Wednesday, August 22, 2018 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 10 Aug 2018 02.18 AM

രാഷ്‌ട്രപതിയുടെ വരവും പോക്കും

uploads/news/2018/08/240247/opininon100818a.jpg

രാഷ്‌ട്രപതി കേരളത്തില്‍ വന്നുപോയി. തിരുവനന്തപുരത്തേക്കു വന്നവരും പോയവരും രണ്ടു ദിവസംകൊണ്ട്‌ ഒരു ജന്മം കൊണ്ടനുഭവിക്കേണ്ട ദുരിതം അനുഭവിച്ചു.

റോഡിലിറങ്ങിയവരെ മുഴുവന്‍ ആക്ഷേപിച്ചോടിച്ചു. വാഹനത്തില്‍ കയറിയവര്‍ പെരുമഴയില്‍ കുടുങ്ങി. ഒരു കിലോമീറ്റര്‍ പിന്നിടാന്‍ നാലു മണിക്കൂര്‍; കടകമ്പോളങ്ങള്‍ അടപ്പിക്കാന്‍ നോക്കി.

തട്ടുകടക്കാരെ അടിച്ചോടിച്ചു. ഓട്ടോറിക്ഷക്കാരെ വിരട്ടിയോടിച്ചു. തൃശൂരിലും ഇതുതന്നെ സംഭവിച്ചു. തൃശൂരില്‍ നാട്ടുകാരെ കയറുകെട്ടി നാല്‍ക്കാലികളാക്കി. എന്താകാര്യം? രാഷ്‌ട്രപതി വന്നു; എന്തിന്‌? കേരളം കാണാന്‍. എന്നിട്ടോ? എന്നിട്ടെന്താ, ഒരു സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു.

**** സെമിനാര്‍....?
അതേ, ജനാധിപത്യത്തിന്റെ ഉത്സവം. സുരക്ഷയുടെ പേരില്‍ നാട്ടുകാരെ പീഡിപ്പിച്ചതിന്റെ മറ്റൊരു പേരാണ്‌ ജനാധിപത്യത്തിന്റെ ഉത്സവം. സുരക്ഷയുടെ പേരില്‍ ജനത്തെ നാല്‍ക്കാലികളാക്കി കയര്‍ കെട്ടിയിടാനും സൗകര്യം കിട്ടിയാല്‍ പോലീസിന്‌ ലാത്തികൊണ്ട്‌ കുത്താനും തെറിവിളിക്കാനും ലഭിച്ച സുവര്‍ണാവസരമാണ്‌ ജനാധിപത്യം; അല്ല ജനാധിപത്യത്തിന്റെ ഉത്സവം.

വി.വി.ഐ.പി. സുരക്ഷയുടെ പേരില്‍ ജനത്തെ തല്ലി ഓടിക്കുന്നതിനും കഞ്ഞികുടി മുട്ടിക്കുന്നതിനും ഒരു പ്രയോഗം കിട്ടി-ജനാധിപത്യത്തിന്റെ ഉത്സവം. തൃശൂരില്‍ രാഷ്‌ട്രപതി വന്നപ്പോള്‍ അതു ജനാധിപത്യത്തിന്റെ പൂരമായി മാറി. ഈ കാണുന്നതും അനുഭവിക്കുന്നതുമാണു ജനാധിപത്യ ഭീകരതയെങ്കില്‍ ഏകാധിപത്യ ഭീകരത എന്തായിരിക്കും?

**** രാജവെമ്പാലയും വെള്ളവും
വെള്ളപ്പൊക്കം കുട്ടനാടിനെ തകര്‍ത്തു. നഷ്‌ടത്തിനു കോടികളുടെ കണക്ക്‌. ഇതിനേക്കാള്‍ വലിയ കോടിക്കണക്ക്‌ യു.പി.എ. സര്‍ക്കാരിന്റെ കാലത്തു കേട്ടിരുന്നു; കുട്ടനാട്‌ പാക്കേജിന്റെ പേരില്‍. കുട്ടനാട്‌ പാക്കേജിനായി അനുവദിച്ച കോടികള്‍ കരാറുകാരും ഒരു കൂട്ടം രാഷ്‌ട്രീയക്കാരും ചേര്‍ന്ന്‌ കൊള്ളയടിച്ചു. കായലില്‍ കല്ലിട്ടു; അല്ല, ചിലേടത്തു കോണ്‍ക്രീറ്റ്‌ കുറ്റിയടിച്ചു.

ഇവരെല്ലാം കൂടിച്ചേര്‍ന്ന്‌ ഇപ്പോള്‍ പെരുമഴയെ പഴിക്കുന്നു. വയലു മുഴുവന്‍ നികത്തി, വെള്ളം ഒഴുകിപ്പോകേണ്ട തോടുകള്‍ മുഴുവന്‍ റോഡാക്കി. എന്നിട്ട്‌ ഫലകം കുറ്റിയടിച്ച്‌ വച്ചു. ഈ തോട്‌ റോഡാക്കിയതിനു ലക്ഷം അനുവദിച്ച ജനപ്രതിനിധിക്ക്‌ അഭിവാദ്യം! വെള്ളം വെള്ളത്തിന്റെ വഴിനോക്കി. തോട്‌ തോടായി. ജനം ജീവനുംകൊണ്ട്‌ കുട്ടനാടു വിട്ടോടി.

വീണ്ടും മറ്റൊരു കുട്ടനാടു പാക്കേജ്‌ കൂടി ഉണ്ടാക്കുമത്രേ? വീണ്ടും കായലില്‍ കല്ലു വീഴുമെന്നര്‍ത്ഥം. കുട്ടനാട്‌ പാക്കേജിന്റെ പണമെടുത്ത്‌ ആടു വളര്‍ത്തല്‍ പദ്ധതിയുണ്ടാക്കിയ ധീരന്മാരുടെ ചോര വീഴാത്ത നാടാണ്‌ കേരളം.

അടുത്ത പാക്കേജ്‌, വീണ്ടും വെള്ളപ്പൊക്കം, വീണ്ടും അടുത്ത പാക്കേജ്‌, ഒരിക്കല്‍കൂടി വെള്ളപ്പൊക്കം. കരാറുകാര്‍ ഭാഗ്യം ചെയ്‌തവര്‍; എന്തെന്നാല്‍ കുട്ടനാട്‌ രാജ്യം അവര്‍ക്കുള്ളതാകുന്നു.

കുട്ടനാട്ടില്‍ മലിനജലത്തില്‍ ജനം മനസു തകര്‍ന്നു പിടഞ്ഞു. നനയാതെ ജീവിക്കാനെങ്കിലും ഒരവസരമാണവര്‍ ആഗ്രഹിച്ചത്‌.

കേരളത്തിന്റെ ഒരറ്റത്ത്‌ ജനം തീരാദുരിതത്തില്‍ പൊറുതിമുട്ടിയപ്പോള്‍, പറശിനിക്കടവ്‌ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു വിഭാഗം ഉദ്യോഗസ്‌ഥര്‍ രാജവെമ്പാലയുടെ കുഞ്ഞുങ്ങള്‍ മുട്ടിവിരിഞ്ഞിറങ്ങുന്ന അസുലഭ സൗഭാഗ്യ നിമിഷത്തിനായി കാത്തുകാത്തിരുന്നു.

മുട്ട വിരിഞ്ഞ്‌ പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ഇങ്ങനെ കിട്ടുക എന്നത്‌ മലയാളികളുടെ പുണ്യമാണത്രേ. മറ്റൊരു സംസ്‌ഥാനത്തിനും ലഭിച്ചിട്ടില്ലാത്ത ബഹുമതി.

വിരിയാന്‍ വച്ച മുഴുവന്‍ മുട്ടകളും വിരിഞ്ഞു. വിരിഞ്ഞ കുഞ്ഞുങ്ങളെ ഒരു കരയ്‌ക്കെത്തിക്കുക എന്നതാണ്‌ ഇനി ഈ ഉദ്യോഗസ്‌ഥരുടെ ജോലി. രാജവെമ്പാലകളുടെ തിരുപ്പിറവി മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഉദ്യോഗസ്‌ഥര്‍ ആഘോഷിച്ചു.

കുട്ടനാട്ടുകാര്‍ വെള്ളത്തില്‍ മുങ്ങിച്ചാകാന്‍ പോയ ദിവസങ്ങളിലായിരുന്നു പറശിനിക്കടവിലെ തിരുപ്പിറവി. രാജവെമ്പാലകളെ അടവച്ചു വിരിയിക്കാന്‍ എത്ര ലക്ഷം ചെലവിട്ടു എന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണം

Ads by Google
Ads by Google
Loading...
TRENDING NOW