Tuesday, June 18, 2019 Last Updated 9 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 03.38 PM

രാമായണം വായന മനുഷ്യ നന്മയ്ക്ക് ഐശ്വര്യം നിലനില്‍ക്കാന്‍

''ദേവന്മാര്‍ ഉണര്‍ന്നിരിക്കുന്ന സമയം എന്ന ഭാവത്തിലാണ് ദേവമാസമായി കര്‍ക്കടകത്തെ കരുതുന്നത്. പിതാവിന്റെ പ്രതിജ്ഞ നിറവേറ്റാന്‍ അധികാരവും രാജ്യവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പിതൃഭക്തയുടെ മാഹാത്മ്യം ശ്രീരാമന്‍ നമുക്ക് കാട്ടിത്തരുന്നു.''
uploads/news/2018/07/233807/joythi160718.jpg

രാമായണമാസാരംഭം ജൂലൈ 17-ന്

സര്‍വ്വ ദുഃഖശമനത്തിനും ദുരിതശാന്തിക്കും രാമായണ പാരായണം ഉത്തമൗഷധമാണ്. അഞ്ചാമത്തെ വേദമായി കരുതുന്ന രാമായണത്തില്‍ ആദ്ധ്യാത്മിക കാര്യങ്ങളും ധര്‍മ്മ തത്വങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിഹാസങ്ങളില്‍ പ്രഥമസ്ഥാനം രാമായണത്തിനുണ്ട്.

രാമഭജനത്തേക്കാള്‍ ശക്തി, രാമായണ പാരായണം കൊണ്ടുണ്ടാകുന്നു. വാല്മീകി മഹര്‍ഷി എഴുതിയ സംസ്‌കൃതരൂപത്തിന്റെ പരിഭാഷയാണ് തുഞ്ചത്തെഴുത്തച്ഛന്‍ രചിച്ച ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്. മനുഷ്യധര്‍മ്മം വരച്ചുകാട്ടിയിട്ടുണ്ടതില്‍.

രാമായണത്തിലൂടെ, സമസ്ത സദ്ഗുണങ്ങളുടേയും സ്വരൂപമായി രാമനെ കാണാം. ഏക പത്‌നീവ്രതം, രാജ്യഭരണം, പ്രജാവാത്സല്യം, സഹോദരൈക്യം തുടങ്ങിയ സദ്ഗുണങ്ങളുടെ വിളനിലമായ ശ്രീരാമചന്ദ്രനെ മാതൃകാ പുരുഷനായി സ്തുതിച്ചിട്ടുണ്ട്. ഐക്യമില്ലാത്ത കുടുംബങ്ങളില്‍ രാമായണ പാരായണംകൊണ്ട് ഐക്യം നിലനിര്‍ത്താന്‍ കഴിയും. കര്‍ക്കടകമാസം ഒന്നാംതീയതി മുതല്‍ വായന തുടങ്ങുക.

മാസാവസാനം പട്ടാഭിഷേകവും സ്തുതികളും വായിച്ച് അവനവനറിയാവുന്ന രീതിയില്‍ പൂജയും സമര്‍പ്പിക്കുക. പിറ്റേ മാസവും (ചിങ്ങമാസം) ഒന്നാം തീയതി മുതല്‍ തുടങ്ങി മാസാവസാനം മേല്‍പ്പറഞ്ഞ രീതിയില്‍ നിര്‍ത്തുക. ഇതുപോലെ 12 മാസം അടുപ്പിച്ച് രാമായണം വായിച്ചാല്‍ ആ വീട്ടില്‍ ഐക്യമുണ്ടാകും, സര്‍വ്വബുദ്ധിമുട്ടുകളും മാറി ഐശ്വര്യം നിലനില്‍ക്കും. ഒരു പോസിറ്റീവ് എനര്‍ജി ഏതുകാര്യത്തിലും അനുഭവപ്പെട്ടു തുടങ്ങും.

ഭക്തിയും, യുക്തിയും വിഭക്തിയും ചേര്‍ന്ന രാമായണം ഇതിഹാസമെന്ന നിലയിലും ശ്രേഷ്ഠമാണ്. ഭക്തിയാല്‍ കീര്‍ത്തിയേറിയതാണ് ഭാഗവതം. ഭാരതമാണെങ്കില്‍ ഭക്തിയും യുക്തിയും ചേര്‍ന്നതാണ്. രാമായണപാരായണത്തിലൂടെ മഹത്തരമായ ധര്‍മ്മപരിപാലനം വിവരിക്കുന്നു. കലികാലത്തില്‍ നാമജപത്തിലൂടെ സര്‍വ്വ ദുഃഖങ്ങളും തീര്‍ക്കാന്‍ സാധിക്കും. രാമമന്ത്രം കേള്‍ക്കുന്നതുപോലും മോക്ഷമാണെന്ന് കല്‍പ്പിക്കുന്നു ഋഷീശ്വരന്മാര്‍.

ജൂലൈ 17-ന് കര്‍ക്കടകമാസം ആരംഭിക്കുന്നു. കര്‍ക്കിടകത്തിന് 'പഞ്ഞമാസം' എന്നു പേരുകേട്ടിരുന്നു അടുത്തകാലംവരെ. ഇപ്പോള്‍ രാമായണ പാരായണമാസമായി ആചരിച്ചുവരുന്നു.

എല്ലാദിവസവും കുളിച്ച് ശുദ്ധിയായി പാരായണം ആരംഭിക്കുക. അര്‍ത്ഥം പൂര്‍ത്തിയാവുന്നിടത്തേ നിര്‍ത്താനും പാടുള്ളൂ. മുപ്പതു ദിവസംകൊണ്ട് പട്ടാഭിഷേകവും സ്തുതികളും വായിച്ച് നിത്യപൂജകളോടെ സമര്‍പ്പിക്കാം. കര്‍ക്കടകമാസം പിതൃശാന്തിക്കും ഉത്തമമാണ്. കൂടാതെ സമ്പത്തു വര്‍ദ്ധന, സാഹോദര്യ സ്‌നേഹമേന്മ, മാതാപിതാക്കളോടുള്ള കൂറ്, ഗുരുത്വം അച്ചടക്കം എന്നിവ വര്‍ദ്ധിക്കും.

ദേവന്മാര്‍ ഉണര്‍ന്നിരിക്കുന്ന സമയം എന്ന ഭാവത്തിലാണ് ദേവമാസമായി കര്‍ക്കടകത്തെ കരുതുന്നത്. പിതാവിന്റെ പ്രതിജ്ഞ നിറവേറ്റാന്‍ അധികാരവും രാജ്യവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പിതൃഭക്തയുടെ മാഹാത്മ്യം ശ്രീരാമന്‍ നമുക്ക് കാട്ടിത്തരുന്നു.

മഹാവിഷ്ണു രാമനായും വേദം രാമായണമായും അവ തിരിച്ചുവെന്നും വേദപാരായണത്തിന്റെ ഫലം രാമായണം വായനകൊണ്ട് കിട്ടുമെന്നും വിശ്വസിക്കുന്നു. ദുഃഖവും കടവും ദുരിതവും കൊണ്ടു വലയുന്നവര്‍ കൃത്യതയോടെ പന്ത്രണ്ടുമാസം തുടര്‍ച്ചയായി രാമായണ പാരായണം നടത്തുക. സര്‍വ്വ ദുഃഖങ്ങളും കടങ്ങളും മാറി ഐശ്വര്യം വന്നുകൊണ്ടിരിക്കും. ലോണടയ്ക്കാതെ ജപ്തിക്കു വരുന്നവരെ തടഞ്ഞുനിര്‍ത്തുന്ന ശക്തിയായി മാറും പാരായണം.

നാരദമഹര്‍ഷി പറഞ്ഞുകൊടുത്ത രാമകഥ വാല്മീകി മഹര്‍ഷി ബ്രഹ്മാവിന്റെ അനുഗ്രഹത്തോടെ രാമായണമാക്കി. ബ്രഹ്മാവ് വരവും നല്‍കി. രാമായണപാരായണം ശ്രേഷ്ഠത നല്‍കും. സ്ഥിരം രാമായണം വായിക്കുന്നവര്‍ ലോകാലോക ജ്ഞാനികളായിത്തീരും.

വായനയ്ക്കിരിക്കുമ്പോള്‍ സീതാരാമന്മാരുടെയോ, ശ്രീരാമ പട്ടാഭിഷേകത്തിന്റേയോ പടംവച്ച് ദീപം കത്തിച്ച് ധൂപാദികളോടെ ഇരുന്ന് ശുദ്ധമനസ്സോടെ മനസ്സര്‍പ്പിച്ച് വായിച്ചാല്‍ ഏതു ദുഃഖവും തീര്‍ന്നു കിട്ടുന്നതാണ്.

രാവണനില്‍നിന്ന് സീതയെ വീണ്ടെടുക്കുന്നതോടെ ഭര്‍ത്തൃധര്‍മ്മവും പിതാവിന്റെ ആജ്ഞ പാലിക്കുന്നതോടെ പുത്രധര്‍മ്മവും ശ്രീരാമന്‍ പാലിക്കുന്നു. രാമായണം രാമന്റെ യാത്ര, അജ്ഞാനം ഇല്ലാതാക്കല്‍, സ്‌നേഹം, സത്യം, ധര്‍മ്മം, ഭക്തി, കടമ ഇതെല്ലാം വിളിച്ചോരുന്നു. രാമായണ പാരായണം സര്‍വ്വൈശ്വര്യങ്ങള്‍ക്കും വഴിയൊരുക്കുന്നു. എല്ലാവരും പാരായണത്തില്‍ മുഴുക. കഷ്ടങ്ങള്‍ ഒഴിവാക്കുക. രാമായണത്തില്‍ ഏഴ് കാണ്ഡങ്ങളുണ്ട്. ബാലകാണ്ഡം സന്താനഭാഗ്യത്തിനും മംഗല്യ ഭാഗ്യത്തിനും ഉതകുന്നു.

അയോദ്ധ്യാകാണ്ഡം വായന സന്താന സൗഖ്യം, ധനസമൃദ്ധി എന്നിവ നല്‍കുന്നു. ആരണ്യകാണ്ഡം, മോക്ഷപ്രാപ്തിക്കുത്തമം. സുന്ദരകാണ്ഡം സര്‍വ്വദോഷശമനം, ശത്രുജയം, രാജ്യപ്രാപ്തി എന്നിവ നല്‍കും. യുദ്ധകാണ്ഡപാരായണം, രോഗശമനം, അത്യാഹിതങ്ങളില്‍ നിന്നുള്ള രക്ഷ, വിജയം മുതലായവയാല്‍ പ്രശസ്തി നല്‍കുന്നു. മുഴുവനും കൂടിയുള്ള വായന സകലദോഷശമനം മോക്ഷപ്രാപ്തി എന്നിവ നല്‍കുന്നു.

എല്‍. ഗോമതി അമ്മ
(റിട്ട. ടീച്ചര്‍)
ഫോണ്‍: 9446946945

Ads by Google
Monday 16 Jul 2018 03.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW