Thursday, December 13, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 02.58 PM

നടന ചാരുതയില്‍ ശ്രീജയ

''നൃത്തം ജീവിതോപാസനയാക്കിയ ശ്രീജയ നായര്‍ സിനിമയില്‍ വീണ്ടും സജീവമായി. ശ്രീജയയുടെ പുത്തന്‍ വിശേഷങ്ങളിലൂടെ...''
uploads/news/2018/08/240060/sreejaya090818.jpg

മലയാളത്തനിമയുളള നടി, ശ്രീജയ നായര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ എത്തുന്നത് ഈ വിശേഷണമാണ്. ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും പ്രേക്ഷകര്‍ക്കിന്നും ശ്രീജയ സുപരിചിതയാണ്.

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തുന്ന ശ്രീജയ, തന്റെ നൃത്ത, അഭിനയ ജീവിതത്തെക്കുറിച്ച്...

മൂകാംബിക ഡേയ്സ്


അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രം കമ്മിറ്റ് ചെയ്യുമ്പോള്‍ എന്നെ ഏറെ ആകര്‍ഷിച്ചത് ചിത്രത്തിന്റെ ലൊക്കേഷന്‍ മൂകാംബികയാണെന്നതാണ്. കുറേ നാളായി മൂകാംബികയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല. മുമ്പ് പോയപ്പോള്‍ നൃത്ത മണ്ഡപത്തില്‍ ചുവട് വയ്ക്കാന്‍ കഴിഞ്ഞെങ്കിലും ഒരു നൃത്ത കച്ചേരി അവതരിപ്പിക്കാനായിട്ടില്ല. അതുകൊണ്ട് ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും അമ്പലത്തില്‍ ചെലവഴിച്ച ശേഷമാണ് ഞാന്‍ ലൊക്കേഷനില്‍ പോയത്.

ജാനകി സുബ്രഹ്മണ്യന്‍ എന്ന ക്ലാസിക്കല്‍ ഡാന്‍സറുടെ വേഷമാണതില്‍. വളരെയധികം ഇഷ്ടപ്പെടുന്ന, പതിവായി പ്രാക്ടീസ് ചെയ്യുന്ന കാര്യം ലൊക്കേഷനില്‍ ചെയ്തു എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. പഴയതും പുതിയതുമായ ഒരുപാട് അഭിനേതാക്കള്‍ക്കൊപ്പം വീണ്ടും അഭിനയിക്കാനായതും എടുത്തു പറയേണ്ട കാര്യമാണ്.

നടനം ജീവിതം


നൃത്തമാണ് എന്റെ പാഷന്‍. അഞ്ച് വയസുമുതല്‍ നൃത്തം പഠിച്ചു തുടങ്ങിയ താണ്. കലാമണ്ഡലം സുമതി, കലാമണ്ഡലം സരസ്വതി എന്നിവരായിരുന്നു ഗുരുക്കന്മാര്‍. കലാമണ്ഡലത്തില്‍ നിന്ന് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുഡിയിലും ഡിപ്ലോമ ചെയ്തു.

പ്രശസ്ത നര്‍ത്തകനായ സി.വി ചന്ദ്രശേഖരന്റെ മകള്‍ ചിത്ര ചന്ദ്രശേഖരന്റെ കീഴില്‍ പൂര്‍ണ്ണമായും കലാക്ഷേത്ര സ്‌റ്റൈലിലാണ് ഇപ്പോള്‍ പഠനം. നൃത്തമല്ലാത്തൊരു ജീവിതത്തെക്കുറിച്ചു എനിക്കിപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. സിനിമയില്‍ എത്തിയതുപോലും കലാമണ്ഡല
ത്തില്‍ നൃത്തം പഠിച്ചതുകൊണ്ടാണ്.

ബംഗളൂരുവില്‍ 10 വര്‍ഷമായി ശ്രീജയ സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് നടത്തുന്നു. ഡാന്‍സ് സ്‌കൂളിന് ബംഗളൂരുവില്‍ തന്നെ അഞ്ച് സെന്ററുകളുണ്ട്. എല്ലായിടത്തും പോയി ക്ലാസുകളെടുക്കാന്‍ ശ്രമിക്കാറുണ്ട്. പ്രോഗ്രാമൊക്കെയായി തിരക്കിലാകുമ്പോള്‍ മറ്റധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. കേരളത്തിലും ഒരു ബ്രാഞ്ച് തുടങ്ങണമെന്നുണ്ട്.

uploads/news/2018/08/240060/sreejaya090818b.jpg

തിരിച്ചുവരവ്


വിവാഹത്തോടെ കുറച്ചുനാള്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അന്നും ഇന്നും നൃത്തത്തില്‍ ഒരു ബ്രേക്ക് എടുക്കണമെന്ന് തോന്നിയിട്ടേയില്ല. ഗര്‍ഭിണിയായിരുന്നപ്പോള്‍ മാത്രമാണ് കുറച്ചുനാള്‍ വിട്ടുനിന്നത്. എന്നാലും ആ സമയത്തൊന്നും സിനിമ ഒരുപാട് മിസ് ചെയ്യുന്നതായി തോന്നിയിട്ടില്ല.

ബ്രേക്കെടുത്ത സമയത്തും സിനിമയിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. അപ്പോഴൊന്നും വീണ്ടും അഭിനയിക്കണമെന്ന് തോന്നിയില്ല. നല്ല ക്യാരക്ടര്‍ റോളുകളിലേക്ക് വിളിച്ചപ്പോള്‍ ആ ഓഫര്‍ സ്വീകരിക്കാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.

പക്ഷേ കുടുംബത്തിലെയും ഡാന്‍സ് സ്‌കൂളിലെയുമൊക്കെ കാര്യങ്ങള്‍ നോക്കുന്നതിനിടെ അഭിനയം അത്ര എളുപ്പമായിരുന്നില്ല. വിവാഹശേഷം കുറച്ചുനാള്‍ കുടുംബത്തിനൊപ്പം കോഴിക്കോട്ടായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ ബിസിനസിനുവേണ്ടി ബംഗളൂരുവിലും കാനഡയിലുമൊക്കെ കുറച്ചുവര്‍ഷം. ബംഗളൂരുവില്‍ ഡാന്‍സ് ക്ലാസുകളും പ്രോഗ്രാമുകളുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.

കാനഡയിലെത്തിയപ്പോള്‍ അതിനൊന്നും സാധിച്ചില്ല. കലകള്‍ക്ക് നമ്മുടെ നാട്ടില്‍ കിട്ടുന്ന അംഗീകാരവും ബഹുമാനവുമൊന്നും മറ്റ് രാജ്യങ്ങളില്‍ കിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് തിരികെ നാട്ടിലെത്താനായിരുന്നു തിടുക്കം.

തിരികെ ബഗളൂരുവിലെത്തി പഴയപടി ക്ലാസുകളും പഠനവും തുടര്‍ന്നു. ആ സമയത്താണ് ആയിരത്തില്‍ ഒരുവള്‍ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. ഓഫര്‍ സ്വീകരിച്ചെങ്കിലും സീരിയല്‍ ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല, കാരണം ഒരുപാട് ദിവസം വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും.

അതോടെ സീരിയല്‍ മതിയാക്കി. ഭാഗ്യം കൊണ്ടാവാം പിന്നീട് അവതാരം, കെയര്‍ഫുള്‍, അരവിന്ദന്റെ അതിഥികള്‍ എന്നീ നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞത്. ഇപ്പോള്‍ ഒടിയനില്‍ അഭിനയിക്കുന്നു. ഒരു വാരസ്യാര്‍ കഥാപാത്രമാണെന്നല്ലാതെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അനുവാദമില്ല.

ഓര്‍മ്മകള്‍


കോതമംഗലത്തെ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരിയാണ് ഞാന്‍. കലാമണ്ഡലത്തില്‍ പഠിക്കാന്‍ പോകുംവരെ അതിനപ്പുറത്തേക്ക് ഒരു ലോകമുണ്ടായിരുന്നില്ല. കമലദളത്തില്‍ മോനിഷയ്ക്കൊപ്പം നൃത്തം ചെയ്യാന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെ പെണ്‍കുട്ടികളെ സെലക്ട് ചെയ്തതുകൊണ്ട് മാത്രം സിനിമയിലെത്തിയ ആളാണ് ഞാന്‍.

പിന്നീട് സിനിമകളില്‍ അഭിനയിക്കുമോ എന്നുപോലും അറിയില്ലായിരുന്നു. പക്ഷേ പിന്നീടും നല്ല വേഷങ്ങള്‍ തേടിയെത്തി. പൊന്തന്‍മാട, കന്മദം, സമ്മര്‍ ഇന്‍ ബത്ലഹേം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍... അങ്ങനെ ചില സിനിമകളുടെ ഭാഗമായി. ആ കാലത്തെക്കുറിച്ചുള്ളതെല്ലാം നല്ല ഓര്‍മകളാണ്.

കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളുവെങ്കില്‍ കൂടി അതെല്ലാം നല്ല സംവിധായകര്‍ക്കും, സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമൊപ്പമായിരുന്നു. ലോഹി സാര്‍, സിബി സാര്‍, കമല്‍ സാര്‍, സത്യന്‍ സാര്‍... അവരൊക്കെ എന്റെ ഗുരുക്കന്മാരാണ്. എന്റെ ജീവിതത്തിലെ ഓരോഘട്ടത്തിലും ഞാന്‍ ഓര്‍മിക്കുന്ന മുഖങ്ങളാണ് അവരുടെയൊക്കെ.

uploads/news/2018/08/240060/sreejaya090818a.jpg

സിനിമയിലെ മാറ്റങ്ങള്‍


മാറ്റങ്ങള്‍ ഒരുപാടു വന്നിട്ടുണ്ട്. ഞാന്‍ സിനിമകള്‍ ചെയ്തിരുന്ന കാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ തലമുറ വളരെ പ്രൊഫഷണലായാണ് സിനിമയെ കാണുന്നത്. ഒരു കഥാപാത്രം ചെയ്യാന്‍ നല്ല തയ്യാറെടുപ്പുകള്‍ അവര്‍ നടത്തുന്നുണ്ട്. സിനിമയുടെ കഥയെക്കുറിച്ചും ഓരോ കഥാപാത്രങ്ങളെയും കുറിച്ച് അവര്‍ക്ക് കൃത്യമായ ബോധ്യമുണ്ട്.

ആര്‍ട്ടിസ്റ്റുകളെല്ലാം അത്രയും സീരിയസായി സിനിമയെ സമീപിക്കുന്നു എന്നത് തന്നെ സന്തോഷമാണ്. വളരെ പ്രധാനപെട്ടൊരു കാര്യം സിനിമയുടെ പിന്നണിയില്‍ സ്ത്രീ സാന്നിധ്യങ്ങള്‍ വര്‍ദ്ധിച്ചു എന്നതാണ്. പക്ഷേ ചില നെഗറ്റീവുകളുമുണ്ട്. ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള കമ്മ്യുണിക്കേഷന്‍ കുറവാണ്. ബ്രേക്ക് ടൈമില്‍ എല്ലാവരും കാരവനുകളിലാണ്.

മുമ്പൊക്കെ ബ്രേക്ക് സമയത്ത് അഭിനേതാക്കള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. മുകേഷേട്ടനൊക്കെ ലൊക്കേഷനിലുണ്ടെങ്കില്‍ പറയുകയേ വേണ്ട, ചിരിയുടെ പൂരമായിരിക്കും. എങ്കിലുമതിന് നല്ല വശംകൂടിയുണ്ട്. ഔട്ട്ഡോറില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം കിട്ടുന്നത് കാരവാനിലാണ്.

പ്രിയ കഥാപാത്രങ്ങള്‍


ടി.വി. ചന്ദ്രന്‍ സാര്‍ സംവിധാനം ചെ യ്ത പൊന്തന്‍മാടയില്‍ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചു. ഒരു മുഴുനീളകഥാപാത്രമായിരുന്നു അ ത്. സമ്മര്‍ ഇന്‍ ബത്‌ലഹേം, മീനാക്ഷികല്യാണം എന്നിവയും എനിക്കേറെ പ്രിയപ്പെട്ട സിനിമകളാണ്.

സഹോദരി വേഷങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. ലേലത്തില്‍ സുരേഷ് ഗോപി ചേട്ടന്റെ അനിയത്തിയായും സ്റ്റാലിന്‍ ശിവദാസില്‍ മമ്മൂക്കയുടെ അനിയത്തിയായും വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ജയറാമിന്റെ അനിയത്തിയായും അഭിനയിച്ചു. കന്മദത്തിലാകട്ടെ മഞ്ജുവാര്യരുടെ ചേച്ചിയും.

എന്നെ എവിടെവച്ച് കണ്ടാലും പ്രേക്ഷകര്‍ മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച ആ അഞ്ജാത സുന്ദരി ആരാണ്? അതാരാമെന്ന് എനിക്കുമറിയില്ല.

uploads/news/2018/08/240060/sreejaya090818d.jpg

ബ്യൂട്ടി സീക്രട്ട്സ്


എന്തു ചെയ്യുമ്പോഴും സന്തോഷത്തോടെ ചെയ്യുകയാണെങ്കില്‍ ആ സന്തോഷം ജീവിതത്തിലും നിലനിര്‍ത്താനാകും. ദിവസവും നൃത്തപരിശീലനം നടത്തും. അതാണെന്റെ സൗന്ദര്യ രഹസ്യം. പിന്നെ യോഗയും വര്‍ക്കൗട്ടുമെല്ലാം മുടങ്ങാതെ ചെയ്യാറുണ്ട്.

കുടുംബം


ഡാന്‍സറായിരുന്നെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം സിനിമ ഒരു പുതിയ കാര്യമായിരുന്നു. അഭിനയിക്കുന്നതിനോട് തുടക്കത്തില്‍ അച്ഛന് താല്പര്യമുണ്ടായിരുന്നില്ല. ഒന്നുരണ്ട് സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഇഷ്ടമാണെങ്കില്‍ അഭിനയിച്ചോളൂ എന്ന നിലപാടായി.

ഭര്‍ത്താവ് മദന്‍ നായര്‍ വളരെയധികം സപ്പോര്‍ട്ടീവാണ്. ഇപ്പോള്‍ ഭര്‍ത്താവാണ് ഡാന്‍സ് സ്‌കൂളിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്. മകള്‍ മൈഥിലി പത്താം ക്ലാസില്‍ പഠിക്കുന്നു.

അശ്വതി അശോക്

Ads by Google
Thursday 09 Aug 2018 02.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW