Saturday, December 15, 2018 Last Updated 46 Min 17 Sec ago English Edition
Todays E paper
Ads by Google
കഴുമരത്തിന്റെ നിഴലില്‍ / എ.പി. ചന്ദ്രന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് സ്‌പെഷല്‍ സെല്‍, കോഴിക്കോട്)
Thursday 20 Sep 2018 01.19 PM

‘അവനെ ഞങ്ങള്‍ക്കു വിട്ടുതാ സാറെ, പോലീസിനും കോടതിക്കും ഈ പട്ടിയെ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല സാറേ. ഞങ്ങള്‍ നീതി നടപ്പാക്കാം’; സല്‍വ കൊലക്കേസ് ഞെട്ടിക്കുന്ന വഴിത്തിരവില്‍

uploads/news/2018/09/250221/WeeklyCrimeStory200918.jpg

സല്‍വ കൊലക്കേസ് - 3

സല്‍വ മര്‍ഡര്‍ കേസ് ചുള്ളിക്കോട് കവളമുക്കട്ട മുതല്‍ നിലമ്പൂര്‍ വരെ പ്രകമ്പനമുണ്ടാക്കി. നാടിളകി. അബ്ദുല്‍ നാസറിന്റെ വീടിനു പിന്നിലെ ഓലഷെഡ്ഡില്‍ മരിച്ചു മരവിച്ചു കിടന്ന സല്‍വ എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുവാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല.

സല്‍വ എന്ന പൊന്നുംകുടത്തെ നന്നായി അറിയാവുന്ന നാട്ടുകാര്‍ അറിഞ്ഞതൊന്നും സത്യമാവരുതേ എന്നു പ്രാര്‍ത്ഥിച്ചു. സല്‍വയെ തേടി നാടാകെ ഓടുമ്പോഴും ആ പാവം പെണ്‍കുട്ടിയെ ഒരു പോറലും കൂടാതെ ജീവനോടെ കിട്ടണേ എന്നുതന്നെയായിരുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന.

സല്‍വയെ കാണാതായി എന്നറിഞ്ഞ നിമിഷം മുതല്‍ നിസ്‌ക്കാരപ്പായയില്‍നിന്ന് എഴുന്നേല്‍ക്കാതെ ഖുര്‍ ആന്‍ പാരായണം ചെയ്തവരും അമ്പലങ്ങളായ അമ്പലങ്ങളിലേക്കൊക്കെ വഴിപാട് നേര്‍ന്നവരും യേശുവിന്റെ ക്രൂശിത രൂപത്തിനു മുമ്പില്‍ മുട്ടുകുത്തി നിന്നു മനസ്സുമുട്ടി പ്രാര്‍ത്ഥിച്ചവരും തങ്ങളുടെ പ്രാര്‍ത്ഥന ദൈവം കൈക്കൊണ്ടില്ലല്ലോ എന്നോര്‍ത്ത് തേങ്ങി. ദൈവം ആ പാവം പെണ്‍കുട്ടിക്ക് ഒരു നല്ല ജീവിതം നല്‍കി.

അറിവും അഴകും ഓമനത്തവും നല്‍കി. ദൈവം അവള്‍ക്ക് കനിഞ്ഞു നല്‍കിയതെല്ലാം അബ്ദുല്‍ നാസര്‍ എന്ന നരാധമന്‍ തിരിച്ചെടുത്തിരിക്കുന്നു. ആയുസ്സ് നല്‍കിയ അള്ളാഹുവിനു മാത്രമേ അത് തിരിച്ചെടുക്കാന്‍ അവകാശമുള്ളൂ. അബ്ദുല്‍ നാസറില്‍ ഒളിഞ്ഞിരുന്ന പിശാച് സല്‍വ എന്ന കുസൃതിക്കുടുക്കയുടെ ജീവന്‍ അപഹരിച്ചെടുത്തിരിക്കുന്നു. ജീവിതം വെടിയും മുമ്പേ ഒരു ഒമ്പതു വയസ്സുകാരിക്ക് താങ്ങാന്‍ കഴിയുന്നതിലേറെ വേദനകള്‍ തിന്നേണ്ടി വന്നു.

അണപൊട്ടിയൊഴുകിയ പ്രതിഷേധം ജനരോഷമായി മാറി. അബ്ദുല്‍ നാസറിനെ കൈയില്‍ കിട്ടിയാല്‍ ഇഞ്ച ചതയ്ക്കുന്നതുപോലെ ചതയ്ക്കാനായി ജനം ഓടിനടന്നു. അതൊരു ക്രമസമാധാനലംഘന പ്രശ്‌നമായി മാറുമെന്ന് പോലീസിനു ബോദ്ധ്യമായി. പോലീസിന്റെ കൈയില്‍ കിട്ടുന്നതിനു മുമ്പേ അബ്ദുല്‍ നാസറിനെ തങ്ങളുടെ കൈയില്‍ കിട്ടണം എന്ന കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു ജനത്തിന്. അണപൊട്ടിയൊഴുകുന്ന ജനരോഷം ഏതുവഴിക്കാണ് തിരിഞ്ഞൊഴുകുക എന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ക്രമസമാധാനം നിലനിര്‍ത്തുക എന്നത് പോലീസിന്റെ ചുമതലയാണ്.

അബ്ദുല്‍ നാസര്‍ കളം വിട്ടു പോകും മുമ്പേ പിടിമുറുക്കണം. ജനക്കൂട്ടം ശിക്ഷ വിധിക്കും മുമ്പ്. പ്രതി സ്ഥലം വിടാനുള്ള സാദ്ധ്യത നന്നേ വിരളമാണ്. അയാള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ലക്ഷ്യംവച്ച് പോലീസ് സംഘം അങ്ങോട്ടു കുതിച്ചു. ഒരു സ്ഥലത്ത് അയാളുണ്ട് എന്ന രഹസ്യസന്ദേശം കിട്ടി. ഞങ്ങള്‍ അങ്ങോട്ടു കുതിച്ചു. പക്ഷേ അവിടെ എത്തുംമുമ്പേ സ്‌തോഭജനകമായ ഒരു വാര്‍ത്ത ഞങ്ങളെ തേടിയെത്തി. രോഷാകുലരായ ജനങ്ങള്‍ അബ്ദുല്‍ നാസറിനെ പിടിച്ചുകഴിഞ്ഞു.

അവര്‍ അയാള്‍ക്കുള്ള ശിക്ഷ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് ഞങ്ങള്‍ കുതിച്ചെത്തുമ്പോള്‍ അബ്ദുല്‍ നാസര്‍ ക്രൂരമര്‍ദ്ദനങ്ങളേറ്റ് നിലത്തു കിടക്കുകയാണ്. അടിവസ്ത്രം മാത്രം ധരിച്ച് നിലത്ത് നിശ്‌ചേതനനായി കിടക്കുന്ന അബ്ദുല്‍ നാസറിനെ കണ്ടതും അയാളുടെ 'പണിതീര്‍ന്നു' എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. രണ്ടാമതൊരു മര്‍ഡര്‍ കേസ് കൂടി ചാര്‍ജ് ചെയ്യേണ്ടി വരുമോ എന്ന ആശങ്കയില്‍ അബ്ദുല്‍ നാസറിനരികിലേക്ക് ഞങ്ങള്‍ ഓടി. ഞങ്ങള്‍ക്ക് അയാള്‍ക്കരികിലേക്ക് അടുക്കാന്‍ കഴിയാത്ത വിധം പ്രതിരോധം തീര്‍ത്തുകൊണ്ട് ആള്‍ക്കൂട്ടം അയാളെ മര്‍ദ്ദിച്ചുകൊണ്ടിരിക്കുകയാണ്.

അബ്ദുല്‍ നാസര്‍ മരിച്ചോ അതോ ജീവനുണ്ടോ? ഒന്നുമറിയില്ല. മര്‍ദ്ദിച്ചും ചവിട്ടിയും അയാളെ മൃതപ്രായനാക്കിയിരിക്കുന്നു. ഒരു മിടിപ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍ അയാളെ രക്ഷിക്കണം. ആള്‍ക്കൂട്ടമല്ല ശിക്ഷ വിധിക്കേണ്ടത്. ബഹുമാനപ്പെട്ട കോടതിയാണ്. അതു മാത്രമല്ല, അബ്ദുല്‍ നാസര്‍ പ്രതിയാണോ എന്ന കാര്യം അറിയില്ല. പ്രതിയാണെങ്കില്‍, കൂട്ടുപ്രതികളുണ്ടോ ഒറ്റയ്ക്കാണോ കൃത്യം ചെയ്തത്? സല്‍വ എങ്ങനെ അബ്ദുല്‍ നാസറിന്റെ വീട്ടിലെത്തി? ഈവക കാര്യങ്ങളെല്ലാം അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്.

അബ്ദുല്‍ നാസര്‍ കൊല്ലപ്പെട്ടാല്‍ അതോടെ ആ വഴി അടയും. പിന്നെ സത്യം ഒരിക്കലും പുറത്തുവരില്ല. സത്യമെന്തെന്നു കണ്ടെത്താന്‍ കഴിയാതെ പോയാല്‍ അത് പോലീസിന്റെ ഭാഗത്തുനിന്നുള്ള വന്‍ വീഴ്ചയായിത്തീരും. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി ഞങ്ങള്‍ അബ്ദുല്‍ നാസറിനരികിലേക്ക് കുതിച്ചു. പോലീസ് ഫോഴ്‌സ് എന്നുപറയാന്‍ ഞങ്ങള്‍ നാലുപേരേ അപ്പോള്‍ ആ ഭാഗത്ത് ഉണ്ടായിരുന്നുള്ളു.

ഞാനും എസ്.ഐ. സുനില്‍ പുളിക്കലും രണ്ടു കോണ്‍സ്റ്റബിള്‍മാരും മാത്രം. ധാര്‍മ്മികരോഷം പൂണ്ട് എന്തിനും തയാറായി നില്‍ക്കുന്ന ജനക്കൂട്ടത്തിനിടയില്‍ നുഴഞ്ഞുകയറി അബ്ദുല്‍ നാസറിനെ രക്ഷിച്ചെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്നറിയാമായിരുന്നെങ്കിലും പ്രതിയെ രക്ഷിക്കേണ്ടത് പോലീസിന്റെ ആവശ്യമായിരുന്നു. രക്ഷിച്ചേ പറ്റൂ.

ജനക്കൂട്ടത്തിനിടയിലേക്ക് നുഴഞ്ഞുകയറി ഞങ്ങള്‍ അബ്ദുല്‍ നാസറിനെ തൊട്ടു. അയാള്‍ നിശ്ചലനാണ്. ചവിട്ടും അടിയുമേറ്റ് തിണര്‍ത്ത പാടുകള്‍. ശരീരത്തിലെ ചില ഭാഗങ്ങളില്‍നിന്ന് ചോരയൊലിക്കുന്നുണ്ട്. ചുണ്ടില്‍ തൊട്ടുനോക്കിയപ്പോള്‍ ശ്വാസമെടുക്കുന്നുണ്ട്. പൊടുന്നനെ ഞങ്ങള്‍ അബ്ദുല്‍ നാസറിനെ പൊക്കിയെടുത്ത് ജീപ്പിലേക്കിട്ട് ജീപ്പ് മുന്നോട്ടെടുത്തു. വലിയ പ്രതിരോധം സൃഷ്ടിച്ച് ആള്‍ക്കൂട്ടം ഞങ്ങള്‍ക്ക് എതിരെ നിന്നു. പ്രതിയെ കൊണ്ടുപോകാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നു പറഞ്ഞ് ആള്‍ക്കൂട്ടം ഞങ്ങളെ തടഞ്ഞു.

പ്രതിഷേധം വകവയ്ക്കാതെ ഞങ്ങള്‍ വണ്ടി മുന്നോട്ടെടുത്തു. അബ്ദുല്‍ നാസറിനെ നിയമത്തിനു വിട്ടുതരാതെ ആള്‍ക്കൂട്ട വിചാരണയിലൂടെ അവസാനിപ്പിക്കാം എന്നുതന്നെയായിരുന്നു അവരുടെ തീരുമാനം. നിയമം കൈയിലെടുക്കരുത് എന്നുപറഞ്ഞ് ഞങ്ങള്‍ അബ്ദുല്‍ നാസറിനെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കവേ ജനങ്ങള്‍ ഞങ്ങളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. പോലീസിനോടുള്ള ദേഷ്യമല്ല, സല്‍വ എന്ന പൂം പൈതലിനോടുള്ള സ്‌നേഹവാത്സല്യങ്ങളാണ് അവരുടെ രോഷപ്രകടനത്തിനു പിന്നിലെ ചേതോവികാരം എന്നു ഞങ്ങള്‍ക്കറിയാമായിരുന്നു.

നാലഞ്ചു ചെറുപ്പക്കാരാണ് ആക്രമണത്തിനു നേതൃത്വം വഹിച്ചത്. എന്തിനും തയാറായി നില്‍ക്കുന്ന അവരോട് ഞങ്ങള്‍ ഓര്‍മ്മിപ്പിച്ചു. വെറുതെ കൊലക്കേസിലെ പ്രതികളാവുന്നതെന്തിന്? അബ്ദുല്‍ നാസര്‍ കൊല്ലപ്പെട്ടാല്‍, കൊല്ലപ്പെട്ടത് ബലാത്സംഗക്കേസിലെ പ്രതിയാണെന്നു പറഞ്ഞ് കേസ് എഴുതിത്തള്ളാനാവില്ല. സല്‍വയെ ബലാത്സംഗം ചെയ്തു കൊന്നത് കുറ്റമാണെങ്കില്‍, പ്രതിയായ അബ്ദുല്‍ നാസറിനെ കൊല്ലുന്നതും കുറ്റമാണ്. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല.

ഞങ്ങളെ മര്‍ദ്ദിച്ചവരോട് വിരോധം വെച്ചുപുലര്‍ത്താനോ മര്‍ദ്ദിച്ചവരുടെ മുഖം ഓര്‍മ്മവെച്ച് പ്രതികാര നടപടികള്‍ കൈക്കൊള്ളാനോ അല്ല ജീവന്‍ പൊലിയും മുമ്പേ അബ്ദുല്‍ നാസറിനെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം.

''അവനെ ഞങ്ങള്‍ക്കു വിട്ടുതാ സാറെ, പോലീസിനും കോടതിക്കും ഈ പട്ടിയെ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല സാറേ. ഇവനെ ഞങ്ങള്‍ക്കു വിട്ടുതാ. ഞങ്ങള്‍ നീതി നടപ്പാക്കാം.''ആരോ ഒരാള്‍ ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

പോലീസ് വാഹനം മുന്നോട്ടെടുക്കുമ്പോള്‍ എന്റെ ശബ്ദം ആള്‍ക്കൂട്ടത്തില്‍ നേര്‍ത്തു പോയെങ്കിലും ഞാന്‍ മറുപടി പറഞ്ഞു: ''പോലീസിനും കോടതിക്കും ശക്തിയുണ്ട്. പ്രതി ശിക്ഷിക്കപ്പെടും.''

uploads/news/2018/09/250221/WeeklyCrimeStory200918a.jpg
അബ്ദുല്‍ നാസര്‍

ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കു കഴിയുമായിരുന്നു. ഒമ്പതു വയസ് മാത്രം പ്രായമുള്ള ഒരു കുരുന്നിനെ നശിപ്പിച്ച് ഇല്ലാതാക്കിയ പരമദുഷ്ടനോടുള്ള എതിര്‍പ്പാണത്. പക്ഷേ, അബ്ദുല്‍ നാസര്‍ കൊല്ലപ്പെട്ടാല്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാം. ജീവിതത്തിന്റെ നല്ല നാളുകളിലേക്ക് കാലൂന്നാന്‍ നില്‍ക്കുന്ന നിരപരാധികളായ യുവാക്കള്‍ പെട്ടെന്നുള്ള വികാരാവേശംകൊണ്ട് ജയില്‍പ്പുള്ളികളായിത്തീരാതിരിക്കാനും അബ്ദുല്‍ നാസറിന്റെ ജീവന്‍ രക്ഷിച്ചെടുക്കേണ്ടത് അനിവാര്യംതന്നെ.

ആശുപത്രിയിലേക്കുള്ള റൂട്ടിന്റെ എതിര്‍വശത്തേക്കാണ് ഞങ്ങള്‍ വാഹനം ഓടിച്ചത്. ജനങ്ങള്‍ കൂടിനില്‍ക്കാത്ത ഭാഗത്തേക്കു നോക്കി വണ്ടിയെടുക്കുകയേ അപ്പോള്‍ കരണീയമായിട്ടുണ്ടായിരുന്നുള്ളു. അബ്ദുല്‍ നാസറിനെ കണ്ടെത്തിയ ഏരിയയില്‍ എത്തുമ്പോള്‍ ഞാനും എസ്.ഐ.യും അടക്കം പോലീസ് ടീമില്‍ നാലുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ജനക്കൂട്ടത്തില്‍ ഇരുനൂറു പേരെങ്കിലുമുണ്ടായിരുന്നു. വാഹനം പലവഴികളിലൂടെ തിരിച്ച് ഒടുവില്‍ ഞങ്ങള്‍ക്ക് പോകേണ്ട വഴിയിലേക്ക് എത്തിച്ചു.

അപ്പോഴും വഴി തടയാനായി പല സ്ഥലത്തും ജനങ്ങള്‍ കൂടിനില്‍ക്കുന്നുണ്ടായിരുന്നു. എന്തും സംഭവിച്ചേക്കാവുന്ന സാഹചര്യം. വാഹനം നിര്‍ത്തിയാല്‍ അബ്ദുല്‍ നാസറിനെയും കൊണ്ട് ആശുപത്രിയില്‍ എത്തുക എന്നത് ഒരു സ്വപ്നം മാത്രമായി മാറും. നിര്‍ത്താതെ പോയാല്‍ വഴി തടയുന്നവരില്‍ ആരെങ്കിലും വാഹനത്തിനു മുമ്പിലേക്കു കടന്നുവന്ന് അപകടമുണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ വാഹനം വേഗത്തില്‍ മുന്നോട്ടു പായിക്കുക മാത്രമേ ഞങ്ങളുടെ മുമ്പില്‍ ഏക പോംവഴിയുണ്ടായിരുന്നുള്ളു. വാഹനം ശരിക്കും കത്തിച്ചുവിട്ടു.

അബ്ദുല്‍ നാസറിന്റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ ഈ കേസിലെ ദുരൂഹത ഒരിക്കലും ഒഴിയുകയില്ല. ഒമ്പതുകാരിയായ സല്‍വയുടെ ജീവിതത്തിലേക്ക് അബ്ദുള്‍ നാസര്‍ എന്ന നാല്പത്തഞ്ചുകാരന്റെ കരിനിഴല്‍ എന്നാണ് ആദ്യമായി വീണത്, രാവിലെ 6.30-ന് മദ്രസയിലേക്കു പോയ സല്‍വയുടെ മൃതദേഹം സന്ധ്യ മയങ്ങുന്ന നേരത്തോടെ അബ്ദുല്‍ നാസറിന്റെ വീടിനു പിന്നിലെ ഓലഷെഡ്ഡില്‍നിന്നു കണ്ടുകിട്ടുന്നതുവരെ ആ പൊന്നുമോളുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു? എന്നാണ് ആദ്യമായി സല്‍വയില്‍ ആ നരാധമന്റെ ദൃഷ്ടി പതിഞ്ഞത്? അബ്ദുല്‍ നാസര്‍ തന്നെയാണോ യഥാര്‍ത്ഥ പ്രതി? വേറെയും പ്രതികളുണ്ടോ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ട്.

അതിന് അബ്ദുല്‍ നാസര്‍ ജീവിച്ചേ പറ്റൂ. മരിച്ചോ അതോ ജീവനുണ്ടോ എന്നറിയാതെ മൃതപ്രായനായ പ്രതിയെ ഞങ്ങള്‍ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

അബ്ദുല്‍ നാസറിന് ജീവനുണ്ടെന്നും അയാള്‍ അപകടഘട്ടം തരണം ചെയ്‌തെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചപ്പോള്‍ ആദ്യം ആശ്വാസമാണ് തോന്നിയതെങ്കിലും പൊടുന്നനെ എന്റെ മനസാക്ഷി തിരിച്ച് എന്നോടൊരു ചോദ്യം ചോദിച്ചു:
ജനങ്ങള്‍ മരണം വിധിച്ച പ്രതിയെ പോലീസ് രക്ഷപ്പെടുത്തി. ഇയാളാണ് യഥാര്‍ത്ഥ പ്രതിയെങ്കില്‍ ഈ പരമദുഷ്ടന്‍ അര്‍ഹിക്കുന്ന മരണശിക്ഷ തന്നെ വാങ്ങിക്കൊടുക്കാന്‍ പോലീസിനുകഴിയുമോ? ഉള്ളുലയ്ക്കുന്ന ഒരു ചോദ്യമായിരുന്നു അത്.

അബ്ദുള്‍ നാസറിനെ കസ്റ്റഡിയില്‍ എടുത്തശേഷം സല്‍വ കൊല്ലപ്പെട്ടതായി കണ്ടെത്തിയ അബ്ദുള്‍ നാസറിന്റെ വീടിന്റെ പരിസരം പോലീസ് വിശദമായി പരിശോധിച്ചു. സല്‍വയുടെ കുട, മദ്രസയിലെ പുസ്തകം, പുസ്തകവും മറ്റും സൂക്ഷിച്ചിരുന്ന ബാഗ് എന്നിവ അബ്ദുല്‍ നാസറിന്റെ വീടിനകത്തുനിന്ന് കിട്ടി. ഇരുട്ടു പരന്നതിനാല്‍ ശാസ്ത്രീയ പരിശോധനകളും മറ്റും പിറ്റേന്ന് നേരം വെളുത്തിട്ടാകാമെന്ന് തീരുമാനിച്ച് രാത്രിയില്‍ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

അബ്ദുല്‍ നാസറിന്റെ വീടിന്റെ പിന്‍ഭാഗത്ത് കക്കൂസിനോട് ചേര്‍ന്ന സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് അല്‍പ്പം നീങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു.
സല്‍വയെ ബലാത്സംഗം ചെയ്തു കൊന്നശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം സെപ്റ്റിക് ടാങ്കിലേക്ക് തള്ളാന്‍ വേണ്ടി സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് നീക്കുന്നതിനിടയില്‍ സല്‍വയെ അന്വേഷിച്ചിറങ്ങിയ സംഘം അതുവഴി വന്നതിന്റെ ശബ്ദകോലാഹലം കേട്ടപ്പോള്‍ അബ്ദുള്‍ നാസര്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ സധിച്ചു.

സ്ലാബ് അന്നുതന്നെയാണ് നീക്കിയത് എന്ന് ഉറപ്പുവരുത്താനായി അസിസ്റ്റന്റ് എഞ്ചിനീയറെ വരുത്തി സ്ലാബ് എക്‌സാം ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയറുടെ ഒപ്പീനിയന്‍ സാക്ഷിയാക്കി. പിന്നീട് അബ്ദുല്‍ നാസറെ ചോദ്യം ചെയ്തപ്പോള്‍, താനാണ് സ്ലാബ് നീക്കിയതെന്നും സല്‍വയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളാന്‍ വേണ്ടി സ്ലാബ് നീക്കുന്നതിനിടെ സല്‍വയെ തേടിയിറങ്ങിയ ആളുകളുടെ ശബ്ദം കേട്ടപ്പോള്‍ സെപ്റ്റിക് ടാങ്കിലേക്ക് തള്ളാന്‍ കൊണ്ടുവന്ന സല്‍വയുടെ ബോഡി തിടുക്കപ്പെട്ട് തിരിച്ചു വീട്ടിലേക്കുതന്നെ കൊണ്ടുപോവുകയായിരുന്നു എന്ന് അയാള്‍ സമ്മതിച്ചു. അബ്ദുല്‍ നാസറിന്റെ വീട്ടിലെ കട്ടിലിന്റെ ചുവട്ടില്‍ കണ്ടെത്തിയ രക്തക്കറ നിര്‍ണ്ണായക തെളിവായി.

സല്‍വയുടെ വസ്ത്രങ്ങളില്‍നിന്നും ജനനേന്ദ്രിയത്തില്‍ നിന്നും ശേഖരിച്ച സെമന്‍ സ്‌റ്റെയിന്‍ അബ്ദുല്‍ നാസറിന്റേതുതന്നെയാണെന്ന് അബ്ദുല്‍ നാസറിന്റെ ഡി.എന്‍.എ. പരിശോധനയിലൂടെ പിന്നീട് സ്ഥിരീകരിച്ചു.

(തുടരും..)

തയാറാക്കിയത് സലിം ഇന്ത്യ

Ads by Google
കഴുമരത്തിന്റെ നിഴലില്‍ / എ.പി. ചന്ദ്രന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് സ്‌പെഷല്‍ സെല്‍, കോഴിക്കോട്)
Thursday 20 Sep 2018 01.19 PM
Ads by Google
Loading...
TRENDING NOW