Friday, October 19, 2018 Last Updated 29 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 01.57 AM

ഏറെ ജാഗ്രത പുലര്‍ത്തണം

uploads/news/2018/10/254205/editorial.jpg

കേരളത്തെ ആകെ തകര്‍ത്ത പ്രളയത്തിനുശേഷം ജനജീവിതം ഏറെക്കുറെ സാധാരണനിലയിലായി വരികയായിരുന്നു. ഇതിനിടയിലാണു പുതുതായി കേരളത്തിലേക്ക്‌ പെരുമഴയും കാറ്റും വരുന്നത്‌. ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം മൂലമാണു കേരളത്തിലേക്ക്‌ വീണ്ടും മഴവരുന്നത്‌. ഇത്‌ ഇന്നലെ തുടങ്ങിക്കഴിഞ്ഞു. അടുത്ത മൂന്നു ദിവസം കൂടി കനത്തമഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണു മുന്നറിയിപ്പ്‌. ഇടുക്കി, തൃശൂര്‍, പാലക്കാട്‌ ജില്ലകളിലാണ്‌ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്‌. പത്തനംതിട്ടയില്‍ മുന്‍കരുതലോടു കൂടിയ ഓറഞ്ച്‌ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നു. മറ്റു ജില്ലകളിലും കനത്തമഴയുണ്ടായേക്കാമെന്നാണു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതും തടഞ്ഞിട്ടുണ്ട്‌.

കഴിഞ്ഞ മഹാപ്രളയം കേരളത്തിനുണ്ടാക്കിയ നാശനഷ്‌ടത്തിന്റെ കണക്കെടുത്തു വരുന്നതേയുള്ളു. അപ്രതീക്ഷിതമായുണ്ടായ മഴയുടെയും തുടര്‍ന്നുണ്ടായ വിവിധ സംഭവവികാസങ്ങളുടെയും ആകെത്തുകയായിരുന്നു ഈ പ്രളയം. മഴകനത്തതിനെ തുടര്‍ന്നു കേരളത്തിലാകമാനം അണക്കെട്ടുകള്‍ തുറന്നുവിട്ടു. ഇതു പ്രളയത്തിന്റെ വിവിധ കാരണങ്ങളില്‍ ഒന്നായി. മഴ സംബന്ധിച്ച്‌ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന്‌ അറിയിപ്പ്‌ ഇല്ലായിരുന്നെന്നു കേരള സര്‍ക്കാര്‍ ആരോപിച്ചപ്പോള്‍ കേരളത്തിന്റെ ആസൂത്രണമില്ലായ്‌മയായിരുന്നു പ്രളയത്തിനു കാരണമെന്നാണു മറുവാദമുയര്‍ന്നത്‌. അതു സംബന്ധിച്ച്‌ വാഗ്വാദങ്ങള്‍ ഇനിയും അടങ്ങാതിരിക്കെ വരുന്ന പേമാരി സംബന്ധിച്ച്‌ മുന്‍കൂര്‍ അറിയിപ്പ്‌ കിട്ടി എന്നത്‌ ഏറെ ശുഭകരമാണ്‌. ഇതിനനുസരിച്ചു സര്‍ക്കാര്‍ വിവിധ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്‌. ഇനി ഇതനുസരിച്ച്‌ പ്രവര്‍ത്തിക്കുക എന്നതാണ്‌ ഏവരും ചെയ്യേണ്ടത്‌. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം നടപ്പാക്കുന്നതില്‍ ഉദ്യോഗസ്‌ഥര്‍ ബദ്ധശ്രദ്ധരാകണം. മഴയ്‌ക്കു മുമ്പേ ക്യാമ്പുകള്‍ തുടങ്ങാനാണു സര്‍ക്കാരിന്റെ നിര്‍ദേശം. കഴിഞ്ഞ തവണ മഴ തുടരുകയും വെള്ളം കയറുകയും ചെയ്‌തിട്ടും ജനങ്ങള്‍ വീടുവിട്ട്‌ ക്യാമ്പിലേക്ക്‌ പോകാന്‍ തയാറായിരുന്നില്ല. ഇതുമൂലം രക്ഷാപ്രവര്‍ത്തനത്തിന്‌ ഏറെ കേ്ലശിക്കേണ്ടി വന്നു. ക്യാമ്പുകളില്‍ അവസരമൊരുക്കിയിട്ടും അവിടേക്ക്‌ പോകാതിരുന്നവര്‍ പിന്നീട്‌ ഉദ്യോഗസ്‌ഥരും സര്‍ക്കാര്‍ സംവിധാനവും തങ്ങളെ രക്ഷിക്കാന്‍ ഒന്നും ചെയ്‌തില്ലെന്നു പരാതി പറയുകയും ചെയ്‌തു. ഈ മഴദിവസങ്ങളില്‍ ഈ സമീപനം ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ഒരുക്കുന്ന ക്യാമ്പുകളിലേക്കു പോകുന്നതാകും മഴ കുഴപ്പമുണ്ടാക്കാനിടയുള്ള സ്‌ഥലങ്ങളിലുള്ളവര്‍ക്ക്‌ ഉചിതം. ഓഗസ്‌റ്റിലെ പ്രളയകാലത്ത്‌ ജനങ്ങള്‍ക്ക്‌ വേണ്ടത്ര മുന്നറിയിപ്പ്‌ നല്‍കിയിരുന്നില്ലെന്ന്‌ ആരോപണമുണ്ടായിരുന്നു. ഇത്തവണ പൊതുവായ അറിയിപ്പ്‌ നല്‍കിയിട്ടുണ്ടെങ്കിലും ഓരോ സ്‌ഥലത്തിന്റെയും പ്രത്യേകത പരിഗണിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കി ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ശ്രമം എല്ലാ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.

ആറുമാസം വെയിലും ആറുമാസം മഴയും എന്നതായിരുന്നു ഒരുകാലത്ത്‌ കേരളത്തിന്റെ കാലാവസ്‌ഥാ രീതി. പിന്നീട്‌ അതു മാറി പ്രവചനാതീതമായി. എന്നാല്‍, ഈ വര്‍ഷമാകട്ടെ ഏഴുമാസമായി കേരളത്തില്‍ മഴ പെയ്യുന്നു. മഴയുടെ ഇടവേളക്കാലത്താകട്ടെ പൊരിവെയിലും. കഴിഞ്ഞ പ്രളയത്തിനു തൊട്ടു പിന്നാലെ കേരളത്തില്‍ പലയിടത്തും രൂക്ഷമായ വരള്‍ച്ചയാണുണ്ടായത്‌. വരള്‍ച്ച കടുത്തതാകാതിരുന്ന സ്‌ഥലങ്ങളിലും ജലക്ഷാമമുണ്ടായി. അതിന്‌ ഒരു ചെറിയ ശമനം കൂടി ഈ മഴയില്‍ പ്രതീക്ഷിക്കാം. ഇതിനു പിന്നാലെ തുലാവര്‍ഷം ആരംഭിക്കുകയാണ്‌. ഭാവിയിലേക്കുള്ള ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഈ തുലാവര്‍ഷത്തിലെങ്കിലും തുടങ്ങിവയ്‌ക്കാന്‍ മലയാളികള്‍ ശ്രമിക്കണം.

Ads by Google
Friday 05 Oct 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW