Thursday, April 25, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 11.39 PM

മാന്യനും മി. ഫ്രോഡും തവിട്ടു കണ്ണുള്ള പെണ്‍കുട്ടിയും

uploads/news/2018/08/238907/sun4.jpg

'എക്‌സ്ക്യൂസ്‌ മീ ചേട്ടാ ഈ ബസ്‌ എപ്പൊഴാ തൃശ്ശൂര്‍ എത്തുക?'
നല്ല മഴക്കാറുള്ള ഒരു ദിവസം കൊട്ടാരക്കര ബസ്‌ സ്‌റ്റാന്റില്‍ നിന്ന്‌ രാത്രി ഏഴരയ്‌ക്ക് പുറപ്പെടുന്ന മൂകാംബിക ബസ്സിന്റെ മധ്യഭാഗത്തെ ടൂ സീറ്ററില്‍, അലസമായി കണ്ണടച്ചിരിക്കുകയായിരുന്നു ഞാനപ്പോള്‍.
' ങേ ഇതാരപ്പാ' എന്ന മട്ടില്‍ തലചരിച്ച്‌ നോക്കുമ്പോള്‍ തവിട്ട്‌ നിറത്തില്‍ തിളങ്ങുന്ന ഉണ്ടക്കണ്ണുകളുമായി എന്നെത്തന്നെ നോക്കി നില്‍ക്കുന്നു ഒരു സുന്ദരിക്കുട്ടി.
'രാത്രി ഒരു പതിനൊന്ന്‌ പതിനൊന്നരയാകും.'
ഒരു നിഷ്‌കളങ്കന്റെ ഭാവത്തില്‍ പറഞ്ഞുകൊണ്ട്‌ ഒന്ന്‌ ഒതുങ്ങി അവള്‍ക്കിരിക്കത്തക്കവിധം സ്‌ഥലമുണ്ടാക്കി, ഡീസന്റാവെടാന്ന്‌ സ്വയംപറഞ്ഞ്‌ വലിയ താല്‍പ്പര്യമില്ലാത്ത വിധം എക്‌സ്പ്രഷനിട്ട്‌ പുറത്തേക്ക്‌ നോക്കിയിരുന്നു.
ഇരിപ്പിടം അമരുന്നതിന്റെ ശബ്‌ദം കേള്‍ക്കാത്തതിനാല്‍ എന്നിലെ മിസ്‌റ്റര്‍ ഫ്രോഡ്‌, വിശന്നുവലഞ്ഞ ചെന്നായയുടെ കണ്ണുകളോടെ മൂക്ക്‌ വിടര്‍ത്തി തിരിഞ്ഞ്‌ നോക്കിയപ്പോള്‍ അവള്‍ നിന്നിരുന്ന ഇടം ശൂന്യം.
ശ്ശൊ നല്ല ഒരു ചാന്‍സായിരുന്നു കൊണ്ടുക്കളഞ്ഞു കടുത്ത ഇച്‌ഛാഭംഗത്തോടെ ഞാന്‍ ഒന്നൂടെ നിവര്‍ന്നിരുന്നു. നല്ല ഉറക്കം കിട്ടാന്‍ കയ്യില്‍ കരുതിയ ഇംഗ്ലീഷ്‌ നോവല്‍ മറിച്ച്‌ നോക്കിയെങ്കിലും തിളങ്ങുന്ന ആ തവിട്ട്‌ കണ്ണുകളല്ലാതെ മറ്റൊന്നും മനസ്സില്‍ വന്നില്ല.
എന്നിലെ മാന്യന്‍ ഒരുപാട്‌ തവണ വേണ്ട വേണ്ട എന്ന്‌ പറഞ്ഞെങ്കിലും, ഒന്ന്‌ മൂരി നിവര്‍ന്ന്‌ മൃഗശാലയിലെ ഒട്ടകപ്പക്ഷികള്‍ തല ചരിച്ച്‌ നോക്കുംപോലെ മി. ഫ്രോഡ്‌ പിറകിലേക്കൊന്നു നോക്കി. എന്റെ സീറ്റ്‌ കഴിഞ്ഞ്‌ രണ്ടു സീറ്റുകള്‍ക്ക്‌ പിറകില്‍ എതിര്‍വശത്തെ ത്രീ സീറ്ററില്‍ മഞ്ഞ ചുരിദാറിട്ട ആ സുന്ദരിക്കുട്ടി പുറത്തേക്ക്‌ നോക്കിയിരിപ്പുണ്ടായിരുന്നു.
'ഹലോ... വേണമെങ്കില്‍ ഇവിടിരിക്കാം...' ആ സീറ്റില്‍ ആണുങ്ങള്‍ ഒക്കെ വന്നിരിക്കും.
ഇടക്ക്‌ ഒരുവേള അവളെന്നെ നോക്കിയപ്പൊ വാലിട്ടെഴുതിയ ആ തവിട്ട്‌ കണ്ണിലേക്ക്‌ നോക്കി അറച്ചറച്ച്‌ ഞാന്‍ പറഞ്ഞു.
'ഓ.. ഡോണ്ട്‌ വറി..എനിക്ക്‌ സൈഡ്‌ സീറ്റാണിഷ്‌ടം, പിന്നെ ഈ പറയുന്ന സാറും ഒരാണാണല്ലോ!'
തവിട്ട്‌ കണ്ണുകൊണ്ട്‌ ആകെ ഒന്നുഴിഞ്ഞ്‌ അവള്‍ എനിക്കിട്ട്‌ ഒന്നാം മിനിട്ടില്‍ത്തന്നെ ഗോളടിച്ചു.
'എനിക്ക്‌ സൈഡ്‌ സീറ്റ്‌ വേണ്ടാരുന്നു അതുകൊണ്ട്‌ പറഞ്ഞതാ' ആദ്യ മിനിട്ടില്‍ത്തന്നെ ഗോള്‍ വീണതിന്റെ പതര്‍ച്ച പുറത്തു കാണിക്കാതെ ഫ്രോഡില്‍ നിന്നും മാന്യനായി മാറിയ ഞാന്‍ തിരിഞ്ഞ്‌ പുറത്തേക്ക്‌ നോക്കിയിരുന്നു.
ബസ്‌ എടുക്കാനുള്ള അറിയിപ്പ്‌ കേട്ടതും മാന്യന്റെ ദുര്‍ബല പ്രതിരോധം മറികടന്ന്‌ മി.ഫ്രോഡ്‌, അവളെ ഒന്നൂടെ വിളിക്കെടാ എന്ന്‌ മന്ത്രിച്ചു. അതിനായി മുഖം തിരിച്ചപ്പൊ ദേ ബാഗുമായി മുന്നില്‍ നില്‍ക്കുന്നു അവള്‍!
'ഒന്നിങ്ങോട്ട്‌ നീങ്ങിയിരിക്ക്‌ ചേട്ടാ ഞാന്‍ സൈഡിലിരുന്നോളാം ഇതൊന്നു മുകളിലേക്ക്‌ വയ്‌ക്കുമോ?' എന്നു പറഞ്ഞ്‌ ഒരു വലിയ ബാഗ്‌ എന്റെ കയ്യില്‍ത്തന്ന്‌ അവള്‍ എന്നെ മറികടന്ന്‌ സീറ്റിലിരുന്നു.
വണ്ടി നീങ്ങിത്തുടങ്ങി. അവള്‍ പുറത്തേക്ക്‌ തന്നെ നോക്കിയിരിക്കുകയാണ്‌. മാന്യനാകട്ടെ സ്‌പര്‍ശനസുഖത്തില്‍ താല്‍പര്യമില്ലാത്തവിധം ബലം പിടിച്ചിരിക്കുകയും എന്നാല്‍ മി.ഫ്രോഡ്‌, ബസിന്റെ ആയത്തിനോടൊപ്പം എന്ന മട്ടില്‍ അത്യാവശ്യം ചെറിയ തട്ടൊക്കെ തട്ടി ആ സുഖം അനുഭവിച്ചുമിരുന്നു.
ഇയര്‍ഫോണ്‍ ഹെഡ്‌സെറ്റ്‌ ചെവിയില്‍ തിരുകാനാഞ്ഞ മാന്യനില്‍ നിന്ന്‌ ഫുള്‍ നിയന്ത്രണമേറ്റെടുത്ത ഫ്രോഡ്‌ അവളുടെ അടുത്തേക്ക്‌ ഒന്നുകൂടി നീങ്ങി 'എന്താ പേര്‌? എവിടെ പഠിക്കുന്നു? തൃശൂരാണോ വീട്‌? ഒത്തിരി താമസിച്ചല്ലോ! 'എന്നിങ്ങനെ ചോദ്യങ്ങള്‍ എയ്‌തു.
'ഒന്ന്‌ അങ്ങോട്ട്‌ നീങ്ങിയിരിക്കാമോ... ഞാന്‍ വൈകിട്ട്‌ പല്ലു തേച്ചിട്ടില്ല ചേട്ടാ'
ആ മറുപടിയും തവിട്ട്‌ കണ്ണുകള്‍കൊണ്ട്‌ ഒരു കൂര്‍ത്ത നോട്ടവും കിട്ടി തകര്‍ന്നുപോയ ഫ്രോഡിനെ ഒരു സൈഡിലേക്ക്‌ നീക്കി, മാന്യന്‍ പാട്ട്‌ കേള്‍ക്കുന്ന ഭാവത്തില്‍ വെറുതേ ഹെഡ്‌ഫോണ്‍ എടുത്തു വച്ച്‌ മൊബൈല്‍ നോക്കിയിരുന്നു.
അവളാകട്ടെ എന്നെ കേള്‍പ്പിക്കാനെന്ന മട്ടില്‍ മൊബൈലില്‍ സംസാരിച്ചു തുടങ്ങി. സംസാരം അവിടവിടെ ഒളിഞ്ഞും തെളിഞ്ഞും കേട്ടതില്‍ നിന്നും അടുത്തിരിക്കുന്നത്‌ വലിയ കുഴപ്പമില്ലാത്ത ആളാണെന്ന്‌ തോന്നുന്നുവെന്നും, എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ മിസ്‌ കോള്‍ അലര്‍ട്ട്‌ തരാമെന്നും, കോട്ടയം മുതല്‍ തൃശൂര്‍ വരെയുള്ള പോലീസ്‌ സ്‌റ്റേഷനില്‍ ആളുണ്ടെന്നുമൊക്കെയാണ്‌ പറയുന്നതെന്ന്‌ എനിക്ക്‌ മനസ്സിലായി.
അടുത്ത വളവിന്‌ പിടിവിട്ട്‌ ഊക്കോടെ എന്നെവന്ന്‌ തട്ടിയത്‌ അവളാണ്‌ എന്നിട്ട്‌ 'ചേട്ടനെന്താ ഇപ്പ ചോദിച്ചത്‌? ഞാന്‍ ശ്രദ്ധിച്ചില്ല' എന്ന്‌ ഒന്നുമറിയാത്ത ഭാവത്തില്‍ പറഞ്ഞു.
'ഞാനും ഇന്നു രാവിലെമുതല്‍ പല്ലു തേച്ചിട്ടില്ല. പിന്നെ ഇന്നലെ മുതല്‍ താറാമുട്ടയും പട്ടച്ചാരായവുമായി നല്ല കൊരുത്തിരിക്കുവാ. കൊച്ച്‌ കൊറച്ച്‌ ഒന്നു നീങ്ങിയിരിക്കാമോ... നല്ല സൂപ്പര്‍ ഇടി.... ഇപ്പം വടിയായേനേ... ഇയാള്‌ കളരിയാ?' തെറിച്ചുപോയ ഇയര്‍ ഹെഡ്‌ ഫോണ്‍ പോക്കറ്റിലിട്ടുകൊണ്ട്‌ മാന്യന്‍ അവളെ നന്നായൊന്ന്‌ നോക്കി.
തമാശ ആസ്വദിക്കുംമട്ടില്‍ ഒന്നു ചിരിച്ചു അവള്‍.
'എന്റെ പേര്‌ മീനാക്ഷി ഞാനിവിടെ കടയ്‌ക്കല്‍ കോളേജില്‍ എം.ബി.എക്ക്‌ പഠിക്കുന്നു.. തൃശൂരാണ്‌ വീട്‌.'
'എന്താ എന്നോട്‌ അങ്ങനെ ചോദിച്ചത്‌? ഒറ്റയ്‌ക്ക് ഒരു പെണ്‍കുട്ടി വന്ന്‌ ഏത്‌ സമയത്ത്‌ ഈ ബസ്‌ തൃശൂര്‍ എത്തുമെന്ന്‌ ചോദിച്ചാല്‍ സാധാരണ ആരായാലും അവളെ ഒന്ന്‌ മുട്ടും. അതുകൊണ്ട്‌ മേലാല്‍ അങ്ങനെ ആരോടും ചോദിക്കരുത്‌ കേട്ടോ' ഫ്രോഡിനെ തള്ളിമാറ്റി മാന്യന്‍ പന്തുമായി മുന്നേറി.
'എനിക്കറിയാരുന്നു ചേട്ടാ... എങ്കിലും... പിന്നെ ചേട്ടനെ കണ്ടപ്പൊ ആള്‌ ഡീസന്റാണെന്ന്‌ തോന്നി. ഇതുപോലുള്ള യാത്രയില്‍ ഇങ്ങനെയുള്ള ആരെയെങ്കിലും കിട്ടിയാല്‍ പിന്നെ മറ്റ്‌ ശല്യങ്ങള്‍ ഒരുപാട്‌ ഉണ്ടാവില്ല, അങ്ങനെയാ സാധാരണ'
'പിന്നെന്താ ആദ്യം ഇവിടിരിക്കാഞ്ഞത്‌?'
'ചേട്ടന്റെ കാലിന്‍മേല്‍ കാലുകേറ്റിയുള്ള ഒതുങ്ങിയിരുപ്പും വല്യ താല്‍പ്പര്യമില്ലാത്ത പോലുള്ള എക്‌സ്പ്രഷനും എനിക്കങ്ങോട്ട്‌ പിടിച്ചില്ല അതാ'
'എന്നിട്ട്‌ വന്നതോ?'
'ഓ അതോ! ദേ അയാളാ എന്റെ അടുത്ത്‌ വന്നിരുന്നത്‌... നല്ല വെള്ളമാണെന്ന്‌ തോന്നുന്നു. ഇരുന്നപ്പൊ മുതല്‍ ശല്യമാ... ദേഹത്ത്‌ തൊടലും വളിച്ച ചിരിയും സംസാരവും പുളിച്ചനാറ്റവും'

കുറച്ചുകൂടി അടുത്തേക്ക്‌ വന്ന്‌ അവള്‍ അടക്കത്തില്‍ പറഞ്ഞു.
'ഒന്നുതിരിഞ്ഞ്‌ നോക്കിയപ്പോള്‍ അളിഞ്ഞ കണ്ണുള്ള അയാള്‍ എന്നേ നോക്കി ഒന്നു കണ്ണിറുക്കി തലയാട്ടിക്കാണിച്ചു.'
'ആ... കൊള്ളാം .ഞാന്‍ ഡീസന്റാണെന്ന്‌ ആര്‌ പറഞ്ഞു? ഇതുപോലെ ബസില്‍ ഒറ്റയ്‌ക്ക് പോകുന്ന കുട്ടികളെ പരിചയപ്പെട്ട്‌ കാര്യങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞ്‌ വളച്ച്‌ കൊണ്ടുപോയി പീഡിപ്പിക്കലാണ്‌ എന്റെ ഹോബി... പിന്നെ കൂടെ കൊറേ അടിപൊളി കമ്പനികളുള്ളതുകൊണ്ട്‌ കേസും കൂട്ടവുമൊന്നും പേടിക്കേണ്ട ...നല്ല കാശും കിട്ടും... പിന്നെ കാര്യങ്ങളും നടക്കും... ഏത്‌?'
'അത്‌ വിളിച്ചാലുടന്‍ വളഞ്ഞു വരുന്നവര്‍ക്കല്ലേ പ്രോബ്‌ളമുണ്ടാവൂ' ഒന്നു പേടിച്ചിട്ടാവണം അവള്‍ പെട്ടെന്ന്‌ മുഖം തിരിച്ചു.
'ഓ അങ്ങനൊന്നുമില്ല മോളേ! കഴിഞ്ഞ ആഴ്‌ച ഇതുപോലൊരെണ്ണം - ഭയങ്കര ജാഡ, ഒട്ടും അടുക്കുന്നില്ല. ഞാന്‍ കണ്ടക്‌ടറോട്‌ - അവള്‍ എന്റെ പെങ്ങളാ, ഒരുത്തന്‍ പ്രേമിച്ച്‌ ചതിച്ചു വയറ്റിലാക്കി, ഇപ്പൊ ചെറിയ മെന്റലാ, ആരേയും വിശ്വാസമില്ല, കൊല്ലാന്‍കൊണ്ടു പോവ്വാന്നാ വിചാരം എന്നൊക്കെയങ്ങ്‌ കാച്ചി... രണ്ടു ടിക്കറ്റും എടുത്തു.... ഇറങ്ങണ്ട സമയമായപ്പൊ കണ്ടക്‌ടറും കൊറച്ച്‌ യാത്രക്കാരും ചേര്‍ന്നാ അവളെ പൊക്കി ഞങ്ങളുടെ വണ്ടീല്‍ കേറ്റി വച്ചത്‌ ഹ ഹ ഹ' മി. ഫ്രോഡ്‌ ഒന്ന്‌ ഇളകി വിശാലമായിട്ടിരുന്നു.
'അങ്ങനെ പേടിക്കില്ലടോ ഞാന്‍... മൊബൈല്‍ അലര്‍ട്ട്‌ കൊടുക്കും ഞാന്‍... ഈ ബസ്‌ നമ്പര്‍, റൂട്ട്‌ ഉള്‍പ്പെടെ ഞാന്‍ എന്റെ ഫ്രണ്ടിന്‌ മെസേജ്‌ ചെയ്‌തിട്ടുണ്ട്‌. എന്തേലും ശല്യമുണ്ടായാല്‍ ഒരു മിസ്‌ കോള്‍ അടിച്ചാ മതി തന്റെ പണി തീരും.' ദേഷ്യത്തോടെ പറഞ്ഞെങ്കിലും ആ തവിട്ട്‌ കണ്ണില്‍ ഭയം ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.
'ഹ ഹ ഹ...നീയൊരു പൊട്ടിക്കാളി തന്നെ. അതിനല്ലേ എന്റെ കയ്യിലുള്ള സ്‌പ്രേ... ഒന്നടിച്ചാ മതി പിന്നെ നടക്കുന്ന കാര്യങ്ങള്‍ ഒരു നാലുമണിക്കൂറേക്ക്‌ നീയൊന്നും അറിയത്തുപോലുമില്ല. ഞങ്ങള്‍ക്ക്‌ വല്യ താല്‌പര്യമില്ലാത്തവരെ അങ്ങനെയും ചെയ്യും. എല്ലാംകഴിഞ്ഞ്‌ രാത്രീല്‌ സ്‌പ്രേ അടിപ്പിച്ച്‌ ഏതേലും വണ്ടീല്‌ കേറ്റിയിരുത്തിയാ മതിയല്ലോ.' ഞാന്‍ ഒന്നു ചുണ്ടുകടിച്ചു.
'യൂ ഫ്രോഡ്‌ ' ഇത്തവണ അവള്‍ ചെറുതായി വിറക്കാന്‍ തുടങ്ങി, പിന്നെ ഒരാശ്രയത്തിനെന്നവണ്ണം ചുറ്റും നോക്കി.
അപ്പോഴാണ്‌ എനിക്കും ഒരു കോള്‍ വന്നത്‌. അവള്‍ എന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കി അടക്കത്തില്‍ 'എല്ലാം ഓകെയല്ലേ? ഡബിള്‍ റൂം മതി...പൊളിക്കാം നമുക്ക്‌ ... ഓകെ' ഇത്രയും പറഞ്ഞ്‌ കോള്‍ കട്ട്‌ ചെയ്‌തു അവളെ ഒന്നു പാളി നോക്കി.
'എന്നെ ഉപദ്രവിക്കരുതേ ചേട്ടാ... നാളെ എന്റെ കല്യാണ നിശ്‌ചയമാ' അവള്‍ പെട്ടെന്ന്‌ പൊട്ടിക്കരഞ്ഞു.
'അയ്യേ താനിത്ര തൊട്ടാവാടിയാണോ.. ഞാന്‍ ചുമ്മാ ഒരു നമ്പരിട്ടതല്ലേ? ദേ ഇതുനോക്ക്‌ ഇതാ എന്റെ അമ്മ. ഈ കൂടെ നില്‍ക്കുന്നത്‌ എന്റെ പെങ്ങള്‍... കണ്ടോ?'
ഞാന്‍ പേഴ്‌സില്‍ നിന്ന്‌ ഒരു ഫോട്ടോ എടുത്ത്‌ അവളുടെ നേരേ കാണിച്ചു.
'അമ്മേം പെങ്ങളേം സ്‌നേഹിക്കുന്നവര്‍ അങ്ങനെയൊന്നും ചെയ്യില്ല. എന്റെ പെങ്ങളും നിന്റെ അത്രേയുള്ളൂ... കല്യാണം നോക്കുന്നുണ്ട്‌... വരുന്ന ചിങ്ങത്തില്‍ നടത്തണം അതിനുള്ള ഓട്ടത്തിലാ ഞാന്‍. അച്‌ഛനില്ല ഞങ്ങള്‍ക്ക്‌... ബൈ ദ ബൈ ആം സുധീഷ്‌, സുധി എന്നു വിളിക്കും. കൊച്ചിയില്‍ ഒരു ചെറിയ ഗാര്‍മെന്റ്‌ എക്‌സ്പോര്‍ട്ടിംഗ്‌ കമ്പനി നടത്തുന്നു. ഇപ്പോള്‍ ഫ്രണ്ടിന്റെ കല്യാണം കൂടാന്‍ കണ്ണൂരിലേക്ക്‌ പോകുന്നു. വീട്‌ കൊട്ടാരക്കര, തന്റെ ജാഡ ഒന്നു കുറയ്‌ക്കാന്‍ ഒരു ചെറിയ പ്ലേ ഇട്ടതല്ലേ? ഇത്തിരി സിനിമാ മോഹം ഉള്ളിലുണ്ടേയ്‌ അത്രേള്ളൂ... പിന്നെ അഭിനയിച്ച്‌ അഭിനയിച്ച്‌ കുറച്ച്‌ നേരത്തേക്ക്‌ ശരിക്കും ഞാനൊരു ഫ്രോഡായിപ്പോയി എന്നത്‌ ശരിയാ, ഒരഭിനേതാവിന്റെ പരകായപ്രവേശം. സംഭവം സൂപ്പറായില്ലേ?'
'എന്നിട്ട്‌ ആ ഫോണ്‍ വന്നപ്പൊ പറഞ്ഞതോ?'
ഓ അതോ നാളെ വൈകിട്ടാ കൊച്ചേ ബാച്ച്‌ലര്‍ പാര്‍ട്ടി, ആ കല്യാണത്തിന്റെ'
'ദുഷ്‌ടാ അവള്‍ കൈ ചുരുട്ടി എന്റെ വയറിനിട്ട്‌ ഒറ്റ ഇടി... ഹൊ! ഞാനങ്ങു പേടിച്ചു പോയി. ' അവളൊന്നു ദീര്‍ഘശ്വാസമെടുത്തു. 'കള്ളന്‍ മാധവന്‍'
ഞാനപ്പൊ അവളുടെ തവിട്ട്‌ കണ്ണില്‍ നോക്കി മീശ പിരിച്ചു കാണിച്ചു.
അച്‌ഛനില്ലാതെ വളര്‍ന്നതും, തന്നേയും അനിയത്തിയേയും പഠിപ്പിക്കാനായി അമ്മ കഷ്‌ടപ്പെട്ടതും, അമ്മയുടെ പേടി കാരണം കോഴ്‌സ് തീരും മുന്‍പ്‌ പയ്യന്‍ ആരെന്നു പോലും നോക്കാതെ വിവാഹത്തിനു സമ്മതിച്ചതും, വെറും ഫോണില്‍ കണ്ടു സംസാരിച്ച പരിചയത്തില്‍ മാത്രം വിവാഹിതയാകാന്‍ പോകുന്ന ടെന്‍ഷനും, കണ്‍ഫ്യൂഷനും, ചിന്തകളും, അവസാന പരീക്ഷ കഴിഞ്ഞ്‌ ഒറ്റയ്‌ക്കുള്ള ഈ യാത്രയും, ഒക്കെ ചേര്‍ന്നതായിരുന്നു തന്റെ ജാഡയെന്ന്‌ കുറഞ്ഞ വാക്കുകളില്‍ അവളും പങ്കുവച്ചു.
ഈ സമയം ബസ്‌ ഏതാണ്ട്‌ കോട്ടയമെത്തിയിരുന്നു. ഞാന്‍ മെല്ലെ പുറത്തിറങ്ങി. രണ്ട്‌ ചായയും ഒരു കവര്‍ ചിപ്‌സുമായി തിരിച്ചു കയറി. ചായയും ചിപ്‌സും അവള്‍ക്കു നേരേ നീട്ടി. അവള്‍ അത്‌ വേണ്ട എന്ന രീതിയില്‍ തലയാട്ടിക്കൊണ്ടിരുന്നു.
'നീയൊന്നും കഴിച്ചുകാണൂല്ലാന്നെനിക്കറിയാം, ഇതില്‍ മയക്കുമരുന്നൊന്നും ചേര്‍ത്തിട്ടില്ല, ഇനീം വിശ്വാസമില്ലേല്‍ ഇത്‌ ഞാന്‍ കുടിച്ചോളാം'
വേണ്ട എന്ന്‌ പറഞ്ഞെങ്കിലും, തൊണ്ട വരണ്ടിട്ടാവണം, അവള്‍ തട്ടിപ്പറിച്ച്‌ കുടിച്ചത്‌ ഞാന്‍ കുടിച്ചു ബാക്കിയായ ചായയായിരുന്നു.
പെരുമ്പാവൂര്‍ ആയപ്പൊ കണ്ടക്‌ടര്‍ എന്റെ അടുത്തുവന്ന്‌ ഞാനിരുന്ന ആ ഒരു സീറ്റ്‌ ബുക്ക്‌ഡ് ആണെന്നറിയിച്ചു.
'അപ്പൊ എന്റെ ശല്യം ഇവിടെ തീര്‍ന്നൂട്ടോ... ഈ സീറ്റില്‍ വേറെ ആള്‌ വരും... കണ്ണൊക്കെ തുടച്ച്‌ സുന്ദരിക്കുട്ടിയായിരിക്കൂ ... ബൈ ബൈ ഡിയര്‍'
വല്ലാതെ ഡെസ്‌പായെങ്കിലും അവളെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി ഞാന്‍ ബാഗുമെടുത്ത്‌ തൊട്ടു പിറകിലെ ഒഴിഞ്ഞ സീറ്റിലേക്ക്‌ മാറി.
'ഞാനുമുണ്ടേ ... ഒന്നു നില്‍ക്ക്‌ 'ഇക്കുറി അവള്‍ ചിരിക്കുന്നുണ്ടായിരുന്നു. സൈഡ്‌ സീറ്റിലിരുന്നിട്ട്‌ അവള്‍ എന്റെ കയ്യില്‍ പെട്ടെന്ന്‌ ഒന്നു തൊട്ടു. പിന്നെ കയ്യില്‍ കൈ ചേര്‍ത്ത്‌ കൊരുത്തു പിടിച്ചു. ആ കയ്യിലെ തണുപ്പ്‌ മാറി മാറി വരുന്നത്‌ എനിക്കറിയാന്‍ കഴിഞ്ഞു. ആശ്വാസത്തിനെന്ന പോലെ മെല്ലെ എന്റെ തോളിലേക്ക്‌ ചാഞ്ഞപ്പോള്‍ അവള്‍ കരയുകയായിരുന്നു. നിറഞ്ഞ കണ്ണ്‌ ഞാനും ബദ്ധപ്പെട്ട്‌ അടച്ചു.
'ഇനിയെന്നു കാണും?' ഞാന്‍ ചോദിച്ചു.
'ഇനി നമ്മള്‍ കാണില്ല, നമ്പര്‍ തരില്ല' അവള്‍ കര്‍ച്ചീഫെടുത്ത്‌ മുഖം അമര്‍ത്തിത്തുടച്ചു. 'എന്നെ ... എന്നെ... ഓര്‍ക്കരുത്‌.... തിരക്കി വരരുത്‌ എന്താന്നു വച്ചാ നിങ്ങളെയല്ലാതെ വേറേ ആരെയും വെറുപ്പിക്കാനെനിക്ക്‌ ഇഷ്‌ടമല്ല... ഗുഡ്‌ ബൈ സുധിയേട്ടാ 'അവള്‍ കൈവിട്ട്‌ നേരെയിരുന്നു.
പിന്നീടങ്ങോട്ട്‌ ഞാനും നിശബ്‌ദനായിരുന്നു.
തൃശൂരെത്തി എന്ന സ്‌റ്റേഷന്‍ അറിയിപ്പ്‌ ഒരു ഇടിത്തീയായാണ്‌ കാതില്‍ വീണത്‌. എന്തോ ആ സമയം വീണ്ടും എന്റെ കണ്ണ്‌ നിറഞ്ഞു. എന്തിനോ എന്റെ മനസ്സ്‌ കൊതിച്ചു. അത്യന്തം ആഗ്രഹത്തോടെ ഞാന്‍ കൈ ഒന്നു നീട്ടി.
അവളാകട്ടെ ഒരക്ഷരം മിണ്ടാതെ ചാടിയെഴുന്നേറ്റ്‌ പെട്ടെന്ന്‌ ബാഗ്‌ വലിച്ചെടുത്ത്‌ ഇറങ്ങിപ്പോയി.
ബസ്സെടുത്തപ്പോള്‍ ഞാന്‍ ഒന്ന്‌ തിരിഞ്ഞ്‌ നോക്കി. ഒരു ശിലപോലെ അവിടെത്തന്നെ നിന്ന്‌ അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. ആ തവിട്ട്‌ കണ്ണുകള്‍ നിറഞ്ഞിരുന്നോ? അറിയില്ല. ഒന്നും കാണാന്‍ പറ്റിയതുമില്ല. പക്ഷെ അപ്പോള്‍ എന്റെ ഉള്ളിലെ മി.ഫ്രോഡിന്റെ കുഴിമാടത്തില്‍ നിറയെ മെഴുകുതിരികള്‍ തെളിഞ്ഞു കത്തുകയായിരുന്നു.

Ads by Google
Saturday 04 Aug 2018 11.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW