Tuesday, June 25, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 02.42 PM

രാമായണ യജ്ഞം

'' പുലര്‍ച്ചെ കുളി കഴിഞ്ഞ് ശുഭവസ്ത്രം ധരിച്ച് അഞ്ചുതിരിയിട്ട് നിലവിളക്കുതെളിക്കുക. അവല്‍, മലര്‍, ശര്‍ക്കര, പഴം, കല്‍ക്കണ്ടം, മുന്തിരി ചേര്‍ത്തുണ്ടാക്കിയ തൃമധുരം നിവേദ്യമായി സങ്കല്‍പ്പിച്ച് അഞ്ചുനിമിഷം പ്രാര്‍ത്ഥനാ നിരതമായ മൗനമവലംബിക്കുക. തുടര്‍ന്ന് തൃമധുരം മാറ്റി അവിടെ ജലം തളിച്ചതിനുശേഷം ഒരു പായില്‍ കിഴക്കഭിമുഖമായി ഇരുന്ന് രാമായണപാരായണം തുടങ്ങാം. ''
uploads/news/2018/07/234269/joythi180718a.jpg

രാമായണ മാസo. ആദ്ധ്യാത്മികവും ഭൗതികവുമായ പ്രാധാന്യം രാമായണ ആചരണത്തില്‍ തുല്യമായിട്ടുണ്ട്. രാമകഥാ ശ്രവണത്തിന്റെ ആത്മീയപരവും ആദര്‍ശപരവുമായ വശം പ്രധാനമാണെങ്കില്‍ അതിലടങ്ങിയിരിക്കുന്ന പ്രായോഗിക തത്ത്വങ്ങള്‍ ജീവിത പ്രയാസങ്ങളെ തരണം ചെയ്യുന്നതിന് വളരെ സഹായകരമാകുന്നു. രാമന്‍ പൗരുഷ സങ്കല്‍പ്പത്തിന്റെയും രാജസങ്കല്‍പ്പത്തിന്റെയും പാരമ്യതയെ കാണിക്കുന്നു. ആദര്‍ശത്തിന്റെ പരമകാഷ്ഠയില്‍ വരുന്ന പുരുഷ സങ്കല്‍പ്പം രാമന്‍ തന്നെ.

ത്യാഗസങ്കല്‍പ്പത്തിന്റെ പ്രഭാവത്തില്‍ നിറഞ്ഞുനില്‍ക്കുന്ന രാജാവും രാമന്‍ തന്നെ. നീതിബോധത്തില്‍ രാമന് മുകളില്‍ മറ്റൊരു സങ്കല്‍പ്പമേയില്ല. കര്‍മ്മപൂര്‍ണ്ണതയില്‍ ഈശ്വര സങ്കല്‍പ്പത്തിന്റെ മഹിമയെ ഉയര്‍ത്തുന്നത് രാമനാണ്.

അത്യന്തം വ്യത്യസ്തമായ അനേകം ഭാവങ്ങളിലും ഭേദങ്ങളിലും അറിയപ്പെടുന്ന രാമായണ കഥകള്‍ ഓരോ ഭാരതീയന്റേയും ഹൃദയത്തില്‍ പതിഞ്ഞതാണ്. ജാതിമത ഭേദമെന്യേ രാമകഥകള്‍ ഇന്ത്യാക്കാരന്റെ മനസ്സിലലിഞ്ഞു ചേര്‍ന്നതാകുന്നു.

വാല്‍സല്യം തോന്നുന്ന ബാലന്‍, കോമളനായ കുമാരന്‍, നീതിമാനായ രാജകുമാരന്‍, സ്‌നേഹനിധിയായ പതി, ധാര്‍മ്മികനായ രാജന്‍, സര്‍വ്വസംഗ പരിത്യാഗിയായ പരിവ്രാജകന്‍, വീരനായ പോരാളി എന്നിങ്ങനെ സമസ്ത ഭാവങ്ങളിലും തെളിയുന്ന രാമസ്വരൂപം അത്ഭുതകരമായ പരിവേഷമുണര്‍ത്തുന്നു. ഇങ്ങനെ ശ്രീരാമനെ എന്തെല്ലാം വിധത്തില്‍ മനുഷ്യന്‍ ആരാധിക്കുന്നുവെന്നതിന് വ്യത്യസ്ത ഭാഷകളിലുള്ള സമഗ്രരാമായണ വിശകലനം നമുക്കൊരു ദൃഷ്ടാന്തമാണ്. ഇനി രാമായണയജ്ഞം എന്താണെന്ന് നോക്കാം.

രാമായണപാരായണം കര്‍ക്കടകമാസത്തില്‍ നടത്തുമ്പോള്‍ സ്വാഭാവികമായിത്തന്നെ നിത്യപാരായണം തുടരുകയും അതോടൊപ്പം കര്‍ക്കടകരാമായണ പാരായണത്തെ ഒരു അഭീഷ്ട സിദ്ധിയജ്ഞമായി നിര്‍വ്വഹിക്കുകയും ചെയ്യാവുന്നതാണ്.

അത് ചെയ്യേണ്ടത് ഇപ്രകാരം:
പുലര്‍ച്ചെ കുളി കഴിഞ്ഞ് ശുഭവസ്ത്രം ധരിച്ച് അഞ്ചുതിരിയിട്ട് നിലവിളക്കുതെളിക്കുക. അവല്‍, മലര്‍, ശര്‍ക്കര, പഴം, കല്‍ക്കണ്ടം, മുന്തിരി ചേര്‍ത്തുണ്ടാക്കിയ തൃമധുരം നിവേദ്യമായി സങ്കല്‍പ്പിച്ച് അഞ്ചുനിമിഷം പ്രാര്‍ത്ഥനാ നിരതമായ മൗനമവലംബിക്കുക. തുടര്‍ന്ന് തൃമധുരം മാറ്റി അവിടെ ജലം തളിച്ചതിനുശേഷം ഒരു പായില്‍ കിഴക്കഭിമുഖമായി ഇരുന്ന് രാമായണപാരായണം തുടങ്ങാം. തുടക്കത്തില്‍ ഗണപതി, ഗുരു, സരസ്വതി ഇവരെ പ്രാര്‍ത്ഥിച്ച് വന്ദനശ്ലോകം ചൊല്ലുക.

പിന്നീട് അന്നന്നുള്ള രാമായണഭാഗം വായിക്കുക. സാമാന്യമായി കിളിപ്പാട്ടു രൂപത്തിലുള്ള രാമായണത്തിന്റെ ബാലകാണ്ഡം തുടങ്ങി പട്ടാഭിഷേക ഘട്ടം വരെയുള്ള ആകെ പേജുകള്‍ കണക്കാക്കി അതിന്റെ മുപ്പതില്‍ ഒരു ഭാഗമെങ്കിലും നിത്യേന വായിച്ചിരിക്കണം.

സ്ഫുടവും കൃത്യവുമായ രീതിയില്‍ മധ്യമ വേഗതയില്‍ നല്ല രീതിയില്‍ വായിച്ചുപോകുവാന്‍ ശ്രദ്ധിക്കണം. ഭഗവാന്റെ രൂപം മനസ്സിന്റെ ചിന്താമണ്ഡലത്തില്‍ കണ്ടുകൊണ്ട് വായിച്ചുപോയാല്‍ വളരെ ശുഭമാകുന്നു.

മനോഹരമായ പദഘടനയും അക്ഷരശുദ്ധിയും ഭാഷാവൈഭവവും ഉണ്ടാകുന്നതിന് നിത്യേനയുള്ള രാമായണ വായന സഹായിക്കുന്നു. കൂടാതെ മലയാളത്തില്‍ അപാര കഴിവുണ്ടാകുന്നു. അതിനാല്‍ കുട്ടികളെല്ലാം ഇത് ചെയ്യേണ്ടതാണ്.

നിത്യപാരായണത്തിനുശേഷം ഇഷ്ടസിദ്ധിക്കായുള്ള ഭാഗം പ്രത്യേകം വായിക്കുകയാണ് രീതി. ഓരോ പ്രത്യേക ഭാഗവും സവിശേഷമായി വായിച്ചാല്‍ ലഭിക്കുന്ന ഫലമാണ് ഇനി പറയുന്നത്.

പുത്രകാമേഷ്ടിയാഗം പരാമര്‍ശിക്കുന്ന ഭാഗം പതിവായി കര്‍ക്കടകം മുഴുവന്‍ വായിച്ചാല്‍ സന്താനഭാഗ്യം ഉണ്ടാകുന്നതാണ്. ബാലകാണ്ഡം, രാമലീല ഇവ വായിച്ചാല്‍ സന്താനങ്ങള്‍ക്ക് പുഷ്ടിയും ആരോഗ്യവും അവരെക്കൊണ്ടുള്ള സന്തോഷവും ഫലം. പിന്നീട് താടകാവധം എന്ന ഭാഗം വായിച്ചാല്‍ ഭയങ്ങളില്‍ നിന്നെല്ലാം രക്ഷ, ശത്രുക്കളില്‍നിന്നും രോഗങ്ങളില്‍നിന്നും മോചനം ഇവ ഫലമാകുന്നു.

വിശ്വാമിത്രന്റെ യാഗരക്ഷ എന്നഭാഗം പതിവായി വായിച്ചാല്‍ കുടുംബത്തിന് മുഴുവന്‍ രക്ഷ, പുരോഗതി ഇവ ഫലമാകുന്നു. സീതാ സ്വയംവരം പാരായണം ചെയ്താല്‍ ഉത്തമ വിവാഹപ്രാപ്തി ഫലമാകുന്നു. പരശുരാമഗര്‍വ്വഭംഗം എന്ന ഭാഗം വായിച്ചാല്‍ വലിയ പ്രശസ്തി ഫലമാകുന്നു.

ഇനി പ്രാധാന്യമുള്ളത് കൗസല്യാ പ്രാര്‍ത്ഥനയാണ്. വനവാസത്തിന് രാമാദികള്‍ പോകുമ്പോള്‍ കൗസല്യയുടെ പ്രാര്‍ത്ഥന ഇപ്രകാരമാണ്:
''സൃഷ്ടി കര്‍ത്താവേ! വിരിഞ്ച! പദ്മാസന!
പുഷ്ട ദയാബ്‌ധേ! പുരുഷോത്തമാ! ഹരേ!
മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ!
വൃത്രാരി മുമ്പായ ദിക്പാലകന്‍മാരേ!
ദുര്‍ഗ്ഗേ ഭഗവതീ! ദുഃഖ വിനാശിനീ!
സര്‍ഗ്ഗ സ്ഥിതിലയ കാരിണീ! ചണ്ഡികേ!
എന്‍ മകനാശു നടക്കുന്ന നേരവും
കന്‍മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്‍മതി കെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാര്‍ന്നു രക്ഷിച്ചിടുവിന്‍ നിങ്ങള്‍.''

മക്കള്‍ ദൂരയാത്ര പോകുമ്പോഴും ഗൃഹംവിട്ടു പഠിക്കാന്‍ പോകുമ്പോഴും ഇത് ചൊല്ലിയാല്‍ സര്‍വ്വരക്ഷ ഫലമാകുന്നു.
ലക്ഷ്മണോപദേശം നിത്യേന വായിച്ചാല്‍ ഉന്നത വിദ്യാഗുണം, ഉയര്‍ന്ന അറിവുകള്‍ കൈവരിക ഇവ ഫലമാകുന്നു.
ഖരദൂഷണ ത്രിശിഖാക്കളുടെ വധം പാരായണം ചെയ്താല്‍ സര്‍വ്വശത്രുനിവാരണമാണ് പരിഗണഫലം. വളരെ വേഗം ഫലം ലഭിക്കുകയും ചെയ്യും. സുഗ്രീവസഖ്യം വായിച്ചാല്‍ സുഹൃദ്‌സമാഗമം, മൈത്രി ഇവ ഫലമാണ്.

സമുദ്ര ലംഘനഭാഗം പതിവായി വായിച്ചാല്‍ അസാധ്യകാര്യങ്ങള്‍ സാധിക്കുക എന്നതാണ് ഫലപ്രാപ്തി. ഈ ഭാഗത്തിന് ദേവത ഹനുമാനാകുന്നു. രാവണവധം വായിച്ചാല്‍ മഹാശത്രു നിവാരണമാണ് ഫലം. പട്ടാഭിഷേകം സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്നു. ഇപ്രകാരം രാമായണ പാരായണം നിത്യവും നടത്തുന്നതിനൊപ്പം ഇതിലേതെങ്കിലും ഭാഗം നിത്യം വായിച്ചാല്‍ കൃത്യമായും ഫലപ്രാപ്തി കൈവരുന്നതാണ്.

ഇങ്ങനെ രാമായണം വായന ഒരു കൃത്യമായ അനുഷ്ഠാനമാക്കി ചെയ്യുന്നതിനോടുകൂടി ഫലസിദ്ധിയെ നല്‍കുന്ന മാലാമന്ത്ര തുല്യമായി കണക്കാക്കപ്പെടുന്ന ഓരോ നിര്‍ദ്ദിഷ്ടഭാഗങ്ങള്‍കൂടി വായിച്ചു പോകുന്നതും, തൃമധുരം, പഴവര്‍ഗ്ഗങ്ങള്‍, ഉണ്ണിയപ്പം, അട, പായസം തുടങ്ങിയ നിവേദ്യ സാധനങ്ങള്‍ യഥാശക്തി നിവേദ്യ സങ്കല്‍പ്പത്തില്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതുമെല്ലാം ഒരു യജ്ഞതുല്യമായ കര്‍മ്മമാകുന്നു.

ശരിയായ ഭക്തിയോടും പ്രാര്‍ത്ഥനാ മനോഭാവത്തോടും ശ്രീരാമ സ്മരണയോടും വിനയഗുണങ്ങളോടും കൂടി നിത്യേന ഇപ്രകാരം രാമായണയജ്ഞം നടത്തുന്നവര്‍ക്ക് ഏതുവിധത്തിലും അഭീഷ്ടസിദ്ധി കൈവരുന്നതാണ്.

അനില്‍ പെരുന്ന
മൊ: 9847531232

Ads by Google
Ads by Google
Loading...
TRENDING NOW