Tuesday, February 19, 2019 Last Updated 36 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.28 AM

വിവെ ല ഫ്രാന്‍സെ

uploads/news/2018/07/232724/s2.jpg

സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌: പന്ത്രണ്ടു കൊല്ലത്തെ ഇടവേളയ്‌ക്കു ശേഷം ഫുട്‌ബോള്‍ ലോകകപ്പ്‌ ഫൈനലില്‍ കളിക്കുന്നതിന്റെ ആഹ്‌ളാദത്തിലാണ്‌ ഫ്രഞ്ച്‌ ജനത. പ്രസിഡന്റ്‌ ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ഉത്സാഹം പുറത്തുവിട്ടിട്ടുണ്ട്‌.
സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌ സ്‌റ്റേഡിയത്തില്‍ ബെല്‍ജിയത്തിനെതിരേ നടന്ന സെമി ഫൈനല്‍ നേരിട്ടു കാണാന്‍ മക്രോണെത്തിയിരുന്നു. ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചാണു ഫ്രാന്‍സ്‌ ഫൈനലില്‍ കടന്നത്‌.
ബ്രസീല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ മുട്ടുകുത്തിച്ചെത്തിയ ബെല്‍ജിയത്തെ ഫ്രഞ്ച്‌ പ്രതിരോധ താരം സാമുവല്‍ ഉംറ്റിറ്റി 51-ാം മിനിറ്റില്‍ നേടിയ ഗോളാണു കീഴടക്കിയത്‌. മൂന്നാം തവണയാണു ഫ്രാന്‍സ്‌ ലോകകപ്പ്‌ ഫൈനലില്‍ കളിക്കുന്നത്‌. കളിയുടെ ഒന്നാം മിനിറ്റ്‌ മുതല്‍ ഫ്രാന്‍സ്‌ ആക്രമിച്ചു കളിച്ചു.
ആക്രമണത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. അതിദ്രുത നീക്കങ്ങള്‍ ഒട്ടേറെ പിറക്കുകയും ചെയ്‌തു. 20-ാം മിനിറ്റില്‍ ഫ്രഞ്ച്‌ നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ്‌ ആദ്യ പരീക്ഷണം നേരിട്ടു. നാസര്‍ ചാഡ്‌ലിയുടെ കോര്‍ണര്‍ ആല്‍ഡര്‍വെയ്‌റല്‍സ്‌ ബുള്ളറ്റ്‌ ഷോട്ടിലൂടെ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും വലത്തോട്ടു മുഴുനീള ഡൈവ്‌ ചെയ്‌തു ലോറിസ്‌ തട്ടിയകറ്റി.
51-ാം മിനിട്ടിലെ കോര്‍ണറാണു മത്സര ഗതി മാറ്റിയത്‌. അന്റോണി ഗ്രീസ്‌മാനെടുത്ത കോര്‍ണറിനെ ബുള്ളറ്റ്‌ ഹെഡറിലൂടെയാണ്‌ ഉംറ്റിറ്റി വലയിലാക്കിയത്‌.
ഉംറ്റിറ്റിക്കൊപ്പം ചാടിയ മൗറേന്‍ ഫെല്ലിനിക്കും ഗോള്‍കീപ്പര്‍ തിബൗത്‌ കോട്ടോയയ്‌ക്കും പന്തില്‍ സ്‌പര്‍ശിക്കാനുള്ള അവസരം ലഭിച്ചില്ല. ഗ്രീസ്‌മാന്‍ കഴിഞ്ഞ 20 മത്സരങ്ങളിലും ഗോളടിക്കുന്നതിനു വഴിയൊരുക്കി (12 ഗോളുകളും എട്ട്‌ അസിസ്‌റ്റുകളും).
ലീഡ്‌ ലഭിച്ചതോടെ ഫ്രഞ്ചുകാര്‍ പ്രതിരോധത്തിലേക്കു പിന്‍വാങ്ങി. ഗോള്‍ വഴങ്ങിയ ശേഷവും പരാജയ ഭീതി ഇല്ലാതെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ബെല്‍ജിയത്തിന്‌ സാധിച്ചു. പന്തടക്കത്തില്‍ ബെല്‍ജിയത്തിന്റെ ആധിപത്യവും ഇതിന്‌ തെളിവാണ്‌.
ഫ്രാന്‍സ്‌ 1998 ല്‍ ചാമ്പ്യന്‍മാരും 2006 ല്‍ റണ്ണര്‍ അപ്പുകളുമായി. ജര്‍മനിയും (എട്ട്‌) ഇറ്റലിയുമാണ്‌ (ആറ്‌) ഫ്രാന്‍സിനെക്കാള്‍ കൂടുതല്‍ ഫൈനല്‍ കളിച്ച യൂറോപ്യന്‍ ടീമുകള്‍. 2016 ലെ സൗഹൃദ മത്സരത്തില്‍ സ്‌പെയിനോടു തോറ്റ ശേഷം ബെല്‍ജിയം ആദ്യമായാണ്‌ ഒരു മത്സരത്തില്‍ മുട്ടുകുത്തുന്നത്‌.
1998 ലോകകപ്പില്‍ ടീമിനെ നയിച്ച ദെഷാംപ്‌സ് ഇത്തവണ കോച്ചിന്റെ രൂപത്തിലാണു ഫ്രാന്‍സിനൊപ്പമുള്ളത്‌. സെമിയില്‍ തന്റെ ടീമിനു മികവ്‌ പുറത്തെടുക്കാനായില്ലെന്നു ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാഡ്‌ പറഞ്ഞു.
ഫ്രഞ്ചുകാരുടെ ദൗര്‍ബല്യം കണ്ടുപിടിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടതാണു തിരിച്ചടിക്കു കാരണമെന്നും ഹസാഡ്‌ പറഞ്ഞു. ഫൈനലില്‍ കടന്നില്ലെങ്കിലും മൂന്നാംസ്‌ഥാനക്കാരാകാനുള്ള അവസരം ബെല്‍ജിയത്തിനു മുന്നിലുണ്ട്‌. 1986 ല്‍ ടിയ നാലാം സ്‌ഥാനം എന്ന ലോകകപ്പിലെ മികച്ച പ്രകടനം തിരുത്താനും അവര്‍ക്ക്‌ ഇതിലൂടെ കഴിയും.

ഫ്രാന്‍സ്‌ നീണാള്‍ വാഴട്ടെ

പാരീസ്‌: ആഘോഷങ്ങള്‍ക്കു പഞ്ഞമില്ലാത്ത പാരീസ്‌ നഗരത്തില്‍ ഇനി ഞായറാഴ്‌ച വരെ ഉല്ലസിക്കാന്‍ ഒരു കാരണമായി.
ഫ്രാന്‍സ്‌ റഷ്യ ലോകകപ്പിന്റെ ഫൈനലില്‍ കടന്നതോടെ 'വിവെ ല ഫ്രാന്‍സെ (ഫ്രാന്‍സ്‌ നീണാള്‍ വാഴട്ടെ) ' എന്ന ആര്‍പ്പുവിളികള്‍ പാരീസ്‌ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. വിഖ്യാതമായ ആര്‍ച്‌ ഡി ട്രയംഫിലൂടെ നടന്നാണ്‌ പലരും ആര്‍പ്പുവിളിച്ചത്‌. ഫൈനലില്‍ കടന്നതിന്റെ ആഘോഷങ്ങള്‍ ബുധനാഴ്‌ച പുലര്‍ച്ചെയും തീര്‍ന്നിരുന്നില്ല. ഫ്രഞ്ച്‌ വിപ്ലവത്തിലും നെപ്പോളിയന്‍ യുദ്ധങ്ങളിലും കൊല്ലപ്പെട്ടവരെ അനുസ്‌മരിക്കാനാണ്‌ ആര്‍ച്‌ ഡി ട്രയംഫ്‌ നിര്‍മിച്ചത്‌.
ഫ്രാന്‍സ്‌ ചാമ്പ്യനായാല്‍ രണ്ടു ദശാബ്‌ദത്തെ കാത്തിരിപ്പിന്‌ അറുതിയാകുമെന്നതാണ്‌ അവരെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത്‌. ഈഫല്‍ ടവറിലും ആഘോഷങ്ങള്‍ക്കു പഞ്ഞമുണ്ടായില്ല. വിനോദ സഞ്ചാരികള്‍ക്കൊപ്പം നൃത്തം ചെയ്‌തും സെല്‍ഫിയെടുത്തുമാണു നാട്ടുകാര്‍ ആഘോഷിച്ചത്‌. വീടുകളിലിരുന്നു കളി കണ്ടവര്‍ ബാല്‍ക്കണികളില്‍നിന്ന്‌ ഫ്രഞ്ച്‌ പതാക ഉയര്‍ത്തിയും ആഘോഷിച്ചു.

Ads by Google
Thursday 12 Jul 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW