Thursday, June 27, 2019 Last Updated 34 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 01.56 AM

പ്രളയം നിയന്ത്രിക്കാം, സമഗ്ര അണക്കെട്ട്‌ നിയന്ത്രണ സംവിധാനത്തിലൂടെ

uploads/news/2018/10/254203/bft2.jpg

483 പേരുടെ ജീവഹാനിയും 25,000 കോടി രൂപയുടെ നഷ്‌ടവും വരുത്തി, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം കടന്നുപോയി. ഈ മഹാപ്രളയത്തിന്റെ കാരണമെന്തെന്നു വിദഗ്‌ധര്‍ക്കിടയിലും രാഷ്‌ട്രീയക്കാര്‍ക്കിടയിലും വിവിധ അഭിപ്രായങ്ങളുണ്ട്‌. ഈ വെള്ളപ്പൊക്കം തടയാമായിരുന്നോ എന്നതിനെ സംബന്ധിച്ചും ഭിന്നാഭിപ്രായങ്ങളുണ്ട്‌.
ആദ്യ പ്രതികരണങ്ങള്‍ക്കുശേഷം വന്ന ചില അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചാല്‍, ഇത്‌ നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്‌ എന്നു പലരും ആശ്വസിക്കുന്നതായും കാണാം. 1924-ലെ മഹാ പ്രളയത്തിനു ശേഷം 94 വര്‍ഷം കഴിഞ്ഞാണ്‌ അതേ തോതിലുള്ള ഒരു വെള്ളപ്പൊക്കം ഉണ്ടായത്‌ എന്നതു ശരിയാണ്‌. അതുകൊണ്ട്‌ നമ്മളും നമ്മുടെ മക്കളും അടുത്ത മഹാപ്രളയം അഭിമുഖീകരിക്കേണ്ടി വരില്ല എന്നു കരുതുന്നതു ശരിയല്ല. ആഗോളതാപനവും കാലാവസ്‌ഥാ വ്യതിയാനവും മൂലം ഇനിയുള്ള വര്‍ഷങ്ങളില്‍ അതിതീവ്ര മഴ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം.
1924-ലെയും 2018-ലെയും ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം, 1924-ല്‍ കേരളത്തിലാകെ ഒരു അണക്കെട്ട്‌ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ്‌. എന്നാല്‍ 2018-ല്‍, കേരളത്തിലെ പശ്‌ചിമഘട്ട മേഖലയില്‍ 82 അണക്കെട്ടുകള്‍ ഉണ്ട്‌. അവയെല്ലാം കൂടി കോടിക്കണക്കിനു ക്യൂബിക്‌ മീറ്റര്‍ ജലമാണു ശേഖരിച്ചു വച്ചിരിക്കുന്നത്‌. സാധാരണനിലയില്‍ മഴ പെയ്യുന്ന വര്‍ഷങ്ങളില്‍, ഈ അണക്കെട്ടുകള്‍ വെള്ളപ്പൊക്കത്തെ തടയുന്നു. ഏറ്റവും നല്ല ഉദാഹരണമാണു പറവൂര്‍ പ്രദേശം. ഇടുക്കി അണക്കെട്ട്‌ 1976-ല്‍ കമ്മീഷന്‍ ചെയ്‌തതിനുശേഷമാണു പറവൂരുകാര്‍ക്ക്‌, എല്ലാ വര്‍ഷവും ഉണ്ടാകുമായിരുന്ന വെള്ളപ്പൊക്കത്തില്‍നിന്നു മോചനമുണ്ടായത്‌. പക്ഷേ, മഴ പരിധി വിട്ടാല്‍ ഈ അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നുവിടേണ്ട സ്‌ഥിതി ഉണ്ടാകും, വെള്ളപ്പൊക്കം അതീവ ഗുരുതരമായി മാറുകയുംചെയ്യും. ഓഗസ്‌റ്റ്‌ മാസത്തിലെ മൂന്നാമത്തെ ആഴ്‌ചയില്‍ കേരളത്തില്‍ സംഭവിച്ചത്‌ ഇതാണ്‌. ദൃശ്യമാധ്യമങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇടുക്കി റിസര്‍വോയറും മലമ്പുഴ അണക്കെട്ടും ഒഴിച്ച്‌ മറ്റൊരു സ്‌ഥലത്തും ശാസ്‌ത്രീയമായ രീതിയിലല്ല അണക്കെട്ടുകള്‍ തുറന്നുവിട്ടത്‌. കേരളത്തില്‍ 44 പ്രധാന നദികള്‍ ഉണ്ടെങ്കിലും അഞ്ചു മേഖലകളില്‍ മാത്രമാണു കടുത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ടത്‌.
ഒന്നിനു താഴെ മറ്റൊന്നായി അണക്കെട്ടുകളുടെ ശൃംഖലകളുള്ള വലിയ നദീ തടങ്ങളിലാണു മഹാ പ്രളയമുണ്ടായത്‌. ഈ മേഖലകള്‍: (1) വയനാട്‌, കോഴിക്കോട്‌ (2) പാലക്കാട്‌(3) ചാലക്കുടി(4) ആലുവ, പറവൂര്‍(5) റാന്നി, ചെങ്ങന്നൂര്‍. വയനാട്ടിലുള്ള ബാണാസുരസാഗറില്‍നിന്നാണു കുറ്റ്യാടിയിലും പരിസരങ്ങളിലുമുള്ള വൈദ്യുതിനിലയങ്ങളിലേക്കു വെള്ളമെത്തുന്നത്‌. ആ വെള്ളം ഒഴുകിയെത്തുന്ന കക്കയം ഡാമും പെരുവണ്ണാമൂഴി അണക്കെട്ടും തുറന്നു വിട്ടപ്പോഴാണു കോഴിക്കോട്‌ ജില്ലയില്‍ പ്രളയം രൂക്ഷമായത്‌. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയിലുള്ള മലമ്പുഴ അണക്കെട്ട്‌ തുറന്നപ്പോള്‍ പാലക്കാടും പരിസരപ്രദേശങ്ങളിലും വെള്ളം കയറി. ഷോളയാര്‍ അണക്കെട്ടും പെരിങ്ങല്‍ക്കുത്ത്‌ അണക്കെട്ടും കവിഞ്ഞൊഴുകിയപ്പോള്‍ ചാലക്കുടി മുങ്ങിപ്പോയി. ആലുവയെയും പറവൂരിനെയും ബാധിച്ചത്‌ മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, മുല്ലപ്പെരിയാര്‍, ചെറുതോണി, ഇടമലയാര്‍ എന്നീ അണക്കെട്ടുകള്‍ ഒറ്റയടിക്കു തുറന്നതാണ്‌. റാന്നിയെയും ചെങ്ങന്നൂരിനെയും നശിപ്പിച്ചത്‌ പമ്പയും ആനത്തോടും ചുറ്റുമുള്ള മറ്റ്‌ അണക്കെട്ടുകളും അനിയന്ത്രിതമായി തുറന്നുവിട്ടതാണ്‌.
ഇത്തരമൊരു സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സമഗ്രമായ നിയന്ത്രണത്തിലൂടെ വെള്ളപ്പൊക്ക നിയന്ത്രണം സാധ്യമാവും. ഇതിനാവശ്യമായ ഡിസ്‌ട്രിബ്യുട്ടേഡ്‌ കണ്‍ട്രോള്‍ സിസ്‌റ്റം(ഡി.സി.എസ്‌.), നമുക്കു തന്നെ വികസിപ്പിച്ച്‌ എടുക്കാവുന്നതേയുള്ളു. ഇത്തരം നിയന്ത്രണ സംവിധാനം, ചാലക്കുടി പുഴയും പെരിയാറും കടലില്‍ ചേരുന്നത്‌ അടുത്തടുത്ത പ്രദേശങ്ങളിലായതു കൊണ്ട്‌, അതിനു പ്രത്യേക പരിഗണന കൊടുക്കണം. കൂടാതെ അഞ്ചാമത്തെ മേഖലയായ പമ്പാ തടത്തിലെ ഡി.സി.എസില്‍, തോട്ടപ്പള്ളി സ്‌പില്‍വേയുടെയും തണ്ണീര്‍മുക്കം ബണ്ടിന്റെയുംകൂടി നിയന്ത്രണം ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ, കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറക്കാനാകൂ. സമഗ്രമായ ഈ ഡാം നിയന്ത്രണ സംവിധാനത്തില്‍, മനുഷ്യനു ചെയ്യേണ്ട ഏക ജോലി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നതനുസരിച്ച്‌ ഷട്ടര്‍ തുറക്കുകയോ അടക്കുകയോ എന്നതു മാത്രമാണ്‌.
അണക്കെട്ടുകളുടെ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ പത്തു ഘടകങ്ങള്‍ സമഗ്രമായി ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. (1) കാലാവസ്‌ഥാ പ്രവചനം (2) പ്രതിദിന മഴയുടെ അളവ്‌ (3) ഓരോ ഡാമിന്റെയും സംഭരണശേഷി (4) ഓരോ അണക്കെട്ടിലെയും ഷട്ടര്‍ തുറക്കുമ്പോഴുള്ള വിടവിലൂടെ ഒഴുക്കാവുന്ന ജലത്തിന്റെ അളവ്‌ (5) വൃഷ്‌ടിപ്രദേശത്തെ മഴയുടെ അളവ്‌ ഓരോ അണക്കെട്ടിലും ഉയര്‍ത്തുന്ന ജലനിരപ്പിന്റെ തോത്‌ (6) വൈദ്യുതിനിലയത്തിലെ ഉപയോഗത്തിലൂടെ നീക്കാവുന്ന ജലത്തിന്റെ അളവ്‌ (7) അണക്കെട്ടില്‍നിന്ന്‌ തുറന്നു വിടുന്ന വെള്ളം പ്രധാന കേന്ദ്രങ്ങളില്‍ ഒഴുകിയെത്താനുള്ള സമയം (8) പ്രതിദിന വേലിയേറ്റ, വേലിയിറക്ക ചക്രം-സമയവും ഉയരവും സഹിതം (9) പ്രധാന കേന്ദ്രങ്ങളിലെ ജലനിരപ്പ്‌ (10) വിവിധ കേന്ദ്രങ്ങളിലെ പ്രളയജലനിരപ്പിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതം.
അണക്കെട്ടുകള്‍ ഉപയോഗിച്ച്‌ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിലെ അടിസ്‌ഥാനതത്വം അണക്കെട്ടുകള്‍ ആവശ്യാനുസരണം നേരത്തേ തുറന്നുവിടുക എന്നതും ഒരേ മേഖലയിലെ അണക്കെട്ടുകളെ ഒന്നിടവിട്ട്‌ തുറന്നുവിടുക എന്നതുമാണ്‌. ഇതു പറയുമ്പോള്‍ത്തന്നെ, കേരളത്തിലേക്ക്‌ തുറന്നുവിടുന്ന ആളിയാര്‍, ഷോളയാര്‍, മുല്ലപ്പെരിയാര്‍ തുടങ്ങിയ അണക്കെട്ടുകളുടെ നിയന്ത്രണം തമിഴ്‌നാടിനാണ്‌ എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്‌. ഇത്തരം അണകളുടെ ഭരണകാര്യങ്ങളില്‍ അന്തര്‍ സംസ്‌ഥാന നദീജല കരാറുകളും നിലവിലുണ്ട്‌. അതുകൊണ്ട്‌, ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്തു കൊണ്ടുവേണം സമഗ്ര ഡാം നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍.
നമ്മുടെ അണക്കെട്ടുകള്‍ കൂടുതലും നിയന്ത്രിക്കുന്നത്‌ കെ.എസ്‌.ഇ.ബിയാണെങ്കിലും ശേഷിക്കുന്നവ ജലസേചന വിഭാഗത്തിനു കീഴിലാണ്‌. ഏത്‌ അടിയന്തര സാഹചര്യത്തെയും നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനവും ആവശ്യമുണ്ട്‌.
അഞ്ചു പ്രളയസാധ്യതാ മേഖലകള്‍ വിവിധ ജില്ലകളിലായാണു സ്‌ഥിതി ചെയ്യുന്നത്‌. അതിനാല്‍ ഈ മേഖലകളുടെ ചുമതല അഞ്ചു ക്യാബിനറ്റ്‌ മന്ത്രിമാരെ ഏല്‍പ്പിച്ചാല്‍ മാത്രമേ ഫലപ്രദമായ ഏകോപനം സാധ്യമാകൂ.
ഉടനെ ചെയ്യാവുന്ന ഒരു കാര്യം പ്രളയകാലത്ത്‌ എല്ലാ ജലവൈദ്യുത നിലയങ്ങളിലും പരമാവധി വൈദ്യുതി ഉല്‍പാദിപ്പിക്കുക എന്നതാണ്‌. ഇതു പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്‌ താഴ്‌ത്തുകയും, കെ.എസ്‌.ഇ.ബിയുടെ വരുമാനം ഉയര്‍ത്തുകയും ചെയ്യും. ഇക്കഴിഞ്ഞ ആഴ്‌ചകളില്‍ മൂലമറ്റം വൈദ്യുതിനിലയത്തിലെ ശരാശരി പ്രതിദിന ഉല്‍പാദനം 15 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാല്‍ ആറു ജനറേറ്ററുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കില്‍ 18 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമായിരുന്നു.
മണലും ചെളിയും നിറഞ്ഞ്‌ കേരളത്തിലെ പ്രധാന അണക്കെട്ടുകളുടെ സംഭരണശേഷി കുറഞ്ഞു. ജല സംഭരണികളില്‍നിന്നു ചെളിയും മണലും നീക്കം ചെയ്യണം എന്ന ആശയം എട്ടു വര്‍ഷം മുമ്പ്‌ മുമ്പോട്ടുവച്ചത്‌ ഇപ്പോഴത്തെ ധനമന്ത്രി തന്നെയാണ്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ നൂറുകണക്കിനു കോടി രൂപ വിലമതിക്കുന്ന ലക്ഷക്കണക്കിനു ക്യൂബിക്‌ മീറ്റര്‍ മണല്‍ നമുക്ക്‌ ഇത്തരത്തില്‍ വീണ്ടെടുക്കാം. ഇത്തരം നടപടികളെല്ലാം ഭാവിയിലുണ്ടായേക്കാവുന്ന പ്രളയങ്ങളുടെ പ്രഹരശേഷി കുറയ്‌ക്കാന്‍ ഉപകരിക്കും.

ജേക്കബ്‌ ജോസ്‌

(പള്ളിവാസല്‍ പദ്ധതിയുടെ മുന്‍ പ്രോജക്‌ട് മാനേജരാണ്‌ ലേഖകന്‍.)

Ads by Google
Friday 05 Oct 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW