Saturday, June 15, 2019 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Friday 28 Sep 2018 04.09 PM

അന്ധവിശ്വാസമല്ല ശബരിമല, അത് തത്വമസിയാണ്!

'' ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചയ്ക്ക് വരുമ്പോഴൊക്കെ തന്നെ എന്തുകൊണ്ട് മുസ്ലിം ആരാധനാലയങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാകുന്നുണ്ട്, പക്ഷെ അത്തരത്തിൽ കയറാൻ ആഗ്രഹിക്കുന്ന ഒരു പറ്റം വിശ്വാസികൾ ഉണ്ടാവുകയും അവർ അതിനെ നിയമപരമായി കാണാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് ആ ആവശ്യങ്ങൾക്ക് പ്രസക്തിയുണ്ടാവുക.അതിലേയ്ക്കും നീളുമോ മുസ്ലിം സ്ത്രീ വിശ്വാസികൾ എന്നത് കാത്തിരുന്നു തന്നെ കാണ്ടേണ്ടതാണ്! ''
uploads/news/2018/09/252325/Opinion280918a.jpg

വർഷങ്ങൾക്ക് മുൻപ് ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനം ചർച്ച പൊതു സമൂഹം എടുക്കണമെന്ന് പറഞ്ഞപ്പോൾ തന്നെ അതി ഭീകരമായ തലത്തിൽ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ടൊരാളെന്ന നിലയിൽ പുതിയ സുപ്രീം കോടതി വിധിയെ കുറിച്ച് വീണ്ടും സംസാരിക്കേണ്ടി വരും. അന്നും ഇന്നും നിലപാടുകൾക്ക് മാറ്റമില്ല, പക്ഷെ കോടതി വിധി ഉണ്ടാക്കുന്നത് സന്തോഷത്തേക്കാളേറെ ആശങ്കകൾ തന്നെയാണ്. അതെ ആശങ്കകൾ തന്നെയാണ് അന്നും പങ്കു വച്ചതും.

കുറച്ചു ദിവസങ്ങളായി സുപ്രീം കോടതി നല്ല ഫോമിലാണ്, സ്ത്രീയ്ക്ക് തുല്യ അവകാശം ഉറപ്പാക്കുന്ന നിയമങ്ങളുടെ ഭേദഗതികൾ കോടതി നിയമങ്ങളിൽ വരുത്തിക്കൊണ്ടേയിരിക്കുന്നു, ലൈംഗികതയുടെ കാര്യത്തിൽ പോലും ഏറ്റവും ശക്തമായ ഒരു സ്ത്രീ അനുകൂല വിധിയാണ് കോടതിയിൽ നിന്നുണ്ടായത്, അതെ ബഞ്ച് തന്നെ വിധിച്ച ശബരിമല സ്ത്രീ പ്രവേശന വിധിയെയും അത്രയ്ക്കും തന്നെ ശക്തമായി കാണുന്നു. കോടതി ഇങ്ങനെയാണ് ശബരിമല വിഷയത്തെ വിലയിരുത്തുന്നത്- സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരല്ല.

ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. അയ്യപ്പവിശ്വാസികൾ പ്രത്യേക സമുദായമല്ല. ലിംഗവിവേചനം ഭക്തിക്കു തടസ്സമാകരുത്.പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണ്.ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടത്... ഇങ്ങനെ പോകുന്നു കോടതിയുടെ സ്ത്രീ അനുകൂല അടയാളപ്പെടുത്തലുകൾ.

പത്തിനും അൻപതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്കായിരുന്നു ശബരിമലയിൽ വിലക്ക്. ആർത്തവകാലമുള്ള സ്ത്രീകളെ ദർശനത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നതിൽ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അത് പൗരാണികമായ ഒരുകാലത്ത് ഏറെ പ്രസക്തവും യാഥാർഥ്യവുമായിരുന്നു. ഇന്നത്തെ പോലെ മെച്ചപ്പെട്ട സൗകര്യങ്ങളോ യാത്ര സൗകര്യമോ സുരക്ഷാ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഒരു സമയത്ത് ദിവസങ്ങളോളം നടന്നു മല കയറി ശബരിമലയിൽ എത്തുക എന്നത് ഒരു കാലത്ത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വീടുനോക്കുക, സ്ത്രീകൾക്കുള്ള ആർത്തവം ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ, എന്നിങ്ങനെയുള്ള നിരവധി കാരണങ്ങൾ സ്ത്രീകളെ പതുക്കെ ശബരിമലയിൽ നിന്ന് അകറ്റി നിർത്തി.

തിരുവിതാംകൂർ രാജവംശത്തിലെ റാണിമാർ ഉൾപ്പെടെ പലരും പണ്ട് കാലത്ത് ശബരിമലയിൽ കയറിയതിനു തെളിവുകളും സാക്ഷികളും ഉണ്ടെന്നിരിക്കെ അവർ കയറിയതിനെ എളുപ്പത്തിൽ ന്യായീകരിക്കാം, അന്നുവരെ ദർശനം നടത്തിയവർ ആരും തന്നെ അത്ര നിസ്സാരക്കാരായിരുന്നില്ല, മതിയായ സൗകര്യങ്ങളോടെയാണ് ആ സ്ത്രീകൾ അന്നത്തെ കാലത്ത് ക്ഷേത്രത്തിൽ ചെന്നെത്തിയതും. പിന്നീട് മറ്റൊരു ഹർജിയുടെ പുറത്ത് ശബരിമലയിൽ സ്ത്രീ പ്രവേശനം നിഷേധിച്ചതും( എന്നല്ല നിയന്ത്രിച്ചതും) , അതിനു പുറമെ ചർച്ചകളും വിവാദങ്ങളും ഉണ്ടായതും എല്ലാം കാലം സാക്ഷ്യപ്പെടുത്തുന്നു.

ശബരിമല ഇന്ന് കോടിക്കണക്കിനു രൂപ വരുമാനമുള്ള, ആസ്തിയുള്ള ക്ഷേത്രമാണ്. മലയ്ക്ക് കയറാൻ ഭക്തർക്ക് വാഹനമുൾപ്പെടെയുള്ള എല്ലാ വിധ സൗകര്യങ്ങളും ഇവിടെ അനുവദനീയമാണ്. യാത്ര പോകാൻ ദിവസങ്ങൾ വേണ്ടി വരില്ല, സ്വന്തമായി കാറുള്ളവർ അതനുസരിച്ച് അവരുടെ യാത്രകൾ അവരുടെ സൗകര്യത്തിനനുസരിച്ച് ക്രമപ്പെടുത്തുകയും പോവുകയും ചെയ്യുന്നു. ഇത്തരമൊരു സന്ദർഭത്തിലാണ് സ്ത്രീ പ്രവേശനത്തിന്റെ സാദ്ധ്യതകൾ പരിശോധിക്കേണ്ടത്.

ഹിമാലയവും വൻ കാടുകളും ട്രെക്കിങ്ങ് നടത്തി കീഴടക്കുന്ന മിടുക്കികളായ സ്ത്രീകളുള്ള നാട്ടിൽ ഇന്ന് ശബരിമല അവർക്ക് ഒരു ബുദ്ധിമുട്ടേയല്ല. നാൽപത്തിയൊന്ന് ദിവസത്തെ നോയമ്പ് വലിയൊരു പ്രശ്നമായി ഭക്ത സമൂഹം പറയുമ്പോഴും അങ്ങനെ എത്ര പുരുഷന്മാർ നാൽപത്തിയൊന്ന് ദിവസം നോയമ്പെടുത്ത മല ചവിട്ടിന്നുണ്ട് എന്ന സരസമായൊരു ചോദ്യവും ചോദിക്കേണ്ടി വരും. പക്ഷെ നോയമ്പെടുക്കുന്ന സ്ത്രീകൾക്ക് ആർത്തവം ഒരു വിഷയമല്ലെന്നും ആ സമയം പ്രാർത്ഥനയും മറ്റു വിധികളും മാനസികമായി നടത്താമെന്നും ഒരു വിധിയുണ്ട് എന്ന കാര്യം മറന്നുകൂടാ. അതുകൊണ്ട് തന്നെ നാൽപത്തിയൊന്ന് ദിവസം എന്നത് സ്ത്രീകളെ കയറ്റാതിരിക്കാനുള്ള ഒരു കാരണമേയാകുന്നില്ല!

സ്ത്രീകളെ കയറ്റാൻ ശബരിമല ഇന്ന് നേരിടുന്ന പ്രതിസന്ധിയെന്താണ്?
മണ്ഡലകാലത്ത് തുറക്കുന്ന മലയിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് തിരക്ക് തന്നെയാണ്. ലക്ഷങ്ങൾ ദിവസവും വന്നു നിറയുന്ന മല മുകളിൽ മതിയായ സൗകര്യമില്ലായ്മയും സുരക്ഷിതത്വത്തിന്റെ പ്രശ്നവും പതിനെട്ടു പടി കയറലും എല്ലാം സ്ത്രീകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ തന്നെയാണ് സാധ്യത. കൃത്യമായി സ്ത്രീകൾക്ക് പ്രത്യേകം ക്യൂ സൃഷ്ടിച്ച് പ്രവേശനം നിയന്ത്രിച്ചാൽ പോലും അത് തിരക്കധികമുള്ള സമയങ്ങളിൽ എത്രമാത്രം പ്രയോജനപ്പെടും എന്ന കാര്യം സംശയത്തിൽ തന്നെയാണ്, ദേവസ്വം ബോർഡ്ഡ് സുപ്രീം കോടതി വിധിയെ രണ്ടു കയ്യുമടിച്ച് സ്വാഗതം ചെയ്യുന്നതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ വളരെ സൂക്ഷ്മമായി പോലും ബോർഡിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം, പക്ഷെ ഒരു ചെറു സ്പർശം പോലും അസ്വസ്ഥതയുളവാക്കുന്ന അത് ഉറക്കെ പറഞ്ഞു വിവാദങ്ങൾ സൃഷ്ടിക്കാൻ മടിയില്ലാത്ത ഇന്നത്തെ സ്ത്രീകൾക്ക് ഈ അധിക തിരക്ക് ഏതുവിധത്തിൽ ഉൾക്കൊള്ളാൻ പറ്റുമെന്നു സംശയമുണ്ട്.

ഈ വലിയ പ്രശ്നത്തിന്റെ ഏറ്റവും മികച്ച പരിഹാരം ശബരിമല ദർശനത്തിന്റെ കാലദൈർഘ്യം വർദ്ധിപ്പിക്കുക എന്നതാണെന്ന് വരുന്നു.എല്ലാ ദിവസവും തുറക്കുക എന്ന ആവശ്യം കാലങ്ങളായി ശബരിമലയുടെ കാര്യത്തിൽ ഉന്നയിക്കപ്പെട്ടു വരുന്നതാണ് പക്ഷെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിലാണ് ഇപ്പോഴും ശബരിമല തുറക്കൽ മണ്ഡലകാല മഹോത്സവമായും എല്ലാ മാസവും ഒന്നാം തീയതിയായതും ചുരുക്കിയിരിക്കുന്നത്. ഈ രീതിയിൽ മാറ്റം വരാതെ സ്ത്രീ പ്രവേശനം എന്ന കടമ്പ അത്ര എളുപ്പമായിരിക്കും എന്ന് കരുതാനാകില്ല.

ശബരിമല സ്ത്രീ നിരോധിത മേഖലയല്ല. ആർത്തവ കാലത്തായിരുന്നു സ്ത്രീകൾക്ക് അവിടെ പ്രവേശനം ഒരു കോടതി നിയമത്തിലൂടെ നിരോധിക്കപ്പെട്ടത്. ഇപ്പോൾ മറ്റൊരു കോടതി നിയമത്തിലൂടെ അത് തിരുത്തിയെഴുതപ്പെടുന്നു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ആർത്തവകാലത്ത് പ്രവേശിക്കാനുള്ള നിയമ തടസ്സമാണ് ഈ ഒരു ശബരിമല വിധിയോടെ ഇല്ലാതായിരിക്കുന്നത്. ആർത്തവത്തിൻറെ പേരിൽ സ്ത്രീകളെ മാറ്റിനിറുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കുന്ന കേരള ഹിന്ദു ക്ഷേത്ര പ്രവേശന നിയമത്തിലെ 3B വകുപ്പാണ് ഇപ്പോൾ ഈ നിയമത്തോടെ ഇല്ലാതാകുന്നത്.

ആർത്തവ സമയത്തു ക്ഷേത്രത്തിൽ കയറാൻ പാടില്ല എന്നത് ക്ഷേത്രത്തിന്റെ നിയമം എന്നതിനേക്കാൾ വിശ്വാസികളുടെ നിയമം തന്നെയാണ്.പരമ്പരാഗത രീതിയിൽ ആർത്തവം എന്ന ശാരീരിക പ്രക്രിയ മാറ്റിയിരുത്തൽ എന്ന നിയമത്തിലേയ്ക്ക് വന്നത് അശുദ്ധിയുടെ ഭാഗമായി ആയിരുന്നില്ല, മറിച്ച് വിശ്രമം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു, പക്ഷെ കാലം മാറുമ്പോൾ അതൊരു നിയമമായി മാറുമ്പോൾ ആർത്തവം അശുദ്ധമാക്കപ്പെടുകയും അകറ്റി നിർത്തപ്പെടുകയും ചെയ്തു.

ആ നിയമത്തെ ചോദ്യം ചെയ്യുക തന്നെയാണ് കാല കാലങ്ങളായി പല സ്ത്രീകളും ചോദ്യം ചെയ്തു പോന്നിരുന്നതും. എന്നിരുന്നാൽ തന്നെയും ആർത്തവ സമയത്തെ ക്ഷേത്ര ദർശനം ഒരു പ്രശ്നമായി കരുതാത്ത നിരവധി സ്ത്രീകൾ ഇപ്പോഴും ക്ഷേത്ര ദർശനം നടത്താറുണ്ട് എന്ന കാര്യത്തിലും തർക്കമില്ല. ആർത്തവ സമയം നോക്കി മൂകാംബിക ദർശനം നടത്തുന്ന ഒരു സ്ത്രീ സുഹൃത്ത് അവളുടെ അനുഭവം എഴുതിയത് വായിച്ച് അതിശയിച്ചു പോയിട്ടുണ്ട്, അത്തരം അനുഭവങ്ങൾ സ്വാഭാവിക നിയമങ്ങൾ തെറ്റിച്ചു വരുമ്പോൾ തോന്നുന്ന ഒരു ഉണർവ്വാകാം, എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താകുമ്പോൾ ചിലർ അതിനെ സ്വീകരിക്കുന്നു, ചിലരതിനെ റദ്ദു ചെയ്യുന്നു.

ആർത്തവ കാലത്തിൽ ജീവിക്കുന്ന സ്ത്രീകൾ കയറിയാൽ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻ പൊറുക്കില്ല, ആർത്തവ സമയത്ത് ക്ഷേത്രത്തിൽ കയറിയാൽ ദേവ ബിംബത്തിന്റെ ശക്തിയ്ക്ക് ഇളക്കം തട്ടും തുടങ്ങിയ വാദഗതികൾ എത്രമാത്രം വിശ്വസനീയമാണ്!?
ശൈവ -വൈഷ്ണവ ശക്തികളുടെ ഒന്നിച്ചുള്ള മൂർത്തീ ഭാവമാണ് അയ്യപ്പനെന്നാണ് വിശ്വാസം. ഒരുകാലത്ത് പരസ്പരം വിരുദ്ധ ചേരികളിൽ നിന്ന രണ്ട് വിശ്വാസങ്ങൾ ഒന്നിച്ചു ഒരേ നേർ രേഖയിൽ വരുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും യോജിപ്പാണ് ശബരിമലയിലെ പ്രതിഷ്ഠ എന്ന് സങ്കല്പം. തത്വമസി എന്ന പ്രയോഗത്തിൽ തന്നെ അതുണ്ട്. ഞാനും നീയും ഒന്ന് എന്ന അടയാളപ്പെടുത്തൽ. ബ്രഹ്മചാരി എന്നാൽ സ്ത്രീ സ്പർശനമാഗ്രഹിക്കാത്ത, സംന്യാസത്തിലാണ്ടിരിക്കുന്ന വ്യക്തി എന്ന് തന്നെയാണ് വിവക്ഷിക്കേണ്ടത്. പക്ഷെ ഒരു ബ്രഹ്മചാരി അയാളുടെ സന്യാസത്തിന്റെ ആന്തരിക ശക്തികൊണ്ട് എല്ലാ ദൗർബല്യങ്ങളെയും അതിജീവിച്ച ആളായിരിക്കും.

സ്ത്രീകളെ കണ്ടു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ബ്രഹ്മചര്യം തകർന്നു പോകുന്നില്ല എന്ന് സാരം. അത്തരത്തിൽ അത് തകർക്കപ്പെടുന്നു എന്ന ആരോപണം സാക്ഷാൽ അയ്യപ്പൻ കാലങ്ങളായി നേരിടുന്ന എത്ര അശ്ലീലമായ ഒരു ആക്ഷേപമാണ്! സ്നേഹനിധിയായ, സമത്വ സുന്ദരനായ, സംന്യാസിയായ അയ്യപ്പൻ അചഞ്ചലമായ മനശക്തി പേറുന്നവനാണെന്നും വിശ്വാസി സമൂഹം മനസ്സിൽ സ്വയം തിരുത്തേണ്ടതുണ്ട്. ഇത്തരം വളരെ ധാരണയില്ലാത്ത കാരണങ്ങൾ കൊണ്ടാണ് സ്ത്രീകളെ ശബരിമലയിൽ നിന്നും അകറ്റി നിർത്തേണ്ടതെന്നുള്ള അബദ്ധ ധാരണ വിശ്വാസി സമൂഹം മാറ്റേണ്ടതുണ്ട്! ആർത്തവ കാലത്തുള്ള സ്ത്രീകളെ ശബരിമലയിൽ നിന്നും അകറ്റി നിർത്താനുള്ള കാരണങ്ങൾ ആ പഴയ ദുർഘടം പിടിച്ച കാലത്തേ മാത്രം മുൻ നിർത്തിയുള്ളതായിരുന്നു എന്ന് കരുതാൻ ഞാനിഷ്ടപ്പെടുന്നു.പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകളെ നിയമ പ്രകാരം ക്ഷേത്രത്തിൽ നിന്നും അകറ്റിയത് പൗരുഷ മേലാളിത്തമുള്ള ഒരു നിയമജ്ഞന്റെ കുടില ബുദ്ധിയാണെന്നും സംശയിക്കുന്നു.

വിശ്വാസി സമൂഹത്തിന്റെ വളരെ ശക്തമായ ഇടപെടലുകൾ പ്രസ്തുത നിയമത്തിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്, വിശ്വാസികൾ തന്നെ രണ്ടു തരമുണ്ടെന്ന് കാണാം, ഒന്ന് അന്ധമായ വിശ്വാസത്തിന്റെ പിൻബലത്തിൽ ജീവിക്കുന്നവരാണെങ്കിൽ മറ്റൊന്ന് സാർവത്രികമായ ഒരു ദർശനത്തിൽ വിശ്വസിക്കുന്നവരാണ്.ക്ഷേത്രങ്ങൾക്കും വിഗ്രഹങ്ങൾക്കുമപ്പുറം ദൈവത്തെ , വിശ്വാസങ്ങൾക്കപ്പുറം ഉൾക്കൊള്ളാനാകുന്നവർ. ഒരുപക്ഷെ അത്തരക്കാർ മാത്രമാകും ഈ സുപ്രീം കോടതി വിധിയിൽ സന്തോഷിക്കുന്നുണ്ടാവുക. ചരിത്രം മാറ്റിയെഴുതിയ ഈ വിധി മറ്റൊരു സാധ്യത കൂടി സമൂഹത്തിന്റെ മുന്നിലേയ്ക്ക് തുറന്നു വയ്ക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കാതെ വയ്യ. ലിംഗത്തിന്റെ പേരിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ആരാധനാലയങ്ങളിലേക്കുള്ള സ്ത്രീ പ്രവേശനത്തിന്റെ സാധ്യതകളാണത്.

ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചയ്ക്ക് വരുമ്പോഴൊക്കെ തന്നെ എന്തുകൊണ്ട് മുസ്ലിം ആരാധനാലയങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാകുന്നുണ്ട്, പക്ഷെ അത്തരത്തിൽ കയറാൻ ആഗ്രഹിക്കുന്ന ഒരു പറ്റം വിശ്വാസികൾ ഉണ്ടാവുകയും അവർ അതിനെ നിയമപരമായി കാണാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് ആ ആവശ്യങ്ങൾക്ക് പ്രസക്തിയുണ്ടാവുക.അതിലേയ്ക്കും നീളുമോ മുസ്ലിം സ്ത്രീ വിശ്വാസികൾ എന്നത് കാത്തിരുന്നു തന്നെ കാണ്ടേണ്ടതാണ്!

Ads by Google

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Friday 28 Sep 2018 04.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW