Sunday, December 16, 2018 Last Updated 55 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.17 AM

ഐ.പി.എസ്‌. പുത്രിയുടെ 'പോലീസ്‌ മര്‍ദനം' കേസ്‌ റദ്ദാക്കില്ല

uploads/news/2018/07/232904/1.jpg

കൊച്ചി: എ.ഡി.ജി.പി. സുദേഷ്‌ കുമാറിന്റെ മകള്‍ സ്‌നിഗ്‌ധ പോലീസ്‌ ഡ്രൈവറായ ഗവാസ്‌കറെ മര്‍ദിച്ചെന്ന കേസ്‌ റദ്ദാക്കേണ്ട സാഹചര്യം എന്തെന്നു ഹൈക്കോടതി. കേസ്‌ നിലനില്‍ക്കുന്നതിന്‌ ആവശ്യമായ പ്രാഥമിക വിവരങ്ങളുണ്ട്‌. പോലീസ്‌ അന്വേഷിച്ച്‌ സത്യാവസ്‌ഥ കണ്ടെത്തട്ടെ എന്നും ഹൈക്കോടതി പറഞ്ഞു.
ഗവാസ്‌കറെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും കേസ്‌ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള സ്‌നിഗ്‌ധയുടെ ഹര്‍ജി ജസ്‌റ്റിസ്‌ ഏബ്രഹാം മാത്യുവിന്റെ ബെഞ്ചിലാണുള്ളത്‌. ഗവാസ്‌കര്‍ക്കെതിരേ സ്‌നിഗ്‌ധയുടെ മകള്‍ നല്‍കിയ കേസ്‌ റദ്ദാക്കണമെന്ന ഹര്‍ജി ജസ്‌റ്റിസ്‌ സുനില്‍ തോമസിന്റെ ബെഞ്ചിലും. രണ്ടു കേസുകളും ഒരുമിച്ചു കേട്ടുകൂടേ എന്നു സര്‍ക്കാര്‍ ചോദിച്ചതോടെ അക്കാര്യം ചീഫ്‌ ജസ്‌റ്റിസിന്റെ പരിഗണനയ്‌ക്കു വിട്ടു.
എ.ഡി.ജി.പിയുടെ മകള്‍ സ്‌നിഗ്‌ധ അച്‌ഛന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായ ഗവാസ്‌കറെ മര്‍ദിച്ചെന്നാണു കേസ്‌. ഗവാസ്‌കറുടെ കഴുത്തിനു പരുക്കുണ്ട്‌. അതേസമയം, ഗവാസ്‌കര്‍ തന്റെ കൈയില്‍ കയറിപ്പിടിച്ചത്‌ ചെറുക്കുക മാത്രമാണു ചെയ്‌തതെന്നും ഒരു കുറ്റവും ചെയ്‌തിട്ടില്ലെന്നും സ്‌നിഗ്‌ധയുടെ ഹര്‍ജിയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ കൊണ്ട്‌ ഇടിച്ചെന്ന ആരോപണം ശരിയല്ല. ഫോണ്‍ കൈവശം ഉണ്ടായിരുന്നില്ല. ഇരയായ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ്‌.
ഔദ്യോഗിക വാഹനം ഓടിക്കുന്നതില്‍നിന്നു ഗവാസ്‌കര്‍ പിന്മാറണമെന്നു സുദേഷ്‌ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. വീണ്ടും ഗവാസ്‌കര്‍ വാഹനവുമായെത്തിയത്‌ തര്‍ക്കത്തിനിടയാക്കി. ഗവാസ്‌കറിന്റെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായെന്നും ജാതിപ്പേരു പറഞ്ഞ്‌ ആക്ഷേപിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഗവാസ്‌കര്‍ക്കു പരുക്കേറ്റ സംഭവമില്ലെന്നു ഹര്‍ജിക്കാരി വാദിച്ചു. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മാത്രമായി കേസ്‌ റദ്ദാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍ ഈ നിലപാടല്ല സര്‍ക്കാരിനു ഗവാസ്‌കറുടെ കേസിലുള്ളതെന്ന്‌ അവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ്‌ രണ്ടു കേസുകളും ഒരു ബെഞ്ച്‌ കേള്‍ക്കുന്നതു പരിഗണിക്കുന്നത്‌.

Ads by Google
Friday 13 Jul 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW