Saturday, July 21, 2018 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
എം.എസ്‌. സന്ദീപ്‌
Thursday 12 Jul 2018 02.22 AM

അഭിമന്യുവിന്റെ നെഞ്ചുപിളര്‍ന്നു ജീവനെടുത്തിട്ട് പത്ത്‌ ദിവസം , കൊലയാളികള്‍ എവിടെ?ഇരുട്ടില്‍ തപ്പി പോലീസ്, യു.എ.പി.എ ചുമത്താന്‍ താല്പര്യം ഇല്ലാതെ സി.പി.എം.

Abhimanyu murder

കൊച്ചി: മഹാരാജാസ്‌ കോളജിലെ എസ്‌.എഫ്‌.ഐ. നേതാവ്‌ അഭിമന്യുവിന്റെ നെഞ്ചുപിളര്‍ന്നു ജീവനെടുത്തു 10 ദിവസം പിന്നിട്ടിട്ടും കൊലയാളികളെവിടെയെന്നുപോലുമറിയാതെ ഇരുട്ടില്‍തപ്പി പോലീസ്‌. സ്വന്തം വിദ്യാര്‍ഥിപ്രസ്‌ഥാനത്തിന്റെ നേതാവ്‌ കോളജില്‍വച്ച്‌ കാമ്പസ്‌ ഫ്രണ്ട്‌-എസ്‌.ഡി.പി.ഐ.സംഘത്തിന്റെ കൊലക്കത്തിക്കിരയായിട്ടും ഒന്നും ചെയ്യാനാവാതെ ഇടതുസര്‍ക്കാരും.

'ഞാന്‍ പെറ്റ മകനേ.... എന്‍ കിളിയേ' എന്നുവിളിച്ച്‌ അഭിമന്യുവിന്റെ മൃതദേഹത്തില്‍ വീണു നെഞ്ചുപിടഞ്ഞുവിളിച്ച ആ അമ്മയുടെ രോദനം കേരളക്കരയെ മുഴുവന്‍ പിടിച്ചുലച്ചതാണ്‌. എന്നാല്‍ പത്തുനാള്‍ പിന്നിട്ടിട്ടും അതിന്റെ പൊരുള്‍ അറിഞ്ഞില്ലെന്ന മട്ടിലാണ്‌ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍. പ്രസ്‌ഥാനത്തിനുവേണ്ടി ചിന്തിയ അഭിമന്യൂവിന്റെ ചോരയ്‌ക്കു നീതി വൈകുന്നതില്‍ എസ്‌.എഫ്‌.ഐയും പ്രതിഷേധമുയര്‍ത്തുന്നില്ല. കേരളത്തെ ഞെട്ടിച്ച ക്യാമ്പസ്‌ കൊലപാതകം നടന്നയുടന്‍തന്നെ സംഭവത്തിലെ പോപ്പുലര്‍ ഫ്രണ്ട്‌-എസ്‌.ഡി.പി.ഐ. ബന്ധവും തീവ്രവാദസ്വഭാവവും വ്യക്‌തമായിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ നടത്തിയ കാടിളക്കിയുള്ള റെയ്‌ഡ്‌ മാത്രമാണ്‌ ഫലത്തില്‍ സംഭവിച്ചത്‌. കേസില്‍ ഇതുവരെ ആറുപേര്‍ പിടിയിലായിട്ടുണ്ട്‌. എന്നാല്‍ ഇവരാരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ലെന്നാണു പോലീസ്‌ തന്നെ സൂചിപ്പിക്കുന്നത്‌. മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥി മുഹമ്മദ്‌ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെല്ലാം ഒളിവിലാണ്‌. പ്രതികള്‍ തങ്ങളുടെ വലയിലാണെന്നും ഉടന്‍ അറസ്‌റ്റുണ്ടാകുമെന്നും ഉന്നതപോലീസ്‌ അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട്‌ ഒരാഴ്‌ചയായി. എന്നാല്‍ മുഖ്യപ്രതികള്‍ വിദേശത്തേക്കു കടന്നെന്നാണ്‌ സംശയം. ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ അടക്കമുള്ളവ പുറപ്പെടുവിക്കാന്‍ വൈകിയതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇതരസംസ്‌ഥാനങ്ങളിലെ പോലീസിന്റെ സഹകരണത്തോടെ എട്ടു സ്‌ക്വാഡുകളായി തിരിഞ്ഞാണ്‌ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നത്‌. എന്നിട്ടും പ്രതികളെവിടെയെന്നു സംബന്ധിച്ചു കൃത്യമായ ഒരു വിവരവുമില്ല. പോലീസ്‌ സംവിധാനങ്ങള്‍ മുന്നില്‍ കണ്ടാണു പ്രതികളുടെ നീക്കം. പ്രതികള്‍ക്കു വിവരം നല്‍കാന്‍ പ്രത്യേകസംവിധാനം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

തീവ്രവാദസ്വഭാവമുള്ള കേസായിട്ടും കൈവെട്ടുകേസിലെ പ്രതികളടക്കമുള്ളവര്‍ അക്രമത്തിനു പിന്നിലുള്ളതായ വിവരങ്ങള്‍ പുറത്തുവന്നിട്ടും യു.എ.പി.എ. ചുമത്തേണ്ട എന്ന നിലപാടിലാണ്‌ പോലീസും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സി.പി.എമ്മും. യു.എ.പി.എ ചുമത്താന്‍ മതിയായ തെളിവുകളില്ലെന്നാണു ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്റെ നിയമോപദേശം.

അതിനിടെ അഭിമന്യൂവിന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഏറ്റെടുത്തേക്കുമെന്ന സൂചനയുണ്ട്‌. പ്രാഥമികഅന്വേഷണം നടത്തിയ എന്‍.ഐ.എ. കേസിലെ തീവ്രവാദസ്വഭാവവും കൈവെട്ടുകേസിലെ പ്രതികളുടെ പങ്കാളിത്തമടക്കമുളളവയും കാട്ടി കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ടും നല്‍കി. എന്‍.ഐ.എയുടെ മുന്റിപ്പോര്‍ട്ടിന്റെയും സമീപകാലസംഭവങ്ങളുടെയും പശ്‌ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ വീണ്ടും സജീവമാക്കിയതായും സൂചനയുണ്ട്‌. മുന്‍പു സമാനസാഹചര്യത്തില്‍ കേരളത്തിന്റെ എതിര്‍പ്പാണ്‌ പോപ്പുലര്‍ ഫ്രണ്ടിന്‌ തുണയായത്‌.

Ads by Google
എം.എസ്‌. സന്ദീപ്‌
Thursday 12 Jul 2018 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW