നവഗ്രഹങ്ങളില്‍ ഛായാഗ്രഹങ്ങളാണ് രാഹുകേതുക്കള്‍. രാഹുവിന് വാലില്ല. കേതുവിന് ശിരസ്സും. സൂര്യചന്ദ്രന്മാരെപ്പോലും വിഴുങ്ങാന്‍ കെല്പുള്ള മഹാവിദ്വാനാണ് രാഹു. രൗദ്രഭാവത്തിന്റെ മൂര്ത്തിമത് ഭാവമാണ് കേതു. ഇവര്‍ രണ്ടുപേരെയും നഗ്നനേത്രങ്ങള്‍ കൊണ്ടോ, ദൂരദര്‍ശിനിയിലൂടെയോ കണ്ടെത്താവുന്നതല്ല. പരസ്പരം അഭിമുഖമായി നേരേ 180 ഡിഗ്രി അകലെ ഇരുവരും സ്ഥിതി ചെയ്യുന്നു. ഇവരുടെ സഞ്ചാരം പ്രതിലോമമായിട്ടാണ്.
കാളസര്‍പ്പയോഗം
കാളസര്പ്പയോഗമെന്നും കാളസര്‍പ്പ ദോഷമെന്നും വിവക്ഷിക്കപ്പെടുന്ന ഈ പരിണാമം ലഗ്നമുള്പ്പെടെ എല്ലാ ഗ്രഹങ്ങളും രാഹുകേതുക്കള്ക്കിടയ്ക്ക് വരുമ്പോഴാണ്. ജാതകനോ, ജാതകന്റെ പൂര്‍വികരോ, സര്‍പ്പങ്ങളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സര്‍പ്പദോഷം സംഭവിക്കുന്നു. മറ്റു ശുഭഗ്രഹങ്ങളുടെ ശക്തിയെ കുറയ്ക്കുന്നതിന് ഇത് കാരണമാകുന്നു. വിശ്വപ്രശസ്തരായ പല മഹാന്മാരുടെയും ജീവിതം ഇതിന് ഉദാഹരണമാണ്.
സര്‍വലോക സമാരാധ്യനായിരുന്ന നമ്മുടെ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഗ്രഹനിലയില്‍ കാളസര്‍പ്പയോഗം പ്രകടമായി ഉണ്ടായിരുന്നു.ലഗ്നം ഉള്‍പ്പെടെ സമസ്ത ഗ്രഹങ്ങളും രാഹു കേതുക്കളുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. പൂര്‍ണ കാളസര്‍പ്പ യോഗത്തിന് ഉദാഹരണമാണ്. ഭാഗ്യാധിപനായ ഗുരു കേതുവിനോട് യോഗം ചെയ്തിരിക്കുന്നു. ലഗ്നത്തിലെ ചന്ദ്രന് സ്വക്ഷേത്രബലവാനാണ്. ബുധശുക്ര യോഗം 4-ല്‍ ഉണ്ട്.
ശുക്രന് 4-11-ാം ഭാവാധിപനായി മൂലത്രികോണ രാശിയില്‍ നില്ക്കുന്നു. മാളവ്യയോഗം, ശരഭയോഗം, വേസിയോഗം, വാസിയോഗം തുടങ്ങിയ യോഗങ്ങള്‍ ഉള്ളതിനാല്‍ ജനകോടികളുടെ അനിഷേധ്യ നേതാവാകാനും ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയാകാനും വിശ്വ പൗരനെന്ന വിഖ്യാതി നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.
കാളസര്‍പ്പയോഗം ശുഭഫലദാതാവാണ്. എന്നാല്‍ ദോഷവുമുണ്ട്. വ്യക്തിജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച ദുഃഖങ്ങള്‍ക്ക് അതിരില്ല.
ജീവിതത്തിന്റെ വസന്ത കാലത്തുതന്നെ സ്നേഹനിധിയായ ഭാര്യ നഷ്ടമായി. മൂന്നു ദശകങ്ങളോളം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലായിരുന്നു. ഏറെക്കാലം ജയില്‍ വാസം. സ്വാതന്ത്ര്യലബ്ധിക്കുശേഷം നേരിടേണ്ടി വന്ന നിരവധി നീറുന്ന പ്രശ്നങ്ങള്‍. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമായുളള യുദ്ധങ്ങള്‍.
അധികാരം ഒരു കുസുമശയ്യയായിരുന്നില്ല. മാനസിക സമ്മര്‍ദ്ദങ്ങള്‍. വിവിധ കോണുകളില്‍ നിന്നുള്ള ക്രൂര വിമര്‍ശനങ്ങള്‍. മസ്തിഷ്കാഘാതം ബാധിച്ചളള മരണം. ഇതെല്ലാം കാളസര്പ്പദോഷത്തിന്റെ തിക്തഫലങ്ങളാണ്.
കാളസര്‍പ്പദോഷ പരിഹാരങ്ങള്‍
1. മഹാമൃത്യുഞ്ജയമന്ത്രം 1 ലക്ഷം തവണ ജപിക്കുക.
2. ഹനുമാന് ചാലീസ് നിത്യവും ചൊല്ലുക.
3. വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുക.
4. ശ്രീഗണേശ സഹസ്രനാമം ദിവസവും ചൊല്ലുക.
5. ദേവീ മാഹാത്മ്യം പ്രഥമ സര്‍ഗം, 4-ാം സര്‍ഗം, 11-ാം സര്‍ഗം എന്നിവ ദിവസവും ചൊല്ലുക.
6. വേദങ്ങളിലുളള സര്‍പ്പസൂക്തം നിത്യേന ചൊല്ലുക.
7. കാലഭൈരവാഷ്ടകം ചൊല്ലുക.
8. കാളസര്പ്പശാന്തി പൂജ നടത്തുക.
9. മംഗലാപുരത്തിനടുത്തുള്ള കുക്കി സുബ്രഹ്മണ്യക്ഷേത്രത്തില്‍ സര്‍പ്പ സംസ്കാരപൂജയും ആശ്ലേഷപൂജയും നടത്തുക.
10. മണ്ണാറശാലക്ഷേത്രത്തില് ആയില്യം നാള്‍തോറും നൂറുംപാലും വഴിപാട് നടത്തുക.
11. ചെമ്പുകൊണ്ട് നിര്‍മ്മിച്ച സര്‍പ്പാകൃതിയിലുള്ള മോതിരം പുരുഷന്മാര് വലതുകൈയില്‍ മോതിര വിരലിലും സ്ത്രീകള്‍ ഇടതുകൈയില്‍ മോതിര വിരലിലും ധരിക്കുക.
മോതിരത്തിന്റെ ശിരസ്സുഭാഗത്ത് ഗോമേദകവും വാലിന്റെ അറ്റത്ത് വൈഡൂര്യവും പതിക്കണം. മോതിരം 10 ദിവസം പാലിലിട്ടശേഷം വേണം ധരിക്കാന്‍.
12. വെളളികൊണ്ട് രണ്ട് നാഗരൂപങ്ങള് ഉണ്ടാക്കി രണ്ട് മാസം പാലഭിഷേകം നടത്തി നാഗ രൂപങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക.
13. ഏഴു ചൊവ്വാഴ്ച ദിവസം തുടര്‍ച്ചയായി അടുത്തുള്ള സുബ്രഹ്മണ്യക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക.
14. ചൊവ്വ, ശനി ആഴ്ചകളില്‍ കഴിവതും ഉപവസിക്കുക. അല്ലെങ്കില്‍ മാംസഭക്ഷണം ഒഴിവാക്കുക.
15. രാഹു കേതു മന്ത്രങ്ങള്‍ 1008 തവണ നാഗപഞ്ചമിനാളില് ചൊല്ലുക.
16. ഷഷ്ഠിതിഥിയില്‍ രാഹുകേതുക്കള്‍ക്ക് ശാന്തിപൂജ നടത്തുക.
17. രുദ്രാക്ഷം ദാനം ചെയ്യുക.
18. പിതൃപ്രീതികര്മ്മങ്ങള് യഥാവിധി അനുഷ്ഠിക്കുക.
19. കുലദേവതാ പ്രീതിവരുത്തുക.
20. ശനിയാഴ്ച നാളികേരം സാധുക്കള്‍ക്ക് ദാനം ചെയ്യുക.
21. ശ്രീ കാളഹസ്തിയില്‍ രുദ്രാഭിഷേകം, രാഹുകാലപൂജ എന്നിവ നടത്തുക.
22. പക്ഷികള്‍ക്ക് ധാന്യങ്ങള്‍ വിതറിക്കൊടുക്കുക.
23. ഗോമേദകവും വൈഡൂര്യവും ധരിക്കുക.
24. വിവിധ നിറമുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
പ്രൊഫ. എന്‍.എം.സി. വാര്യര്‍
ഫോണ്‍: 0422-2431954