Saturday, July 21, 2018 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.13 AM

ലൈംഗികന്യൂനപക്ഷങ്ങളെ കരുതുന്നത്‌ ക്രിമിനലുകളെ പോലെ: സുപ്രീംകോടതി

ന്യൂഡല്‍ഹി:
ലൈംഗികന്യൂനപക്ഷങ്ങളെ ക്രിമിനലുകളെപ്പോലെയാണു പൊതുസമൂഹം കാണുന്നതെന്നും അവര്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി. 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
സ്വവര്‍ഗലൈംഗികത ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഈ വകുപ്പ്‌ റദ്ദാക്കുന്നതോടെ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഏറെക്കുറെ പരിഹാരമാവുമെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബെഞ്ച്‌ മുമ്പാകെ തുടര്‍ച്ചയായ മൂന്നാംദിവസമാണ്‌ കേസില്‍ വാദംകേട്ടത്‌. 377-ാംവകുപ്പ്‌ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ കേസില്‍ കക്ഷിചേര്‍ന്ന മതസംഘടനകളുടെ അപേക്ഷകള്‍ അടുത്ത ചൊവ്വാഴ്‌ച പരിശോധിക്കും.
സ്വവര്‍ഗലൈംഗികത വഴിതെറ്റി എത്തിയ അവസ്‌ഥയല്ലെന്നും ശാരീരികപ്രകൃതിയിലെ വ്യത്യാസം മാത്രമാണെന്നും ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര നിരീക്ഷിച്ചു. ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ലഭ്യമാവുന്നില്ലെന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്നുണ്ട്‌.
വിവേചനം കാരണം ആശുപത്രികളില്‍ വൈദ്യസഹായം ലഭ്യമാകുന്നതിനടക്കം ബുദ്ധിമുട്ടുണ്ട്‌. എതിര്‍ ലിംഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാന്‍ സ്വവര്‍ഗാനുരാഗികള്‍ക്കു സമൂഹത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ടാവുന്നു. അവരെ ഉഭയ ലൈംഗികബന്ധം പുലര്‍ത്തുന്ന വ്യക്‌തിയാക്കി മാറ്റുന്നതിനാണ്‌ ഇത്തരം സമ്മര്‍ദങ്ങള്‍ പ്രേരിപ്പിക്കുക. മാതാപിതാക്കളിലൊരാള്‍ സ്വവര്‍ഗാനുരാഗിയാണെന്ന്‌ മക്കള്‍ മനസിലാകുമ്പോഴുള്ള പ്രശ്‌നങ്ങളും പരിഗണിക്കണമെന്നും ജസ്‌റ്റിസ്‌ ഇന്ദു അഭിപ്രായപ്പെട്ടു.
മാനസികാരോഗ്യനിയമത്തിലെ 21 (എ) വകുപ്പ്‌ ലൈംഗികതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള വിവേചനങ്ങളെക്കൂടി തടയുന്നതാണെന്ന്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ അഭിപ്രായപ്പെട്ടു. ലൈംഗികത വിവേചനത്തിനുള്ള കാരണമാകരുതെന്നു പാര്‍ലമെന്റും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Friday 13 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW