അവിശ്വസനീയമെന്നു തോന്നാവുന്ന ഭൂതകാലം നമ്മുടെ കെ.എസ്.ആര്.ടി.സിക്കുണ്ടായിരുന്നു. അന്നു ചെലവ് കുറച്ചു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണു നഷ്ടത്തില്‍നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തിയത്. അതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതാണ്.
കോര്‍പറേഷനെ ലാഭത്തിലേക്കു കൊണ്ടു വരാനുള്ള എം.ഡി. ടോമിന് തച്ചങ്കരിയുടെ നടപടികള്‍ ഫലം കണ്ടു തുടങ്ങിയെന്നാണു ലക്ഷണങ്ങള്‍. ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് 2018 ജനുവരിയില്‍ പുറത്തിറക്കിയ കണക്ക് പ്രകാരം കെ.എസ്.ആര്.ടി.സിയുടെ നഷ്ടം 8031.56 കോടി രൂപയാണ്.
1937 ജൂലൈ 21 നു ശ്രീമൂലം അസംബ്ലിയില്‍ അന്നത്തെ ദിവാന് സര് സി.പി. രാമസ്വാമി അയ്യരുടെ പ്രഖ്യാപനത്തോടെയാണ് കെ.എസ്.ആര്.ടി.സിയുടെ ഉദയം. ബസ് സര്‍വീസ് ലാഭമുണ്ടാക്കാനല്ല, എന്നാല്‍ ഇതു ലാഭമാകും. ഞാന്‍ തെളിയിച്ചുതരുംചോദ്യമുയര്ത്തിയവര്ക്കു നേരെ സി.പി. പറഞ്ഞു. പ്രഖ്യാപനം കഴിഞ്ഞു കൃത്യം ഏഴുമാസമായപ്പോള്‍ 1938 ഫെബ്രുവരി 20 ന് ആദ്യ ബസ് സര്‍വീസ് തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു കവടിയാര്‍ കൊട്ടാരത്തി-ലേക്കു പുറപ്പെട്ടു.
അയല്‍സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ നിരക്കിലായിട്ടും ലാഭമുണ്ടാക്കിയാണു ബസ് ഓടിയത്. രാജാവിന്റെ കാലത്തു ലാഭത്തിലായിരുന്ന സര്‍വീസ് ജനാധിപത്യത്തില്‍ ട്രേഡ് യൂണിയന് മേധാവിത്തംിടിമുറുക്കിയതോടെയാണു നഷ്ടത്തിലേക്കു വീണത്.
കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് നല്കാന് 1984 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പ്രതിവര്‍ഷ ചെലവ് രണ്ടുകോടി രൂപയായിരുന്നു. 2009 ല്‍ ഈ തുക 199.8 കോടിരൂപയായി. 2013 ല്‍ 431.6കോടിരൂപയും. ഇപ്പോഴത് 720കോടി രൂപയിലെത്തി. മാസാരംഭത്തില്‍ തുക മുന്‍കൂറായി നല്‍കിയായിരുന്നു പെന്‍ഷന്റെ തുടക്കം. പെന്ഷന് ഇപ്പോള്‍ നാലും അഞ്ചും മാസം കൂടുമ്പോള്‍ മാത്രം ലഭിക്കുന്ന സ്ഥിതിയായി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു നിശ്ചിത തുക എല്‍.ഐ.സിയില്‍ നിക്ഷേപിച്ചുണ്ടാക്കുന്ന ഫണ്ടില്‍നിന്ന് എല്ലാ മാസവും പെന്ഷന് നല്‍കുകയെന്ന നിര്‍ദേശം അട്ടിമറിച്ചതു യൂണിയനുകളാണ്. അതതു കാലത്തെ പെന്ഷന് വര്‍ധനയ്ക്കുള്ള അവസരം ഇല്ലാതാകുഴമെന്നായിരുന്നു എതിര്‍പ്പിനു കാരണം.
കെ.എസ്.ആര്.ടി.സി. ചെലവു ചുരുക്കുകയും ഇതരസംസ്ഥാനങ്ങളിലെ അധ്വാനഭാര വ്യവസ്ഥ നടപ്പാക്കുകയും ചെയ്തില്ലെങ്കില്‍ 2015 ആകുമ്പോള്‍ കോര്‍പ്പറേഷനില്‍ ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ 2001 ല്‍ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അന്നു യൂണിയനുകള്‍ സെന്ററിനെ ആക്ഷേപിക്കാനും വെല്ലുവിളിക്കാനും തുനിഞ്ഞു.
യൂണിയനുകള്‍ സമരംചെയ്തു നേടിയ അവകാശമാണു പെന്ഷന് എന്നും ഒന്നാംതീയതി എന്ന ദിവസമുണ്ടെങ്കില്‍ പെന്ഷന് വാങ്ങിയിരിക്കുമെന്നും ആക്രോശിച്ചവരാണു യൂണിയനുകള്‍.ഏപ്രില്‍ മുതല്‍ കൃത്യമായി ശമ്പളവും പെന്‍ഷനും കിട്ടിത്തുടങ്ങിയ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കോര്പ്പറേഷന് പ്രവര്‍ത്തനത്തില്‍ പരാതിയില്ല. ജീവനക്കാരുടെ സമ്മതമില്ലാതെ ശമ്പളത്തില്‍നിന്നു യൂണിയനുകള്‍ മാസവരിസംഖ്യ ഈടാക്കുന്നതിനു നിയന്ത്രണം വന്നപ്പോള്‍ യൂണിയന് നേതൃത്വം ഉണര്‍ന്നു. പ്രതിഷേധവും പണിമുടക്കിന് ആഹ്വാനവും പിന്നാലെ.
14 ജില്ലകള്‍ക്ക് അത്രയും കലക്ടര്‍മാര്‍ മാത്രം മതിയാകുമ്പോള്‍ കെ.എസ്.ആര്.ടി.സിക്ക് 28 ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരുണ്ട്. കോര്‍പ്പറേഷന്റെ ഒരു നിയമത്തിലും ജനറല്‍ കണ്ട്രോളിങ്എന്ന തസ്തികയില്ലെങ്കിലും എറണാകുളത്ത് ഒരു ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടറും സഹായിക്കാന്‍ നാലു കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാരുമുണ്ട്.
നാറ്റ്പാക് 2017 ജൂലൈയിലാണു ബസ് വ്യവസായത്തിന്റെ ചെലവു സംബന്ധിച്ചു സര്‍ക്കാരിന് ഏറ്റവും ഒടുവില്‍ കണക്കു നല്‍കിയത്. ഇതനുസരിച്ച് സ്വകാര്യ ബസിന് ഒരു കിലോമീറ്റര്‍ ഓടാന്‍ 39.44രൂപ ചെലവാകും. രാജ്യത്തെ പൊതുമേഖലാ ട്രാന്‍സ്പോര്‍ട്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച, ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റിന്റെ 2017ലെ കണക്കുപ്രകാരം കര്‍ണാടകയില്‍ 33രൂപയും തമിഴ്നാട്ടില്‍ 29രൂപയും കേരളത്തില്‍ 59രൂപയുമാണു ഒരു കിലോമീറ്ററിന്റെ പ്രവര്‍ത്തനച്ചെലവ്.
ഇപ്പോള്‍ പെന്ഷന് പ്രായം വര്‍ധിപ്പിച്ചാല്‍, മാസംതോറും റിട്ടയര്‍ ചെയ്യുന്നവരുടെ അവകാശ തുകകളെന്ന ബാധ്യത അടുത്ത സര്‍ക്കാരിന്റെ കാലത്തേക്കു മാറും. കോര്‍പ്പറേഷന്റെ ചുമലില്‍നിന്ന് ആ ബാധ്യത നീങ്ങില്ല. അപ്പോള്‍ മറ്റൊരു പ്രശ്നം ഉടലെടുക്കും. പെന്ഷന് പ്രായം എത്ര വര്‍ഷമാണോ ഉയര്‍ത്തുന്നത് അത്രയും വര്‍ഷം ശമ്പളം വര്‍ധിച്ച് റിട്ടയര്‍മെന്റ് ശമ്പളം 56വയസിലെക്കാള് ഉയരും. വാസ്തവത്തില്‍ കോര്‍പ്പറേഷന്റെ ബാധ്യത പിന്നെയും കൂടുകയാണ്.
ഇപ്പോള്‍ കോര്പ്പറേഷന് ഓടുന്ന ഓരോ കിലോമീറ്ററിനും 22രൂപ 97പൈസ നഷ്ടമുണ്ടാകുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പ്രതിദിനനഷ്ടം മൂന്നുകോടി എഴുപതു ലക്ഷം രൂപയാണ്. ഈ നഷ്ടം കുറയണമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത പല ആനുകൂല്യങ്ങളും വേണ്ടെന്നു വയ്ക്കണം. കര്‍ണാടകയില്‍ 2000 മുതല്‍ ദീര്‍ഘദൂര വണ്ടികളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സര്‍വീസ് ആരംഭിച്ചു.
രാജമാണിക്യം കെ.എസ്.ആര്.ടി.സി. എം.ഡിയായിരുന്ന കാലത്ത് 179 പേര്‍ക്ക് ട്രെയിനിങ് നല്കി പട്ടിക ഉണ്ടാക്കി. പിന്നീട് രണ്ടു തവണയായി മുപ്പതുപേരെ വീതം ഉള്‍പ്പെടുത്തി ആകെ 239 ജീവനക്കാരെ ട്രെയിനിങ് നല്കി സജ്ജരാക്കി. 40 സര്‍വീസുകളില്‍ മാത്രമാണ് ഇത്തരക്കാരെ ഡ്യൂട്ടിക്കു നിയോഗിക്കുന്നത്. ഇപ്രകാരം തെരഞ്ഞെടുത്തവരെ ദീര്‍ഘദൂര സര്‍വീസുകള്‍ ഇല്ലാത്ത ഡിപ്പോകളിലേക്കു നിയമിച്ചുകൊണ്ട് ഈ പരിഷ്കാരം അട്ടിമറിച്ചു.
ബസ് വാടകയ്ക്കെടുത്ത് ഓടിക്കുന്നതാണു യൂണിയന് നേതാക്കളുടെ മറ്റൊരു എതിര്‍പ്പ്. ദേശസാത്കൃത റൂട്ടില്‍ സ്വകാര്യബസുകളുടെ സര്‍വീസ് വേണ്ടെന്നു കഴിഞ്ഞ മേയില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. അശോക് ലെയ്ലാന്‍ഡ്, ടാറ്റാ, ഐഷര്‍ എന്നീ തുടങ്ങിയ നിര്‍മാണ കമ്പനികളില്‍നിന്നാണു വാടകബസുകള്‍ സ്വീകരിക്കുന്നത്.
ദിവസം 320 കിലോമീറ്റര്‍ ഓടണമെന്ന വ്യവസ്ഥയില്‍ കിലോമീറ്ററിന് 14രൂപ നിരക്കുപ്രകാരം ഡ്രൈവര്‍ ഉള്‍പ്പെടെയാണു വാഹനം ലഭിക്കുന്നത്. 440 രൂപ ദിവസശമ്പളമുള്ള എമ്പാനല്‍ കണ്ടക്ടര്‍ക്ക് 660 രൂപ ശമ്പളത്തില്‍ 320 കിലോമീറ്റര്‍ (ഒന്നര ഡ്യൂട്ടി) ഓടാന്‍ സാധിക്കും. ഇപ്പോഴത്തെ വില പ്രകാരം ഡീസല്‍ ചെലവ് കിലോമീറ്ററിനു 16 രൂപയാകും.
അങ്ങനെ കിലോമീറ്ററിന് 32 രൂപ മുടക്കിയാല്‍ മറ്റു മുതല്‍മുടക്കില്ലാതെ ഒരു കിലോമീറ്റര്‍ വാഹനം ഓടിക്കാന്‍ കഴിയും. നന്നായി ഗൃഹപാഠം ചെയ്തു വാഹനമോടിച്ചാല്‍ കിലോമീറ്ററിനു 15 രൂപ മുതല്‍ 20 രൂപ വരെ ലാഭമുണ്ടാക്കാന്‍ അവസരമുണ്ട്. ഈ അധികവരുമാനത്തെ എതിര്‍ക്കുന്നത് ആരുടെ താത്പര്യമാണ്.
സൂപ്പര്‍വൈസറി കാറ്റഗറിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കു ട്രേഡ് യൂണിയന് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ നിയമപരമായി കഴിയില്ല. എം.ഡി. ഇക്കാര്യം ചൂണ്ടിക്കാട്ടിയതും നേതാക്കള്‍ക്കു ക്ഷീണമായി. അദര്‍ ഡ്യൂട്ടിയിലായിരുന്ന 2800 ജീവനക്കാരെ തസ്തികകളിലേക്കു തിരിച്ചയച്ചു. 85 പേരൊഴികെ മറ്റെല്ലാവരും ഡ്യൂട്ടിക്കെത്തി.
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ മൂന്നു മേഖലകളാക്കണമെന്നത് എണ്‍പതുകളില്‍ ഉയര്‍ന്ന നിര്‍ദേശമാണ്. യൂണിയനുകളുടെ പ്രതിഷേധം അവഗണിച്ച് ഈ നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിച്ചതും സമരത്തിനു കാരണമായി. ദീര്‍ഘദൂര സര്‍വീസുകള്‍ ഓടിച്ചെത്തുന്ന ജീവനക്കാര്‍ക്കു വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കുകയും ചെയ്താല്‍ തച്ചങ്കരിക്കു ജീവനക്കാരുടെ കൈയടി ഉറപ്പ്.
ലോക്സഭ പാസാക്കിയ കേന്ദ്രമോട്ടോര്‍ വാഹന ഭേദഗതി നിയമം രാജ്യസഭയുടെ പരിഗണനയിലാണ്. ആ നിയമം പ്രാബല്യത്തിലായാല്‍ രാജ്യത്തു ദേശസാല്‍ക്കൃത റൂട്ടുകളുണ്ടാകില്ല.