Thursday, April 25, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 11.39 PM

ഞാനിങ്ങനെയൊക്കെയാണ്‌ ഭായ്‌...!

uploads/news/2018/08/238905/sun2.jpg

ഋതു എന്ന സിനിമയിലൂടെ ശ്യാമപ്രസാദാണ്‌ ആസിഫ്‌ അലി എന്ന നടനെ മലയാള സിനിമയ്‌ക്ക് സമ്മാനിച്ചത്‌. തുടര്‍ന്ന്‌ അപൂര്‍വ്വരാഗം, ട്രാഫിക്‌, സോള്‍ട്ട്‌ ഇന്‍ പേപ്പര്‍, സപ്‌തമശ്രീ തസ്‌ക്കര, അനുരാഗകരിക്കിന്‍വെളളം , സണ്‍ഡേഹോളിഡേ, ഏറ്റുവം ഒടുവില്‍ ബിടെക്ക്‌.. തുടങ്ങി കുറേയധികം ഹിറ്റുകള്‍ ആസിഫ്‌ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചു. നായകനടനായി മാത്രമല്ല മികച്ച വില്ലന്‍ കഥാപാത്രങ്ങളും തനിക്ക്‌ വഴങ്ങും എന്ന്‌ ഓര്‍ഡിനറി, അപൂര്‍വ്വരാഗം എന്നി സിനിമകളിലൂടെ തെളിയിച്ചു.
തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കി ജനപ്രീതിയില്‍ പുത്തന്‍ ഉയരങ്ങള്‍ താണ്ടാന്‍ ആസിഫിന്‌ കഴിഞ്ഞു.

ബിടെക്കിലും അനുരാഗകരിക്കിന്‍വെളളത്തിലും സണ്‍ഡേ ഹോളിഡേയിലും ആസിഫ്‌ കസറിയെന്ന്‌ പ്രേക്ഷകര്‍ പറയുന്നു. എന്തു തോന്നുന്നു?
സന്തോഷം. സാധാരണ ഒരു സിനിമ ഇറങ്ങുമ്പോള്‍ കുറച്ചൊക്കെ നെഗറ്റീവ്‌ കമന്റുകള്‍ കേള്‍ക്കുക സ്വാഭാവികമാണ്‌. ശരിക്കും സണ്‍ഡേ ഹോളിഡേയുടെ ഷൂട്ടിംഗ്‌ സമയത്ത്‌ ഇതൊരു കംപ്ലീറ്റ്‌ ഫാമിലി മൂവിയായി മാറുമോ എന്നൊരു ചിന്തയുണ്ടായിരുന്നു. എന്നാല്‍ ഇത്‌ അതും കവിഞ്ഞ്‌ തേപ്പു കിട്ടിയവര്‍ക്കുള്ള കഥയായി ആളുകള്‍ സ്വീകരിച്ചു കഴിഞ്ഞു. ബിടെക്ക്‌ എല്ലാ അര്‍ത്ഥത്തിലും പുതിയ കാലത്തിന്റെ സിനിമയാണ്‌.അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യം. ഏത്‌ സിനിമയും നല്ല അഭിപ്രായം നേടുമ്പോള്‍ സന്തോഷം തോന്നാറുണ്ട്‌.

തൊടുപുഴയിലെ പുരാതന മുസ്ലീം കുടുംബത്തില്‍ നിന്നും സിനിമയിലേക്ക്‌ എത്തിയത്‌?
ഡിഗ്രി കഴിഞ്ഞ്‌ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക്‌ വന്ന ആളാണ്‌ ഞാന്‍. എങ്ങനെ സിനിമയില്‍ എത്തിപ്പെടാം എന്നോര്‍ത്ത്‌ നില്‍ക്കുന്ന സമയത്ത്‌ അതിനുള്ള കുറുക്കു വഴിയായാണ്‌ ഒരു ചാനലില്‍ അവതാരകനായി ചേര്‍ന്നത്‌. അന്ന്‌ സത്യത്തില്‍ എന്റെ സുഹൃത്തിന്‌ കൂട്ട്‌ പോയതാണ്‌. അവിടെ ചെന്നപ്പോള്‍ വലിയ ക്രൗഡൊന്നുമില്ല. അവിടെ വച്ച്‌ അവര്‍ എന്നോട്‌ എന്തെങ്കിലും സംസാരിക്കാന്‍ പറഞ്ഞു . എന്റെ സംസാരം കേട്ടപ്പോള്‍ അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ടു.
പിന്നീട്‌ അതേ ചാനലില്‍ തന്നെ പ്രോഗ്രാം പ്ര?ഡ്യൂസര്‍ ആയി ജോലി ചെയ്‌തു. ആ സമയത്താണ്‌ ഋതു എന്ന സിനിമയുടെ ഓഡീഷന്‍ നടക്കുന്നതായി അറിഞ്ഞത്‌. അവിടെ ചെന്ന്‌ കണ്ട്‌ സെലക്‌ടു ചെയ്യുകയായിരുന്നു. ശരിക്കും ആ സിനിമ റിലീസായ ശേഷമാണ്‌ ഞാന്‍ അഭിനയിച്ചു എന്ന വിവരം വീട്ടുകാര്‍ പോലും അറിഞ്ഞത്‌.

സിനിമയിലേക്ക്‌ വന്നു എന്നറിഞ്ഞപ്പോള്‍ വീട്ടുകാരുടെ പ്രതികരണം?
എനിക്ക്‌ ചെറുപ്പം മുതല്‍ വാപ്പച്ചിയെ പേടിയായിരുന്നു. ഓര്‍മ്മ വച്ച കാലം മുതല്‍ വാപ്പച്ചിയൊരു രാഷ്‌ട്രീയക്കാരനായിരുന്നു. അതിന്റെ ചിട്ടയും രീതിയുമൊക്കെ വാപ്പച്ചിക്കുണ്ടായിരുന്നു. കുടുംബത്തില്‍ ആരും തന്നെ സിനിമയുമായി ബന്ധമില്ലാതിരുന്നത്‌ കൊണ്ട്‌ അത്തരം കാര്യങ്ങളൊന്നും അംഗീകരിക്കാന്‍ ലേശം ബുദ്ധിമുട്ടുണ്ടായിരുന്നു. അഭിനയിച്ച സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ വാപ്പച്ചി എനിക്ക്‌ നല്ല സപ്പോര്‍ട്ട്‌ തന്നു.

പണ്ടേ ആസിഫിനെ കുറിച്ചുള്ള വലിയൊരു പരാതിയാണ്‌ ഫോണില്‍ കിട്ടില്ല എന്നത്‌. ഇപ്പോഴും സ്‌ഥിതിയില്‍ കാര്യമായ മാറ്റമില്ല ?
എന്നെക്കുറിച്ച്‌ വന്ന ആദ്യത്തെ ഗോസിപ്പ്‌ ലാലേട്ടന്‍ വിളിച്ചിട്ട്‌ ഫോണെടുത്തില്ല എന്നാണ്‌. അതൊന്നും മനപൂര്‍വ്വം ചെയ്യുന്നതല്ല. എന്റെയൊരു സ്വഭാവമാണ്‌ ഫോണ്‍ കൊണ്ടു നടക്കില്ല എന്നത്‌. എന്റെ മോശം സ്വഭാവമെന്ന്‌ എനിക്ക്‌ തോന്നുന്ന ഒന്ന്‌ ഈ ശീലം മാത്രമാണ്‌. ആര്‍ക്കെങ്കിലും ഒരു പ്രശ്‌നമുണ്ടെങ്കില്‍ അത്‌ എന്നെ നേരിട്ട്‌ വന്ന്‌ കണ്ടാല്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഈ പറഞ്ഞത്‌ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കരുത്‌. പ്ലീസ്‌...

കോളുകള്‍ എടുക്കാതിരുന്ന്‌ നഷ്‌ടപ്പെട്ട അവസരങ്ങളെന്തെങ്കിലും?
എന്റെ അറിവില്‍ അങ്ങനൊന്നുമില്ല. ഒരുപാട്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഞാനിപ്പോള്‍ മാക്‌സിമം ഫോണ്‍ കൊണ്ടു നടക്കാന്‍ ശ്രമിക്കാറുണ്ട്‌.

വീട്ടിലേക്ക്‌ പുതിയൊരു അതിഥി കൂടി എത്തിയപ്പോള്‍ വന്ന മാറ്റങ്ങള്‍ ?
ഞാനിപ്പോള്‍ കുറച്ചു കൂടി മെച്യൂവേര്‍ഡായി എന്നു തോന്നുന്നു. കാരണം സിനിമയില്‍ വന്നു, കല്ല്യാണം കഴിഞ്ഞു, രണ്ടു കുട്ടികളായി... എന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്‌. ഇതുവരെയില്ലാതിരുന്ന ഉത്തരവാദിത്തങ്ങള്‍, സേവിംഗ്‌ മെന്റാലിറ്റി ഇതൊക്കെ കുറച്ച്‌ കൂടിയിട്ടുണ്ട്‌.
പണ്ട്‌ ഷൂട്ട്‌ കഴിഞ്ഞാല്‍ നേരെ സുഹൃത്തുക്കളുടെ അടുത്തേക്കായിരുന്നു ഓട്ടം. എന്നാലിപ്പോള്‍ ഷൂട്ടിനിടയില്‍ ഒരു ദിവസം കിട്ടിയാലും സമയുടേയും കുട്ടികളുടെയും അടുത്തേക്ക്‌ പായും. എത്ര സമയം കുട്ടികള്‍ക്കൊപ്പം ഇരുന്നാലും പോരാ എന്ന അവസ്‌ഥയാണ്‌.

അനിയത്തിയെ കിട്ടിയപ്പോഴുള്ള മകന്‍ ആദത്തിന്റെ സന്തോഷം?
അവന്‍ ഭയങ്കര എക്‌സൈറ്റഡ്‌ ആണ്‌. ഞാന്‍പോലും പലപ്പോഴും അവനോടൊപ്പം കാണില്ല. പിന്നെ അവനാകെയുള്ള കൂട്ട്‌ സമയാണ്‌. കൂടുതല്‍ സമയം അവന്‍ മോളോടൊപ്പമാണ്‌. അവളെ കളിപ്പിക്കലുമൊക്കെയായി ആള്‍ മുഴുവന്‍ സമയവും ബിസിയാണ്‌. വീട്‌ ശരിക്കും ലൈവായതു പോലെ തോന്നുന്നുണ്ട്‌.

ലൊക്കേഷനുകളില്‍ പോകുമ്പോള്‍ കുടുംബം മിസ്‌ ചെയ്യാറുണ്ടോ?
ഇതെന്റെ ജോലിയല്ലേ? ഷൂട്ടിംഗ്‌ സമയത്ത്‌ ഞാന്‍ മറ്റൊന്നും ചിന്തിക്കില്ല. ഷൂട്ട്‌ കഴിഞ്ഞ്‌ താമസ സ്‌ഥലത്തെത്തുമ്പോള്‍ സമയുമായി സംസാരിക്കുമ്പോള്‍ വീഡിയോ കോളില്‍ ആദവും മോളും വരും. അപ്പോള്‍ സങ്കടം തോന്നും. അവരെ കാണാന്‍ തോന്നും. പിന്നെ ദൂരെ സ്‌ഥലങ്ങളില്‍ ഷൂട്ടിനു പോകുമ്പോള്‍ സമയും മക്കളും കൂടെ വരാറുണ്ട്‌.

അച്‌ഛനാണോ ആദത്തിന്റെ ഹീറോ?
ഷൂട്ടിന്റെ ഗ്യാപ്പില്‍ വീട്ടിലെത്തി കഴിഞ്ഞാല്‍ പിന്നെ അവന്‍ എന്റെ പുറകില്‍ നിന്നും മാറില്ല. ഉപ്പച്ചി എന്നു വിളിച്ച്‌ പിന്നാലെയാണ്‌. അതുവരെ സമയുടെ പിറകെ നടക്കുന്ന ആള്‍ ഞാന്‍ ചെന്നാല്‍ പിന്നെ അവളെ കണ്ട ഭാവമില്ല. വീട്ടില്‍ ചെന്നു കഴിഞ്ഞാല്‍ പിന്നെ ഷൂട്ടിനു പോകുന്നത്‌ വളരെ പാടാണ്‌. ഒന്നുകില്‍ അവനുറങ്ങുമ്പോള്‍ അല്ലെങ്കില്‍ അവനെ എങ്ങോട്ടെങ്കിലും മാറ്റണം. അല്ലാതെ എന്നെ വിടില്ല. ഞാന്‍ പോകുന്നു എന്നറിയുമ്പോള്‍ അവിടെ ഭയങ്കര ബഹളമായിരിക്കും. ഇതറിയാവുന്നതു കൊണ്ട്‌ ലൊക്കേഷനില്‍ എത്തിയാലുടന്‍ വീഡിയോ കോള്‍ വിളിക്കും. അപ്പോഴും അവന്‍ കരച്ചിലു തന്നെയായിരിക്കും. പിന്നെ പലതും പറഞ്ഞ്‌ സമാധാനിപ്പിക്കല്‍ വലിയൊരു ജോലി തന്നെയാണ്‌. ശരിക്കും ആ സമയത്ത്‌ ഞാനെന്റെ ഉപ്പയേയും ഉമ്മയേയും വല്ലാതെ മിസ്‌ ചെയ്യും. അവരും എന്നെ ഇങ്ങനെയല്ലേ വളര്‍ത്തിയതെന്ന തിരിച്ചറിവാണ്‌ എന്റെ മകന്‍ എനിക്ക്‌ തന്നത്‌.

ഭാര്യയുടെ പിന്തുണ?
എന്റെ സിനിമകളുടെ കൃത്യം അഭിപ്രായം അറിയണമെങ്കില്‍ സമയോട്‌ ചോദിച്ചാല്‍ മതി. സുഹൃത്തുക്കളാണങ്കില്‍ പോലും അവര്‍ പല കാര്യങ്ങളും പറയുന്നത്‌ എനിക്ക്‌ ഫീല്‍ ചെയ്യുമോ എന്നൊക്കെ ചിന്തിച്ചാണ്‌. പക്ഷേ സമ അങ്ങനെയല്ല. ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ അത്‌ തുറന്ന്‌ പറയും.
പണ്ട്‌ എനിക്ക്‌ ഡാന്‍സ്‌ ചെയ്യുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. അത്‌ ആദ്യം കളിയാക്കിയത്‌ സമയാണ്‌. അവളുടെ കളിയാക്കല്‍ കൊണ്ടാണ്‌ ഞാനത്‌ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌. പിന്നീട്‌ അത്‌ തിരുത്തി നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. എന്റെ കൂടെയിരുന്ന്‌ സിനിമകണ്ട്‌ ഞാന്‍ പല സ്‌ഥലത്തും ഫെയ്‌ക്ക് ചെയ്‌തിരുന്നു എന്ന്‌ മനസ്സിലാക്കി തരുന്നതും സമയാണ്‌. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എന്നെ ഗൈഡ്‌ ചെയ്യുന്നത്‌ സമ തന്നെയാണ്‌.
നേരത്തെ ഞാന്‍ അമിതമായി കാശ്‌ ചിലവാക്കുന്ന ആളായിരുന്നു. എന്നില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുത്തത്‌ അവളാണ്‌. തീരെ ചെറുപ്പത്തില്‍ സിനിമയിലെത്തിയ ആളാണ്‌ ഞാന്‍. അളവില്‍ കൂടുതല്‍ കാശ്‌ കിട്ടിയപ്പോള്‍ അത്‌ എങ്ങനെയാണ്‌ ചിലവാക്കേണ്ടത്‌ എന്നറിയില്ലായിരുന്നു. പക്ഷേ സമ ജീവിതത്തിലേക്ക്‌ വന്നു കഴിഞ്ഞപ്പോള്‍ ആകെ മാറി. വിവാഹത്തോടെ ആസിഫ്‌ എന്ന വ്യക്‌തി പുതിയൊരാളാവുകയായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ കൂടിയായപ്പോള്‍ ഒന്നു കൂടി മെച്യൂര്‍ഡായി.
സ്‌ക്രിപ്‌റ്റ് കേട്ടതിനു ശേഷം കഥ സമയെ പറഞ്ഞു കേള്‍പ്പിക്കും. ആള്‌ ഒരു പ്രേക്ഷകയെന്ന നിലയില്‍ അഭിപ്രായം പറയും. എന്നാലും സിനിമ തെരഞ്ഞെടുക്കുന്നതിന്റെ അവസാന തീരുമാനം എന്റേതായിരിക്കും.

ചേട്ടന്റെ പാത പിന്തുടര്‍ന്ന്‌ അനിയനും സിനിമയിലേക്ക്‌?
സംവിധായകന്‍ ലാല്‍ സാറാണ്‌ ആദ്യം എന്നെ വിളിച്ചു പറയുന്നത്‌ ഹണീബി 2.5 എന്ന സിനിമയില്‍ നായകന്‍ ആസിഫിന്റെ അനിയന്‍ അസ്‌കര്‍ അലിയാണെന്ന്‌. എന്നോട്‌ അസ്‌കര്‍ ഒന്നും പറഞ്ഞിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ആറു വയസ്സിന്റെ വ്യത്യാസമുണ്ട്‌. എന്നോട്‌ ബഹുമാനം കലര്‍ന്ന ഒരു അകലം എന്നും അവന്‍ സൂക്ഷിച്ചിരുന്നു. സിനിമാക്കാര്യമൊന്നും പരസ്‌പരം സംസാരിക്കാറേയില്ല.
ചാന്‍സ്‌ ചോദിച്ചു നടന്നാല്‍ എനിക്ക്‌ നാണക്കേടാവുമോ എന്നു കരുതി ചെന്നൈയ്‌ക്കു വണ്ടികയറിയ കക്ഷിയാണ്‌ അസ്‌കര്‍. ചെന്നൈയില്‍ പരസ്യചിത്രങ്ങളില്‍ അസിസ്‌റ്റന്റ്‌ ഡയറക്‌ടറായി. ആ സമയത്താണ്‌ ലാല്‍ സാര്‍ വിളിച്ച്‌ ഹണീബി 2.5 എന്ന സിനിമയില്‍ നായകവേഷം ചെയ്യാന്‍ പറ്റുമോ എന്ന്‌ ചോദിക്കുന്നത്‌. വിവരം പറയാന്‍ അവനെന്നെ വിളിച്ചപ്പോള്‍ നിനക്കു അഭിനയിക്കാമെന്ന ധൈര്യമുണ്ടെങ്കില്‍ വന്ന്‌ ചെയ്‌തോ എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു.
കുട്ടിക്കാലം മുതല്‍ അസ്‌ക്കറിന്‌ സിനിമയോടു താല്‌പര്യമുണ്ടായിരുന്നു. എന്നാല്‍ സ്‌കൂളിലോ കോളേജിലോ ഒന്നും ഒരു പരിപാടിക്ക്‌ പോലും സ്‌റ്റേജില്‍ കയറിയിട്ടില്ലാത്ത ആളാണ്‌. ഞങ്ങളെ സംബന്ധിച്ച്‌ സിനിമയില്‍ എത്തുമെന്ന വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ഒരുപക്ഷേ ഞാന്‍ സിനിമയിലെത്തിയതിനാലാവണം അവനും ഇഷ്‌ടം കൂടിയത്‌. എനിക്ക്‌ അവനെ ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്‌. കാരണം, ആസിഫ്‌ അലിയുടെ അനിയനാണ്‌ എന്ന കെയറോഫില്‍ അവന്‍ ഒരിക്കലും ഒരാളുടെ അടുത്തും ചെന്ന്‌ അവസരങ്ങള്‍ ചോദിച്ചിട്ടില്ല. ചെന്നൈയിലേക്കു പോയപ്പോഴും ക്യാമറയ്‌ക്കു പിന്നില്‍ നില്‍ക്കാനാകും അവനു താല്‍പര്യമെന്നായിരുന്നു എന്റെ വിചാരം.
ഹണീബി 2.5ന്റെ സെറ്റില്‍പ്പോലും അധികം മൈന്‍ഡ്‌ ചെയ്‌തിരുന്നില്ല. ഇമോഷണലായാല്‍ ചിലപ്പോള്‍ അവന്റെ ശ്രദ്ധപോകും. ഷോട്ടിനു മുന്‍പ്‌ അങ്ങനെ ചെയ്യണം, ഇതുപോലെ അഭിനയിക്കണം എന്നൊന്നും ഉപദേശങ്ങളും നല്‍കിയില്ല. അവന്‌ അഭിനയിക്കാനുള്ള കോണ്‍ഫിഡന്‍സ്‌ ഞാനായിട്ട്‌ ഉപദേശിച്ച്‌ കളയേണ്ട എന്നു തോന്നി.

സുനിതാ സുനില്‍

Ads by Google
Saturday 04 Aug 2018 11.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW