Monday, November 19, 2018 Last Updated 25 Min 23 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Saturday 07 Jul 2018 02.53 AM

ജലീല്‍ മാഷും കുട്ടികളും

കെ.ടി. ജലീല്‍ മാഷ്‌ ശരിക്കും ഒരു മാഷ്‌ തന്നെയാണെന്ന്‌ ഇപ്പോള്‍ മനസിലായി; നന്നായി വരും. ഈ കുറ്റസമ്മതം കുട്ടികള്‍ക്കൊക്കെ മാതൃകയാണ്‌; മാഷിനെ അഭിനന്ദിക്കുന്നു. മാഷ്‌ ഉള്‍പ്പെടെയുള്ളവര്‍ തകര്‍ത്ത സ്‌പീക്കറുടെ കസേരയുടെ ഓര്‍മ്മയ്‌ക്കു നൂറ്‌ രക്‌തപുഷ്‌പങ്ങള്‍.
uploads/news/2018/07/231468/opinion070718a.jpg

നിയമസഭയില്‍ നടത്തിയ പരാക്രമങ്ങള്‍ക്കു മന്ത്രി കെ.ടി. ജലീല്‍ ക്ഷമാപണം നടത്തിയിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കെ.എം. മാണി ബജറ്റ്‌ അവതരിപ്പിക്കുന്നതു തടയാന്‍ അന്നത്തെ പ്രതിപക്ഷം നടത്തിയ മര്യാദയില്ലാത്ത ലജ്‌ജാകരമായ അതിക്രമങ്ങളുടെ മുന്‍പന്തിയില്‍ കെ.ടി. ജലീല്‍ എന്ന, സി.പി.എമ്മിന്റെ സ്വതന്ത്രനായ എം.എല്‍.എയുണ്ടായിരുന്നു. ഇപ്പോള്‍ മന്ത്രിക്കു കുറ്റബോധം.

അധ്യാപകന്‍ എന്ന നിലയ്‌ക്ക്‌ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്നു ജലീല്‍ പറയുന്നു. മറ്റുള്ളവര്‍ക്ക്‌ എന്തും ആകാം; അധ്യാപകന്‍ സ്വയം നിയന്ത്രിക്കണമായിരുന്നെന്നാണ്‌ ജലീലിന്റെ നിലപാട്‌. ജലീല്‍ മാഷിനു െവെകി വിവേകം ഉദിച്ചതു ക്ലാസ്‌ മുറിയില്‍വച്ചായിരുന്നെങ്കില്‍ കുട്ടികള്‍ ചില ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു.

കെ.എം. മാണിക്കെതിരായ പ്രതിപക്ഷത്തിന്റെ പടയൊരുക്കം കേരളാ നിയമസഭയുടെ ഇരുണ്ട ദിനമായിരുന്നു. അന്നു മുണ്ടുപൊക്കിക്കൊണ്ട്‌ സഭയെ ചാലക്കമ്പോളമാക്കിയവരെയും ചെറിയ ഘടകകക്ഷിയുടെ വലിയ നേതാവാകാന്‍ പല്ലും നഖവും ഉപയോഗിച്ച വനിതാ എം.എല്‍.എയെയും സഭയ്‌ക്കകത്തേക്കു വീണ്ടും കടത്താതിരിക്കാനുള്ള വിവേകം തെരഞ്ഞെടുപ്പില്‍ പൊതുജനം പ്രകടിപ്പിച്ചു. ഇതൊക്കെ മനസില്‍ വച്ചുകൊണ്ടാവും ജലീല്‍ മാഷിനോടുള്ള കുട്ടികളുടെ ചോദ്യം.

നിയമസഭയിലെ മാണിവിരുദ്ധ ലഹള തെറ്റായിപ്പോയെന്നു ജലീല്‍ മാഷ്‌ പറയുന്നു; ലഹളയ്‌ക്കു നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്ക്‌ ഇതേ അഭിപ്രായമില്ല. അതായത്‌, ജലീല്‍ ഒഴികെയുള്ള ഇടതുപക്ഷ നേതാക്കള്‍ ലഹളയില്‍ പങ്കെടുത്തതില്‍ ഇന്നും അഭിമാനിക്കുന്നു. അതിനാല്‍, ഇടതുപക്ഷം എന്ന ഭരണപക്ഷം ജലീല്‍നിലപാടിനോടു യോജിക്കുന്നുണ്ടോ?

നിയമസഭാ ലഹളക്കാര്‍ക്കെതിരേ അന്നു മ്യൂസിയം പോലീസ്‌ കേസെടുത്തിരുന്നു, അന്നത്തെ സ്‌പീക്കര്‍ എന്‍. ശക്‌തന്റെ പരാതിയില്‍. ആ കേസിന്റെ ഇന്നത്തെ നിലയോടു യോജിപ്പുണ്ടോ?

മ്യൂസിയം പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അറിഞ്ഞു. ലഹളയെത്തുടര്‍ന്നു രണ്ടു ലക്ഷത്തില്‍പ്പരം രൂപയ്‌ക്കുള്ള നഷ്‌ടം നിയമസഭയ്‌ക്കുള്ളില്‍ ഉണ്ടായെന്ന പരാതിയിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ റദ്ദാക്കണമെന്നു കെ.ടി. ജലീലിന്‌ അഭിപ്രായമുണ്ടോ?

നിയമസഭാ ലഹളയ്‌ക്കു സി.പി.എം. നിര്‍ദ്ദേശമുണ്ടായിരുന്നില്ലെന്നു കെ.ടി. ജലീല്‍ പറയുന്നു. ലഹളയ്‌ക്ക്‌ അന്നു ജലീലിനൊപ്പം ഉണ്ടായിരുന്നവര്‍ സി.പി.എം. നിയമസഭാ കക്ഷിയുടെ തീരുമാനപ്രകാരമെന്നും പറയുന്നു; സത്യമെന്താണ്‌?

നിയമസഭാ ലഹളയില്‍ പങ്കെടുത്തു ദേശസ്‌നേഹം പ്രകടിപ്പിച്ച ഡോ. തോമസ്‌ ഐസക്‌ ഒരു അധ്യാപകനായിരുന്നു. നടന്നത്‌ അധ്യാപകര്‍ക്കു ചേര്‍ന്ന നടപടിയായിരുന്നില്ലെന്നു താങ്കള്‍ പറയുന്നു. എങ്കില്‍, ന്യായമായും തോമസ്‌ ഐസക്കും ക്ഷമാപണം നടത്തേണ്ടതല്ലേ?

2014 മാര്‍ച്ച്‌ 13 ചരിത്രത്തില്‍ എങ്ങനെ അറിയപ്പെടും? മലബാര്‍ കലാപം പോലെ? മാഷിന്റെ ഗവേഷണ വിഷയമായതുകൊണ്ട്‌ ചോദിക്കുന്നു.
നിയമസഭാ ലഹള നടന്ന ദിവസം മറ്റൊരു മാഷും സഭയ്‌ക്കുള്ളിലുണ്ടായിരുന്നു. പഠിച്ചവരും ഒന്നും പഠിക്കാത്തവരും ഒരേവിധം മാഷ്‌ എന്നു വിളിക്കുന്ന പ്രഫ. സി. രവീന്ദ്രനാഥ്‌ ആയിരുന്നു ആ മാഷ്‌, ഇന്നത്തെ വിദ്യാഭ്യാസമന്ത്രി.

പക്ഷേ, രവീന്ദ്രനാഥ്‌ മാഷ്‌ കലാപഭൂമിയില്‍ പോര്‍മുഖത്തു കസേര തല്ലിപ്പൊളിക്കാന്‍ കൂട്ടാക്കാതെ മാറിനിന്നു. നിങ്ങള്‍ രണ്ടു മാഷുമാരും ഒരേ വിഷയത്തില്‍ രണ്ടു രീതിയില്‍ പ്രതികരിച്ചു. രവീന്ദ്രന്‍മാഷ്‌ മാപ്പുപറയുന്നില്ല, കാരണം അദ്ദേഹം തെറ്റുചെയ്‌തില്ല; അതിനാല്‍ കുറ്റബോധമില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? കെ.ടി. ജലീല്‍ മാഷ്‌ ശരിക്കും ഒരു മാഷ്‌ തന്നെയാണെന്ന്‌ ഇപ്പോള്‍ മനസിലായി; നന്നായി വരും.
ഈ കുറ്റസമ്മതം കുട്ടികള്‍ക്കൊക്കെ മാതൃകയാണ്‌; മാഷിനെ അഭിനന്ദിക്കുന്നു. മാഷ്‌ ഉള്‍പ്പെടെയുള്ളവര്‍ തകര്‍ത്ത സ്‌പീക്കറുടെ കസേരയുടെ ഓര്‍മ്മയ്‌ക്കു നൂറ്‌ രക്‌തപുഷ്‌പങ്ങള്‍.

*** കരുണാകരന്റെ ഓര്‍മ്മയ്‌ക്ക്‌
കെ. കരുണാകരന്‍ ജീവിച്ചിരുന്ന കാലത്തു ഗ്രൂപ്പ്‌ െവെരികളായ ഗോത്രങ്ങളുടെ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ എ ഗോത്രത്തലവനായി നിലകൊണ്ടത്‌ ആര്യാടന്‍ മുഹമ്മദായിരുന്നു. ഐ ഗോത്രത്തിനെതിരായ പതിയിരുന്നാക്രമണങ്ങളിലെ ഒന്നാം നിരക്കാരന്‍.

കിട്ടുന്ന അവസരങ്ങളിലെല്ലാം കെ. കരുണാകരനെ ആക്ഷേപിക്കാനും പിന്നില്‍നിന്നു കുത്താനും ഉത്സാഹം കാണിച്ചിട്ടുള്ള ആര്യാടന്‍ മുഹമ്മദിനു കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ്‌ കിട്ടി.

കെ. കരുണാകരന്‍ ജന്മശതാബ്‌ദി അവാര്‍ഡ്‌ഒരു ലക്ഷം രൂപ; ലീഡറുടെ കുടുംബാംഗങ്ങളുടെ അറിവോടെയാണോ എന്നറിയില്ല. അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌, കേള്‍ക്കുന്നവര്‍ക്കെല്ലാം മറവിരോഗമുണ്ടാകുമെന്ന ഉറപ്പില്‍, അവാര്‍ഡ്‌ ജേതാവിന്റെ കരുണാകരന്‍ അനുസ്‌മരണം പ്രതീക്ഷിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW