Monday, December 17, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 02.54 PM

മുട്ടകൊണ്ട് തയാറാക്കാം വ്യത്യസ്ത രുചികള്‍

uploads/news/2018/10/254280/mdmcokry051018f.jpg

''ചോറിനൊപ്പവും പലഹാരങ്ങള്‍ക്കൊപ്പവും വളരെ പെട്ടെന്ന് സ്വാദോടെ തയാറാക്കി വിളമ്പാവുന്ന ചില വിഭവങ്ങളിതാ...''

ബ്രഡ് വിത്ത് എഗ്ഗ് ഓംലറ്റ്


ആവശ്യമുള്ള സാധനങ്ങള്‍
മുട്ട - 9 എണ്ണം
സവാള കൊത്തിയരിഞ്ഞത് -2 എണ്ണം
പച്ചമുളക് വട്ടത്തിലരിഞ്ഞത്- 4 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത് - 4 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ - പാകത്തിന്
ബ്രഡ് - 4 എണ്ണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി അടിച്ചുപതപ്പിക്കുക. വലിപ്പമുള്ള ഫ്രൈയിംഗ് പാന്‍ ചൂടാക്കി പാനിലേക്ക് അല്‍പ്പം വെളിച്ചെണ്ണയൊഴിച്ച് ചുറ്റിച്ചെടുക്കുക. മുട്ട അടിച്ചുവച്ചത് പകുതി ഭാഗം പാനിലേക്കൊഴിച്ച് നല്ല വലിപ്പത്തില്‍ ചുറ്റിച്ചെടുക്കുക. ശേഷം ഇതിനു നടുവിലേക്ക് ഒരു സ്‌ളയിസ് ബ്രഡ്ഡ് വച്ച് മുകളില്‍ മല്ലിയില വിതറാം. മുട്ട വെന്തശേഷം ചട്ടുകംകൊണ്ട് എല്ലാവശവും മടക്കി ബ്രഡ് പൊതിഞ്ഞെടുക്കുക. പാത്രത്തിലേക്ക് മാറ്റി വിളമ്പാം. ബാക്കിവന്ന മുട്ടയും ബ്രഡ്ഡും കൊണ്ട് ഇതുപോലെതന്നെ ബ്രഡ് വിത്ത് എഗ്ഗ് ഓംലറ്റ് തയാറാക്കാം.
uploads/news/2018/10/254280/mdmcokry051018g.jpg

ചെട്ടിനാട് മുട്ടക്കറി


ആവശ്യമുള്ള സാധനങ്ങള്‍
മുട്ട - 3 എണ്ണം
സവാള നീളത്തിലരിഞ്ഞത് - ഒരെണ്ണം
തക്കാളി ചതുര കഷണങ്ങളായി അരിഞ്ഞത് - ഒരെണ്ണം
ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - ഒരെണ്ണം
ഉപ്പ് - പാകത്തിന്
മല്ലിയില - ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ - ആവശ്യത്തിന്
കറിവേപ്പില - 2 തണ്ട്

മസാല തയാറാക്കാന്‍
തേങ്ങ ചിരകിയത് - ഒരു ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് - 2 എണ്ണം
വെളുത്തുള്ളി ചതച്ചത് - 5 എണ്ണം
ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷണം
മല്ലി - 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് - ഒരു ടീസ്പൂണ്‍
ജീരകം ഒരു - സ്പൂണ്‍

തയാറാക്കുന്ന വിധം


മുട്ട പുഴുങ്ങി തോടു കളഞ്ഞ് രണ്ടാക്കി മുറിച്ചു മാറ്റിവയ്ക്കുക. ചീനച്ചട്ടി ചൂടാക്കി അരപ്പിനുള്ളവ എണ്ണ ചേര്‍ക്കാതെ ചൂടാക്കിയെടുക്കുക. ചൂടാറുമ്പോള്‍ നല്ല മയത്തില്‍ അരച്ചെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കറിവേപ്പില എന്നിവ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ഇനി സവാള ചേര്‍ത്ത് വഴറ്റണം. സവാള മൂത്തുവരുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഇതിലേക്ക് ഗരം മസാലയും ഉപ്പും ചേര്‍ത്തിളക്കണം. നല്ലപോലെ വഴറ്റി അരച്ചു വച്ച മസാലയും ചേര്‍ത്തിളക്കി അഞ്ച് മിനിറ്റ് വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ പുഴുങ്ങി വച്ച മുട്ട ചേര്‍ത്തിളക്കി തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പാം.
uploads/news/2018/10/254280/mdmcokry051018d.jpg

ചില്ലിഫ്രൈഡ് എഗ്ഗ്


ആവശ്യമുള്ള സാധനങ്ങള്‍
മുട്ട - 4 എണ്ണം
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് (ചെറുതായി അരിഞ്ഞത്)- 3 എണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്)- ചെറിയ കഷണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത് - 5 അല്ലി
സവാള (ചെറുത്) - ഒരെണ്ണം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മുട്ട പുഴുങ്ങിയതിന് ശേഷം തോട് കളഞ്ഞ് നീളത്തില്‍ രണ്ട് കഷണമാക്കുക. മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും അല്‍പ്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് പോലെയാക്കിവയ്ക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറിയ ചൂടില്‍ വഴറ്റുക. അതിലേക്ക് മുളക്പൊടിയും മഞ്ഞള്‍പ്പൊടിയും പേസ്റ്റ് രൂപത്തിലാക്കിയതും ഉപ്പും ചേര്‍ത്ത് വേവിക്കുക.ഈ മിശ്രിതം മുട്ടയില്‍ പുരട്ടി അല്‍പ്പസമയം വയ്ക്കാം. ഒരു പാനില്‍ എണ്ണ ചൂടാക്കി മസാല പുരട്ടിവച്ച മുട്ട അതിലിട്ട് വറുത്ത് ചൂടോടെ വിളമ്പാം.
uploads/news/2018/10/254280/mdmcokry051018a.jpg

ഓംലറ്റ് ദോശ


ആവശ്യമുള്ള സാധനങ്ങള്‍
ദോശമാവ് - ഒരു കപ്പ്
മുട്ട - 2 എണ്ണം
സവാള (ചെറുതായി അരിഞ്ഞത്) - ഒരെണ്ണം
പച്ചമുളക് (ചെറുതായി അരിഞ്ഞത്) - 2 എണ്ണം
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ച് യോജിപ്പിച്ച് വയ്ക്കുക. ദോശക്കല്ലിലോ പാനിലോ അരക്കപ്പ് ദോശമാവ് ഒഴിച്ച് പരത്തി വലിയൊരു ദോശ ഉണ്ടാക്കുക.ദോശ പകുതി വേവാകുമ്പോള്‍ അതിലേക്ക് മുട്ടക്കൂട്ട് ഒഴിച്ച് ചുറ്റിച്ച് മുകളില്‍ നെയ്യ് തൂവണം. വെന്തശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വിളമ്പാം.
uploads/news/2018/10/254280/mdmcokry051018b.jpg

തേങ്ങ അരച്ച മുട്ടക്കറി


ആവശ്യമുള്ള സാധനങ്ങള്‍
മുട്ട - 4 എണ്ണം
ഉരുളക്കിഴങ്ങ് - 2 എണ്ണം (ചതുരത്തില്‍ അരിഞ്ഞത്)
തേങ്ങ ചിരകിയത് - 1/2 മുറി (അരച്ചെടുക്കുക)
മുളകുപൊടി - 1 1/2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1/2 ടേബിള്‍ സ്പൂണ്‍
മസാല പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
പച്ചമുളക് - 3 എണ്ണം (കീറിയത്)
ചുവന്നുള്ളി - 1/2 കപ്പ്(നീളത്തില്‍ അരിഞ്ഞത്)
കുരുമുളക് - 5 എണ്ണം
തക്കാളി - 2 എണ്ണം (ചതുരത്തില്‍ അരിഞ്ഞത്)
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
കടുക്, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മുട്ട പുഴുങ്ങി തോട് കളയുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മസാല പൊടി, കുരുമുളക് ഇവ ചൂടാക്കി അരച്ചെടുക്കുക.
ഉരുളക്കിഴങ്ങ്, ഉള്ളി, പച്ചമുളക്, തക്കാളി ഇവ മസാല അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വേവാകുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ക്കുക. കറി തിളയ് ക്കുമ്പോള്‍ മുട്ട പകുതി മുറിച്ച് കറിയി ല്‍ ഇടുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉള്ളിയും കറിവേപ്പിലയും വഴറ്റുക. ഉള്ളി ചുവന്ന നിറമാകുമ്പോള്‍ അത് മുട്ടക്കറിയിലേക്കൊഴിച്ച് ഇളക്കി അടച്ചു വയ്ക്കണം.
uploads/news/2018/10/254280/mdmcokry051018e.jpg

ഹോട്ടല്‍ മുട്ടക്കറി


ആവശ്യമുള്ള സാധനങ്ങള്‍
മുട്ട - 4 എണ്ണം
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
സവാള നീളത്തിലരിഞ്ഞത് - 3 എണ്ണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - കുറച്ച്
മുളകുപൊടി - 1/2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1/2 ടേബിള്‍ സ്പൂണ്‍
ജീരകം പൊടിച്ചത് - 1/2 ടീസ്പൂണ്‍
ഗരംമസാല - 1 ടീസ്പൂണ്‍
തക്കാളി - ഒരെണ്ണം(ചെറുതായി മുറിച്ചത്)
കറിവേപ്പില - കുറച്ച്
ഉപ്പ് - പാകത്തിന്
ചൂടുവെള്ളം - 3/4 കപ്പ്

തയാറാക്കുന്ന വിധം


ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റി സവാള വാടിത്തുടങ്ങുമ്പോള്‍ കറിവേപ്പിലയും പച്ചമുളകും ചേര്‍ത്തിളക്കാം. ഇനി ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, ജീരകപ്പൊടി ഇവ ചേര്‍ത്ത് ഇളക്കി വഴറ്റിയെടുക്കണം. കുറഞ്ഞ തീയില്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ചൂടാക്കുക. നന്നായി വഴന്ന് ചുവന്ന നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കാം. തക്കാളി വാടുന്ന പരുവമാകുമ്പോള്‍ പാത്രം അടച്ചുവച്ച് വേവിക്കുക. മൂടി തുറന്ന് ഇളക്കിയ ശേഷം ഇതിലേക്ക് 3/4 കപ്പ് ചൂടുവെള്ളം ഒഴിക്കാം. പാകത്തിന് ഉപ്പ് ചേര്‍ത്ത് ഇടത്തരം തീയില്‍ ഒരുമിനിറ്റ് ചൂടാക്കുക. ശേഷം പുഴുങ്ങി വച്ച മുട്ട കത്തികൊണ്ട് വരഞ്ഞ് കറിയിലേക്ക് ചേര്‍ത്ത് തിളപ്പിക്കുക. കറിവേപ്പിലയും ചേര്‍ത്ത് അടുപ്പില്‍നിന്നിറക്കിവയ്ക്കാം.
uploads/news/2018/10/254280/mdmcokry051018c.jpg

ഡവിള്‍ഡ് എഗ്ഗ്


ആവശ്യമുള്ള സാധനങ്ങള്‍
മുട്ട - 6 എണ്ണം (പുഴുങ്ങിയത്)
മയൊണൈസ് - 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു ടീസ്പൂണ്‍
വൈറ്റ് വിനിഗര്‍ - ഒരു ടീസ്പൂണ്‍
കടുകുപൊടി - ഒരു ടീസ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
സെലറി പൊടിയായി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - 1/2 ടീസ്പൂണ്‍
മുളകുപൊടി - ഒരു നുള്ള്

തയാറാക്കുന്ന വിധം


പുഴുങ്ങിയ മുട്ട നീളത്തില്‍ രണ്ടായി മുറിച്ച് അതിലെ മഞ്ഞക്കരു മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഈ മഞ്ഞക്കരുവിലേക്ക് മയൊണൈസ്, പഞ്ചസാര, വൈറ്റ് വിനിഗര്‍, കടുകുപൊടി, ഉപ്പ്, സെലറി അരിഞ്ഞത്, സവാള അരിഞ്ഞത് ഇവ ചേര്‍ത്ത് നന്നായി ഇളക്കി ഉടച്ച് പേസ്റ്റ് പോലെയാക്കുക. ഇതൊരു പേസ്ട്രി ബാഗിലേക്ക് പകര്‍ന്നുവയ്ക്കുക.മുട്ടയുടെ വെള്ള മുറിച്ചുവച്ചതിനുള്ളിലേക്ക് പേസ്ട്രി ബാഗില്‍ നിറച്ചുവച്ച കൂട്ട് കുറേശ്ശെ ഞെക്കി ഒഴിച്ച് അതില്‍ മുളകുപൊടി വിതറി വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Friday 05 Oct 2018 02.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW