Monday, November 19, 2018 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.16 AM

സി.പി.എം-സി.പി.ഐ. തര്‍ക്കം പ്രവര്‍ത്തനം നിലച്ച്‌ ഉപഭോക്‌തൃ കമ്മിഷനും ജില്ലാ ഫോറങ്ങളും

uploads/news/2018/07/232894/cpmcpi.jpg

തിരുവനന്തപുരം: സി.പി.എം-സി.പി.ഐ. തര്‍ക്കം മുതലെടുത്ത്‌ വിപണിയില്‍ മായവും തട്ടിപ്പും വ്യാപകമായെങ്കിലും ഉപഭോക്‌താക്കള്‍ക്കു പരാതിപ്പെടാന്‍ വേദിയില്ല. സംസ്‌ഥാന ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷന്റെയും ജില്ലാ ഫോറങ്ങളുടെയും പ്രവര്‍ത്തനം രണ്ടുവര്‍ഷമായി സ്‌തംഭനാവസ്‌ഥയില്‍; കെട്ടിക്കിടക്കുന്നത്‌ ആയിരക്കണക്കിനു പരാതികള്‍. ഭരണകക്ഷികളുടെ തര്‍ക്കത്തേത്തുടര്‍ന്നാണ്‌ കമ്മിഷനിലെയും ഫോറങ്ങളിലെയും ഒഴിവുകള്‍ നികത്താത്തത്‌.

ജില്ലാ ഫോറങ്ങള്‍ക്കു പ്രസിഡന്റുണ്ടെങ്കിലും അംഗങ്ങളെക്കൂടി നിയമിച്ചാലേ കെട്ടിക്കിടക്കുന്ന പരാതികള്‍ക്കു പരിഹാരം കാണാനാകൂ. പ്രവര്‍ത്തനം നടക്കുന്നില്ലെങ്കിലും പ്രസിഡന്റുമാര്‍ക്കു പ്രതിമാസം 1.32 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഭക്ഷ്യവകുപ്പിനു കീഴിലാണ്‌ ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷനും ഫോറങ്ങളും. എന്നാല്‍, മുഖ്യമന്ത്രിയും ഒപ്പിട്ടാലേ നിയമനങ്ങള്‍ നടക്കൂ. പട്ടികയില്‍ സി.പി.എമ്മിനു വേണ്ടപ്പെട്ടവരില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ മരവിച്ചിരിക്കുകയാണ്‌.

സംസ്‌ഥാനതല അപ്പീല്‍ അതോറിട്ടിയായ ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ മാത്രമാണു മുമ്പ്‌ അംഗങ്ങളില്ലാതിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ ആറു ജില്ലകളിലെ ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറങ്ങളും നാഥനില്ലാക്കളരികളായി. തലസ്‌ഥാനജില്ലയില്‍പോലും ഉപഭോക്‌തൃ ഫോറത്തിനു പ്രസിഡന്റ്‌ മാത്രമാണുള്ളത്‌. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍, വയനാട്‌ ജില്ലാ ഫോറങ്ങളിലും അംഗങ്ങളില്ലാതായിട്ടു മാസങ്ങളായി.

പത്തനംതിട്ട ഫോറത്തിലെ നിയമനപ്രശ്‌നം കോടതിക്കു മുന്നിലാണ്‌. വയനാട്‌, തൃശൂര്‍ ഫോറങ്ങളില്‍ നിയമനത്തിനു കഴിഞ്ഞ ഏപ്രില്‍ 24-ന്‌ അപേക്ഷ ക്ഷണിച്ചെങ്കിലും ലഭിച്ചവ തരംതിരിച്ച്‌ സെക്‌ഷനുകളില്‍ എത്തിക്കാന്‍പോലും ജില്ലാ ഭരണകൂടങ്ങള്‍ക്കായിട്ടില്ല. കമ്മിഷനിലെ ജനറല്‍ അംഗം, തിരുവനന്തപുരം ഫോറത്തിലെ ഒരംഗം, ആലപ്പുഴ ഫോറത്തിലെ വനിതാ അംഗം എന്നീ ഒഴിവുകളിലേക്കു കഴിഞ്ഞ മേയില്‍ അപേക്ഷ ക്ഷണിച്ചെങ്കിലും സ്‌ഥിതി വ്യത്യസ്‌തമല്ല.

കലക്‌ടറേറ്റുകളില്‍ പരിശോധിച്ച്‌, സര്‍ക്കാരിനു കൈമാറുന്ന അപേക്ഷകളില്‍നിന്ന്‌ സംസ്‌ഥാന ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷന്‍ അധ്യക്ഷന്‍, ഭക്ഷ്യ-നിയമ സെക്രട്ടറിമാര്‍, സിവില്‍ സപ്ലൈസ്‌ ഡയറക്‌ടര്‍ എന്നിവരടങ്ങുന്ന സമിതിയാണ്‌ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്‌. എന്നാല്‍, ഇതുവരെ പ്രാഥമികനടപടികള്‍ പോലുമായിട്ടില്ല. കമ്മിഷന്‍ അധ്യക്ഷന്റെ കാലാവധി അടുത്ത ഫെബ്രുവരിയില്‍ അവസാനിക്കും.

കമ്മിഷനില്‍ വനിതാ അംഗത്തിന്റെയും ജനറല്‍ അംഗത്തിന്റെയും ഒഴിവുണ്ടായിട്ടു രണ്ടുവര്‍ഷമായി. ഇതിനിടെ പലതവണ അപേക്ഷ ക്ഷണിച്ചെങ്കിലും സി.പി.എം-സി.പി.ഐ. തര്‍ക്കം മൂലം വഞ്ചി തിരുനക്കരെത്തന്നെ. ഫോറങ്ങളിലെയും കമ്മിഷനിലേയും നിയമനവുമായി ബന്ധപ്പെട്ടു ഹൈക്കോടതി പലതവണ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. കോടതിയില്‍ കേസ്‌ വരുമ്പോള്‍ സമയം നീട്ടിച്ചോദിച്ച്‌ തടിതപ്പുകയാണു സര്‍ക്കാര്‍.

രണ്ടുവര്‍ഷമായി ഇതാണു സ്‌ഥിതി. പത്തനംതിട്ട ജില്ലാ ഫോറവുമായി ബന്ധപ്പെട്ടു കോടതിയില്‍ മറുപടി നല്‍കേണ്ട ഫയല്‍ മൂന്നുമാസമായി ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ ഉറങ്ങുന്നു. പ്രവര്‍ത്തിക്കാത്ത സംവിധാനത്തിനായി പൊതുഖജനാവ്‌ ധൂര്‍ത്തടിക്കുന്നതിനു പുറമേ ഉപഭോക്‌താക്കള്‍ക്കു നീതിയും നിഷേധിക്കുകയാണു സര്‍ക്കാര്‍.

Ads by Google
Friday 13 Jul 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW