ചേര്‍ത്തല: വ്യാജ മുക്ത്യാര്‍ കേസില്‍ മുഖ്യപ്രതി സെബാസ്റ്റ്യനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ നീക്കം. ദുരൂഹ സാഹചര്യത്തില്‍ കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പള്ളിപ്പുറത്ത് തന്റെ വീട്ടില്‍ പതിവായി വരാറുണ്ടായിരുന്നെന്നും മാസങ്ങള്‍ക്കു മുന്‍പ് വന്നിരുന്നെന്നുമുള്ള മൊഴി കളവാണെന്ന സംശയത്തിലാണു നുണപരിശോധനാനീക്കം. പ്രദേശവാസികളെയും ഇയാള്‍ ഇങ്ങനെ വിശ്വസിപ്പിച്ചിരുന്നു. അയല്‍വാസികള്‍ ബിന്ദുവെന്നു ധരിച്ചത് രണ്ടാം പ്രതി മിനിയെയാണെന്നാണു സൂചന.
ആലപ്പുഴ സബ് ട്രഷറിയില്‍ നിന്ന് അവസാനമായി കുടുംബ പെന്ഷന് വാങ്ങിയ 2006 ജൂണിനു ശേഷം ബിന്ദുവിനെ ആരെങ്കിലും കണ്ടതായി സ്ഥിരീകരിക്കുന്ന വിവരം ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്‍ കൂടാതെ മറ്റാരും 2006 ന് ശേഷം ബിന്ദുവിനെ കണ്ടിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടില്ല.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ബിന്ദു വിദേശത്താണെന്ന് പറഞ്ഞ സെബാസ്റ്റ്യന്‍ പിന്നീട് മൊഴി മാറ്റിയത്രേ. ബിന്ദുവിന്റെ വിലാസമോ ഫോണ്‍ നമ്പറോ അറിയില്ലെന്ന മൊഴിയും അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.
ഇടപ്പള്ളിയിലെ വസ്തു വില്‍പ്പന നടത്തിയ 2007-ന് ശേഷം ബിന്ദുവിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണു നിഗമനം. പ്രമാണം നടന്നത് ബിന്ദുവിന്റെ പേരിലായതിനാല്‍ അതു വ്യാജമല്ലെന്നാണ് പോലീസ് പറയുന്നത്. ബിന്ദുവിനെ പരിചയമില്ലാത്ത നാട്ടുകാര്‍ക്കു മുന്നില്‍ മിനിയെ കാണിച്ച് അതു ബിന്ദുവാണെന്നു സെബാസ്റ്റ്യന്‍ ധാരണയുണ്ടാക്കിയെന്നാണു കരുതുന്നത്.
പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ 2013 ഓഗസ്റ്റ് ഏഴിനാണ് ബിന്ദുവിന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ രജിസ്റ്റര്‍ ചെയ്തത്. വ്യാജ മുക്ത്യാര്‍ ഉപയോഗിച്ച് ആദ്യം ഷാജി ജോസഫിന്റെ പേരിലാണ് പ്രമാണം ചെയ്തത്. ഇടപ്പള്ളിയില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ക്ക് ഭൂമി വില്‍പ്പന നടത്തുന്നതിന് കരാര്‍ എഴുതിയെങ്കിലും ബിന്ദുവിനെ നേരില്‍ കാണണമെന്നു ഡോക്ടര്‍ ശഠിച്ചതോടെ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു.
പിന്നീട് ഡോക്ടറുടെ പരിചയക്കാരനായ കൊല്ലം സ്വദേശി ജോജി ചെറിയാന് വസ്തു വില്‍ക്കുകയായിരുന്നു. ഇക്കാലയളവില്‍ ബിന്ദു ഉണ്ടായിരുന്നില്ലെന്നും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ് ബിന്ദുവിന്റെ പേരില്‍ സെബാസ്റ്റ്യന്‍ അവതരിപ്പിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.സെബാസ്റ്റ്യനെ ഇന്നു കോടതിയില്‍ ഹാജരാക്കും. തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ കിട്ടണമെന്ന് ആവശ്യപ്പെടാനാണു തീരുമാനം.