Tuesday, March 26, 2019 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.17 AM

അഭിമന്യു വധക്കേസ്‌ പങ്കുള്ളവര്‍ തുടരെ പിടിയില്‍; കൊലയാളികള്‍ എവിടെ?

uploads/news/2018/07/232910/6.jpg

ആലപ്പുഴ:
മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ആലപ്പുഴ വടുതലയില്‍നിന്നു രണ്ടു പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെക്കൂടി പോലീസ്‌ പിടികൂടി. പാണാവള്ളി മഠത്തില്‍പറമ്പ്‌ ഷിറാസ്‌ സലിം (40), വടുതല ജെട്ടി തെക്കേകരുന്നാപ്പള്ളി ഷാജഹാന്‍ (35) എന്നിവരാണു പിടിയിലായത്‌.
ഷിറാസ്‌ വടുതലയില്‍ മെഡിക്കല്‍ ലാബ്‌ നടത്തിയിരുന്നു. ഈ കെട്ടിടത്തിന്റെ മുകള്‍നിലയിലാണ്‌ എസ്‌.ഡി.പി.ഐ. അരൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഷിറാസിന്റെ ലാബില്‍നിന്നു മുഖ്യപ്രതി മുഹമ്മദിന്റെ എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റ്‌, ആധാര്‍ കാര്‍ഡ്‌, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌ എന്നിവ ലഭിച്ചതായി പോലീസ്‌ അറിയിച്ചു. കേസില്‍ നേരത്തേ പിടിയിലായ പാലാരിവട്ടം സ്വദേശി അനൂപ്‌, നിസാര്‍ എന്നിവരുടെ അറസ്‌റ്റ്‌ ഇന്നലെ രേഖപ്പെടുത്തി.
എന്നാല്‍, കൊലപാതകത്തില്‍ നേരിട്ടുപങ്കുള്ള ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികളെ സഹായിച്ചെന്ന കുറ്റമാണ്‌ അനൂപിനും നിസാറിനുമെതിരേ ചുമത്തിയത്‌. അതേസമയം, അഞ്ചുദിവസത്തെ ചോദ്യംചെയ്യലിനുശേഷം എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ കോട്ടയം കങ്ങഴ പത്തനാട്‌ ചിറയ്‌ക്കല്‍ ബിലാല്‍ സജി (19), പത്തനംതിട്ട കോട്ടാങ്ങല്‍ നാരകത്തിനാംകുഴി ഫാറൂഖ്‌ അമാനി (19), പള്ളുരുത്തി പുതിയണ്ടില്‍ റിയാസ്‌ ഹുസൈന്‍ (37) എന്നിവരെ 17 വരെ റിമാന്‍ഡ്‌ ചെയ്‌തു.

കുറ്റകൃത്യങ്ങള്‍ നടപ്പാക്കുന്നതിന്റെയും കായികപരിശീലനത്തിന്റെയും സംഘടനാചുമതലക്കാരാണ്‌ ഇന്നലെ പിടിയിലായ ഷിറാസും ഷാജഹാനുമെന്നു പോലീസ്‌ പറയുന്നു. ജില്ലാ പോലീസ്‌ ആസ്‌ഥാനത്ത്‌ ഇവരെ ചോദ്യംചെയ്‌തുവരുന്നു.
കേസിലെ മുഖ്യപ്രതിയും ക്യാമ്പസ്‌ ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റുമായ എറണാകുളം മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥി മുഹമ്മദിന്റെ അയല്‍വാസികളാണു പിടിയിലായത്‌. ഇവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും പോലീസ്‌ നടത്തിയ പരിശോധനയില്‍ സി.ഡികള്‍, ലാപ്‌ടോപ്പുകള്‍, ലഘുലേഖകള്‍ എന്നിവ കണ്ടെത്തി. ഇവയില്‍ പ്രകോപനപരമായ ഉള്ളടക്കമുണ്ടെന്നു പോലീസ്‌ പറയുന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കസ്‌റ്റഡിയിലെടുത്തു. കൊലപാതകം നടന്ന്‌ 11 ദിവസം കഴിഞ്ഞിട്ടും പ്രധാനപ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും രണ്ടുദിവസത്തിനുള്ളില്‍ പിടികൂടുമെന്നും പോലീസ്‌ പറയുന്നു.
എത്രയും വേഗം പ്രധാനപ്രതികളെ പിടികൂടണമെന്ന സംസ്‌ഥാന പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം ഇതരസംസ്‌ഥാനങ്ങളിലും തെരച്ചില്‍ തുടരുകയാണ്‌. മംഗലാപുരം, തേനി എന്നിവിടങ്ങളില്‍നിന്നു തീവ്രവാദബന്ധം വെളിപ്പെടുത്തുന്ന ലഘുലേഖകള്‍ പോലീസ്‌ കണ്ടെടുത്തെന്നാണു സൂചന. പ്രതികളില്‍ ചിലര്‍ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നു. പ്രതികള്‍ക്കെതിരേ തല്‍ക്കാലം യു.എ.പി.എ. ചുമത്തേണ്ടെന്നാണു പോലീസിനു ലഭിച്ച നിയമോപദേശം. യു.എ.പി.എ. ചുമത്തുന്നതിനോടു മുഖ്യഭരണകക്ഷിയായ സി.പി.എമ്മിനും യോജിപ്പില്ല. തീവ്രവാദബന്ധമുള്ളതിനാല്‍ കേസ്‌ ഏറ്റെടുക്കാനുള്ള നടപടികള്‍ ദേശീയ അന്വേഷണസംഘവും പൂര്‍ത്തിയാക്കിവരികയാണ്‌.

Ads by Google
Friday 13 Jul 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW