കാം. അങ്ങനെ എന്റെ വസതിയില്‍ എന്റെ മുറിയുടെ തൊട്ടടുത്ത്‌ അവള്‍ക്കുള്ള കൂടൊരുങ്ങി. അതിന്‌ പുറകിലേക്ക്‌ തുറക്കുന്ന ഒരു കിളിവാതില്‍ തയ്യാറാക്കി. അവളെ ഞാന്‍ ആ കൂട്ടിലാക്കി. എന്റെ ഏറ്റവും വിശ്വസ്‌തരായ അനുചരന്മാര്‍ക്കും വളരെ ആടുത്ത ഉദ്യോഗസ്‌ഥര്‍ക്കും മാത്രമറിയുന്ന രഹസ്യക്കൂട്‌!
അതോടെ അവളുടെ നാമം പുറംലോകത്തിന്‌ അജ്‌ഞാതമായി. എനിക്കും എന്റെ വളരെ അടുത്ത ഉദ്യോഗസ്‌ഥന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും അവളുടെ മാതാപിതാക്കള്‍ക്കും പുറമെ ഒരാളും അങ്ങനെ ഒരു ജീവന്‍ ഈ ഭൂമിയിലുണ്ടെന്നു മറന്നു. ആ കൂടിന്റെ കിളിവാതിലിലൂടെ അവള്‍ ലോകം കണ്ടു. എന്നിലൂടെ അവള്‍ ലോകത്തെ അറിഞ്ഞു. തൊട്ടടുത്തുണ്ടായിട്ടും ഞാന്‍ അവള്‍ക്ക്‌ മൈലുകള്‍ ദൂരെത്തന്നെ ആയിരുന്നു. മറ്റൊരാള്‍ ഉള്ളപ്പോള്‍ തീന്മുറിയില്‍ അവള്‍ക്ക്‌ പ്രവേശനം ഇല്ലായിരുന്നു. പുറത്ത്‌ സന്ദര്‍ശകര്‍ വന്നാല്‍ അവരെ അകത്തേക്ക്‌ ആനയിക്കും മുന്‍പ്‌ അവള്‍ അവളുടെ കൂട്ടിലേക്ക്‌ ഓടിയൊളിക്കണമായിരുന്നു.
'നോക്കൂ.. എന്റെ ഈ തിരക്കുപിടിച്ച ജീവിതത്തില്‍ ഒരു പെണ്ണ്‌.. വൈകുന്നേരങ്ങളില്‍ ചെല്ലുമ്പോള്‍ അവളുടെ പരാതികളും പരിഭവങ്ങളും , രാഷ്‌ട്രസംബന്ധമായ വിഷയങ്ങളില്‍ അവളുടെ അഭിപ്രായം, അവളുടെ കുഞ്ഞുങ്ങള്‍, പിന്നെ എന്റെ മരണശേഷം ആ കുഞ്ഞുങ്ങളെ എന്റെ പിന്‍ഗാമിയാക്കാനുള്ള പരാക്രമങ്ങള്‍.. കാണുന്നുണ്ടോ നിങ്ങള്‍ ഒരു വിവാഹം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍! ഞാന്‍ എന്തിന്‌ അത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കണം! ഞാന്‍ എന്തിനു വേണ്ടിയാണോ ജീവിച്ചത്‌ അതിന്‌ വിരുദ്ധമല്ലേ അതെല്ലാം! ഇല്ല! എനിക്കതിനു കഴിയില്ല.
വിവാഹത്തെപ്പറ്റി മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ എന്റെ കാഴ്‌ചപ്പാടുകള്‍ പങ്കുവെക്കുമ്പോള്‍ അവള്‍ ആ നാല്‌ ചുമരുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുകയായിരുന്നു.
എനിക്ക്‌ കുറ്റബോധം തോന്നിയില്ല! ഒരു സാധാരണ കാമുകനല്ല ഞാന്‍. ഒരു സാധാരണ മനുഷ്യനും അല്ല. എല്ലാവരെയുംപോലെ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ എനിക്ക്‌ കഴിയില്ല. ഞാന്‍ തലവനാണ്‌. രാഷ്‌ട്രത്തലവന്‍! ഈ ലോകത്തിന്റെ മുഴുവന്‍ ഗതി, ഞൊടിയിടയില്‍ മാറ്റാന്‍ കഴിവുള്ള രാഷ്‌ട്രത്തിന്റെ തലവന്‍. എനിക്ക്‌ അതിനപ്പുറം ഒരു ജീവിതത്തെപ്പറ്റി ആലോചിക്കാന്‍ കഴിയില്ല.
എനിക്കോര്‍മ്മയുണ്ട്‌, പ്രണയത്തിന്റെ തുടക്കത്തില്‍, അത്‌ ഏറ്റവും തീക്ഷ്‌ണമായിരുന്ന കാലത്ത്‌, അവളുടെ ജന്മദിനത്തിന്‌ എത്താതിരുന്നതില്‍ അവള്‍ കാണിച്ച പരാക്രമം! ഒരിക്കലും എനിക്ക്‌ വാക്കുകള്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കലും അവള്‍ ആഗ്രഹിക്കുന്നത്ര സമയം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.
'എന്റെ വോള്‍ഫ്‌.. കഴിഞ്ഞ കണ്ടുമുട്ടലിന്റെ ഓര്‍മ്മകള്‍ പേറി അടുത്ത കണ്ടുമുട്ടലിനായി ഞാന്‍ എത്രനാള്‍ ഇങ്ങനെ കാത്തിരിക്കണം. എന്തുകൊണ്ട്‌ നീയെനിക്കുവേണ്ടി സമയം കണ്ടെത്തുന്നില്ല. എനിക്ക്‌ വേണ്ടത്‌ നിന്റെ സമ്മാനങ്ങളല്ല. നിന്നെയാണ്‌. നിന്നോടൊത്തുള്ള സമയമാണ്‌. എന്തുകൊണ്ട്‌ നിനക്ക്‌ മറ്റെല്ലാവരെയും പോലെ എന്നെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല' അവളുടെ ഒരു കത്തില്‍ അവള്‍ ചോദിച്ചതാണ്‌!
'വോള്‍ഫ്‌, നിങ്ങളുടെ പ്രണയത്തിനു സ്‌ഥിരതയില്ല. നിങ്ങള്‍ക്ക്‌ വേണ്ടപ്പോള്‍ മാത്രം നിങ്ങള്‍ പ്രണയിക്കുന്നു. പ്രിയമുള്ള വാക്കുകള്‍ പറയുന്നു. എനിക്ക്‌ വേണ്ടപ്പോള്‍ നിങ്ങളെ കിട്ടാനില്ല. എന്ത്‌ തരം പ്രണയമാണിത്‌? ഞാന്‍ പൂവ്‌ ആഗ്രഹിച്ചപ്പോള്‍ നിങ്ങളെനിക്ക്‌ പൂന്തോട്ടം തരുന്നു. പക്ഷെ എനിക്ക്‌ വേണ്ടിയിരുന്നത്‌ നിങ്ങള്‍ നേരിട്ട്‌ കൊണ്ടുവരുന്ന ഒരു പനിനീര്‍പുഷ്‌പം മാത്രമായിരുന്നു. നിങ്ങള്‍ എനിക്കയയ്‌ക്കുന്ന സമ്മാനങ്ങള്‍ എനിക്ക്‌ വിലപ്പെട്ടവ തന്നെയാണ്‌. പക്ഷെ എന്റെ ജന്മദിനത്തില്‍ ചെറുതെങ്കിലും ഒരു സമ്മാനം നിങ്ങള്‍ക്ക്‌ നേരിട്ട്‌ വന്നുതരാമായിരുന്നു '.
പരാതികള്‍! വീണ്ടും പരാതികള്‍..
നിങ്ങളൊരു ചെകുത്താനാണ്‌. ദാഹിക്കുമ്പോള്‍ മാത്രം എന്റെ രക്‌തം ഊറ്റി കുടിക്കാന്‍ വരുന്ന ചെകുത്താന്‍. എനിക്കിങ്ങനെ ജീവിക്കാന്‍ വയ്യ. എല്ലാം മറന്നു പോവുന്ന മാരകമായ ഒരു അസുഖം വരണം. നിങ്ങളെയും എന്നെ തന്നെയും മറക്കണമെനിക്ക്‌. നിങ്ങളുടെ പ്രണയത്തെ മറക്കണം. ഞാന്‍ സത്യസന്ധമായി ആഗ്രഹിക്കുന്നുണ്ട്‌.എന്റെ ഓര്‍മ്മകളെ മുഴുവനായി ഉന്മൂലനം ചെയ്യുന്ന ഒരു രോഗം! നിങ്ങള്‍ക്കറിയാമോ, നിങ്ങളുടെ പൊതുസമ്മേളനത്തില്‍ നിങ്ങളെ ഒരു നോക്ക്‌ കാണാന്‍ ജനക്കൂട്ടത്തില്‍ വെറുമൊരു കാണിയെപ്പോലെ മൂന്നുമണിക്കൂര്‍ ഞാന്‍ കാത്തുനിന്നു. നിങ്ങള്‍ എന്തെങ്കിലും അറിയുന്നുണ്ടോ? എന്റെ വോള്‍ഫ്‌.. നിങ്ങള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം...'
മറ്റൊരിക്കല്‍ അവള്‍ എഴുതി.
'നിങ്ങള്‍ ഒരു നാടകക്കാരിയെ കാണുന്നത്‌ സ്‌ഥിരമായിരിക്കുന്നു എന്ന്‌ ഞാന്‍ അറിയുന്നു. ഇത്‌ സത്യമാണെങ്കില്‍ ഇനി ഒരിക്കല്‍കൂടി എന്നെ കാണാന്‍ ശ്രമിക്കരുത്‌.'
എന്റെ സ്‌ത്രീബന്ധങ്ങള്‍ അവളെ അസ്വസ്‌ഥയാക്കി..
'ഞാന്‍ ആവശ്യത്തില്‍കൂടുതല്‍ ഉറക്കമരുന്നുകള്‍ കൈവശം വെക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക്‌ ആരാണെന്ന്‌ എനിക്കറിയണം. ഇന്ന്‌ തന്നെ അറിയണം! നിങ്ങള്‍ ചിലപ്പോള്‍ പറയുന്നു നിങ്ങള്‍ക്ക്‌ എന്നോട്‌ ഭ്രാന്തമായ പ്രണയം ആണെന്ന്‌. നുണയാണ്‌. നിങ്ങളുടെ തല നിറയെ രാഷ്‌ട്രീയം ആണ്‌. ആരാണ്‌ ആ സ്‌ത്രീകള്‍... സ്‌ഥിരമായി നിങ്ങളോടൊപ്പം വേദിയിലും വാര്‍ത്തകളിലും വരുന്നത്‌. അവരെപ്പോലെ ഒരാളാണോ ഞാനും! നിങ്ങളുടെ വളര്‍ത്തുനായ്‌ക്ക് കൊടുക്കുന്ന സ്‌നേഹമെങ്കിലും നിങ്ങള്‍ എനിക്ക്‌ തന്നിരുന്നെങ്കില്‍! ഇല്ല. എനിക്ക്‌ ഇത്‌ സഹിക്കാന്‍ കഴിയില്ല. ഞാന്‍ ഇന്ന്‌ കൂടെ ക്ഷമിക്കും. ഇന്ന്‌ നിങ്ങളില്‍ നിന്ന്‌ എന്തെങ്കിലും ഒരു സന്ദേശം എനിക്ക്‌ ലഭിച്ചില്ലെങ്കില്‍ ഞാന്‍ അത്‌ തീരുമാനിച്ചു, മരണം!'

(തുടരും)

സാന്‍വി

Ads by Google
Sunday 07 Oct 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW