Saturday, July 21, 2018 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 05.34 PM

അഭിമന്യുവിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനെ വെട്ടിലാക്കി എം.എല്‍.എയുടെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അവജ്ഞയോടെ തള്ളുന്നുവെന്ന് എം.എല്‍.എ

Abhimanyu murder , SDPI

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി സി.പി.എം എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ്. ഭാര്യ എന്‍.പി ജെസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവജ്ഞയോടെ തള്ളിക്കളയേണ്ടതാണെന്ന് സി.പി.എം നോമിനിയായ ആംോ ഇന്ത്യന്‍ എം.എല്‍.എ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിലെ ഒരു ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ എന്ന പേരിലാണ് ജെസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളെ സി.പി.എം പ്രദേശിക നേതൃത്വം സഹായിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് പോസ്റ്റിലുള്ളത്.

എന്നാല്‍ പോസ്റ്റ് അവജ്ഞയോടെ തള്ളണമെന്നാണ് എം.എല്‍.എയുടെ നിലപാട്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. വര്‍ഗീയവാദത്തിനും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. അത്തരമൊരു പാര്‍ട്ടിയേയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ഒരു വിധത്തിലും സഹായകരമായ വാക്കോ പ്രവര്‍ത്തിയോ പാര്‍ട്ടി പ്രവര്‍ത്തകരുടേയോ അനുഭാവികളുടേയോ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. സംഭവം വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

വിവാദമായ എന്‍പി ജെസിയുടെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജെസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്ന് ഒരു ഫോണ്‍ കോള്‍. ഇത് എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ്സിന്റെ ഭാര്യ സഖാവ് ജെസ്സിയല്ലെ. അതെ … ആരാണ്? ഞാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് നമ്മള്‍ ഇതിന് മുമ്പും പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. പേര്? ഞാന്‍ ചോദിച്ചു. അദ്ദേഹം പേരു പറഞ്ഞു. ഓ.. എനിക്കറിയാം. ഔദ്യോഗിക കാര്യങ്ങളില്‍ എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട് അദ്ദേഹം. അതെല്ലാം ഓര്‍മ്മയില്‍ ഓടിയെത്തി. ഞാനത് സൂചിപ്പിച്ചു. എന്താ സാറെ വിളിച്ചത്? ഞാന്‍ ചോദിച്ചു. എനിക്ക് ഒരു സഹായം ആവശ്യമുണ്ട്. എന്താണാവോ? വ്യക്തിപരമായ സഹായമല്ല.

സമൂഹത്തിന് മൊത്തമായ ആവശ്യമാണ്. സഖാവ് ജോണ്‍ ഫെര്‍ണാണ്ടസ്സിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമായ കാര്യമാണ്. രോഷാകുലനാണ് അദ്ദേഹം. എന്താണാവോ? നമ്മള്‍ വര്‍ഗീയതക്കെതിരെ നിലപാടെടുക്കുന്നവരല്ലെ? അതെ വര്‍ഗീയ വാദം തുലയട്ടെ… ക്യാമ്പെയിനില്‍ ഞാനും പോയി സഖാവെ. പക്ഷെ, പശ്ചിമകൊച്ചിയില്‍ നടക്കുന്ന വര്‍ഗീയ പ്രീണനം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായ ജോണ്‍ ഫെര്‍ണാണ്ടസ്സ് എന്തേ തയ്യാറാവുന്നില്ല? കാര്യം എന്താണെന്ന് പറയൂ സാറെ എന്നായി ഞാന്‍. കൊച്ചിയിലെ അമരാവതി ഗവണ്‍മെന്റ് യു.പി. സ്‌കൂളിന്റെ സ്ഥലം ഹിന്ദു വര്‍ഗീയവാദികള്‍ കൈയേറി ഗേറ്റും, ബോര്‍ഡും വച്ചു. ഇവിടുത്തെ സി.പി.എം. നേതൃത്വം അതിനു വേണ്ടുന്ന ഒത്താശ ചെയ്ത് കൊടുക്കുന്നു.

വേണ്ടപ്പെട്ടവരോടെല്ലാം ഞങ്ങള്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ മൗനാനുവാദം കൊടുത്തിരിക്കുന്നു. ആരും അനങ്ങുന്നില്ല. എന്തേ ഈ ഹിന്ദു വര്‍ഗീയവാദികളെ പേടിയാണോ സി.പി. എം നേതൃത്വത്തിന്? കൊച്ചിയിലെ കണ്ണായ സ്ഥലം ഇവര്‍ക്ക് തീറെഴുതി കൊടുക്കാന്‍ ഒത്താശ ചെയ്തവരുടെ പോക്കറ്റില്‍ ലക്ഷങ്ങള്‍ ചെന്ന് വീണിട്ടുണ്ട് സഖാവെ. അതാണ് ഇവര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നിശബ്ദത എന്തൊക്കെയോ കളികള്‍ നടന്നതിന്റെ ലക്ഷണമാണ്. രോഷം തിളക്കുകയാണ്. ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല. ഞാന്‍ പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ എനിക്കറിയാം. അദ്ദേഹം അങ്ങനെയൊന്നിനും കൂട്ട് നില്ക്കില്ല: ഞാന്‍ പറഞ്ഞു. പിന്നേയും അദ്ദേഹം തുടരുകയാണ്.. സഖാവിനറിയോ: SDPI യെ സഹായിക്കുന്നത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കാരാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഇവര്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്. ഇങ്ങനെ നുഴഞ്ഞ് കയറിയവര്‍ ഇവരൊക്കെയാണ്: പേരുകള്‍ അദ്ദേഹം പറഞ്ഞു.

(ആ പേരുകള്‍ ഞാന്‍ ഇവിടെ തല്കാലം പറയുന്നില്ല). ഇവരുടെ എല്ലാ വിധ വളര്‍ച്ചക്കും ഇവര്‍ സഹായിക്കുമത്രേ. സാമ്പത്തികമായുള്ള സഹായം. ലക്ഷങ്ങളുടെ കണക്ക്. ഞാന്‍ ഞെട്ടി. പകല്‍ ഇവര്‍ CPM, Congress: രാത്രി ഇവര്‍ SDPI പിന്നെ ചിലര്‍ RSS. അഭിമന്യുവിനെ കൊന്നവര്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കിയത് ഇവരാണ് സഖാവെ. ഇവരാണ് … തോപ്പുംപടിയില്‍ വന്നിറങ്ങിയ അഭിമന്യുവിന്റ കൊലയാളികള്‍ക്ക് ആരുടെ സംരക്ഷണം കിട്ടി എന്ന് പാര്‍ട്ടി അന്വേഷിക്കണം. ഇതാണ് സഖാവെ ഇവിടെ നടക്കുന്നത്: സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറം: ചില കൊടുക്കല്‍ വാങ്ങലുകള്‍. ഇത് നിര്‍ത്തിക്കാന്‍ ഇവരുടെ ഓശാരം പറ്റാത്ത സ: ജോണ്‍ ഫെര്‍ണാണ്ടസ്സ് മുന്‍കൈ എടുക്കണം. ഫോര്‍ട്ട് കൊച്ചി അമരാവതി സ്‌കൂളിന്റെ സ്ഥലം സ്‌കൂളിന് തന്നെ കിട്ടണം. പൊതുമുതല്‍ വര്‍ഗീയവാദികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ കൂട്ട് നില്‍ക്കരുത്.

പൊതുമുതല്‍ സംരക്ഷിക്കാന്‍ കേരളത്തിലെ മുഴുവന്‍ MLA ആയ ജോണ്‍ ഫെര്‍ണാണ്ടസ്സും CPIM – ഉം മുന്‍കൈ എടുക്കണം. ഒരു ഗമണ്ടന്‍ മഴ പെയ്‌തൊഴിഞ്ഞ പോലെ. ശരി സര്‍. ഞാന്‍ പറയാം. നടപടി ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാം. ചുരുക്കം… 2001- മുതല്‍ മട്ടാഞ്ചേരി AE0 ഓഫീസ് കയറിയിറങ്ങുന്ന എനിക്കറിയാം ഫോര്‍ട്ട് കൊച്ചി അമരാവതി ഗവണ്‍മെന്റ് സ്‌കൂള്‍ ഗ്രൗണ്ട്. കുട്ടികളുടേതാണ്. പൊതുമുതലാണ്. ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്. ഹിന്ദു വര്‍ഗീയവാദികള്‍ക്ക് ഖോ-ഖോ വിളിക്കാന്‍ വിട്ടു കൊടുക്കേണ്ട സ്ഥലമല്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും, സാംസ്‌കാരിക സംഘടനകളും ഈ കൈയേറ്റത്തിന്നെതിരെ രംഗത്ത് വരണം. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്റെ ഈ ആവലാതി പൊതുസമൂഹത്തിന്റെ ആവലാതിയാണ്. ഇടപെടല്‍ അനിവാര്യം. ഉറപ്പായും ഉണ്ടാവണം, ഉണ്ടാവുക തന്നെ വേണം.

വിവാദമായ പോസ്റ്റ് പിന്‍വലിച്ച് ശേഷമുള്ള വിശദീകരണം

ഞാൻ ഇന്നലെ ഫോർട്ട് കൊച്ചി അമരാവതി ഗവണ്മേന്റ് യു.പി. സ്കൂളിന്റെ ഗ്രൗണ്ട് ഹിന്ദു തീവ്ര വാദി സംഘം കൈയേറിയതിന് എതിരെ ഒരു പോസ്റ്റ് ഇട്ടിരുന്നു... കൊച്ചിയിലെ രാഷട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്ന എന്റെ ഒരു ഉദ്യോഗസ്ഥ തല സുഹൃത്തുക്കളിൽ ഒരാളുടെ ആവലാതിയാണ് ഞാൻ fb യിൽ ഇട്ടത്... അദ്ദേഹം പറഞ്ഞതിൽ ശരിയുണ്ടെങ്കിൽ ... തെറ്റുകൾ തിരുത്തപ്പെടണം...
അഭിമന്യുവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ SDPI സംഘത്തിന് cpm-ന് .ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല ...
കൊലപാതകം കഴിഞ്ഞ് വന്നവരെ സംരംക്ഷിച്ചവർ ആരാണെന്ന് പാർട്ടി കണ്ടെത്തണം എന്നാണ് അദ്ദേഹം പറഞ്ഞത് ....
കൊച്ചിയിൽ CPM ശക്തമാണ്... ആ ശക്തി.. ഈ കൊലയാളി സംഘത്തെകണ്ടെത്തുന്നതിൽ .. ഇടപെടണം
SDPI - മുഖ്യധാരരാഷ്ട്രിയ പ്രസ്ഥാനങ്ങളിൽ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിൽ അത് ഇല്ലായ്മ ചെയ്യേണ്ടത് അതത് രാഷട്രീയ പ്രസ്ഥാനങ്ങളാണ്.. അത്രയെ അദ്ദേഹം പറഞ്ഞുള്ളൂ... ഞാനും ...
ഈ പോസ്റ്റിനെ അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സി.പി.എം എന്ന വ്യാഖ്യാനം നടത്തി മുതലെടുപ്പ് വേണ്ട... മുതലെടുപ്പ് നടത്തുന്നവർ ഓർക്കുക... ഇക്വിലാബ് സിന്ദാബാദ്, cpm സിന്ദാബാദ് വർഗ്ഗീയത തുലയട്ടെ....എന്ന് ഒരിക്കൽ വിളിച്ചീട്ടുണ്ടെങ്കിൽ അത് ഇനിയും ഉറക്കെ തന്നെ വിളിക്കും...
അത് കൊണ്ട് എന്റെ fb പോസ്റ്റ് CPM - നെതിരെ പ്രചരണായുധമായ് SDPI സംഘം ഉപയോഗിക്കണ്ട..... ആ പോസ്റ്റ് ഞാൻ പിൻവലിക്കുന്നു ..

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW