Tuesday, October 23, 2018 Last Updated 25 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 09.28 PM

ചെക്കുകേസില്‍പ്പെട്ട് അമ്മ ജയിലിൽ, വിസയില്ലാതെ പിതാവ്; പുറംലോകം കാണാതെ മകൾ: പൊതുമാപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരു കുടുംബം

uploads/news/2018/08/240091/gulf-famili.jpg

അബുദാബി : പൊതുമാപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് അബുദാബിലെ പത്തുവയസ്സുകാരിയായ മലീഹയും പിതാവും. തൃശ്ശൂര്‍ സ്വദേശിയായ ഫൈസലിന്റെയും ബിന്ദുവിന്റെയും മകളാണ് മലീഹ. അച്ഛനും അമ്മയും ചേര്‍ന്ന് ആരംഭിച്ച ബിസിനസ് നഷ്ടത്തിലായതോടെയാണ് മലീഹയുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത്. ചെക്കുകേസില്‍പ്പെട്ട് അമ്മ ജയിലിലായി. ബാധ്യതകള്‍ തീര്‍ക്കാനുള്ള ഓട്ടത്തിനിടയില്‍ പിതാവ് ഫൈസല്‍ സാമ്പത്തികമായി തളര്‍ന്നു. വിസാകാലാവധി കഴിഞ്ഞ് ഏഴ് വര്‍ഷവുമായി. മലീഹയ്ക്ക് പാസ്പോര്‍ട്ട് ഉണ്ടെങ്കിലും വിസയോ എമിറേറ്റ്സ് ഐഡിയോ ഇല്ല. പൊതുമാപ്പിന്റെ സാധ്യതകളിലാണ് ഇവരുടെ പ്രതീക്ഷ.

വര്‍ഷങ്ങളായി മലീഹയ്ക്ക് വീടിനുപുറത്തുള്ള ലോകവുമായി ബന്ധമില്ല. രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നതോടെ അവള്‍ക്ക് കൂട്ടുകാരുമില്ല. കുറച്ചുവര്‍ഷംമുന്‍പ് നാട്ടിലേക്കുപോയ മറ്റൊരു മകള്‍ അശ്വതി ബന്ധുക്കളുടെ സഹായത്തില്‍ കഴിയുകയാണ്. ആരെങ്കിലും നല്‍കുന്ന സഹായത്താലാണ് ഇപ്പോള്‍ ഫൈസലിന്റെയും മകളുടെയും ജീവിതം മുന്നോട്ടുപോകുന്നത്. വിസയില്ലാത്തതിനാല്‍ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ മകളുടെയും ജയിലിലുള്ള ഭാര്യയുടെയും അവസ്ഥയെന്താകുമെന്ന ആധിയിലാണ് ഫൈസല്‍.

1995-ലാണ് ഫൈസല്‍ യു.എ.ഇ.യിലെത്തിയത്. ഒന്‍പതുവര്‍ഷം എന്‍ജിനീയറായി ജോലിയെടുത്തു. ഫാര്‍മസിസ്റ്റായ ബിന്ദുവിനെ പരിചയപ്പെടുകയും 2004-ല്‍ ഇവര്‍ വിഹാഹിതരാവുകയും ചെയ്തു. ഹിന്ദു-മുസ്ലിം വിവാഹമായതിനാലുള്ള എതിര്‍പ്പിനു പുറമേ ബിന്ദു വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയും കൂടിയാണെന്നതും വിവാഹത്തിന് എതിര്‍പ്പുണ്ടാക്കി. എന്നാല്‍, ഉറച്ച തീരുമാനത്തോടെ ഇവര്‍ വിവാഹജീവിതത്തിലേക്ക് കടന്നു. അതിനിടെ ബിസിനസ് തുടങ്ങാനുള്ള തീരുമാനമാണ് എല്ലാം തകര്‍ത്തത്. 2007-ല്‍ ആദ്യ ചെക്ക് മടങ്ങുകയും ഫൈസല്‍ ജയിലാവുകയും ചെയ്തു. ഈസമയത്ത് ഗര്‍ഭിണിയായിരുന്ന ബിന്ദുവിന്റെ ഉറപ്പില്‍ രണ്ട് ബാങ്ക് ചെക്കുകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ ഫൈസലിനെ സഹായിക്കാമെന്നേറ്റു.

എന്നാല്‍, ചെക്ക് കാണാതായെന്നു പറഞ്ഞ് ഇയാള്‍ പണം നല്‍കിയില്ല. അറിയുന്ന ആള്‍ ആയതിനാല്‍ ചെക്ക് കാണാതായെന്നു പറഞ്ഞതില്‍ ബിന്ദുവിന് അസ്വാഭാവികത തോന്നിയതുമില്ല. മറ്റൊരു പ്രോജക്ടിന്റെ ഭാഗമായി പണം ലഭിച്ചപ്പോള്‍ പിഴയടച്ച് ഫൈസല്‍ ബാധ്യത തീര്‍ത്ത് പുറത്തുവരുകയും ചെയ്തു. എന്നാല്‍, ബിന്ദു നല്‍കിയ ചെക്കില്‍ ഒമ്പതുലക്ഷം ദിര്‍ഹം അയാള്‍ എഴുതി ബാങ്കില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ബിന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഫൈസല്‍ ജയിലില്‍നിന്നിറങ്ങിയത്. തുടര്‍ന്ന് ഭാര്യയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. രണ്ടുലക്ഷത്തോളം ദിര്‍ഹം ബിന്ദുവിന്റെ ജാമ്യത്തിനായി ഫൈസല്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, 10 ലക്ഷം ദിര്‍ഹത്തിന്റെ മറ്റൊരു ചെക്കുകൂടി നേരത്തേ ബാങ്കില്‍ സമര്‍പ്പിച്ചതിനാല്‍ ബിന്ദു ഇപ്പോഴും ജയിലിലാണ്.

Ads by Google
Thursday 09 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW