വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്കാ ദ ഷന്താള്‍ ദൈവദാസി പദവിയിലേക്ക്. നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനവും ദൈവദാസി പ്രഖ്യാനവും ഓഗസ്റ്റ് നാലിന് മദര്‍ ഷന്താളിന്റെ കബറിടം സ്ഥിതിചെയ്യുന്ന അതിരമ്പുഴ ആരാധനാമഠത്തില്‍ നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിനു ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ദൈവദാസി പ്രഖ്യാപനം നടത്തും. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായി റവ.ഡോ. ജോസഫ് കൊല്ലാറയെ നിയമിച്ചു. നാമകരണക്കോടതിയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളും അന്നു തുടങ്ങും.
1880 ഡിസംബര്‍ 23 ന് ചമ്പക്കുളം വല്ലയില്‍ കൊച്ചുമാത്തൂച്ചന്‍-മറിയാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളായാണ് മദര്‍ ഷന്താളിന്റെ ജനനം. ഫിലോമിന എന്നായിരുന്നു മാമ്മോദീസാനാമം. ഫാ.തോമസ് കുര്യാളശേരിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് 1901-ല്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീസമൂഹ സ്ഥാപനത്തിനായി പരിശ്രമിച്ചു. പിന്നീട് അതിരൂപതയുടെ പ്രഥമ തദ്ദേശീയമെത്രാനായ ധന്യന്‍ മാര്‍ കുര്യാളശേരിയാണ് ഈ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍.
1908 ഡിസംബര്‍ എട്ടിന് അഞ്ച് അര്ഥിനികള്ക്കൊപ്പം ഫിലോമിന ശിരോവസ്ത്രം സ്വീകരിച്ചു മേരി ഫ്രാന്‍സിസ്കാ ദ ഷന്താളായി. 1911 ഡിസംബര്‍ പത്തിനു സഭാവസ്ത്രം സ്വീകരിച്ച സിസ്റ്റര്‍ 1916 ഓഗസ്റ്റ് 21ന് ചങ്ങനാശേരി അരമന ചാപ്പലില്‍ നിത്യവ്രതവാഗ്ദാനത്തിലൂടെ സമര്‍പ്പിതയായി. 1972 ല്‍ മേയ് 25ന് ദിവംഗതയായി. പിറ്റേദിവസം അതിരമ്പുഴ മഠം ചാപ്പലില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ അന്നത്തെ അതിരൂപതാ സഹായമെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ പ്രധാന കാര്‍മികത്വത്തിലായിരുന്നു സംസ്കാരം.