Friday, July 26, 2019 Last Updated 55 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 03.49 PM

ബുദ്ധിവികാസത്തിനും ഭാഗ്യവര്‍ദ്ധനയ്ക്കും സ്‌തോത്ര മന്ത്രജപം

'' ബുദ്ധിവികസിപ്പിക്കുന്നതിന് മന്ത്രങ്ങള്‍ക്കുള്ള ശക്തി വര്‍ണ്ണിക്കാവുന്നതല്ല. ശരീരധര്‍മ്മങ്ങളോടൊപ്പം മനോവൃത്തിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും മന്ത്രജപത്തിന് സാധിക്കും. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും അത്യുത്തമം. ''
uploads/news/2018/09/247737/joythi110918.jpg

ഇപ്പോള്‍ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ആചരിച്ചുപോരുന്ന അതിശ്രേഷ്ഠമായ കര്‍മ്മമാണ് വിളക്കുപൂജ, നാരങ്ങാവിളക്ക്, ആപത് നിവാരണപൂജ എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന ഐശ്വര്യപൂജ. സ്ത്രീ കൂട്ടായ്മകളാണ് ഐശ്വര്യപൂജകളില്‍ പങ്കെടുക്കുന്നത്. വിപത്തുകളില്‍നിന്നും കലഹത്തില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും രക്ഷയേകുന്നതാണ് പൂജകള്‍.

അതിനുവേണ്ടി ഉപയോഗിക്കുന്ന മന്ത്രങ്ങളും സ്‌തോത്രങ്ങളും ജീവനുറ്റതാണ്. വര്‍ഷങ്ങളായി ഇങ്ങനെയുള്ള ഐശ്വര്യപൂജകളില്‍ പങ്കെടുത്ത് മന്ത്രങ്ങള്‍ ചൊല്ലുന്ന ചില സ്ത്രീകള്‍ അഭൂതപൂര്‍വമായി ആത്മീയകാര്യങ്ങളിലും മറ്റും ശ്രേഷ്ഠരായി കാണപ്പെടുന്നു. പലതരത്തിലുള്ള ദൈവാനുഗ്രഹങ്ങള്‍ക്കും ഭാഗ്യം സിദ്ധിച്ചവരുണ്ട്.

സ്‌കൂളുകളില്‍ വിവിധ തലങ്ങളില്‍ നിന്നുള്ള വിവിധ സംസ്‌കാരങ്ങളില്‍പ്പെട്ട കുട്ടികളാണെത്തുന്നത്. മാതാപിതാക്കള്‍ക്ക് എപ്പോഴും മക്കളെക്കുറിച്ചുള്ള ആകാംക്ഷ വര്‍ദ്ധിക്കുന്നു. എല്ലാവരുടെയും ബുദ്ധി ഒരുപോലെയല്ല. അടുത്തിരിക്കുന്ന കുട്ടിക്ക് എല്ലാം മനസ്സിലാകുന്നു.

എന്റെ മകന്‍, മകള്‍ മോശം എന്നാവലാതിപ്പെടാതെ സ്‌തോത്രങ്ങളും മന്ത്രങ്ങളും ചൊല്ലാന്‍ ശീലിപ്പിക്കുക. കുറേനാള്‍ ചൊല്ലിക്കുമ്പോള്‍ അവര്‍ ഏകാഗ്രതയോടെ മന്ത്രങ്ങള്‍ ചൊല്ലാന്‍ ശീലിക്കും. അതോടെ ബുദ്ധി വികസിക്കും. അടുത്തിരുന്നവനേക്കാളും മിടുക്കനാവുകയും ചെയ്യും. ശ്രദ്ധിക്കുക, പ്രാവര്‍ത്തികമാക്കുക.

ചില കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ആരോഗ്യവും ശക്തിയും മനോബലവും ആവരണം ചെയ്തുനില്‍ക്കുന്ന ഊര്‍ജ്ജവലയം ഉണ്ടായിരിക്കും. ചിലര്‍ ദുര്‍ബ്ബലരുമായിരിക്കും. ഇങ്ങനെയുള്ളവരെ ഊര്‍ജ്ജസ്വലരാക്കാന്‍ നിത്യജപങ്ങളും പ്രാര്‍ത്ഥനകളും ഉപകരിക്കും.

പിന്‍തലമുറയ്ക്ക് ഉപകരിക്കണമെന്ന ലക്ഷ്യത്തോടെ ആയിരിക്കുമല്ലോ നമ്മുടെ പൂര്‍വികര്‍ (ഋഷിമാര്‍) ഒട്ടു വളരെ മന്ത്രങ്ങള്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുകാലത്ത് വളരെ കുറച്ചാളുകള്‍ക്കേ മന്ത്രങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ.

മന്ത്രങ്ങള്‍ സ്വയം ജപിച്ച് ശീലിച്ചാല്‍ ജീവിതകാലം മുഴുവനും ശക്തിയുണ്ടാകും. കിട്ടുന്ന ഗുണങ്ങള്‍ മഹത്തരങ്ങളുമായിരിക്കും. ബുദ്ധി, മനോബലം, വാക്പടുത്വം, വ്യക്തിത്വം എന്നിവ വികസിപ്പിക്കുന്നതിന് മന്ത്രജപം ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.

നിത്യജപത്തിന് വലിയ ചിട്ടവട്ടങ്ങളൊന്നും ആവശ്യമില്ല. ഇഷ്ടദേവതാ മന്ത്രങ്ങളോ, സ്‌തോത്രങ്ങളോ ഇവ രണ്ടും കൂടിയോ വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെക്കൊണ്ടും നിത്യം ജപിപ്പിക്കുക. തീരെ ബുദ്ധി കുറഞ്ഞ കുട്ടികള്‍ക്ക് ബുദ്ധിവികാസത്തിനുതകുന്ന മന്ത്രങ്ങള്‍ ഗുരുമുഖത്തുനിന്നും ശേഖരിച്ച് നിത്യവും ജപിച്ചാല്‍ ഏതാനും വര്‍ഷം കഴിയുമ്പോള്‍ നിനച്ചിരിക്കാതെ കുട്ടികള്‍ പ്രാഗത്ഭ്യം കാട്ടിത്തുടങ്ങും.

മന്ത്രങ്ങളും സ്‌തോത്രങ്ങളും ഏകാഗ്രതയോടെ ചൊല്ലാന്‍ മാതാപിതാക്കള്‍ ശീലിപ്പിക്കണം. കുറഞ്ഞത് അര മണിക്കൂറെങ്കിലും ഇതിനുവേണ്ടി മാറ്റിവയ്ക്കുക. രാവിലെയോ, വൈകിട്ടോ ആകാം. കൃത്യമായി മുടങ്ങാതെ തുടരുക.

ഇടയ്ക്കിടെ ക്ഷേത്രദര്‍ശനം കൂടിയായാല്‍ കുട്ടികള്‍ക്ക് ബുദ്ധി വര്‍ദ്ധിക്കും. ഒരു ദിവസമോ, ഒരാഴ്ചയോ, ഒരുമാസമോ പോരാ; വര്‍ഷങ്ങള്‍ തന്നെ ചിട്ടയോടെ നീങ്ങട്ടെ. എത്ര മോശമായ കുട്ടികളും ബുദ്ധിമാന്മാരായിത്തീരും. ഉറപ്പ്.

മന്ത്രങ്ങളും സ്‌തോത്രങ്ങളും ചൊല്ലുമ്പോള്‍ ഉച്ഛാരണശുദ്ധിക്ക് പ്രാധാന്യമുണ്ട്. അതാണ് ഗുരുമുഖത്തുനിന്നും കേട്ടുപഠിക്കണമെന്ന് പറയുന്നതിന്റെ ഉദ്ദേശ്യശുദ്ധി. ദേവി, വിഷ്ണു, ശിവന്‍, അയ്യപ്പന്‍ എന്നിവരുടെ സ്‌തോത്രങ്ങള്‍ ആവര്‍ത്തിച്ചു ജപിക്കുമ്പോള്‍ മന്ത്രജപ സിദ്ധികൂടി കിട്ടുന്നു.

സ്‌തോത്രങ്ങള്‍ ജപിക്കുമ്പോള്‍ അര്‍ത്ഥം കൂടി മനസ്സിലാക്കി ജപിക്കുന്നതാണ് ഉത്തമം. സാധാരണ ജനങ്ങള്‍ക്കുപോലും ജപംകൊണ്ട് ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കും. സന്താനങ്ങളില്ലാത്തവര്‍ സന്താനഗോപാലമന്ത്രം, വിവാഹം കഴിയാത്തവര്‍ സ്വയംവരമന്ത്രം എന്നിവ ജപിച്ച് സിദ്ധിവരുത്തിയാല്‍ കാര്യസാദ്ധ്യം നിശ്ചയം.

ജന്മനാ മൂഢനായിരുന്ന കാളിദാസന്‍ മഹാകാളിയുടെ അനുഗ്രഹംകൊണ്ട് മഹാവിദ്വാനും അതുല്യനുമായ മഹാകവിയായിത്തീര്‍ന്നു. പള്ളിവാള്‍കൊണ്ട് ''ചിന്താമണിമന്ത്രം'' അദ്ദേഹത്തിന്റെ നാവില്‍ എഴുതിയനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം.

ബുദ്ധിവികസിപ്പിക്കുന്നതിന് മന്ത്രങ്ങള്‍ക്കുള്ള ശക്തി വര്‍ണ്ണിക്കാവുന്നതല്ല. ശരീരധര്‍മ്മങ്ങളോടൊപ്പം മനോവൃത്തിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും മന്ത്രജപത്തിന് സാധിക്കും. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും അത്യുത്തമം.

ബുദ്ധിമാന്ദ്യം, ഉന്മാദം, ശത്രുദോഷം തുടങ്ങിയവയ്ക്കും മന്ത്രജപത്തോടെയുള്ള ഔഷധസേവ ഫലം ചെയ്യും. ഗര്‍ഭിണികള്‍ മന്ത്രം ജപിച്ച നെയ്യ് കഴിക്കുന്നതും കുട്ടികളുടെ ബുദ്ധിവികാസത്തിനുതകും.

സദ്‌സന്താനോല്പാദനത്തിന് കദളിപ്പഴം, സാരസ്വതഘൃതം, ഔഷധങ്ങള്‍ എന്നിവ ജപിച്ചു കഴിക്കുന്നതും ശ്രേയസ്‌ക്കരമാണ്. സ്വരമാധുര്യം, ഓര്‍മ്മശക്തി, ബുദ്ധിസാമര്‍ത്ഥ്യം എന്നിവ വര്‍ദ്ധിക്കും. ഗര്‍ഭാശയ രോഗങ്ങള്‍ക്കുപോലും മന്ത്രജപത്താലുള്ള നെയ്യ് സേവ ഫലം ചെയ്യും.

എല്‍. ഗോമതി അമ്മ (റിട്ട. ടീച്ചര്‍)
ഫോണ്‍: 9446946945

Ads by Google
Tuesday 11 Sep 2018 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW