പുഴയില്‍ ഇറങ്ങി കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്തു കുടിച്ചിരുന്ന ഒരു പഴയകാലം. അതെങ്ങോ പോയി മറഞ്ഞു. ഇന്ന് മനുഷ്യന് വിശ്വസിക്കുന്ന 'ഒരു വെള്ളമേ' ഭൂമുഖത്തുള്ളൂ. അത് 'മിനറല്‍ വാട്ടര്‍' എന്ന പേരില്‍ ലഭിക്കുന്ന കുപ്പിവെള്ളം തന്നെ. നല്ല കിണറ്റില്‍ നിന്ന് ശുദ്ധമായ വെള്ളം കോരിയെടുത്താല്‍ പോലും തൃപ്തിയാവില്ല.
കുപ്പിവെള്ളം തെന്ന കിട്ടണം. മനുഷ്യ ശരീരത്തിന് ഉന്മേഷവും ഊര്‍ജസ്വലതയും പകരുന്ന സര്‍വ ധാതുലവണങ്ങളുമടങ്ങുന്ന 'ആരോഗ്യദ്രാവകം' എന്നാണ് ഇത് വിപണനം ചെയ്യുന്ന വന്‍കിട കമ്പനികള്‍ അവകാശപ്പെടുന്നതും പരസ്യം ചെയ്യുന്നതും. എന്നാല്‍ ഈ മിനറല്‍ വാട്ടര്‍ എത്ര വിശിഷ്ടമാണ് എന്നതിനെപ്പറ്റി മാധ്യമങ്ങളില്‍ ഈയിടെ പ്രസിദ്ധീകൃതമായ വാര്‍ത്തകള്‍ ഞെട്ടിച്ചുകളഞ്ഞു.
യു.എസ്. ആസ്ഥാനമായ മാധ്യമ സംഘടന 'ഓര്‍ബ് മീഡിയ' പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് തരികള്‍ (മൈക്രോപ്ലാസ്റ്റിക്) ക്രമാതീതമായി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
പ്രമുഖ ബ്രാന്ഡുകളിലടക്കം കുപ്പിവെള്ളത്തില്‍ സൂക്ഷ്മമായ പ്ലാസ്റ്റിക് തരികള്‍ അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന അന്വേഷണം ആരംഭിച്ചു. പ്ലാസ്റ്റിക്കിന്റെ അംശങ്ങള്‍ കുടല്ഭിത്തിയിലൂടെ ആഗിരണം ചെയ്യപ്പെട്ട് മാരകമായ പല രോഗാതുരതകളിലേക്കും മനുഷ്യനെ വലിച്ചിഴക്കുമെന്ന കണ്ടെത്തല്‍ ഏറെ ഭീതിയോടെയാണ് ലോകം വായിച്ചറിഞ്ഞത്.
ചില കുപ്പികളില്‍ പതിനായിരം പ്ലാസ്റ്റിക് ഫൈബര്‍ കണികകള്‍ വരെ കണ്ടെത്തി. കുപ്പിയുടെ അടപ്പില്‍ നിന്നുമാണ് ഇത്തരത്തിലുള്ള മലിനീകരണം ഏറ്റവുമധികം ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ഈ അടപ്പുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പോളിപ്രൊപ്പിലിന്‍, നൈലോണ്‍, പോളിത്തിലീന് ടെറഫ്തലേറ്റ് എന്നിവയുടെ അംശങ്ങള്‍ ധാരാളമായി ജലത്തില്‍ കണ്ടെത്തി. ഇതുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു.
പോളികാര്‍ബണേറ്റ് പ്ലാസ്റ്റിക്കുകളുടെ മുഖ്യഘടകമായ ബിസ്ഫെനോള്‍ - എ (ബിപിഎ), ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍, ഓട്ടിസം, വന്ധ്യത, ബുദ്ധിമാന്ദ്യം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നു നേരത്തെ തന്നെ തെളിഞ്ഞിരുന്നു. 1891 ല്‍ ആദ്യമായി ഉത്ഗ്രഥിക്കപ്പെട്ട ഈ രാസസംയുക്തം വിഷവാതകമായ ഫോസ്ജേനും മറ്റു കൃത്രിമഘടകങ്ങളുമായി കൂടിക്കലര്‍ന്നപ്പോള്‍ സ്ഫടികസുതാര്യതയുള്ള പോളികാര്ബൊനേറ്റ് പ്ലാസ്റ്റിക്കായി ഉദയം ചെയ്തു. വിവിധ രൂപത്തിലുള്ള ദ്രാവകസംഭരണികളായി പിന്നീട് പ്ലാസ്റ്റിക് ഒരു മാരക രോഗം പോലെ ലോകത്ത് പടര്‍ന്നു വ്യാപിച്ചു.
പ്രതിവര്‍ഷം 100 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ആണ് ലോകത്താകമാനം നിര്‍മ്മിക്കപ്പെടുന്നത്. ഇതില്‍ 25 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് യാതൊരു വിധത്തിലും രാസപരമായി അഴുകാതെ പ്രകൃതിയില്‍ നിലകൊള്ളുന്നു. ഏതാണ്ട് 70,000 ടണ്‍ പ്ലാസ്റ്റിക് അശ്രദ്ധമായി സമുദ്രത്തില്‍ വലിച്ചെറിയപ്പെടുന്നുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. പലയിനം പ്ലാസ്റ്റികുകളും ജീര്ണിച്ചില്ലാതാകാന് 500 - 1000 വര്‍ഷങ്ങള്‍ വരെ വേണ്ടി വരുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു.
ഫളൂറൈഡ്, ക്ലോറൈഡ്, സള്‍ഫേറ്റ്, നിക്കല്‍, നൈട്രേറ്റ്, സള്‍ഫൈഡ്, മാംഗനീസ്, കോപ്പര്‍, സിങ്ക് തുടങ്ങി മുപ്പത്തിയഞ്ചോളം ധാതുക്കളും ലവണങ്ങളും ബോട്ടില്‍ വാട്ടറില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിയമം അനുശാസിക്കുന്നു.
എന്നാല്‍ മലിനജലത്തില്‍ മാത്രം കാണപ്പെടുന്ന ഡിഡിറ്റി, ഓര്‍ഗാനോഫോസ്ഫറസ്, എഷീറിയ കോളി ബാക്ടീരിയ തുടങ്ങിയവ കുപ്പിവെള്ളത്തില്‍ സാധാരണ കണ്ടെത്താറുണ്ടെന്ന് 'സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയണ്‍മെന്റ്' നടത്തിയ പഠനത്തില്‍ തെളിഞ്ഞു.
കൂടാതെ എന്‍ഡോസള്‍ഫാന്റെ അംശവും കുടിവെള്ളത്തില്‍ കണ്ടെത്തി. കേരളത്തില്‍ വില്‍ക്കപ്പെടുന്ന പലപ്പോഴും ക്രമാതീതമായി 'കോളിഫോം' ബാക്ടീരിയ കണ്ടെത്തുകയുണ്ടായി. ഇന്ത്യയില്‍ കുപ്പിവെള്ള വില്പനയിലൂടെ 2013 ല്‍ 6000 കോടി രൂപയാണ് കമ്പനികള്‍ക്ക് ലഭിച്ചത്. ഇത് 22 ശതമാനമായി ഉയര്‍ന്ന് 2018 അവസാനത്തോടെ 16000 കോടിയായി വര്‍ധിക്കുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. ഇന്ത്യയില്‍ ഒരാള്‍ ശരാശരി പ്രതിവര്‍ഷം 20 ലിറ്റര്‍ കുപ്പിവെള്ളം കുടിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
വ്യാജലൈസന്സിലൂടെ 'മിനറല്‍ വാട്ടര്‍' വിപണിയിലെത്തിക്കുന്ന വളരെയധികം ഏജന്‍സികളുണ്ട്. കുപ്പിയില്‍ വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ചും മലിനജലം നിറച്ച് റയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, പെരുന്നാള്സ്ഥലങ്ങള് തുടങ്ങിയ തിരക്കുള്ള ഇടങ്ങളില്‍ ചൂടപ്പം പോലെ വിറ്റുപോകും. ആര്‍ത്തിയോടെ വാങ്ങിക്കുടിക്കുന്ന ആരും അതിന്റെ ഗുണമേന്മയെപ്പറ്റി ചിന്തിക്കാറുമില്ല.
തട്ടുകടകള്‍, ടീസ്റ്റാള്‍, നാടന്‍ ഭക്ഷണശാല, ഫുഡ്കോര്‍ട്ട്, ഫാസ്റ്റ് ഫുഡ് എന്നീ നാമങ്ങളില്‍ പാതയോരങ്ങളില്‍ കാണുന്ന ഈ സ്ഥാപനങ്ങള്‍ രോഗങ്ങള്‍ വിളമ്പുന്ന കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. പെട്ടെന്ന് മാറ്റാനുള്ള ധൃതിയും ചെലവ്കുറവും ഏവരെയും ഇത്തരം ഭക്ഷണശാലകളിലേക്ക് ആകര്‍ഷിക്കുന്നു.
ദുര്‍ഗന്ധം വമിക്കുന്ന, വെടിപ്പും വൃത്തിയുമില്ലാത്ത പാചകമുറിയില്‍ അറപ്പുളവാക്കുന്ന കാഴ്ചകളാണ് നാം കാണുക. വൃത്തിയില്ലാത്ത തീന്മേശ, വൃത്തിയായി കഴുകാത്ത പ്ലേറ്റുകളും ഗ്ലാസുകളും, പറന്നു നടക്കുന്ന ഈച്ചകള്‍, ചിതറിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഇതെല്ലാം ശരാശരി ഹോട്ടലുകളിലെ സാധാരണ ദൃശ്യങ്ങള്‍.
ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഷയില്‍ കേരളത്തിലെ ഏതാണ്ട് 70 ശതമാനം ഹോട്ടലുകളുടെയും സ്ഥിതിയിതു തന്നെ. ഇത്തരം ഭക്ഷണശാലകളില്‍ കൃത്യകാലയളവില്‍ പരിശോധനകള്‍ നടത്താനോ കുറ്റക്കാരെ ശിക്ഷിക്കാനോ ഒരുമ്പെടുന്ന എത്ര ഉദ്യോഗസ്ഥന്മാരുണ്ട് നമുക്കിന്ന്? ഏതെങ്കിലും മാരകമായ പകര്‍ച്ചവ്യാധികള്‍ പിടിക്കുമ്പോള്‍ മാത്രം പേരിനു പരിശോധനയ്ക്കിറങ്ങുന്ന ആരോഗ്യപാലകരല്ലേ കൂടുതലും.
തൃശൂരിലെ മണ്ണുത്തിയില്‍ നിന്നും പിടിച്ചെടുത്ത കൃത്രിമ ചായപ്പൊടി അര്‍ബുദം വരെ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തൃശൂരില്‍നിന്നും 2016 ലും കൃത്രിമ ചായപൊടി പിടിച്ചെടുക്കുകയുണ്ടായി. ഇത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ വിദഗ്ധര്‍ കണ്ടെത്തിയത് ഏവരെയും ഞെട്ടിച്ചു.
തമിഴ് നാട്ടില്‍ നിന്നെത്തുന്ന ചായപ്പൊടിയില്‍ കോയമ്പത്തൂരിലെ പ്ലാന്റില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് കൃത്രിമ നിറം കലര്‍ത്തി കേരളത്തിലെത്തിക്കുന്നു. നല്ല ചായപ്പൊടിയേക്കാള് 60 - 80 ശതമാനം വിലക്കുറവാണിതിന്. തേയിലപ്പൊടിയില്‍ തുരുമ്പെടുത്ത ഇരുമ്പിന്റെ അംശം കൂടുതലായി കണ്ടെത്തി.
തേയിലയ്ക്ക് തൂക്കം കൂടാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ റെഡ്ഓക്സൈഡ്, ടൈറ്റാസിന് തുടങ്ങിയ രാസവസ്തുക്കളും പല അളവില്‍ കണ്ടെത്തി. ഇതാണ് മലയാളി ആര്‍ത്തിയോടെ മൊത്തിക്കുടിക്കുന്ന ചായയുടെ ദിവ്യത്വം.
വിലകുറച്ച് ലഭിക്കുന്ന ഈ തൈര് എല്ലാവരും ഉത്സാഹത്തോടെ ഉപയോഗിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇത്തരം തൈരുകളില്‍ സോപ്പുപൊടിയുടെ അംശം കണ്ടെത്തിയിരുന്നു. കൂടാതെ കൃത്രിമ കൊഴുപ്പും സമൃദ്ധമായി അടങ്ങിയിട്ടുള്ളതായി കണ്ടു.
പാലിന്റെ ഉത്പന്നമായ ഐസ്ക്രീമാണ് രോഗം പരത്തുന്ന മറ്റൊരു ആകര്‍ഷക വസ്തു. രാസവസ്തുക്കളും ട്രാന്‍സ്ഫാറ്റുകളും ബാക്ടീരിയകളും കൊണ്ട് വിഭവസമൃദ്ധമാണ് ചില ഐസ്ക്രീം ഇനങ്ങള്‍. ഇവയുടെ ഉപയോഗം ഗുരുതരമായി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. വെയ്റ്റിന്, അഗര്‍, പ്രോപ്പിലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ചിലപ്പോള്‍ ക്രമാതീതമായി കാണപ്പെടാറുണ്ട്.
കൃത്രിമമുട്ടകളും വിപണിയിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസങ്ങളില്‍ കൊല്‍ക്കത്തയിലെ തിന്ജാല മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക്കില്‍ കൃത്രിമമായുണ്ടാക്കിയ മുട്ടകള്‍ വിറ്റതിന് പോലീസ് കേസെടുത്തു. ഇപ്പോള്‍ വ്യാജനും യഥാര്‍ഥ മുട്ടയും തിരിച്ചറിയാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. രോഗങ്ങളെ വിലയ്ക്കു വാങ്ങുന്ന ദാരുണാവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു നമ്മള്.
മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ആരോഗ്യപൂര്‍ണമാണോ അതോ വിഷലിപ്തമാണോ... അറിയില്ല!