Friday, August 16, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 03.08 PM

വാസ്തുശാസ്ത്രം അന്ധവിശ്വാസമല്ല

''എട്ടു ദിക്കിനും എട്ട് അധിപന്മാരാണുള്ളത്. കിഴക്ക് ഇന്ദ്രനും, കിഴക്ക് തെക്ക് അഗ്നിയും, തെക്ക് യമനും, തെക്ക് പടിഞ്ഞാറ് നിര്യതിയും, പടിഞ്ഞാറ് വരുണനും, വടക്കുപടിഞ്ഞാറ് വായുവും, വടക്കു കുബേരനും, വടക്ക് കിഴക്ക് ഈശാനനും നിയന്ത്രിക്കുന്നു. ഏതെങ്കിലും ദിക്കിന് പിഴവുണ്ടായാല്‍ ആ ദിക്കിന്റെ ദേവന്‍ നമുക്ക് ദോഷങ്ങള്‍ വരുത്തും.''
uploads/news/2018/08/239389/joythi060818a.jpg

പ്രകൃതിയുടെ ചലനങ്ങളെ, ആചാര്യന്മാരുടെ ചിട്ടയായ കഠിന പ്രയത്‌നത്തിലൂടെ കണ്ടെത്തിയ വാസ്തുശാസ്ത്രം ഇന്ന് ഗൃഹനിര്‍മ്മാണത്തിനായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജനത്തിന് മനസ്സിലാകുന്നതിനുവേണ്ടിയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതിനാലും വാസ്തുശാസ്ത്രം ദൈവീക കാഴ്ചപ്പാടിലൂടെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ചിലയാളുകള്‍ ഇതിനെ അന്ധവിശ്വാസമായി ചിത്രീകരിക്കുന്നുണ്ട്. ഉദാഹരണമായി കിഴക്കു-പടിഞ്ഞാറായും തെക്കുവടക്കായും ഒരു പ്രപഞ്ചശക്തി കടന്നുപോകുന്നു; അത് തടസ്സപ്പെടരുതെന്ന് പറയുമ്പോള്‍ സാധാരണ ആളുകള്‍ ഇതിന് പ്രാധാന്യം കല്പിക്കില്ല.

അത് ശാസ്ത്രരൂപേണ, കിഴക്കുപടിഞ്ഞാറ് ബ്രഹ്മസൂത്രവും തെക്കുവടക്ക് യമസൂത്രവും കടന്നുപോകുന്നു. അത് തടസ്സപ്പെടരുത്, അത് ദോഷകരമാണ് എന്നാകുമ്പോള്‍ സാധാരണ ജനത്തിന് സ്വീകാര്യമാകും. അതുപോലെ തന്നെ വടക്കു തലവച്ചുറങ്ങരുതെന്ന് മുന്‍തലമുറ പറഞ്ഞപ്പോള്‍ അതിനെ പലരും കളിയാക്കി. ഇന്ന് അതിന്റെ ശാസ്ത്രീയത തെളിയിക്കപ്പെട്ടു കഴിഞ്ഞു.

വാസ്തുവിന്റെ ഗുണദോഷഫലങ്ങളെക്കുറിച്ച് ശാസ്ത്രം കുറെയധികം സൂചനകള്‍ നല്‍കുന്നുണ്ട്. ചില ഘട്ടങ്ങളില്‍ ഇത് എല്ലായിടവും പാലിക്കപ്പെടുവാന്‍ സാധിക്കുന്നില്ല. അതിന്റെ ഗുണദോഷഫലങ്ങള്‍ അവര്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി പട്ടണ പ്രദേശങ്ങളിലെ ജനസാന്ദ്രത, ഭൂലഭ്യത ഇവയൊക്കെ കാരണമാകാം. ഇതിനെല്ലാം തന്നെ കുറെയധികം പരിഹാരമാര്‍ഗ്ഗങ്ങളും ശാസ്ത്രം നിര്‍ദ്ദേശിക്കുന്നുണ്ട്.

എല്ലാ മനുഷ്യരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കണമെന്നതാണ് വാസ്തുശാസ്ത്രത്തിന്റെ ലക്ഷ്യം.

അഥര്‍വ്വവേദത്തിന്റെ ഉപവേദമായ സ്ഥാപത്യ വേദത്തിലാണ് വാസ്തുവിദ്യയെക്കുറിച്ച് വിവരിച്ചിട്ടുള്ളത്. പ്രകൃതി നമുക്ക് നല്‍കിയിട്ടുള്ള എന്തിനും പുറമേ മനുഷ്യന്‍ നിര്‍മ്മിക്കുന്നതെന്തും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ചെയ്യുക. എങ്കില്‍ മാത്രമേ അത് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവും ആരോഗ്യവും സമ്പത്തും ലഭിക്കുകയുള്ളൂ. അതാണ് വാസ്തുശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്.

വാസ്തുശാസ്ത്രം ജനത്തിനെ ബുദ്ധിമുട്ടിക്കാനുള്ളതാണ് എന്നാണ് പലരും ചിന്തിക്കുന്നത്. തുടക്കം മുതല്‍ ശാസ്ത്രം അനുസരിച്ച് ചെയ്താല്‍ ആശങ്കപ്പെടേണ്ടതില്ല.

സൂര്യന്‍ ഒന്നാണെങ്കിലും ഉടഞ്ഞ ഗ്ലാസ്സിലൂടെ നോക്കുമ്പോള്‍ ഓരോന്നിലും സൂര്യനെ കാണുവാന്‍ സാധിക്കും. അതുപോലെ വസ്തു ചെറുതായാലും വലുതായാലും അതില്‍ ഓരോന്നിലും വാസ്തുപുരുഷന്റെ സാന്നിധ്യമുണ്ട്. വാസ്തു ജീവനുള്ളതാണെന്നും അത് കൃത്യതയോടെ ചെയ്യേണ്ടതാണെന്നുമുള്ള സൂചനയാണ് വാസ്തുപുരുഷ സങ്കല്പം.

തേത്രായുഗത്തില്‍ മഹാശല്യക്കാരനായ ഒരസുരനുമായി യുദ്ധത്തിലേര്‍പ്പെട്ട ശിവന്റെ ശരീരത്തില്‍നിന്ന് വീണ വിയര്‍പ്പു തുള്ളിയില്‍നിന്നുത്ഭവിച്ച ഒരു ജീവി എല്ലാവരേയും ആക്രമിക്കുവാന്‍ തുടങ്ങി.

ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം 53 ദേവതകള്‍ ആ ജീവിയുടെ ശരീരത്തില്‍ ആധിപത്യം സ്ഥാപിച്ചു. ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ നിന്നെ പ്രീതിപ്പെടുത്തിക്കൊള്ളാമെന്ന് വരവും നല്‍കി. അങ്ങനെ ആ ജീവി ഭൂമിയുടെ സംരക്ഷകനായി. 'വാസ്തുപുരുഷന്‍' എന്നറിയപ്പെടുവാനും തുടങ്ങി.

വാസ്തുവിദ്യയില്‍ ദേവശില്പിയായി വിശ്വകര്‍മ്മാവും അസുര ശില്പിയായി മയനും അറിയപ്പെടുന്നു. മഹാഭാരതവും രാമായണവും പരിശോധിച്ചാല്‍ വാസ്തുവിദ്യയുടെ മഹനീയ സാന്നിധ്യം മനസ്സിലാക്കുവാന്‍ സാധിക്കും. വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട ഹസ്തിനപുരവും മയനാല്‍ നിര്‍മ്മിക്കപ്പെട്ട ലങ്കാപുരിയും വാസ്തുവിദ്യയുടെ പൗരാണികതയ്ക്ക് ഉത്തമ ഉദാഹരണങ്ങളാണ്.

ഗൃഹനിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കുന്ന ഭൂമിയില്‍ പല പ്രകാരത്തിലുള്ള ഭൂപരീക്ഷ, കിഴക്കുമുതലായ ദിക്കുകളെ സൂക്ഷ്മമായി അറിയുക, ഗൃഹങ്ങളുടെ വലുപ്പത്തെക്കുറിച്ചുള്ള ജപകല്പന, നല്ലവീഥിയെ സ്വീകരിക്കല്‍, തൊഴുത്ത്, പടിപ്പുര, മറ്റ് ഉപഗൃഹങ്ങള്‍ തുടങ്ങിയവ ഗൃഹനിര്‍മ്മാണ വിഷയത്തില്‍ കൃത്യതയോടെ പാലിക്കപ്പെടേണ്ടതാണ്.

വാസ്തുവിലൂടെ പഞ്ചഭൂതങ്ങളെ നമുക്ക് അനുകൂലമാക്കുവാന്‍ സാധിച്ചാല്‍ അതില്‍നിന്നും അനുഗ്രഹങ്ങള്‍ നേടി എല്ലാവിധ സൗഭാഗ്യങ്ങളും അനുഭവിക്കുവാന്‍ സാധിക്കും.

വീടിന്റെ വാസ്തുനില അതില്‍ വസിക്കുന്നവരുടെ സ്വഭാവത്തെത്തന്നെ മാറ്റും. ഒരു ഗൃഹം വാസയോഗ്യമാകണമെങ്കില്‍ കൃത്യമായ ദിഗ്ബന്ധം ഉണ്ടായിരിക്കണം. എങ്കില്‍മാത്രമേ അതാത് ദിക്കിന്റെ ഗുണം അനുഭവിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ ചിലരൊക്കെ റോഡിന്റെയോ, വഴിയുടേയോ നിലയനുസരിച്ച് ദിക്കുകളെ നിശ്ചയിക്കുന്നു. അത് ശരിയായ രീതിയല്ല.

എട്ടു ദിക്കിനും എട്ട് അധിപന്മാരാണുള്ളത്. കിഴക്ക് ഇന്ദ്രനും, കിഴക്ക് തെക്ക് അഗ്നിയും, തെക്ക് യമനും, തെക്ക് പടിഞ്ഞാറ് നിര്യതിയും, പടിഞ്ഞാറ് വരുണനും, വടക്കുപടിഞ്ഞാറ് വായുവും, വടക്കു കുബേരനും, വടക്ക് കിഴക്ക് ഈശാനനും നിയന്ത്രിക്കുന്നു.

ഏതെങ്കിലും ദിക്കിന് പിഴവുണ്ടായാല്‍ ആ ദിക്കിന്റെ ദേവന്‍ നമുക്ക് ദോഷങ്ങള്‍ വരുത്തും. വാസ്തുനിയമങ്ങളെ അവഗണിച്ചുകൊണ്ട് ചിലര്‍ ലക്ഷങ്ങള്‍ ചെലവാക്കി വലിയ ഗൃഹങ്ങള്‍ നിര്‍മ്മിച്ച് കഷ്ടപ്പെട്ട് വലയുമ്പോള്‍ മാത്രമാണ് നിര്‍മ്മാണത്തില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോയെന്നന്വേഷിക്കുന്നത്.

ചിലര്‍ നിര്‍മ്മാണത്തിലെ പിഴവുകള്‍ കണ്ടെത്തി അവ പരിഹരിച്ച് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കും. മറ്റ് ചിലര്‍ വിധിയെന്ന് കരുതി ജീവിതം കഷ്ടത്തിലാക്കും.

അജയന്‍ ചാത്തന്നൂര്‍
മൊ: 9744982983

Ads by Google
Monday 06 Aug 2018 03.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW