Sunday, April 21, 2019 Last Updated 12 Min 24 Sec ago English Edition
Todays E paper
Wednesday 11 Jul 2018 04.01 PM

കുഞ്ഞു ചര്‍മ്മം കാത്തുസൂക്ഷിക്കാം

''കുട്ടികളില്‍ ചര്‍മ്മരോഗങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് കുട്ടികളിലെ ചര്‍മ്മസംരക്ഷണത്തിന് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതുണ്ട്.''
uploads/news/2018/07/232566/Babyskincare110718.jpg

കുട്ടികളില്‍ ചര്‍മ്മത്തെ ബാധിക്കുന്ന ധാരാളം ആരോഗ്യ പ്രശ്നങ്ങളുണ്ട്. കുട്ടികളുടെ ചര്‍മ്മം കട്ടികുറഞ്ഞതും വിയര്‍പ്പുഗ്രന്ഥികള്‍ പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാത്തതുമാണ്. അതുകൊണ്ടുതന്നെ ചര്‍മ്മത്തിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍പോലും ശ്രദ്ധിക്കേണ്ടതാണ്.

സ്‌കാബീസ്


ചൊറിച്ചിലാണ് ഈ സാംക്രമിക രോഗത്തിന്റെ പ്രധാന ലക്ഷണം. വയറിലും, കക്ഷത്തിലും, കൈവിരലുകള്‍ക്കിടയിലും ചൊറിച്ചിലോടുകൂടിയ തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. ആണ്‍കുട്ടികളില്‍ ലിംഗത്തിലും ഇത് കാണപ്പെടുന്നു. ചൊറിഞ്ഞുപൊട്ടുന്ന ഭാഗങ്ങള്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനംമൂലം പഴുക്കുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് ഈ രോഗം വന്നാല്‍ മറ്റുള്ളവരിലേക്ക് പകരാനും സാധ്യത കൂടുതലാണ്.

വെളുത്ത പാടുകള്‍


വരണ്ട തൊലിയുള്ളവരില്‍ കണ്ടുവരുന്ന ഒന്നാണ് വെളുത്ത പാടുകള്‍. തൊലിയില്‍ കാണപ്പെടുന്ന ചെറിയ വെളുത്ത വരകളാണ് ലക്ഷണം. സോപ്പ്, പൗഡര്‍, ഇവയുടെ ഉപയോഗം കുറച്ച് എണ്ണമയമുള്ള ലേപനങ്ങള്‍ പുരട്ടുന്നതിലൂടെ ഈ രോഗം അകറ്റി നിര്‍ത്താം.

പഴുപ്പുരോഗം


ഇംപെറ്റിഗോ അഥവാ പഴുപ്പുരോഗം തുടക്കത്തില്‍ ചുവന്ന തടിപ്പായും പിന്നീട് പഴുപ്പ് നിറഞ്ഞ കുമിളകളായും കാണപ്പെടുന്നു. ബാക്ടീരിയയാണ് രോഗ കാരണം. രോഗം ബാധിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്. ചിലപ്പോള്‍ സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയയുടെ പ്രവര്‍ത്തന ഫലമായി ഈ രോഗം വൃക്കകളെ ബാധിക്കുന്നു.

ചൊറിച്ചിലിനൊപ്പം കണ്ണിനുചുറ്റും, കാലിലും നീര് വരിക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിന് ചുവപ്പുനിറം ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗം വ്യക്കയെ ബാധിച്ചു എന്ന് കരുതാം. ഈ അവസ്ഥയില്‍ രോഗിയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടിവരും.

മൊരി


ശരീരം ഉണങ്ങി വരണ്ടിരിക്കുന്ന അവസ്ഥയാണ് മൊരി. കൈയിലും കാല്‍മുട്ടിന് താഴെയുമാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പാരമ്പര്യം ഇതിനൊരു കാരണമാണ്. മൊരി ബാധിച്ച ത്വക്കിന് വെള്ളം തടഞ്ഞുനിര്‍ത്താനുള്ള കഴിവ് ഇല്ലാത്തതാണ് മഞ്ഞുകാലത്ത് ഈ ഭാഗം വരണ്ടുപൊട്ടുന്നത്. മൊരിയുള്ള കുട്ടികള്‍ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കുളികഴിഞ്ഞ് എണ്ണയുള്ള ലേപനങ്ങള്‍ പുരട്ടുന്നത് തൊലി വരളാതിരിക്കാന്‍ സഹായിക്കുന്നു.

എക്‌സിമ


സഹിക്കാനാവാത്ത ചൊറിച്ചിലാണ് എക്സിമയുടെ വകഭേദമായ അട്രോപ്പിക്ക് എക്സിമയുടെ ലക്ഷണം. തൊലി ചൊറിഞ്ഞ് ചുവന്നുതടിച്ച് വെള്ളം ഒലിക്കുന്നു. ആസ്ത്മ പാരമ്പര്യമുള്ള കുടുംബങ്ങളിലെ കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.

മൂന്ന് വയസുവരെയുള്ള കുട്ടികളില്‍ മുഖത്തും കാലിലുമാണ് ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. എന്നാല്‍ നാല് വയസിന് മുകളിലുള്ള കുട്ടികളില്‍ രോഗം കൈ കാല്‍ മടക്കുകളില്‍ മാത്രമാണ് കാണപ്പെടുന്നത്.

നഖം വളരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. നഖത്തില്‍ കെരാറ്റിന്‍ എന്ന പഥാര്‍ഥം അടങ്ങിയിരിക്കുന്നതുകൊണ്ട് നഖം ഉപയോഗിച്ച് ചൊറിയുന്ന ഭാഗങ്ങളില്‍ അണുബാധയുണ്ടാകുന്നു. ഇത്തരക്കാര്‍ക്ക് ധരിക്കാന്‍ സുഖകരമായ പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

ഡയപ്പര്‍ ഡെര്‍മറ്റെറ്റീസ്


ഇന്ന് വളരെയധികം കുട്ടികളില്‍ കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഡയപ്പര്‍ അലര്‍ജി. ഡയപ്പറിന്റെ അമിത ഉപയോഗംമൂലം അരഭാഗവും പൃഷ്ടഭാഗവും ചുവന്നുതടിച്ച് വെള്ളം ഒലിക്കുന്നതാണ് രോഗ ലക്ഷണം.

കുട്ടി മലമൂത്ര വിസര്‍ജനം ചെയ്ത തുണി ഉടനെ മാറ്റാത്തതും ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിന് കാരണമാകാം. രോഗ തീവ്രത കൂടുമ്പോള്‍ മലദ്വാരത്തിനും ലിംഗത്തിനു ചുറ്റും വേദനയോടുകൂടിയ കുരുക്കള്‍ പ്രത്യക്ഷപ്പെടും.

കുഞ്ഞിന്റെ ശരീരത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, വായൂ സഞ്ചാരമില്ലാത്ത ഡയപ്പറുകളുടെ ഉപയോഗം കുറയ്ക്കുക ഇവയാണ് മുന്‍കരുതലുകള്‍. ചെറുചൂടുവെള്ളത്തില്‍ തടിപ്പുകള്‍ കാണപ്പെടുന്ന ഭാഗം കഴുകി വൃത്തിയാക്കിയ ശേഷം ഒലിവെണ്ണ പുരട്ടുന്നത് നല്ലതാണ്.

എസ്. പി

Wednesday 11 Jul 2018 04.01 PM
YOU MAY BE INTERESTED
Loading...
TRENDING NOW