Sunday, October 21, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 04.18 PM

കുട്ടികള്‍ക്ക് വേണം ആരോഗ്യശീലങ്ങള്‍

''പഠനത്തില്‍ ശ്രദ്ധ നല്‍കുന്നതിനൊപ്പം കുഞ്ഞുങ്ങളെ നല്ല വ്യക്തികളായി രൂപപ്പെടുത്തുന്നതിലും മാതാപിതാക്കള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വമുണ്ട്. ഈ അധ്യായന വര്‍ഷം ചില ആരോഗ്യശീലങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാം''
uploads/news/2018/07/237417/kidsfodcare300718.jpg

സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളുടെ കാര്യത്തില്‍ അമ്മമാര്‍ക്കുള്ള ആശങ്കയും ആരംഭിക്കും. ഭക്ഷണം, ശുചിത്വം തുടങ്ങി പഠനം വരെ അമ്മമാരുടെ വേവലാതികളില്‍പ്പെടും.

പഠനത്തില്‍ ശ്രദ്ധ നല്‍കുന്നതിനൊപ്പം കുഞ്ഞുങ്ങളെ നല്ല വ്യക്തികളായി രൂപപ്പെടുത്തുന്നതിലും മാതാപിതാക്കള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വമുണ്ട്. ഈ അധ്യായന വര്‍ഷം ചില ആരോഗ്യശീലങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാം.

ഭക്ഷണശീലം കുട്ടികളില്‍


കുട്ടികള്‍ പഠിച്ച് മിടുക്കരാകണമെന്നു ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. പഠനകാലയളവില്‍ കുട്ടികള്‍ക്ക് നല്ല ബുദ്ധി ശക്തിയാണ് എല്ലാ മാതാപിതാക്കളും പ്രതീക്ഷിക്കുന്നത്.

ജനിതകമായി നിര്‍ണയിക്കപ്പെട്ട അളവിലേക്ക് ബുദ്ധി വളരുവാന്‍ അനുകൂല സാഹചര്യങ്ങളും നല്ല ഭക്ഷണവും അത്യാവശ്യമാണ്. ആദ്യത്തെ രണ്ടു വയസ് വരെയാണ് മസ്തിഷ്‌കത്തിന്റെ വളര്‍ച്ച ഏറ്റവുമധികം ഉണ്ടാകുന്നത്. ഈ കാലയളവില്‍ മുലപ്പാല്‍ ലഭിക്കുകയെന്നത് വളരെ പ്രധാനമാണ്.

രണ്ടു വയസിനു ശേഷം കുട്ടികളുടെ ഭക്ഷണകാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്്കൂളില്‍ പോയി തുടങ്ങുമ്പോള്‍ മുതല്‍. ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടി എന്തെങ്കിലും കഴിക്കട്ടെയെന്നു കരുതി ജങ്ക്ഫുഡ് നല്‍കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകാറുണ്ട്.

ജങ്ക് ഫുഡ്‌സിനേക്കാള്‍ ഇരുമ്പ് സത്തുള്ള ആഹാരം കുട്ടികള്‍ക്ക് വളരെ അത്യാവശ്യമാണ്. അതിനാല്‍ ഇലക്കറികള്‍, പച്ചക്കറികള്‍, പലതരം പഴങ്ങള്‍, നട്‌സ്, തവിട് നീക്കാത്ത ധാന്യങ്ങള്‍, മീന്‍, ഇറച്ചി എന്നിവ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പൊണ്ണത്തടിയും ഭക്ഷണരീതിയും


ഓരോ കുട്ടിക്കും ഓരോ പ്രായത്തിലും ഉണ്ടാകുന്ന വളര്‍ച്ചയുടെ തോത് വ്യത്യസ്തമായിരിക്കും. അതിനാനുപാതികമായിട്ടുള്ള വിശപ്പായിരിക്കും കുട്ടിക്കുണ്ടാകുക. കുട്ടികളെ വല്ലാതെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന ശീലം ഒഴിവാക്കണം.

പുറത്തുനിന്നും വാങ്ങിയ ഭക്ഷണത്തെക്കാള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അനുയോജ്യം. ദോശ, ഇഡ്ഡലി, പുട്ട്, ചോറ്, ചപ്പാത്തി, കൊഴുക്കട്ട എന്നിവ നല്‍കാം.

uploads/news/2018/07/237417/kidsfodcare300718a.jpg

ഫാസ്റ്റ് ഫുഡ്, ബേക്കറി സാധനങ്ങള്‍, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ അധികം കഴിക്കുകയും അതിനു ആനുപാതികമായ ശാരീരിക അധ്വാനമോ വ്യായാമങ്ങളോ ഇല്ലാതാകുന്നതും പൊണ്ണത്തടിക്ക് കാരണമാകുന്നു. കൂടുതല്‍ സമയം ടിവി, മൊബൈല്‍, ലാപ്‌ടോപ്, വീഡിയോ ഗെയിം എന്നിവ ഉപയോഗിക്കുന്നതും അതിനിടയില്‍ ചിപ്‌സ്, കോള തുടങ്ങിയ ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്ന ശീലവും ഒഴിവാക്കണം.

അമിതവണ്ണം വരുത്തുന്ന ഇത്തരം ശീലങ്ങള്‍ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്. ആവശ്യമുള്ള ഭക്ഷണം മാത്രം കഴിച്ചു ശീലിപ്പിക്കുക. അമിത ഭക്ഷണം കഴിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്. ഫ്രൈ ചെയ്ത ഭക്ഷണം അതീവ രുചികരമാണ്, എന്നാല്‍ ആരോഗ്യത്തിന് ഹാനീകരവും. അതിനാല്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

സമീകൃതാഹാരം തിരഞ്ഞെടുക്കാം


ഏതുപ്രായക്കാര്‍ക്കും ഭക്ഷണത്തിലൂടെ പ്രധാനമായും ലഭിക്കേണ്ട അഞ്ചു ഘടകങ്ങളുണ്ട്. കാര്‍ബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീന്‍ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്), വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ (നാരുകള്‍) എന്നിവ. ഈ അഞ്ചു ഘടകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണത്തെയാണ് സമീകൃതാഹാരം എന്നു പറയുന്നത്.

വില കൂടിയതോ സ്വാദേറിയതോ ആയ ഭക്ഷണം സമീകൃതമായിക്കൊള്ളണമെന്നില്ല. അതിനാല്‍ കുട്ടികളുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ സമീകൃതാഹാരത്തിനുള്ള പങ്ക് ഒഴിവാക്കാനാകില്ല.

*** കാര്‍ബോഹൈഡ്രേറ്റ് : -
ദിവസേന പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുകയാണ് കാര്‍ബോഹൈഡ്രേറ്റിന്റെ ധര്‍മ്മം. നാം കഴിക്കുന്ന ധാന്യങ്ങളിലും കിഴങ്ങുകളിലും മധുരിക്കുന്ന പഴങ്ങളിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.

*** മാംസ്യം (പ്രോട്ടീന്‍) : -
ശരീരവളര്‍ച്ചയ്ക്ക് മാംസ്യം അത്യാവശ്യമാണ്. കൂടാതെ ശരീരത്തില്‍ നടക്കുന്ന പല പ്രധാന പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നതിനും പ്രോട്ടീന്‍ ആവശ്യമാണ്. പയറുവര്‍ഗങ്ങളിലും ധാന്യങ്ങളിലും മീന്‍, മുട്ട, ഇറച്ചി എന്നിവയിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

*** കൊഴുപ്പ്: -
ഏറ്റവുമധികം ഊര്‍ജം ലഭിക്കുന്നത് കൊഴുപ്പില്‍ നിന്നാണ്. ഭക്ഷണത്തിനു രുചി പകരുന്നതും ഇവ തന്നെ. എണ്ണ, നെയ്യ് എന്നിവ കൂടാതെ പയറു വര്‍ഗങ്ങളിലും മീന്‍, മുട്ട, പാല്‍ എന്നിവയിലും കൊഴുപ്പ് അടങ്ങിയിരിക്കുന്നു. കൊഴുപ്പ് ശരീരത്തിനു ആവശ്യമാണെങ്കിലും ഒട്ടും അധികമാകാതെ നോക്കേണ്ടതുണ്ട്.

***വിറ്റാമിനുകളും ധാതുക്കളും: -
പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, എന്നിവയിലാണ് വിറ്റാമിനുകളും ധാതുക്കളും ഏറ്റവുമധികമുള്ളത്. വേവിക്കാതെ കഴിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

*** നാരുകള്‍: -
പച്ചക്കറികളിലും പഴങ്ങളിലും നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണത്തില്‍ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തണം.

ശുചിത്വവും കൃത്യമായ ദിനചര്യയും


സ്‌കൂളില്‍ പോയി തുടങ്ങുന്നതോടെ കുട്ടികളുടെ ദൈനംദിന പ്രവര്‍ത്തികളില്‍ കൃത്യതയുണ്ടാകും. ശുചിത്വവും കൃത്യമായ ദിനചര്യയും പാലിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കളാണ്. ചെറിയ പ്രായത്തില്‍ തന്നെ ശുചിത്വം പാലിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം.

ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകാന്‍ ശീലിപ്പിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ ചവയ്ക്കുന്ന ശബ്ദം കേള്‍പ്പിക്കരുത്, ഭക്ഷണം വായില്‍ വച്ചുകൊണ്ട് സംസാരിക്കരുത് എന്നിങ്ങനെയുള്ള ടേബിള്‍ മാനേഴ്‌സ് കുട്ടികളെ പഠിപ്പിക്കണം. ദിവസവും രണ്ടുനേരം പല്ലു തേക്കാനും ശരീരം വൃത്തിയായി സൂക്ഷിക്കാനും കുട്ടികളെ ശീലിപ്പിക്കുക.

uploads/news/2018/07/237417/kidsfodcare300718b.jpg

പകല്‍സമയത്ത് ഉണ്ടാകുന്ന ഊര്‍ജനഷ്ടം രാത്രി ഉറക്കത്തിലൂടെയാണ് വീണ്ടെടുക്കാനാവുക. ചെറിയ കുഞ്ഞുങ്ങളെ രാത്രി നേരത്തെ ഉറങ്ങാന്‍ ശീലിപ്പിക്കണം. നല്ല ഉറക്കം ലഭിക്കുന്നതിലൂടെ ഊര്‍ജനഷ്ടം വീണ്ടെടുക്കാനാകും. കൂടാതെ സ്‌കൂളില്‍ പോയി തുടങ്ങുന്നതോടെ കുട്ടികള്‍ നേരത്തെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കേണ്ടതും വളരെ പ്രധാനമാണ്.

കുട്ടികള്‍ കളിച്ചു വളരട്ടെ


മൊബൈല്‍ ഫോണിന്റെയും വീഡിയോ ഗെയിമിന്റെയും ലോകത്തുനിന്നും കളികളിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരാം. പഠനത്തോടൊപ്പം കായികാധ്വാനങ്ങള്‍ക്കും അല്‍പം സമയം അനുവദിക്കുക.

കുട്ടികള്‍ വീടിനുള്ളില്‍ അടങ്ങിയിരിക്കാന്‍ മൊബൈലും കാര്‍ട്ടൂണുകളും കാണാന്‍ അനുവദിക്കുകയാണ് പുതുതലമുറ മാതാപിതാക്കള്‍ ചെയ്യുന്നത്. മണിക്കൂറുകളോളം ഡിജിറ്റല്‍ സ്‌ക്രീനുകളുടെ മുന്നില്‍ ചെലവിടുന്നത് കുട്ടികളുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കും.

ടിവിയുടേയും മൊബൈലിന്റെയും മുന്നില്‍ ചടഞ്ഞുകൂടുന്നത് അമിതവണ്ണം, ഉറക്കമില്ലായ്മ, സ്വഭാവത്തിലുള്ള വൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കുറച്ചു സമയം അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ മാതാപിതാക്കളും കണ്ടെത്തണം. ആഴ്ചയില്‍ ഒരിക്കല്‍ കുട്ടികളെ പാര്‍ക്കില്‍ കൊണ്ടുപോകാം.

കളികളില്‍ ഏര്‍പ്പെടുന്നത് കുട്ടികളെ ഊര്‍ജസ്വലരാക്കും. രസകരമായതും പ്രായത്തിനിണങ്ങുന്നതുമായ കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ സഹായിക്കുക. കൂട്ടുകാരില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് തന്നെ കുട്ടികളുടെ സഹകളിക്കാരാകാം. ക്രിക്കറ്റ്, ഫുട്‌ബോള്‍, സൈക്ലിങ് ബാഡ്മിന്റണ്‍, തുടങ്ങിയവ കുട്ടികളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഉത്തരവാദിത്വം അറിഞ്ഞു വളരണം


പഴയകാലത്ത് അടുക്കള ജോലികള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതായിരുന്നു. കാലം മാറിയതോടെ ആണ്‍കുട്ടികളും വീട്ടുകാര്യങ്ങള്‍ നോക്കി തുടങ്ങി. കുട്ടിക്കാലം മുതല്‍ വീട്ടിലെ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാം. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരുപോലെ ചെറിയ ചുമതലകള്‍ നല്‍കുക.

ഭാവിയില്‍ വീട്ടുകാര്യങ്ങള്‍ ചെയ്യാന്‍ ചെറിയ പ്രായം മുതല്‍ കുട്ടികളെ ശീലിപ്പിക്കുന്നത് ഗുണം ചെയ്യും. സ്വന്തം കളിപ്പാട്ടങ്ങള്‍ അടുക്കി വയ്ക്കുന്നതുള്‍പ്പെടെയുള്ള ചെറിയ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ ശീലിപ്പിക്കാം.

പഠനമേശ വൃത്തിയാക്കുക, സ്‌കൂള്‍ ബാഗില്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ സ്വയം ചെയ്യട്ടെ. മുതിരുന്നതിനനുസരിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കണം. കഴിച്ച പാത്രങ്ങള്‍ കഴുകാനും സ്വന്തം ബെഡ് വിരിക്കാനും മുറികള്‍ വൃത്തിയാക്കാനുമൊക്കെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശീലിക്കട്ടെ.

1. പണത്തിന്റെ മൂല്യമറിഞ്ഞു വളരാന്‍ കുട്ടികളെ പ്രാപ്തരാക്കുക. ചെറിയ പ്രായത്തില്‍ തന്നെ പണക്കുടുക്ക വാങ്ങി നല്‍കാം. പോക്കറ്റ്മണിയായി കിട്ടുന്ന തുക കുടുക്കയില്‍ നിക്ഷേപിക്കാന്‍ കുട്ടികളെ സഹായിക്കുക. കുട്ടികളുടെ ചെറിയ ആവശ്യങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കാം. സമ്പാദിക്കുന്ന ശീലം കുട്ടികളില്‍ വളര്‍ത്താന്‍ ഇതു സഹായിക്കും.

uploads/news/2018/07/237417/kidsfodcare300718c.jpg

മൂല്യങ്ങള്‍ പഠിക്കട്ടെ


1. പങ്കുവയ്ക്കലിന്റെ ഗുണം അറിഞ്ഞു വേണം കുട്ടികള്‍ വളരേണ്ടത്. കരുതല്‍, സ്‌നേഹം, സൗഹൃദം ഇവയെല്ലാം പ്രകടിപ്പിക്കാന്‍ പങ്ക് വയ്ക്കലിലൂടെ കഴിയുമെന്ന് കുട്ടികള്‍ക്ക് അറിവ് പകരണം. ചുറ്റുമുള്ളവരോട് കരുതല്‍ കാണിക്കണമെന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഏറ്റവും അടുപ്പമുള്ളവരോട് പങ്ക് വയ്ക്കണമെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ദിവസവും ഒരു നേരമെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം. സൗഹൃദങ്ങള്‍ ജീവിതത്തില്‍ വളരെ പ്രധാനമാണെന്നു കുട്ടികളെ പറഞ്ഞു മനസിലാക്കണം. കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയ്ക്ക് സൗഹൃദങ്ങള്‍ മുതല്‍ക്കൂട്ടാകും. നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ സഹായിക്കാനാകും.

2. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുക. വായന വളരെ പ്രധാനമാണ്. ഭാഷ, ആശയവിനിമയം, പദസമ്പത്ത് തുടങ്ങിയവ വര്‍ധിപ്പിക്കാനും ഭാവന വളര്‍ത്താനും അറിവ് വര്‍ധിപ്പിക്കാനും വായന സഹായിക്കും.
എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണാന്‍ കുട്ടികളെ പഠിപ്പിക്കുക. കുട്ടികളോട് ശാന്തമായും പോസിറ്റീവായും മാത്രം സംസാരിക്കുക. അമിത പ്രതീക്ഷ പുലര്‍ത്തി അവര്‍ക്ക് സമ്മര്‍ദമുണ്ടാകുന്ന രീതിയില്‍ പെരുമാറരുത്. പൊള്ളയായ വാഗ്ദാനങ്ങളും ഒഴിവാക്കണം.

3. മുതിര്‍ന്നവരോട് ബഹുമാനത്തോടെ പെരുമാറാന്‍ പഠിപ്പിക്കണം. സമപ്രായക്കാരും ഇളപ്പമുള്ളവരും ഉള്‍പ്പെടെ എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നു വേണം കുട്ടിയെ പറഞ്ഞു പഠിപ്പിക്കേണ്ടത്. മറ്റുള്ളവരോട് അനാവശ്യമായി ദേഷ്യപ്പെട്ടു സംസാരിക്കുക, താഴ്ത്തിക്കെട്ടി സംസാരിക്കുക, നിറം, ശരീരഘടന, രോഗം ഇവയുടെയെല്ലാം പേരില്‍ പരിഹസിക്കുക ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഒരാള്‍ക്ക് നല്‍കുന്ന ബഹുമാനമാണെന്നു കുട്ടിയെ പറഞ്ഞു പഠിപ്പിക്കുക. ഉപകാരം ചെയ്താല്‍ നന്ദി പറയുകയും കഴിയുന്ന പ്രത്യുപകാരം തിരികെ ചെയ്യുന്നതും വളരെ പ്രധാനമാണെന്നു കുട്ടിയെ ഓര്‍മിപ്പിക്കുക.

4. സത്യന്ധത ഏറ്റവും വലിയ മൂല്യമാണെന്നു കുട്ടിയെ പഠിപ്പിക്കുക. മുതിര്‍ന്നവര്‍ ഒരിക്കലും കുട്ടികളുടെ മുന്നില്‍ നുണ പറയരുത്. എത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന സന്ദര്‍ഭത്തിലും സത്യം മാത്രം പറയാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. മറ്റുള്ളവരുടെ സാധനങ്ങള്‍ അവരുടെ അറിവോടെയല്ലാതെ എടുക്കരുതെന്നും അതു മോശമാണെന്നും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.

5. ജീവിതം എല്ലായ്‌പ്പോഴും ജയം മാത്രമല്ല നല്‍കുന്നത്. തോല്‍വികളെ അംഗീകരിക്കാനും അവയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് സ്വയം മെച്ചപ്പെടുത്താനും കുട്ടികളെ സഹായിക്കണം. തോല്‍വികളിലും വീഴ്ചകളിലും പതറുകയോ സങ്കടപ്പെടുകയോ ചെയ്യുന്നതില്‍ കാര്യമില്ലെന്നു കുട്ടിയെ പറഞ്ഞു മനസിലാക്കുക. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റങ്ങളാണ് കുട്ടി അനുകരിക്കുക. അതുകൊണ്ട് മുതിര്‍ന്നവര്‍ നല്ല ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ മാത്രമേ കുട്ടികളും അതു ശീലിക്കൂ എന്നോര്‍മിക്കുക.

അശ്വതി രതീഷ്
ഡയറ്റിഷന്‍
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Monday 30 Jul 2018 04.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW