Thursday, March 07, 2019 Last Updated 16 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 03.45 PM

ആ 11 പേരുടെയും ആത്മാക്കള്‍ അവിടെ അലഞ്ഞുനടക്കുന്നു; ഭയന്ന് വിറച്ച് ആളുകള്‍ വീടുപേക്ഷിച്ച് പോകുന്നു; ബുരാരിയിലേക്ക് ഓട്ടം വരാന്‍ പോലും ഭയന്ന് ടാക്‌സിക്കാര്‍; ഒറ്റപ്പെട്ട് കൂട്ടമരണം നടന്ന ബുരാരി

Mass suicide, Burari

ന്യൂഡല്‍ഹി: ബുരാരിയില്‍ കൂട്ടമരണം നടന്ന സംഭവം ആ നാടിനെയൊന്നടങ്കം ഭയപ്പെടുത്തുന്നു. തന്റെ ഫ്‌ളാറ്റില്‍ അടിയന്തരമായി പൂജ നടത്താനൊരുങ്ങുകയാണ് പവന്‍ കുമാര്‍ ത്യാഗി. 11 പേരുടെ ദുരൂഹമരണം നടന്ന വീടിന്റെ തൊട്ടു പിന്നിലാണ് പവന്റെ ഫ്ളാറ്റ്. പവന്റെ കോളജ് വിദ്യാര്‍ത്ഥിനിയായ മകള്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും മടിക്കുകയാണ്. മകളുടെ ഭീതിയകറ്റാനാണ് പൂജ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ താന്‍ അന്ധവിശ്വാസിയല്ലെന്നും പവന്‍ കൂട്ടിച്ചേര്‍ത്തു.

ദുരൂഹമായി മരിച്ച 11 പേരുടെയും ആത്മാക്കള്‍ പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഇത് കാരണം പ്രദേശത്തെ വില്‍പ്പനയ്ക്കുള്ള സ്ഥലങ്ങളുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ബുരാരി മേഖലയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വന്‍ വിലയിടിവാണ് സംഭവിച്ചിരിക്കുന്നത്. ആരും വീട് വാടകയ്ക്ക് എടുക്കാന്‍ തയ്യാറാകുന്നില്ല. ബുരാരിലേക്ക് ഓട്ടം വരാന്‍ ഓട്ടോക്കാരും ടാക്‌സി ഡ്രൈവര്‍മാരും മടിക്കുകയാണെന്ന് പ്രദേശവാസിയായ കെ.എല്‍ ഭരദ്വാജ് പറഞ്ഞു.

ബുരാരിയില്‍ പാര്‍ക്കിംഗ് ഏരിയയോട് കൂടിയ ഫ്‌ളാറ്റുകള്‍ക്ക് സ്‌ക്വയര്‍ ഫീറ്റിന് 3000-6000 വരെയാണ് നിരക്ക്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഡല്‍ഹിയില്‍ വന്‍ വിലക്കയറ്റമുണ്ടായ പ്രദേശങ്ങളിലൊന്നാണ് ബുരാരി. എന്നാല്‍ കൂട്ടമരണത്തിന് ശേഷം ബുരാരിയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ആരും സ്ഥലം വാങ്ങാന്‍ തയ്യാറാകുന്നില്ല. മരണം നടന്ന് മൂന്ന് ദിവസത്തികം തന്നെ അതിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയിരുന്നു. മൂന്നാം ദിവസം ബുരാരിയിലെ വാടക വീട് ഉപേക്ഷിച്ച് നാല് പേര്‍ പോയി.

നേരത്തെ വാടക മുറി എടുത്ത് ജൂലൈയില്‍ താമസത്തിന് വരുമെന്ന് അറിയിച്ചവര്‍ പോലും കൂട്ടമരണത്തിന് ശേഷം ബുരാരിയിലേക്കില്ലെന്ന നിലപാടിലാണ്. ഇതിനിടെ ഡല്‍ഹി മാധ്യമങ്ങള്‍ സ്‌തോഭജനകമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതും ബുരാരിയേയും മരണം നടന്ന വീടിരിക്കുന്ന സാന്ത് നഗറിനേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അതേസമയം ബുരാരിയിലെ കൂട്ടമരണത്തെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍ക്ക് പങ്കുണ്ടെന്ന് ചിലര്‍ വിശ്വസിക്കുന്നു. ദുരൂഹമായ കഥകള്‍ പ്രചരിച്ചാല്‍ ആളുകള്‍ വീടുപേക്ഷിച്ച് പോകുമെന്നും അപ്പോള്‍ ചുളുവിലയില്‍ വീടുകള്‍ സ്വന്തമാക്കാമെന്നും ഇവര്‍ കരുതുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരുടെ പ്രധാന മേഖലയാണ് ബുരാരി. പ്രോപ്പര്‍ട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ പ്രദേശത്തെ പോലീസ് സ്‌റ്റേഷനില്‍ പതിവായി വരാറുണ്ട്.

അതേസമയം പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ഭാട്ടിയ കുടുംബത്തിലെ അവശേഷിക്കുന്ന രണ്ട് സഹോദരങ്ങളില്‍ ഒരാളായ ദിനേഷ് ഭാട്ടിയ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന ലളിത് ഭാട്ടിയയുടെ മൂത്ത സഹോദരനാണ് ദിനേഷ്. ഇവരുടെ ഒരു സഹോദരി കൂടി ജീവിച്ചിരിപ്പുണ്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തന്റെ അമ്മയും സഹോദരന്‍മാരും അടക്കം 11 പേര്‍ മരിച്ച വീട്ടില്‍ താന്‍ താമസിക്കുമെന്ന് ദിനേഷ് ഭാട്ടിയ പറഞ്ഞു.

പോലീസ് നടപടികള്‍ക്ക് ശേഷം പൂജ നടത്തി ഏതാനും ദിവസം ദുരൂഹമരണം നടന്ന വീട്ടില്‍ താമസിക്കുമെന്ന് ദിനേഷ് ഭാട്ടിയയുടെ സഹോദര പുത്രന്‍ കേതന്‍ നാഗ്പാല്‍ പറഞ്ഞു. നേരത്തെ നോയിഡയില്‍ നിതാരി കൂട്ടക്കൊല നടന്ന പ്രദേശത്തും ആളുകള്‍ കുറച്ചു നാള്‍ കടുത്ത ഭീതിയിലായിരുന്നു. 2006ല്‍ കൂട്ടമരണം നടന്ന വീട് ഇപ്പോള്‍ പ്രേത ബംഗ്ലാവ് എന്നാണ് പ്രദേശത്ത് അറിയപ്പെടുന്നത്.

നാരായണ ദേവി (77), മക്കളായ ഭുവനേഷ് (50), ലളിത് (45), ഇവരുടെ ഭാര്യമാരായ സവിത (48), ടീന (42), നാരായണ ദേവിയുടെ മറ്റൊരു മകള്‍ പ്രതിഭ (57), ചെറുമക്കളായ പ്രിയങ്ക (33), നിതു (25), മോനു (23), ധ്രുവ് (15), ശിവം (15) എന്നിവരാണ് ബുരാരിയില്‍ ദുരൂഹമായി മരിച്ചത്. ജൂണ്‍ 30ന് വൈകിട്ട് മരണം നടന്നുവെന്നാണ് കരുതപ്പെടുന്നത്. 1ന് പുലര്‍ച്ചെയാണ് അയല്‍വാസികള്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Ads by Google
Thursday 12 Jul 2018 03.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW