Sunday, July 22, 2018 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.13 AM

പ്രാതല്‍ ചര്‍ച്ചയില്‍ അനുനയം; ജെ.ഡി-യു ബന്ധം തുടരുമെന്നു ഷാ

പട്‌ന: ജെ.ഡി-യുവുമായുള്ള ബന്ധം ഉലഞ്ഞിട്ടില്ലെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിലും എന്‍.ഡി.എയുടെ കുടക്കീഴില്‍ മത്സരിക്കുമെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ. സീറ്റ്‌ പങ്കിടുന്നതിനെച്ചൊല്ലി ജെ.ഡി-യുവില്‍ അമര്‍ഷം പുകയുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി കൂടിയായ നിതീഷ്‌ കുമാറുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ അനുനയം.
നിതീഷ്‌ കുമാറും ജെ.ഡിയുവുമായുള്ള ബി.ജെ.പിയുടെ സഖ്യത്തില്‍ വിള്ളലുണ്ടായിട്ടില്ല. ഞങ്ങള്‍ നിതീഷിനൊപ്പമാണ്‌. ഭാവിയില്‍ ബന്ധം തുടരുകയും ചെയ്യും. ബിഹാറില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) ശക്‌തമാണ്‌. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത്‌ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ്‌ 40 സീറ്റും കരസ്‌ഥമാക്കും. ബിഹാറില്‍ കോണ്‍ഗ്രസിന്റെ അവസാനത്തിന്‌ ആരംഭമായെന്നും ഷാ പറഞ്ഞു.
പട്‌നയിലെ ഗസ്‌റ്റ്‌ ഹൗസില്‍ നിതീഷ്‌ കുമാറിനൊത്തുള്ള പ്രാതല്‍ ചര്‍ച്ചയ്‌ക്കു ശേഷം കൈകോര്‍ത്തും പുഞ്ചിരിച്ചും മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയ നേതാക്കള്‍, എന്‍.ഡി.എയില്‍ എല്ലാം ഭദ്രമെന്ന സന്ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ്‌-ആര്‍.ജെ.ഡി. മഹാസഖ്യത്തില്‍നിന്നു നിതീഷ്‌ കുമാര്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നതിനു ശേഷം ബിഹാറില്‍ അമിത്‌ ഷായുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇന്നലത്തേത്‌.
2013-ല്‍ ബി.ജെ.പി. സഖ്യം വിട്ടതിനു ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജെ.ഡി-യു. ദയനീയമായി പരാജയപ്പെട്ടിരുന്നു. പക്ഷേ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71 സീറ്റ്‌ നേടി കരുത്തു കാട്ടുകയും ചെയ്‌തു. ഏറെ വൈകാതെ ബി.ജെ.പിയുമായി വീണ്ടും കൈകോര്‍ത്തു. അധികം താമസിയാതെ ബന്ധം വീണ്ടും ഉലയുകയും ചെയ്‌തു.
രാംവിലാസ്‌ പസ്വാന്റെ എല്‍.ജെ.പിയും ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എല്‍.എസ്‌.പിയും എന്‍.ഡി.എയില്‍ നില്‍ക്കെ, നിതീഷിനു കൂടി സ്വീകാര്യമായ സീറ്റ്‌ വിഭജനതീരുമാനം ബി.ജെ.പിക്കു വലിയ വെല്ലുവിളിയാണ്‌.
സഖ്യം നിലനിര്‍ത്താന്‍ സീറ്റ്‌ വിഭജനവിഷയത്തിലടക്കം അനുരഞ്‌ജനത്തിനു തയാറാണെന്ന സൂചനയാണ്‌ അമിത്‌ ഷായുടെ പ്രതികരണങ്ങള്‍ വ്യക്‌തമാക്കുന്നത്‌. നിതീഷുമൊത്തുള്ള ഷായുടെ പ്രാതല്‍ ചര്‍ച്ചയില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ നിത്യാനന്ദ്‌ റായിയും സന്നിഹിതരായിരുന്നു.

Ads by Google
Friday 13 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW