Sunday, December 16, 2018 Last Updated 47 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.54 AM

സംരംഭകരെ അകറ്റുന്ന സ്‌ഥിതി മാറണം

uploads/news/2018/07/232750/editorial.jpg

കേരളത്തിന്‌ ഒട്ടും അഭിമാനിക്കാനില്ലാത്ത ഒരു റിപ്പോര്‍ട്ടാണ്‌ സംസ്‌ഥാനങ്ങളിലെ ബിസിനസ്‌ സൗഹൃദ അന്തരീക്ഷത്തെപറ്റി കഴിഞ്ഞ ദിവസം പുറത്തു വന്നത്‌. ഇതു പ്രകാരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ 21-ാം സ്‌ഥാനമാണ്‌ കേരളത്തിന്‌. ആകെ 29 സംസ്‌ഥാനങ്ങളുള്ളതില്‍ 21-ാം സ്‌ഥാനത്തേക്ക്‌ വീണുപോവുക എന്നത്‌ ഒട്ടും അഭിമാനകരമായ സംഗതിയല്ല. കേരളത്തിനു പിന്നിലുള്ളത്‌ എട്ടു സംസ്‌ഥാനങ്ങള്‍ മാത്രം. സംസ്‌ഥാനങ്ങള്‍ക്കിടയില്‍ സൗഹൃദപൂര്‍ണമായ മത്സരം സൃഷ്‌ടിച്ച്‌ ബിസിനസ്‌ വളര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിവച്ച ഒരു പഠനമാണിത്‌. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നതാണ്‌ പ്രധാന ലക്ഷ്യം. സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ അനുമതി നല്‍കുന്നതിനുള്ള കാലയളവ്‌, നിയമങ്ങളുടെ നൂലാമാലകള്‍, പുതിയ സംരംഭം രജിസ്‌റ്റര്‍ ചെയ്യാനുള്ള കാലതാമസം, സ്‌ഥല ലഭ്യത, ഏകജാലക സംവിധാനത്തിന്റെ കാര്യക്ഷമത തുടങ്ങിയവ പരിഗണിച്ചാണ്‌ പട്ടിക തയാറാക്കുന്നത്‌. ലോകബാങ്കും ഇന്‍ഡസ്‌ട്രിയല്‍ പോളിസി ആന്‍ഡ്‌ പ്രമോഷന്‍ വകുപ്പും ചേര്‍ന്നു നടത്തിയ പഠനത്തില്‍ ആന്ധ്രാ പ്രദേശ്‌ ആണ്‌ മുന്നിലെത്തിയത്‌.

കഴിഞ്ഞ വര്‍ഷം ആദ്യമായി ഈ പട്ടിക തയാറാക്കിയപ്പോള്‍ ആന്ധ്രയ്‌ക്ക്‌ ഒപ്പം തെലങ്കാനയും ഒന്നാം സ്‌ഥാനത്തുണ്ടായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ആന്ധ്ര ഒറ്റയ്‌ക്ക്‌ മുന്നിലെത്തിയിരിക്കുന്നു. തെലങ്കാന രണ്ടാമതും ഹരിയാന മുന്നാമതും ഝാര്‍ഖണ്ഡ്‌ നാലാമതുമാണ്‌. കഴിഞ്ഞ തവണ രണ്ടാം സ്‌ഥാനത്തുണ്ടായിരുന്ന ഗുജറാത്ത്‌ ഇത്തവണ അഞ്ചാം സ്‌ഥാനത്തേക്കു വീണിരിക്കുകയാണ്‌. നൂറില്‍ 98.42 പോയിന്റാണ്‌ ആന്ധ്രയ്‌ക്ക്‌ ലഭിച്ചത്‌. 80 പോയിന്റിനു താഴെയുള്ള സംസ്‌ഥാനങ്ങളെ ആസ്‌പയേഴ്‌സ്‌ (തീവ്ര ആഗ്രഹമുള്ളവര്‍) എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുകയാണ്‌. കേരളത്തിനു കിട്ടിയത്‌ 44.79 പോയിന്റ്‌ മാത്രം. അതായത്‌ ബിസിനസ്‌ വളര്‍ത്തുന്ന കാര്യത്തില്‍ കേരളം ദയനീയമായി പിന്നിലാണ്‌.

തെക്കേ ഇന്ത്യയിലെ മറ്റെല്ലാ സംസ്‌ഥാനങ്ങളും കേരളത്തേക്കാള്‍ ഏറെ മുന്നിലാണ്‌. അവിടങ്ങളില്‍ ബിസിനസ്‌ സംരംഭങ്ങളുമായി എത്തുന്നവര്‍ക്ക്‌ ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു എന്നതാണ്‌ സത്യം. കേരളത്തിലാകട്ടെ പലതരം തടസങ്ങളാണ്‌ സംരംഭകരെ കാത്തിരിക്കുന്നത്‌. മറ്റു സംസ്‌ഥാനങ്ങളെ പോലെ ധാരാളം സ്‌ഥലം അനുവദിക്കാന്‍ കേരളത്തിനാവില്ല. എന്നാല്‍, സംരംഭകരുടെ മനസ്സ്‌ മടുപ്പിക്കാതിരിക്കാന്‍ സാധിക്കും. സംരംഭങ്ങളുമായി എത്തുന്നവരെ ഇവിടെ നിന്ന്‌ അകറ്റാന്‍ ഇടയാക്കുന്ന ധാരാളം സാഹചര്യങ്ങള്‍ കേരളത്തിലുണ്ട്‌. നിസ്സാരകാര്യങ്ങള്‍ക്ക്‌ പോലും അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളാണ്‌ അതില്‍ പ്രധാനം. സംരംഭം നടത്തുന്നതിനു തടസ്സമുണ്ടാക്കുന്ന മാനസികാവസ്‌ഥ ഇവിടെ മിക്കവരിലുമുണ്ട്‌. ഇന്ത്യയിലാദ്യമായി ടെക്‌നോ പാര്‍ക്ക്‌ തുടങ്ങിയ കേരളം ഇന്ന്‌ വിവരസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ മറ്റു ധാരാളം സംസ്‌ഥാനങ്ങളുടെ പിന്നിലാണ്‌ എന്നതില്‍ നിന്നു തന്നെ സംരംഭകരംഗത്തെ കേരളത്തിന്റെ സ്‌ഥിതി മനസ്സിലാക്കാം. ഇന്ത്യക്കുള്ളില്‍ മാത്രമല്ല, ഇന്ത്യക്ക്‌ പുറത്തും ശ്രദ്ധിക്കുന്ന പഠനമാണിത്‌. അതുകൊണ്ടു തന്നെ വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള നിക്ഷേപങ്ങള്‍ കേരളത്തില്‍ നിന്ന്‌ അകന്നു പോകാനാണ്‌ സാധ്യത. ഈ സ്‌ഥിതിവിശേഷം മറികടന്ന്‌ അടുത്ത വര്‍ഷമെങ്കിലും പട്ടികയില്‍ മുന്നേറാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളേണ്ടതുണ്ട്‌.

Ads by Google
Thursday 12 Jul 2018 02.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW