Thursday, July 19, 2018 Last Updated 21 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.47 AM

ഇല്ലാത്ത സ്‌ഥാപനത്തിനും ശ്രേഷ്‌ഠപദവി; ഇതു നാണക്കേട്‌

uploads/news/2018/07/232491/editorial.jpg

കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്‌ ഒരു വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങും മുന്‍പേ അതിവിശിഷ്‌ട പഠന കേന്ദ്രമെന്ന ബഹുമതി ലഭിക്കുന്നത്‌. ഇന്ത്യയില്‍ അതും സംഭവിച്ചു. രാജ്യത്ത്‌ ഏറ്റവും മുന്തിയ നിലവാരമുള്ള ആറു ശ്രേഷ്‌ഠ വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്തതില്‍ ഒന്ന്‌ മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള ജിയോ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ആണ്‌. അതിവിശിഷ്‌ടമായ സേവന പാരമ്പര്യമുള്ള അനേകം ഐ.ഐ.ടികളേയും ഐ.ഐ.എമ്മുകളേയും ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജെ.എന്‍.യു. തുടങ്ങിയ സര്‍വകലാശാലകളെയും ഒഴിവാക്കിയ പട്ടികയിലാണു ജിയോ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ കടന്നുകൂടിയത്‌. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌, ഐ.ഐ.ടി. ബോംബേ, ഐ.ഐ.ടി. ഡല്‍ഹി എന്നിവയും ജിയോ ഇന്‍സ്‌റ്റിറ്റ്യൂട്ടിനെ കൂടാതെ ബിര്‍ലാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്‍ഡ്‌ സയന്‍സ്‌ (ബിറ്റ്‌സ്‌) പിലാനി, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി എന്നീ സ്വകാര്യ വിദ്യാഭ്യാസസ്‌ഥാപനങ്ങളുമാണു തെരഞ്ഞെടുക്കപ്പെട്ടത്‌. സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്ക്‌ ആയിരം കോടി രൂപ ധനസഹായം നല്‍കും. സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക്‌ ഗവേഷണത്തിനായി സഹായം നല്‍കും.

യു.ജി.സി. നിശ്‌ചയിച്ച മാനദണ്ഡം അനുസരിച്ച്‌ ജിയോ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ ശ്രേഷ്‌ഠ പദവി നല്‍കുന്നതില്‍ തെറ്റില്ലെന്നാണു തെരഞ്ഞെടുപ്പ്‌ വിവാദമായപ്പോള്‍ കേന്ദ്രമന്ത്രി പ്രകാശ്‌ ജാവ്‌ദേക്കര്‍ വിശദീകരിച്ചത്‌. പുതുതായി തുടങ്ങുന്ന സ്‌ഥാപനങ്ങള്‍ക്കും (ഗ്രീന്‍ഫീല്‍ഡ്‌ സ്‌ഥാപനങ്ങള്‍) അപേക്ഷിക്കാം എന്ന വ്യവസ്‌ഥയാണ്‌ മന്ത്രിക്കു പിടിവള്ളി. സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, സ്വകാര്യ സ്‌ഥാപനങ്ങള്‍, തുടങ്ങാനിരിക്കുന്ന സ്‌ഥാപനങ്ങള്‍ എന്നിവയ്‌ക്ക്‌ ഈ പദവിക്ക്‌ അപേക്ഷിക്കാം എന്നതായിരുന്നു ഇതു സംബന്ധിച്ച വിജ്‌ഞാപനം. ഈ വിജ്‌ഞാപനമനുസരിച്ച്‌ ജിയോ ഇന്‍സ്‌റ്റിട്യൂറ്റിനു നല്‍കുന്നതില്‍ തെറ്റില്ല. പക്ഷേ, ഈ വ്യവസ്‌ഥ എങ്ങനെ കടന്നുകൂടി എന്നകാര്യം സംശയാസ്‌പദമാണ്‌. ശ്രേഷ്‌ഠ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ തെരഞ്ഞെടുത്ത്‌ സര്‍ക്കാര്‍ സഹായം നല്‍കും എന്ന്‌ 2016-ലെ ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍, അതില്‍ തുടങ്ങാനിരിക്കുന്ന സ്‌ഥാപനങ്ങളെ പറ്റി പരാമര്‍ശമില്ലായിരുന്നു. ഇതു പിന്നീട്‌ കൂട്ടിച്ചേര്‍ത്തതാണ്‌.

ജിയോ ഇന്‍സ്‌റ്റിട്യൂറ്റിനെ കുറിച്ച്‌ ആര്‍ക്കും ഒന്നും അറിയില്ല എന്നതാണു സത്യം. രാജ്യാന്തര നിലവാരത്തിലുള്ള ഒരു സര്‍വകലാശാല തുടങ്ങുമെന്ന്‌ മുകേഷ്‌ അംബാനിയുടെ ഭാര്യ നിതാ അംബാനി കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചതു മാത്രമാണ്‌ ഇതു സംബന്ധിച്ച ഏക അറിയിപ്പ്‌. ഈ സ്‌ഥാപനത്തിന്‌ വെബ്‌സൈറ്റ്‌ പോലുമില്ല. എവിടെയാണ്‌ തുടങ്ങുന്നത്‌ എന്നും ആര്‍ക്കും അറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്‌ മുകേഷ്‌ അംബാനി. റിലയന്‍സ്‌ ജിയോ എന്ന ടെലികോം കമ്പനി തുടങ്ങിയപ്പോള്‍ നരേന്ദ്ര മോഡിയുടെ ഫോട്ടോവച്ചാണ്‌ പരസ്യം ചെയ്‌തത്‌. ഇതേ ജിയോയുടെ പേരിലാണു സര്‍വകലാശാല തുടങ്ങുന്നത്‌. യു.ജി.സി. നിശ്‌ചയിച്ച ഒരു ഉന്നതാധികാര സമിതിയാണ്‌ ശ്രേഷ്‌ഠ വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്‌. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ എന്‍. ഗോപാലസ്വാമിയാണ്‌ ഈ സമിതിയുടെ അധ്യക്ഷന്‍. ആര്‍.എസ്‌.എസുമായി ബന്ധമുള്ള വിവേകാനന്ദ എജൂക്കേഷണല്‍ സൊസൈറ്റിയുടെ തലവനാണ്‌ ഇപ്പോള്‍ ഗോപാലസ്വാമി. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്‌ഥാപനങ്ങളെ മറികടന്നാണ്‌ ഗോപാലസ്വാമിയുടെ നേതൃത്വത്തിലുള്ള സമിതി ജിയോ ഇന്‍സ്‌റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തത്‌.

പത്തു സര്‍ക്കാര്‍ സ്‌ഥാപനങ്ങളെയും പത്തു സ്വകാര്യ സ്‌ഥാപനങ്ങളെയും ഇങ്ങനെ തെരഞ്ഞെടുക്കുമെന്നാണ്‌ സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ ആറു സ്‌ഥാപനങ്ങളെ മാത്രമാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇരുപതു സ്‌ഥാപനങ്ങളെ തെരഞ്ഞെടുക്കും എന്നു പറഞ്ഞിട്ട്‌ ആറില്‍ ഒതുക്കാന്‍ കാരണം പറഞ്ഞത്‌ നിലവാരമുള്ള വേറെ സ്‌ഥാപനങ്ങള്‍ ഇല്ല എന്നായിരുന്നു. രാജ്യാന്തര നിലവാരമുള്ളതും പഠന നിലവാരമുള്ളതുമായ ധാരാളം സ്‌ഥാപനങ്ങള്‍ ഉള്ളപ്പോള്‍ ഇനിയും കടലാസ്സില്‍ പോലും രൂപം കൊണ്ടിട്ടില്ലാത്ത ഒരു സ്‌ഥാപനത്തിന്‌ ഇത്തരം ഉന്നത പദവി നല്‍കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെയാകെ വെല്ലുവിളിക്കുകയാണ്‌ ചെയ്യുന്നത്‌. അധികാരികളുമായി അടുപ്പവും സ്വാധീനശക്‌തിയും പണബലവുമുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ നയങ്ങളെ ആകെ വളച്ചൊടിച്ച്‌ തങ്ങള്‍ക്ക്‌ അനുകൂലമാക്കാന്‍ വളരെയെളുപ്പം സാധിക്കുന്ന നിലയിലേക്ക്‌ രാജ്യത്തെ വിദ്യാഭ്യാസരംഗവും മാറ്റപ്പെടുന്നു എന്നത്‌ ഗുരുതരമായ സ്‌ഥിതിവിശേഷമാണ്‌.

Ads by Google
Wednesday 11 Jul 2018 02.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW