Thursday, July 19, 2018 Last Updated 20 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 02.34 AM

ഡല്‍ഹിയില്‍ തര്‍ക്കം തീരട്ടെ, ഭരണം നടക്കട്ടെ

uploads/news/2018/07/231209/editorial.jpg

ഏറെക്കാലമായി നിയമവൃത്തങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന തര്‍ക്കവിഷയത്തില്‍ വ്യക്‌തതവരുത്തുന്നതാണ്‌ ഡല്‍ഹി ലഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച സുപ്രിം കോടതിയുടെ വിധി. ഡല്‍ഹി ദേശീയ തലസ്‌ഥാന പ്രദേശത്ത്‌ (എന്‍.സി.ടി) പോലീസ്‌, ക്രമസമാധാനം, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‌ അധികാരമുണ്ടെന്നും അതിന്‌ ലഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ അനുമതി വേണ്ടെന്നുമാണ്‌ സുപ്രിം കോടതി വ്യക്‌തമാക്കിയിരിക്കുന്നത്‌. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനു, എ.എ.പി. സര്‍ക്കാരിനും നയതന്ത്രപരവും രാഷ്‌ട്രീയവുമായ വിജയമാണിത്‌. ഏറെ നാളുകളായി ഡല്‍ഹി സര്‍ക്കാരും ലഫ്‌റ്റനന്റ്‌ ഗവര്‍ണറും തമ്മില്‍ വടംവലി നടക്കുകയായിരുന്നു. ആര്‍ക്കാണ്‌ അധികാരമെന്ന മൂപ്പിളമ തര്‍ക്കം ഡല്‍ഹിയുടെ ഭരണത്തെയും ക്രമസമാധാനത്തെയും വരെ ദോഷകരമായി ബാധിക്കുന്ന അവസ്‌ഥയുണ്ടായി. സത്യത്തില്‍ ലഫ്‌റ്റനന്റ്‌ ഗവര്‍ണറുമായുള്ള തര്‍ക്കം എന്നതിലുപരി കെജ്‌രിവാളിന്‌ ഇത്‌ കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരുമായുള്ള സംഘര്‍ഷമായിരുന്നു.

ഡല്‍ഹിയുടെ ഭരണാധികാരം ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ക്കാണെന്നും മന്ത്രിസഭയുടെ ഉപദേശവും നിര്‍ദേശവും സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്ക്‌ ബാധ്യതയില്ലെന്നായിരുന്നു ഈ വിഷയം പരിഗണനയ്‌ക്കു വന്നപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഇതേത്തുടര്‍ന്ന്‌ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ കെജ്‌രിവാള്‍ സര്‍ക്കാരിനെ ഇടംവലം വിടാതെ നിയന്ത്രിക്കുകയായിരുന്നു. ഗവര്‍ണറുടെ നിയന്ത്രണം സഹിക്കാനാവാതെ വന്നതോടെ കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയുമടക്കമുള്ളവര്‍ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിയായ രാജ്‌ഭവനിന്റെ സ്വീകരണമുറിയില്‍ ദിവസങ്ങളോളം സമരം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ അരവിന്ദ്‌ കെജ്‌രിവാളിന്‌ പിന്തുണയുമായി എത്തിയതോടെ സമരം ദേശീയ ശ്രദ്ധ നേടുകയും ചെയ്‌തു.

സംസ്‌ഥാനങ്ങളെ വരുതിക്ക്‌ നിറുത്താനാണ്‌ മിക്ക കേന്ദ്ര സര്‍ക്കാരുകളും ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നത്‌. എങ്കിലും ഗവര്‍ണറും സംസ്‌ഥാന സര്‍ക്കാരും തമ്മില്‍ സൗഹൃദത്തില്‍ പോകുന്നതാണ്‌ പൊതുവേ കണ്ടു വരുന്നത്‌. ഡല്‍ഹിയില്‍ മാത്രമാണ്‌ ഈ രണ്ട്‌ ഭരണഘടനാ സംവിധാനങ്ങളും തമ്മില്‍ ഇത്രമാത്രം സംഘര്‍ഷമുണ്ടായത്‌. ഡല്‍ഹിക്ക്‌ പൂര്‍ണ സംസ്‌ഥാന പദവി ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ അധികാരത്തിന്റെ ശക്‌തി മുഴുവന്‍ ഉപയോഗിക്കുകയായിരുന്നു. അതിനാണ്‌ സുപ്രിം കോടതി തടയിട്ടിരിക്കുന്നത്‌. ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും ലഫ്‌റ്റനന്റ്‌ ഗവര്‍ണറെ അറിയിക്കണം, എന്നാല്‍ എല്ലാ തീരുമാനങ്ങള്‍ക്കും അദ്ദേഹത്തിന്റെ അനുമതി ആവശ്യമില്ലെന്ന വിധി ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരിക്കാന്‍ സഹായിച്ചേക്കും. കേന്ദ്ര ഭരണപ്രദേശമെന്ന നിലയില്‍ ഡല്‍ഹിക്ക്‌ പോലീസിന്റേത്‌ അടക്കമുള്ള അധികാരം നല്‍കാനാവില്ല. ഇത്‌ സുപ്രിം കോടതി വിധിയിലും വ്യക്‌തമാക്കുന്നുണ്ട്‌. സുപ്രിം കോടതി വിധി ഡല്‍ഹി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ക്കും വ്യക്‌തമായ സൂചന നല്‍കുന്നതാണ്‌.
പൂര്‍ണ സംസ്‌ഥാന പദവി ലഭിക്കുമെന്നു കരുതേണ്ട എന്നതാണ്‌ ഡല്‍ഹി സര്‍ക്കാരിനുള്ള അറിയിപ്പ്‌. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്‌ അധികാരമുള്ള കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന്‌ ലഫ്‌റ്റനന്റ്‌ ഗവര്‍ണറോട്‌ കോടതി വ്യക്‌തമാക്കുന്നു. ലഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ മറവില്‍ എതിര്‍ രാഷ്‌ട്രീയ കക്ഷികളുടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടയരുതെന്നതാണ്‌ കേന്ദ്ര സര്‍ക്കാരിനുള്ള പാഠം.

Ads by Google
Friday 06 Jul 2018 02.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW