Friday, October 19, 2018 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
വി.പി. നിസാര്‍
Friday 10 Aug 2018 02.11 AM

ദലൈലാമ വധശ്രമക്കേസില്‍ ബംഗളുരുവില്‍ അറസ്‌റ്റിലായ ഭീകരന്‍ മലപ്പുറത്ത്‌ എത്തിയതു പത്തുതവണ; പിടിച്ചെടുത്ത ക്ഷേത്രങ്ങളുടെയും മസ്‌ജിദുകളുടെയും രേഖാചിത്രങ്ങള്‍ക്കു പിന്നില്‍ സ്​ഫോടന​‍പദ്ധതി?

അറസ്‌റ്റിലായ മുഹമ്മദില്‍നിന്നു രാജ്യത്തെ വിവിധ ക്ഷേത്രങ്ങളുടെയും മസ്‌ജിദുകളുടെയും രേഖാചിത്രങ്ങള്‍ എന്‍.ഐ.എയ്‌ക്കു ലഭിച്ചിരുന്നു. ഇവിടങ്ങളില്‍ ജെ.എം.ബി. സ്‌ഫോടനപദ്ധതി ആസൂത്രണം ചെയ്‌തിരുന്നതായാണു നിഗമനം.
dalai lama

മലപ്പുറം: ദലൈലാമ വധശ്രമക്കേസില്‍ കഴിഞ്ഞദിവസം ബംഗളുരുവില്‍ അറസ്‌റ്റിലായ ഭീകരന്‍ ഒരുവര്‍ഷത്തിനിടെ മലപ്പുറത്തെത്തിയതു 10 തവണ. ഭീകരസംഘടനയായ ജമാത്ത്‌-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശി(ജെ.എം.ബി)ന്റെ ഇന്ത്യന്‍ മേധാവി മുഹമ്മദ്‌ ജാഹിദുല്‍ ഇസ്ലാ(38)മാണു പരപ്പനങ്ങാടി, താനൂര്‍, കോട്ടയ്‌ക്കല്‍ എന്നിവിടങ്ങളില്‍ ഒട്ടേറെത്തവണ സന്ദര്‍ശനം നടത്തിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സ്‌ഥിരീകരിച്ചത്‌.

ആഗോളഭീകരസംഘടനയായ അല്‍ക്വയ്‌ദയുമായി ഉറ്റബന്ധമുള്ള മുഹമ്മദ്‌ ഒരുമാസത്തിനുള്ളില്‍ വീണ്ടും മലപ്പുറത്ത്‌ എത്താനുള്ള തയാറെടുപ്പിലായിരുന്നെന്നും എന്‍.ഐ.എ. കണ്ടെത്തി. കഴിഞ്ഞദിവസം കോട്ടയ്‌ക്കലില്‍ അറസ്‌റ്റിലായ, ബോധ്‌ഗയ ബോംബ്‌ കേസ്‌ പ്രതികളെയും മുഹമ്മദ്‌ ജാഹിദുല്‍ ഇസ്ലാമിനെയും ചോദ്യംചെയ്‌തപ്പോഴാണു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്‌. അറസ്‌റ്റിലായ മുഹമ്മദില്‍നിന്നു രാജ്യത്തെ വിവിധ ക്ഷേത്രങ്ങളുടെയും മസ്‌ജിദുകളുടെയും രേഖാചിത്രങ്ങള്‍ എന്‍.ഐ.എയ്‌ക്കു ലഭിച്ചിരുന്നു. ഇവിടങ്ങളില്‍ ജെ.എം.ബി. സ്‌ഫോടനപദ്ധതി ആസൂത്രണം ചെയ്‌തിരുന്നതായാണു നിഗമനം.

എന്നാല്‍, കേരളത്തിലെ സ്‌ഥലങ്ങളൊന്നും രേഖാചിത്രങ്ങളിലില്ല. മുഹമ്മദിന്‌ ആറു വ്യാജ ഇന്ത്യന്‍ തെരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡുകളുള്ളതായും എന്‍.ഐ.എ. കണ്ടെത്തി.ടിബറ്റന്‍ ബുദ്ധമതാചാര്യാന്‍ ദലൈലാമയെ വധിക്കാന്‍ ബിഹാറിലെ ബോധ്‌ഗയയില്‍ ബോംബ്‌ വച്ച കേസില്‍ മുഖ്യസൂത്രധാരന്‍ മുഹമ്മദാണ്‌. ഈ കേസിലെ നാലു പ്രതികള്‍ക്കു മലപ്പുറത്തെ കോട്ടയ്‌ക്കലില്‍ ഒളിയിടം ഒരുക്കിയതിനു പിന്നില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്നു. കൗസര്‍, സുമന്‍, ബോമ മിസാര്‍, മുന്ന, മുനീര്‍ ഷെയ്‌ക്ക്‌ എന്നീ പേരുകളിലും മുഹമ്മദ്‌ അറിയപ്പെടുന്നു.

ബംഗളുരുവില്‍നിന്നു പിടികൂടിയ ഇയാളെ കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേകകോടതിയില്‍ ഹാജരാക്കിയശേഷം പട്‌നയിലെ എന്‍.ഐ.എ. കോടതിയിലേക്കു കൊണ്ടുപോയി. ബംഗ്ലാദേശിലെ ജമാല്‍പുര്‍ സ്വദേശിയായ മുഹമ്മദ്‌ 2014-ലാണ്‌ പോലീസ്‌ കസ്‌റ്റഡിയില്‍നിന്നു രക്ഷപ്പെട്ട്‌ ഇന്ത്യയിലേക്കു കടന്നത്‌. ബംഗ്ലാദേശിലെ നിരവധി സ്‌ഫോടനക്കേസുകളിലും ഒരു കൊലപാതകക്കേസിലും പിടികിട്ടാപ്പുള്ളിയാണു മുഹമ്മദ്‌. ഈ കേസുകളില്‍ ബംഗ്ലാദേശ്‌ കോടതി ഇയാള്‍ക്കു 95 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ബംഗ്ലാദേശില്‍നിന്നു ബംഗളുരുവിലെത്തിയ മുഹമ്മദ്‌ വിവിധയിടങ്ങളില്‍ താമസിച്ച്‌ വസ്‌ത്രവ്യാപാരം മറയാക്കി.

ബംഗളുരു, രാംനഗരയില്‍ ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന്‌ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും സ്‌ഫോടകവസ്‌തുക്കളും പിടിച്ചെടുത്തിരുന്നു. സ്‌ഫോടകവസ്‌തു നിര്‍മാണവിദഗ്‌ധനായ മുഹമ്മദിന്റെ സഹായിയായി പ്രവര്‍ത്തിച്ച പശ്‌ചിമബംഗാള്‍ മുര്‍ഷിദാബാദ്‌ സ്വദേശി അസദുള്ള(ആദില്‍-29)യും എന്‍.ഐ.എയുടെ പിടിയിലായിരുന്നു. ബംഗളുരു റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ഓട്ടോ റിക്ഷാ സ്‌റ്റാന്‍ഡില്‍നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. ബംഗളുരു എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ ഇയാളെയും പട്‌നയിലേക്കു കൊണ്ടുപോയി. അസദുള്ളയില്‍നിന്നു മൂന്നു മൊബൈല്‍ ഫോണ്‍, ബാങ്കില്‍ പണമടച്ച രസീത്‌, ബോംബ്‌ നിര്‍മാണത്തിന്റെ രൂപരേഖയടങ്ങിയ കൈപ്പുസ്‌തകം എന്നിവ പിടികൂടിയിരുന്നു.

ബോധ്‌ഗയ ബോംബ്‌ കേസില്‍ കോട്ടയ്‌ക്കലില്‍നിന്നു പിടികൂടിയ, ബംഗാള്‍ സ്വദേശികളായ അബ്‌ദുള്‍ കരിം (19), മുസാഫിര്‍ റഹ്‌മാന്‍ (35), അബ്ബാസ്‌ ഷെയ്‌ഖ്‌ (40), അബ്‌ദുള്‍ ഷെയ്‌ഖ്‌ (26) എന്നിവരുടെ അറസ്‌റ്റ്‌ എന്‍.ഐ.എ. രേഖപ്പെടുത്തി. ഇവരില്‍ മൂന്നുപേര്‍ ജൂലൈ രണ്ടാംവാരവും ഒരാള്‍ മൂന്നുദിവസം മുമ്പുമാണു മലപ്പുറം ജില്ലയിലെത്തിയത്‌. കോട്ടയ്‌ക്കലിലെ ബംഗാളി തൊഴിലാളികള്‍ക്കൊപ്പം താമസിച്ച്‌ കൂലിപ്പണി ചെയ്‌തുവരുകയായിരുന്നു ഇവര്‍.

വി.പി. നിസാര്‍

Ads by Google
വി.പി. നിസാര്‍
Friday 10 Aug 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW