ഷീല വധക്കേസ് - 03
കോയമ്പത്തൂരിലെ കവുണ്ടന്‍ പാളയത്ത് എത്തിയ പോലീസ് സംഘം രഹസ്യമായി അന്വേഷിച്ചപ്പോള്‍, ചെറിയ തോതിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും ചുമട്ടുതൊഴിലുമായി ജീവിച്ചുപോകുന്ന ആളാണ് കനകരാജ് എന്നു മനസ്സിലായി.
പാലക്കാട് ടൗണ്‍ ഡിവൈ.എസ്.പി. സി.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വളരെ രഹസ്യമായിട്ടാണ് കരുക്കള്‍ നീക്കിയത്. പോലീസിന്റെ സാന്നിധ്യം മണത്ത് കനകരാജന് മുങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ.
മോഷ്ടിച്ച 'നോക്കിയ 93' എന്ന വിലകൂടിയ ഫോണിന്റെ ഭംഗി ആസ്വദിച്ചാസ്വദിച്ച് കനകരാജ് തന്റെ ഫോണിലെ സിം എടുത്ത് അതില്‍ അറിയാതെ ഇന്‍സെര്‍ട്ട് ചെയ്തു പോയതാണ്. തീയില്‍ തൊട്ടിട്ടെന്നപോലെ പെട്ടെന്ന് സിം തിരിച്ചെടുക്കുകയും ചെയ്തു. പക്ഷേ ആ ഒരു നിമിഷം മതിയായിരുന്നു ജാഗരൂകരായ പോലീസ് ടീമിന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കനകരാജിന്റെ ഫോണ്‍ നമ്പരിലെത്താന്.
എല്ലാ കുറ്റവാളികളും അവരറിയാതെ ഒരു തെളിവെങ്കിലും അവശേഷിപ്പിക്കും എന്നു പറയുന്നത് ഇതാണ്. മോഷ്ടിച്ച 'നോക്കിയ 93'ല്‍ ഒരു നിമിഷ നേരം ഇട്ട സിം തിരിച്ചെടുത്ത് കനകരാജ് തന്റെ പഴയ ഫോണില്‍ത്തന്നെ ഇന്‍സെര്‍ട്ട് ചെയ്ത് പഴയതുപോലെ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.
കനകരാജിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചതോടെ ആ ഫോണില്‍നിന്നു പോകുന്ന കോളുകള്‍ പോലീസ് നിരീക്ഷിക്കാന്‍ തുടങ്ങി.
കനകരാജിന്റെ ഫോണ്‍ കണക്ഷന് എയര്‍സെല്‍ കമ്പനിയുടേതും തമിഴ്നാടിന്റെ പരിധിയിലുമുള്ളതായതുകൊണ്ട് ചെന്നൈയിലുള്ള ഇന്‍സ്പെക്ടര്‍ ജനറലിന്റെ സഹായത്തോടെയാണ് ഞങ്ങള്‍ നീക്കം നടത്തിയത്. തമിഴ്നാട് പോലീസിന്റെ എല്ലാ സഹായവും ഞങ്ങള്‍ക്കു ലഭിച്ചു.
കനകരാജിന്റെ ഫോണിലേക്ക് വരുന്നതും കനകരാജ് വിളിക്കുന്നതുമായ ഓരോ കോളുകളും നിരീക്ഷിച്ച് പാളിച്ച പറ്റാതിരിക്കാന്‍ വളരെ സൂക്ഷ്മതപുലര്ത്തി കനകരാജ് പോലീസ് നിരീക്ഷണത്തിലാണെന്ന വിവരം അയാള്‍ അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
സി.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്ത് കനകരാജിന്റെ ഫോണിലേക്കു വരുന്നതും പോകുന്നതുമായ കോളുകള്‍ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. കേരളത്തില്‍നിന്ന് അനുവദിച്ച ഒരു ഫോണ്‍ കമ്പനിയുടെ സിം കാര്‍ഡിലേക്കാണ് കനകരാജിന്റെ കോളുകള്‍ അധികവും പോകുന്നത് എന്നു മനസ്സിലായി. കനകരാജില്നിന്ന് കോളുകള്‍ സ്വീകരിക്കുന്ന ഫോണ്‍ നമ്പരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ആ സിം കാര്‍ഡിന്റെ ഉടമസ്ഥനിലേക്ക് എത്തി.
സിം കാര്‍ഡ് ഇഷ്യൂ ചെയ്തിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ ദേശമംഗലത്തുള്ള ഒരാളുടെ പേരിലാണെന്ന് മനസ്സിലായി. ഡിവൈ.എസ്.പി. സി.കെ. രാമചന്ദ്രനും സംഘവും ദേശമംഗലം സ്വദേശിയുടെ വീട് ലൊക്കേറ്റ് ചെയതു. സിം കാര്‍ഡിന്റെ ഉടമസ്ഥന് ഗള്‍ഫിലാണെന്നു മനസ്സിലായി. ഗള്‍ഫിലെ നമ്പരില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ സിം കാര്‍ഡും ഫോണും തന്റെ ഡ്രൈവര്‍ക്ക് സമ്മാനിച്ചിരിക്കുകയാണെന്ന് പറഞ്ഞു. ഡ്രൈവറാണ് ഫോണ്‍ ഉപയോഗിക്കുന്നത്.
ഗള്‍ഫ് മലയാളി ഡ്രൈവര്‍ക്കു സമ്മാനിച്ച ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഡ്രൈവറുടെ സഹോദരിയാണ്. ഡ്രൈവറുടെ സഹോദരിയുടെ വീട് കൊണ്ടയൂരിനടുത്താണെന്നും അന്വേഷണത്തില്‍നിന്നും മനസ്സിലായി. ഡ്രൈവറുടെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണെന്ന് അന്വേഷണത്തില്‍നിന്ന് അറിഞ്ഞു.
ഏകദേശം രാത്രി 9 മണിയോടെ ദേശമംഗലത്തിനടുത്തുള്ള കൊണ്ടയൂരിലെ ഭാര്യവീടിനു സമീപം ഡി.വൈ.എസ്.പി സി.കെ. രാമചന്ദ്രന് മഫ്ടിയിലെത്തി. പോലീസ് വേഷത്തിലെത്തിയാല്‍ കനകരാജിനെ തൊടാന്‍പോലും കഴിയില്ല, അയാള്‍ വിവരം മണത്തറിഞ്ഞു രക്ഷപ്പെടും എന്നു മനസിലാക്കിയതുകൊണ്ടാണ് മഫ്ടിയിലെത്തിയത്.
കൂടുതല്‍ പോലീസുകാരുടെ സാന്നിധ്യം തകരാറുണ്ടാക്കും എന്നു മനസ്സിലാക്കിയ രാമചന്ദ്രന് കൂടെ രണ്ടു പോലീസുകാരെ മാത്രമാണ് കൊണ്ടുപോയത്. അവരും മഫ്ടിയിലായിരുന്നു. കൊണ്ടയൂരിലെ കനകരാജിന്റെ ഭാര്യവീട് നിരീക്ഷിക്കാന്‍ ആ വീടിനോടു ചേര്‍ന്ന ഒരു ഊടുവഴിയിലൂടെ ഒറ്റയ്ക്കു സഞ്ചരിച്ച സി.കെ. രാമചന്ദ്രനെ ചില സദാചാര ഗുണ്ടകള്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തു.
ഈ അസമയത്ത് ഇവിടെ എന്താണ് കാര്യം എന്നായിരുന്നു ചോദ്യം. ഗ്രാമപ്രദേശങ്ങളില്‍ അപരിചിതരെ അസമയത്ത് കാണുമ്പോള്‍ ചോദ്യം ചെയ്യുക എന്നത് സ്വാഭാവികമാണെങ്കിലും പോലീസാണെന്നു വെളിപ്പെടുത്തിയാല്‍ ആ വിവരം മണത്തറിഞ്ഞ് കനകരാജ് രക്ഷപ്പെടും.
ചോദ്യം ചെയ്തവരോട് മറ്റൊരു കാരണം പറഞ്ഞ് രാമചന്ദ്രന് തന്ത്രപൂര്‍വം രക്ഷപ്പെട്ടു.
കനകരാജിന്റെ ഭാര്യവീട് ലൊക്കേറ്റ് ചെയ്ത രാമചന്ദ്രന് മറ്റൊരു ഭാഗത്ത് മഫ്ടിയില് നില്‍ക്കുകയായിരുന്ന മറ്റു രണ്ടു പോലീസുകാരെയും കൂട്ടി ചെന്ന് വളരെ സാഹസികമായി കനകരാജിനെ കസ്റ്റഡിയിലെടുത്തു.
അതറിഞ്ഞതോടെ ജനം തടിച്ചുകൂടി. നിങ്ങളൊക്കെ ആരാണ്? എന്താണ് ഇവിടെ കാര്യം? കനകരാജിനെ വിട്ടുതരില്ല. ഇങ്ങനെ ചില പ്രതികരണങ്ങളുണ്ടായി.
''ഞാന്‍ പാലക്കാട് ടൗണ്‍ ഡിവൈ.എസ്.പി. സി.കെ. രാമചന്ദ്രന്, കനകരാജിനെ ഞങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയാണ്.'' രാമചന്ദ്രന് പറഞ്ഞു.
''എന്താണ് കനകരാജ് ചെയ്ത കുറ്റം...?''
ഒരാള്‍ വിളിച്ചു ചോദിച്ചു.
''അത് കനകരാജ് തന്നെ പറയും.'' ഡിവൈ.എസ്.പി. രാമചന്ദ്രന് പറഞ്ഞു.
അപ്പോള്‍ കനകരാജ് പറഞ്ഞു.
''നാന് കൊല പണ്ണിട്ടേന്‍.''
അതുകേട്ട ജനം ഭയന്ന് പിന്നോട്ടു മാറി.
കനകരാജ് തന്നെയാണോ പ്രതി എന്നറിയില്ല. അയാള്‍ക്കു ഷീല വധക്കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ ഏതു തരത്തില്‍? ഇതെല്ലാം അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്.
കനകരാജ് പ്രതിയാണെങ്കില്‍ വേറെയും കൂട്ടുപ്രതികളുേണ്ടാ, കനകരാജിന് ഷീല മര്‍ഡര്‍ കേസില്‍ എ ന്താണ് റോള്‍? എല്ലാം പുറത്തുകൊണ്ടുവരണം.
'നാന് കൊല പണ്ണിട്ടേന്‍'
കനകരാജിന്റെ കുറ്റസമ്മതം കൊണ്ടു മാത്രം അയാളെ പ്രതിയാക്കാനാവില്ല.
മറ്റാരെയെങ്കിലും രക്ഷപ്പെടുത്താന്‍ വേണ്ടിയും അയാള്‍ക്ക് അങ്ങനെ പറയാവുന്നതാണല്ലോ.
എന്തായാലും കനകാജിനെ കസ്റ്റഡിയിലെടുത്തതോടെ ഷീല വധക്കേസിന് തുമ്പുണ്ടാക്കാന്‍ കഴിയും എന്ന വിശ്വാസത്തിലേക്ക് പോലീസ് എത്തി.
കനകരാജിനെ പാലക്കാട് സി.ഐയ്ക്ക് കൈമാറി.
വിജയ് സാഖറെ സാറിനെ എല്ലാ വിവരവും അപ്പപ്പോള്‍ തന്നെ ധരിപ്പിക്കുന്നുണ്ടായിരുന്നു. അന്നത്തെ പാലക്കാട് എസ്.പിയായിരുന്ന ഇന്നത്തെ ഐ.ജി. വിജയ് സാഖറെയാണ് ഈ കേസ് മോനിട്ടര്‍ ചെയ്തുകൊണ്ടിരുന്നത്.
40 പേരടങ്ങുന്ന പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുന്നതിന് നേതൃത്വം നല്കിയ വിജയ് സാഖറെയുടെ സൂക്ഷ്മമായ നിരീക്ഷണവും കൃത്യമായ നിര്‍ദ്ദേശങ്ങളും ഷീല വധക്കേസില്‍ അന്വേഷണസംഘത്തിന് ആശ്വാസവും ആവേ ശവുമായിരുന്നു.