Wednesday, December 19, 2018 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 02.55 PM

കുഴിനഖം പ്രശ്‌നമാകുമ്പോള്‍ കുഴിനഖം മാറാന്‍ എന്തുചെയ്യും?

ജനറല്‍ മെഡിസിന്‍
uploads/news/2018/07/236663/askdrgenmedicn270718.jpg

''കുഴിനഖം വളരെ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ഇത് സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന വേദനയും ചുവന്ന നിറവും നഖത്തിന് ചുറ്റും ബാക്ടീരിയയുടെ അണുബാധമൂലമാകാം. എന്നാല്‍ വളരെ നാളുകളായി നിലനില്‍ക്കുന്ന കുഴിനഖം ഫംഗസ് അണുബാധമൂലമാണ് ഉണ്ടാകുന്നത്. "

കുഴിനഖം പ്രശ്‌നമാകുമ്പോള്‍ കുഴിനഖം മാറാന്‍ എന്തുചെയ്യും?


എനിക്ക് 49 വയസ്. കുഴിനഖം മൂലം നടക്കാന്‍ ബുദ്ധിമുട്ടാണ്. എന്റെ കുട്ടികള്‍ക്കും കുഴിനഖമുണ്ട്. കുട്ടികള്‍ക്ക് ഇപ്പോള്‍ ഇരുപത്തിമൂന്നും ഇരുപത്തി നാലും വയസുണ്ട്. അതില്‍ ഒരാള്‍ സ്‌പോര്‍ട്‌സ് താരമാണ്. ഷൂ ധരിക്കാനും ഓടാനുമൊക്കെ ഈ കുഴിനഖം തടസമാകുന്നുണ്ട്. നഖം വെട്ടിക്കളഞ്ഞാലും വീണ്ടും കുഴിനഖമുണ്ടാകും. കുഴിനഖം മാറാന്‍ എന്തുചെയ്യും?
------ നാസര്‍ , കൂനമ്മാവ്

കുഴിനഖം വളരെ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ഇത് സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന വേദനയും ചുവന്ന നിറവും നഖത്തിന് ചുറ്റും ബാക്ടീരിയയുടെ അണുബാധമൂലമാകാം. എന്നാല്‍ വളരെ നാളുകളായി നിലനില്‍ക്കുന്ന കുഴിനഖം ഫംഗസ് അണുബാധമൂലമാണ് ഉണ്ടാകുന്നത്.

ബാക്ടീരിയ ബാധമൂലമുണ്ടാകുന്ന നഖത്തിന് ചുറ്റുമുള്ള പഴുപ്പ് കീറിക്കളയുകയും ആന്റിബയോട്ടിക് വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ഇതില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നു.

ഫംഗസ്ബാധമൂലമുള്ള കുഴിനഖത്തിന് കീറ്റോകൊണസോള്‍, ഫ്‌ളൂകൊണസോള്‍ തുടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇതുപോലെ സാധാരണയായി കാണുന്ന മറ്റൊരു പ്രശ്‌നമാണ് ഉള്ളിലേക്ക് വളരുന്ന നഖം. ഇത് പ്രധാനമായും കാലിലെ നഖങ്ങളിലാണ് കാണുന്നത്.

പ്രത്യേകിച്ച് തള്ളവിരലില്‍. ഇത് പുരുഷന്മാരിലാണ് കൂടുതല്‍. ഇത് വിരലുകളില്‍ വേദനയ്ക്കും അണുബാധയ്ക്കും നഖത്തിന്റെ വശങ്ങളിലും നഖത്തിനു ചുറ്റും നീര്‍ക്കെട്ടിനും കാരണമാകുന്നു. ഇറുകിയ ഷൂസ് ധരിക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലാണ്.

ചിലരില്‍ ഇത് പാരമ്പര്യമായി ഉണ്ടാകാനും സാധ്യതയുണ്ട്. അമിത വണ്ണമുള്ളവരിലും വിരലിന്റെ അഗ്രഭാഗത്ത് മുറിവേറ്റവര്‍ക്കും നഖം ഉള്ളിലേക്ക് വളരാനുള്ള സാധ്യതകൂടുതലാണ് ഇത്തരക്കാര്‍ക്ക് നഖത്തിന്റെ ഉള്ളിലേക്ക് വളര്‍ന്നഭാഗം ചെറിയ ഓപ്പറേഷനിലൂടെ എടുത്തുകളയുന്നതായിരിക്കും നല്ലത്.

ഉള്ളിലേക്ക് വളരുന്ന നഖം കുഴിനഖത്തിന് കാരണമാവാം. ഫംഗസ് ബാധമൂലമുള്ള കുഴിനഖം കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. കൈ കാലുകള്‍ വളരെയധികം സമയം നനഞ്ഞിരിക്കുന്നവരില്‍ ഇതിനുസാധ്യത വളരെ കൂടുതലാണ്.

കുഴിനഖവും നഖത്തിനുചുറ്റും പഴുപ്പും ഉള്ളവര്‍ രക്തപരിശോധന നടത്തി പ്രമേഹം ഇല്ലെന്ന് ഉറപ്പുവരുത്തണം. അതുപോലെ വിട്ടുമാറാത്ത കുഴിനഖമുള്ളവര്‍ നഖത്തിന്റെ അഗ്രഭാഗം ഉള്ളിലേക്ക് വളരുന്നുണ്ടോ എന്നുനോക്കി ചികിത്സിക്കേണ്ടതാണ്

വിട്ടുമാറാത്ത തലവേദന


40 വയസ്. അടിക്കടി അനുഭവപ്പെടുന്ന തലവേദനയാണ് എന്നെ അലട്ടുന്ന പ്രശ്‌നം. തലയുടെ ഒരു ഭാഗത്താണ് വേദന ഉണ്ടാകുന്നത്. മരുന്ന് കഴിച്ചാലോ വേദനസംഹാരികള്‍ പുരട്ടിയാലോ ശമനം ലഭിക്കുന്നില്ല. എന്നാല്‍ ഛര്‍ദിച്ചു കഴിയുമ്പോള്‍ ആശ്വാസം കിട്ടും. രാവിലെയോ വൈകുന്നേരമോ ആണ് ഇത് ഉണ്ടാകുന്നത്. എന്തെങ്കിലും ഗുരുതരരോഗത്തിന്റെ ലക്ഷണമാണോയിത്?
------ പ്രമോദ് , തലയോലപ്പറമ്പ്

ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തതായി ആരും തന്നെയില്ലെന്ന് പറയാം. അത്രയ്ക്ക് സാധാരണമാണ് തലവേദന. ടെന്‍ഷന്‍, ഉറക്കക്കുറവ്, വിശ്രമമില്ലായ്മ തുടങ്ങിയ നിസാരപ്രശ്‌നങ്ങള്‍ മുതല്‍ തലച്ചോറിലെ രക്തസ്രാവം, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ സങ്കീര്‍ണപ്രശ്‌നങ്ങള്‍ വരെ തലവേദനയ്ക്ക് കാരണമാവാം. അതുകൊണ്ട് തലവേദന ഒരു രോഗലക്ഷണമാണെന്ന് പറയുന്നതാവും ശരി.

കത്തില്‍ തലവേദനയെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും വ്യക്തമല്ലെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് മൈഗ്രേന്‍ വിഭാഗത്തില്‍ പെടുന്ന തലവേദനയാകാനാണ് സാധ്യത. കൂടെക്കൂടെയുണ്ടാകുന്ന ശക്തമായ തലവേദനയാണ് മൈഗ്രേന്‍ ബാധിതരില്‍ കാണുന്നത്. ചിലര്‍ക്ക് തലവേദനയോട് അനുബന്ധിച്ച് കണ്ണിനു മുമ്പില്‍ മിന്നാമിനുങ്ങുകള്‍ പോലെ പ്രകാശ രേഖകള്‍ കാണാം.

ശബ്ദം വെളിച്ചം എന്നിവയെല്ലാം തലവേദനയുടെ തീവ്രത വര്‍ധിപ്പിക്കാം. ചിലരില്‍ ഓക്കാനവും ഛര്‍ദിയും കാണാം. എന്തായാലും ഡോക്ടറെ കണ്ട് പരിശോധന നടത്താന്‍ വൈകിക്കണ്ട. തലവേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം എന്ന കാര്യം മറക്കണ്ട.

ഇടുപ്പില്‍ വേദന


എനിക്ക് 54 വയസ്. ഇടുപ്പിന്റെ ഭാഗത്തായി ഇടയ്ക്കിടെ ശക്തമായ വേദന അനുഭവപ്പെടുന്നു. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ മാത്രമേ ഇങ്ങനെ വേദന അനുഭവപ്പെടുന്നുള്ളൂ. അതിനാല്‍ ഇതുവരെ ഡോക്ടര്‍മാരെയൊന്നും കാണിച്ചില്ല. ഡോക്ടറെകണ്ട് വിശദമായ പരിശോധന ആവശ്യമായി വരുമോ?
----- റേച്ചല്‍ തോമസ് , നെടുങ്കണ്ടം

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും ആന്തരികാവയവങ്ങളുടെ പ്രശ്‌നം കൊണ്ടും ഇടുപ്പെല്ലിന്റെ ഭാഗത്തായി വേദനയുണ്ടാവാം. ഇടയ്ക്കിടെ മാത്രമുള്ള ശക്തമായവേദന ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യത.

മൂത്രത്തില്‍ കല്ലിന്റെ അസുഖമുള്ളവരില്‍ സാധാരണയായി ഇത്തരത്തിലുള്ള വേദനയും മൂത്രസംബന്ധമായ പ്രശ്‌നങ്ങളും കാണാറുണ്ട്. എന്തുതന്നെയായാലും ഡോക്ടറെ കണ്ട് രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാവും ഉചിതം. രക്തസമ്മര്‍ദവുമായോ അതിന്റെ മരുന്നുമായോ ഈ വേദനയ്ക്കു പ്രത്യേക ബന്ധമുണ്ടാവാന്‍ സാധ്യതയില്ല.

ആണിരോഗത്തിന് ചികിത്സ


എനിക്ക് കാലില്‍ ആണിരോഗമുണ്ട്. എട്ടുപത്തുവര്‍ഷമായി ഇങ്ങനെ കണ്ടുതുടങ്ങിയിട്ട്. ആദ്യം വലതുകാലില്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഇടതു കാലിലും കാണപ്പെട്ടു. നിരവധി മരുന്നുകള്‍ പരീക്ഷിച്ചുനോക്കി. കുറവൊന്നും കാണുന്നില്ല. വേദന കാരണം നടക്കാന്‍ പോലും ബുദ്ധിമുട്ട് ഉണ്ട്. ആണിരോഗം ഉണ്ടാകാന്‍ കാരണമെന്താണ്? ഇത് പാരമ്പര്യമായി ഉണ്ടാകുന്നതാണോ? ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമോ?
---- അനിരുദ്ധന്‍ , കിടങ്ങൂര്‍

ആണിരോഗം സാധാരണയായി കാല്‍പാദത്തിലും വിരലുകളിലുമാണ് കാണുന്നത്. കാല്‍പാദത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമ്മര്‍ദങ്ങളുടെ വ്യത്യാസവും അതുമൂലം കാല്‍പാദത്തിന്റെ ചര്‍മ്മത്തിലുണ്ടാകുന്ന ക്ഷതവുമാണ് ആണിരോഗത്തിന് കാരണം. സാധാരണയായി നടക്കുമ്പോഴുള്ള കാല്‍വേദനയാണ് ആണിരോഗത്തിന്റെ ലക്ഷണം.

എന്നാല്‍ അപൂര്‍വമായി ഇതില്‍ അണുബാധ (ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ മൂലം) യും സങ്കീര്‍ണതകള്‍ ഉണ്ടാകും. പ്രത്യേകിച്ച് പ്രമേഹരോഗികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും. ആണിരോഗം പ്രായമായവരിലാണ് കൂടുതലായും കണ്ടുവരുന്നത്.

കാല്‍പാദത്തിന്റെ ഘടനയിലുള്ള വ്യതിയാനം കാലിലേക്കുള്ള നാഡികളിലുണ്ടാകുന്ന അസുഖം, ഇറുകിയ ഷൂസ്, കഠിനമായ അധ്വാനം എന്നിവ ആണിരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ആണിരോഗത്തിന് ഫലപ്രദമായ നിരവധി മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ അതിസങ്കീര്‍ണമായ ആണിരോഗങ്ങള്‍ക്ക് ചെറിയ ഓപ്പറേഷന്‍ ആവശ്യമായി വരും.

ഇറുകിയ ഷൂസും മറ്റും ഒഴിവാക്കി കാലുകള്‍ക്ക് അനുയോജ്യമായ പാദരക്ഷകള്‍ ഉപയോഗിക്കുക എന്നതാണ് ആണിരോഗം തടയുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. അമിതഭാരമുള്ളവര്‍ തടികുറയ്ക്കുന്നതും ആണിരോഗം മൂലമുള്ള വേദനകുറയാന്‍ സഹായിക്കുന്നു. എന്നാല്‍ ആണിരോഗം ചികിത്സിച്ച് ഭേദമാക്കിയാലും വീണ്ടും വരാനുള്ള സാധ്യത പൊതുവേ കൂടുതലാണ്. ഒരു ചര്‍മരോഗ വിദഗ്ധന്റെയോ സര്‍ജന്റെയോ നിര്‍ദേശപ്രകാരം ചികിത്സ തുടരുന്നതാവും ഉചിതം.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW