Friday, October 19, 2018 Last Updated 50 Min 59 Sec ago English Edition
Todays E paper
Ads by Google
കഴുമരത്തിന്റെ നിഴലില്‍ / എ.പി. ചന്ദ്രന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് സ്‌പെഷല്‍ സെല്‍, കോഴിക്കോട്)
Thursday 02 Aug 2018 10.51 AM

‘ഒമ്പതു വയസേ ഉള്ളൂവെങ്കിലും പ്രായത്തില്‍ കവിഞ്ഞ ശാരീരിക വളര്‍ച്ചയുണ്ട്’ അദ്ധ്യാപകന്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി; സല്‍വയ്ക്ക് സംഭവിച്ചത്..

ഒമ്പതു വയസുള്ള ഒരു കുരുന്നിനെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം ശ്വാസം മുട്ടിച്ചു കൊന്നു എന്ന വാര്‍ത്ത പരന്നപ്പോള്‍ ജനം ഇളകി. ആ ക്രൂരകൃത്യം ചെയ്ത നരാധമനെ കൈയില്‍ കിട്ടിയാല്‍ തല്ലിക്കൊല്ലാനുള്ള രോഷത്തോടെ ജനം വിറളിപിടിച്ച് നാലുപാടും ഓടി.
uploads/news/2018/08/238240/WeeklyCrimeStory020818a.jpg

ഞാന്‍ നിലമ്പൂര്‍ സി.ഐ. ആയിരുന്ന കാലത്താണ് ഒമ്പതു വയസുള്ള സല്‍വ എന്ന പെണ്‍കുട്ടിയെ റേപ്പ് ചെയ്തു കൊന്ന സംഭവം വലിയ തോതില്‍ പ്രക്ഷോഭങ്ങളുണ്ടാക്കിയത്.

ചുള്ളിക്കോട് കവളമുക്കട്ട എന്ന സ്ഥലത്ത് 2009 ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. നിലമ്പൂരില്‍ നിന്ന് പത്തിരുപതു കിലോമീറ്റര്‍ ഉള്ളിലേക്കു നീങ്ങിയാണ് ആ സ്ഥലം. കാടിനോടു ചേര്‍ന്ന പ്രദേശമായതിനാല്‍ പേടിപ്പെടുത്തുന്ന വന്യതയും വല്ലാത്ത നിശബ്ദതയും അവിടത്തെ പ്രത്യേകതയാണ്. വാഹനങ്ങളുടെ മുരള്‍ച്ച വല്ലപ്പോഴുമേ കേള്‍ക്കാന്‍ കഴിയൂ. വലിയ ഒച്ചയും ബഹളവുമില്ലാതെ ശാന്തമായി ജീവിക്കുന്നവരാണ് അവിടെയുള്ളവര്‍. കുട്ടികളോടും സ്ത്രീകളോടുമൊക്കെ മര്യാദയോടും സ്‌നേഹത്തോടും കൂടിയേ പൊതുവേ പു രുഷന്മാര്‍ പെരുമാറാറുള്ളൂ.

അങ്ങനെയൊരിടത്ത് ഒമ്പതു വയസുള്ള ഒരു കുരുന്നിനെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം ശ്വാസം മുട്ടിച്ചു കൊന്നു എന്ന വാര്‍ത്ത പരന്നപ്പോള്‍ ജനം ഇളകി. ആ ക്രൂരകൃത്യം ചെയ്ത നരാധമനെ കൈയില്‍ കിട്ടിയാല്‍ പേപ്പട്ടിയെ കൊല്ലുന്നതു പോലെ തല്ലിക്കൊല്ലാനുള്ള രോഷത്തോടെ ജനം വിറളിപിടിച്ച് നാലുപാടും ഓടി.

**** സംഭവങ്ങളുടെ തുടക്കം ഇങ്ങനെ:
കവളമുക്കട്ട ഭാഗത്തുള്ള ഒരു പാവപ്പെട്ട വീട്ടിലെ ഇളയകുട്ടിയാണു സല്‍വ. സുന്ദരിയായ ഒരു കുസൃതിക്കുടുക്ക. അവളുടെ മാതാപിതാക്കള്‍ക്കു നാലു കുട്ടികളാണ്. സല്‍വയാണ് ഏറ്റവും ഇളയവള്‍. അവളുടെ ഉമ്മയും ബാപ്പയും ഒരുമിച്ചല്ല താമസം. എന്തോ കാരണത്താല്‍ ബാപ്പ വിട്ടുനി ല്‍ക്കുകയാണ്.
മദ്രസയില്‍ പോകാനായി പതിവു പോലെ രാവിലെ ആറരയ്ക്ക് വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു സല്‍വ. മദ്രസ വിട്ടു തിരിച്ചെത്തേണ്ട സമയമായിട്ടും അവള്‍ വന്നില്ല.

ആദ്യം സല്‍വയുടെ ഉമ്മ മദ്രസയില്‍ പോയി തിരക്കി. കുട്ടി മദ്രസയില്‍ എത്തിയിട്ടേയില്ല എന്നറിഞ്ഞതോടെ ആ പാവം സ്ത്രീ കുഴഞ്ഞുവീണു. ഉടന്‍തന്നെ മദ്രസ അദ്ധ്യാപകരും സല്‍വയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. വൈകുന്നേരമാണ് കുട്ടിയെ കാണാതായ വിവരം പോലീസിനു ലഭിക്കുന്നത്.

സല്‍വ എന്ന കുസൃതിക്കുടുക്കയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. കൊഞ്ചിക്കൊഞ്ചി വര്‍ത്തമാനം പറയുന്ന ഒരു മിടുക്കി. അവള്‍ക്ക് അപകടമൊന്നും പിണഞ്ഞിട്ടുണ്ടാവില്ല, ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടിലുണ്ടാകുമെന്നു വിശ്വസിക്കാനാണ് എല്ലാവരും ആഗ്രഹിച്ചത്. പക്ഷേ എന്തോ അപകടം പറ്റിയിരിക്കാം എന്ന ശക്തമായ തോന്നലും അവരെ വേട്ടയാടി. കുട്ടിയെ കണ്ടെത്താനായി നാട്ടുകാര്‍ നാലു പാടും ഓടി.

മദ്രസയിലേക്കു പോകുന്ന വഴിയോടു ചേര്‍ന്ന കിണറും കുളവും പാടവും പറമ്പുമൊക്കെ അവര്‍ അരിച്ചുപെറുക്കി. പിന്നെ സല്‍വ പോകാന്‍ സാദ്ധ്യതയുള്ള വീടുകള്‍... അവളുടെ കൂടെ മദ്രസയിലും സ്‌കൂളിലും പഠിക്കുന്ന കൂട്ടുകാരുടെ വീടുകള്‍... എല്ലായിടത്തും അന്വേഷിച്ചു. ആദ്യഘട്ടത്തില്‍ പോലീസിനെ അറിയിക്കാതിരുന്നത് സ്വന്തം നിലയില്‍ അന്വേഷിച്ചു കണ്ടെത്താമെന്ന തോന്നലുണ്ടായിരുന്നതു കൊണ്ടാണ്.

നമ്മുടെ നാട്ടിലെ കുട്ടിയല്ലേ... ഇവിടെ എവിടെയെങ്കിലും ഉണ്ടാവും... ദൂരെ എവിടെപ്പോകാന്‍... ഇതായിരുന്നു വിചാരം. പിന്നീട് ആ വിശ്വാസത്തിനു ബലം കുറഞ്ഞതോടെയാണ് പോലീസിനെ അറിയിക്കാമെന്ന തീരുമാനത്തിലെത്തിയത്.

സ്ഥലം എസ്.ഐ. ആയിരുന്ന സുനില്‍ പുളിക്കലിനാണ് ആദ്യം വിവരം ലഭിച്ചത്. ഇപ്പോള്‍ എടക്കരയിലെ സി.ഐയാണ് സുനി ല്‍. അന്നു നിലമ്പൂര്‍ സി.ഐ. ആയിരുന്ന എനിക്ക് സുനില്‍ വിവരം കൈമാറി.

ഞാന്‍ വാച്ചിലേക്കു നോക്കി. മണി നാലര കഴിഞ്ഞിരിക്കുന്നു. രാവിലെ 6.30-നു മദ്രസയില്‍ പോയ കുട്ടിയാണ്. കേട്ടപ്പോള്‍തന്നെ ചോര ഉറഞ്ഞു പോകുന്നതു പോലെ തോന്നി.

വസ്തുതകളെ വസ്തുതകള്‍ മാത്രമായിട്ടാണു കാണേണ്ടത്. പോലീസ് കാര്യങ്ങളെ വൈകാരികമായി സമീപിക്കാന്‍ പാടില്ല. പക്ഷേ സല്‍വ മിസിങ് കേസ് ഒരു പരിധിവരെ വൈകാരികമായിത്തന്നെയാണ് പോലീസിന് അനുഭവപ്പെട്ടത്. കാരണം പോലീസുകാരും മനുഷ്യരാണ്. ഞാനും എസ്.ഐ സുനില്‍ പുളിക്കലും ഉള്‍പ്പെടുന്ന പോലീസ് ടീം സംഭവസ്ഥലത്തേക്കു കുതിച്ചു.

സല്‍വയുടെ വീട്ടിലെ അവസ്ഥ ദയനീയമായിരുന്നു. അവളുടെ സഹോദരങ്ങളുടെ കണ്ണുകളില്‍ വല്ലാത്തൊരു ഭീതി നിഴലിച്ചിരുന്നു. അവര്‍ ദയനീയമായി ഞങ്ങളെ നോക്കി. സല്‍വയുടെ ഉമ്മയുടെ കാര്യം അതിലും കഷ്ടമായിരുന്നു. രാവിലെ മുതല്‍ എണ്ണിപ്പറഞ്ഞു കരഞ്ഞും നെഞ്ചത്തടിച്ചു നിലവിളിച്ചും ആ സാധുസ്ത്രീ തളര്‍ന്നുകിടക്കുകയാണ്. ഒന്നും ഉരിയാടാനാവാത്ത നിലയിലാണവര്‍. എങ്കിലും ഞങ്ങളോടു വിവരങ്ങള്‍ പറഞ്ഞു:
'എന്റെ പൊന്നുമോളെ കണ്ടുപിടിച്ചു തരണേ സാറന്മാരേ...' എന്ന യാചന അവരുടെ കണ്ണുകളില്‍നിന്നു ഞാന്‍ വായിച്ചെടുത്തു.

അത്യാവശ്യം വേണ്ട കുറച്ചു കാര്യങ്ങളാണ് ഞങ്ങള്‍ സല്‍വയുടെ ഉമ്മയോടു ചോദിച്ചത്. എന്തെങ്കിലും കാരണവശാല്‍ കുട്ടി വീട്ടില്‍നിന്നു പിണങ്ങിയാണോ പോയത്? മദ്രസയിലെ അദ്ധ്യാപകരില്‍ ആരെങ്കിലും പഠിക്കാത്തതിന് അവളെ അടിക്കുകയോ മറ്റോ ചെയ്തതായി മുമ്പു പറഞ്ഞിട്ടുണ്ടോ? അങ്ങനെ ചില കാര്യങ്ങള്‍.

'ഇല്ല' എന്നായിരുന്നു മറുപടി. വീട്ടുകാരോടു പിണങ്ങി, അവരെ പേടിപ്പിക്കാനായി ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടില്‍ പോവുക... അല്ലെങ്കില്‍ അദ്ധ്യാപകരുടെ കര്‍ശനമായ പെരുമാറ്റത്തില്‍ മനംനൊന്ത് മദ്രസയില്‍ പോകാതെ മറ്റെവിടെയെങ്കിലും പോയി നില്‍ക്കുക... ഇതിനൊന്നും സാദ്ധ്യതയില്ല എന്നു മനസിലായി. മദ്രസയിലെ അദ്ധ്യാപകരുമായും ഞങ്ങള്‍ സംസാരിച്ചു.

uploads/news/2018/08/238240/WeeklyCrimeStory020818.jpg

അവര്‍ക്ക് സ്വന്തം മകളെപ്പോലെ പ്രിയപ്പെട്ടവളാണു സല്‍വ. നന്നായി പഠിക്കുന്ന പൊന്നിന്‍കുടം. പോലീസ് പല ടീമായി പിരിഞ്ഞ് അന്വേഷിക്കാന്‍ തുടങ്ങി. നാട്ടുകാരും ഒപ്പം കൂടി. വിവരമറിഞ്ഞ് അയല്‍പ്രദേശങ്ങളില്‍നിന്നു വരെ ജനങ്ങള്‍ എത്തിത്തുടങ്ങി. കുട്ടിയെ കണ്ടെത്താന്‍ വൈകുന്ന ഓരോ നിമിഷവും ഒരു ദുരന്തം സംഭവിച്ചിരിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായി വേദനയോടെ ഞങ്ങള്‍ക്കു തോന്നി.

നാടു മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും സല്‍വയെ കണ്ടെത്താന്‍ പോലീസിനും നാട്ടുകാര്‍ക്കും കഴിഞ്ഞില്ല. കിണറ്റിലും കുളത്തിലുമൊക്കെ മുങ്ങിത്തപ്പി. അതിലൊന്നും വീണിട്ടില്ല. നാട്ടുകാരുടെ പരിപൂര്‍ണ സഹകരണത്തോടെയായിരുന്നു തിരച്ചില്‍. സംശയം പിന്നീട് പുറത്തുനിന്നു വന്നുപോകുന്ന വാഹനങ്ങളിലെത്തി. കുട്ടിയെ ആരെങ്കിലും വാഹനത്തില്‍ കയറ്റി കൊണ്ടുപോയിട്ടുണ്ടാകുമോ?

ചുള്ളിക്കോട് കവളമുക്കട്ട എന്ന പ്രദേശത്തേക്ക് വന്നതും അവിടെനിന്നു പുറത്തുപോയതുമായ എല്ലാ വാഹനങ്ങളെ കേന്ദ്രീകരിച്ചും ഞങ്ങള്‍ അന്വേഷണം നടത്തി. അധികം വാഹനങ്ങള്‍ വന്നു പോകുന്ന സ്ഥലമല്ല. ഏതെങ്കിലും വാഹനം പുറത്തുനിന്നു വന്നുപോയാല്‍ എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടും. അതുവഴി കടന്നുപോകുന്ന ബസുകളും വളരെ കുറവാണ്.

ബസിലെ യാത്രക്കാരെ ചോദ്യം ചെയ്തു. ആരുംതന്നെ സല്‍വ ബസിലോ കാറിലോ പോകുന്നതു കണ്ടിട്ടില്ല. ഒന്നുരണ്ടു ടാക്‌സി കാറുകള്‍ അവിടെയുണ്ട്. അവരെയും കണ്ടെത്തി ചോദ്യം ചെയ്തു. ഒരു തുമ്പും ലഭിച്ചില്ല.

കുട്ടി ചുള്ളിക്കോട് കവളമുക്കട്ട എന്ന സ്ഥലംവിട്ട് പുറത്തുപോയിട്ടില്ലെന്ന് ആദ്യം ഉറപ്പുവരുത്തി. കുണ്ടിലും കുളത്തിലുമൊക്കെ വീണ്ടും ഒരന്വേഷണം നടത്തി. സല്‍വയെ എങ്ങും കണ്ടില്ല.

എല്ലാ വീടുകളിലും കയറി പരിശോധിക്കുക എന്നതു മാത്രമായിരുന്നു പോലീസിന്റെ മുമ്പിലുള്ള അടുത്ത വഴി. അങ്ങനെ വീടുകളില്‍ കയറിയുള്ള സെര്‍ച്ച് തുടങ്ങി. വീടുകളിലെ ഓരോ മുറിയിലും കൂട്ടിയിട്ട സാധനങ്ങള്‍ക്കടിയിലും മുക്കിലും മൂലയിലുമെല്ലാം തിരഞ്ഞു. മുപ്പതോ നാല്‍പ്പതോ വീടുകളാണ് അവിടെ ആകെയുള്ളത്. അത്രയും വീടുകള്‍ അരിച്ചുപെറുക്കാന്‍തന്നെ തീരുമാനിച്ചു.

നേരം ഇരുട്ടുംതോറും സല്‍വയെ അപകടമൊന്നുമില്ലാതെ തിരികെ കിട്ടുമെന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റുകൊണ്ടിരുന്നു. എങ്കിലും ആ കുരുന്നിന് ഒരപകടവും വരരുതേ എന്ന പ്രാര്‍ത്ഥന എല്ലാ മനസുകളും ഉരുവിട്ടു.

ഇതിനിടെ സല്‍വയുടെ വീട്ടില്‍നിന്ന് അവളുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ കഴിഞ്ഞു.

വലിയ പ്രദേശമല്ലാത്തതുകൊണ്ട് രാത്രിയോടെ എല്ലാ വീടുകളും സെര്‍ച്ച് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ ജോലി തുടര്‍ന്നു. അപ്പോള്‍ സ്ത്രീകള്‍ റോഡരികില്‍നിന്നു വിലപിക്കുന്നതു കാണാമായിരുന്നു.

നാടു മുഴുവന്‍ സല്‍വ എന്ന പെണ്‍കുട്ടിക്കു വേണ്ടി കേണുകൊണ്ടിരുന്ന മണിക്കൂറുകള്‍...
നേരം ഇരുട്ടിത്തുടങ്ങി. ഓരോ നിമിഷത്തിനും കനം കൂടുന്നതുപോലെ...

സംഭവിക്കാന്‍ പാടില്ലാത്തതെന്തോ സല്‍വയ്ക്കു സംഭവിച്ചിരിക്കുന്നു എന്ന് പോലീസ്ബുദ്ധിയില്‍ തോന്നി. കാരണം, തികച്ചും അസ്വാഭാവികമാണു സാഹച ര്യം. എന്താണു സംഭവിച്ചിരിക്കുന്നത് എ ന്നു മാത്രമേ ഇനി അറിയാനുള്ളൂ. ആ ദുര ന്തവാര്‍ത്ത താങ്ങാനുള്ള മനക്കരുത്ത് സല്‍വയുടെ ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഉണ്ടാകുമോ?

വീടുകള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. സമയം ഏഴു മണിയോട് അടുക്കാറായി. സല്‍വയുടെ അദ്ധ്യാപകരുമായി സംസാരിച്ചപ്പോള്‍ കിട്ടിയ ഒരു വിവരം മനസില്‍ ആശങ്ക പടര്‍ത്തുന്നതായിരുന്നു.

''സല്‍വയ്ക്ക് ഒമ്പതു വയസേ ഉള്ളൂവെങ്കിലും പ്രായത്തില്‍ കവിഞ്ഞ ശാരീരിക വളര്‍ച്ചയുണ്ട്.''
അദ്ധ്യാപകരില്‍ ഒരാള്‍ പറഞ്ഞു. ആ വിവരം എന്റെയുള്ളില്‍ ഭീതി പടര്‍ത്തി.

(തുടരും....)

തയാറാക്കിയത്:
സലിം ഇന്ത്യ

Ads by Google
കഴുമരത്തിന്റെ നിഴലില്‍ / എ.പി. ചന്ദ്രന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് സ്‌പെഷല്‍ സെല്‍, കോഴിക്കോട്)
Thursday 02 Aug 2018 10.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW