Tuesday, September 25, 2018 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
വ്യത്യസ്തരല്ല; ഇവര്‍ വ്യക്തിത്വമുള്ളവര്‍ / വി.പി. നിസാര്‍
Thursday 05 Jul 2018 12.44 AM

സ്‌ത്രീയാകാന്‍ രണ്ടുലക്ഷം; പുരുഷനാകാന്‍ ആറുലക്ഷം

uploads/news/2018/07/230869/opiun050718a.jpg

ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയും പുരുഷനുമായി മാറാന്‍ ചെലഴിക്കേണ്ടതു ലക്ഷങ്ങളാണ്‌. പുരുഷനായി ജനിച്ച്‌ സ്‌ത്രീയായി മാറാന്‍ രണ്ടുലക്ഷംരൂപ. ശസ്‌ത്രക്രിയയ്‌ക്കുശേഷം 40 ദിവസത്തോളം പൂര്‍ണവിശ്രമവും പരിരക്ഷയും വേണം. സ്‌ത്രീയായി ജനിച്ച്‌ പുരുഷനാകാന്‍ ആറുലക്ഷം രൂപയാകും.

ലിംഗമാറ്റശസ്‌ത്രക്രിയയ്‌ക്കുള്ള ശരാശരി ചെലവാണിത്‌. കേരളത്തില്‍ ഈ ശസ്‌ത്രക്രിയയ്‌ക്കു സൗകര്യമുണ്ടെങ്കിലും മിക്കവരും ഇതരസംസ്‌ഥാനങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. പ്രത്യേകിച്ച്‌ ബംഗളുരു, ഡല്‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളെ. എന്നാല്‍, ലിംഗമാറ്റശസ്‌ത്രക്രിയയ്‌ക്കു സര്‍ക്കാര്‍ സഹായമോ ഇന്‍ഷുറന്‍സ്‌ പരിരക്ഷയോ ലഭിക്കില്ല.

*** അന്തര്‍മുഖത്വം ട്രാന്‍സ്‌ ആണുങ്ങള്‍ക്ക്‌
മൂന്നുവര്‍ഷം മുമ്പ്‌, ട്രാന്‍സ്‌ജെന്‍ഡര്‍ നയം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമങ്ങള്‍ നടക്കവേയാണു കൂടുതല്‍പേരും സ്വന്തം വ്യക്‌തിത്വം വെളിപ്പെടുത്തിയതെന്നു വിഹാന്‍ പീതാംബര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ലൈംഗികന്യൂനപക്ഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്വിയറള കേരള(എല്‍.ജി.ബി.ടി.ഐ.ക്യു)യുടെ ഓര്‍ഗനൈസേഷന്‍ ബോര്‍ഡ്‌ അംഗവും എറണാകുളം ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌ മുന്‍ അംഗവുമാണു വിഹാന്‍.

ട്രാന്‍സ്‌ സ്‌ത്രീകളാണു കേരളത്തില്‍ കൂടുതലായും സ്വന്തം വ്യക്‌തിത്വം വെളിപ്പെടുത്തിയത്‌. ട്രാന്‍സ്‌ പുരുഷന്‍മാര്‍ ഇക്കാര്യത്തില്‍ ഇന്നും വിമുഖരാണ്‌. അതുകൊണ്ടുതന്നെ അവരെക്കുറിച്ചുള്ള അറിവും പൊതുസമൂഹത്തിനു കുറവാണ്‌. സംസ്‌ഥാനസര്‍ക്കാര്‍ പ്രത്യേകനയം രൂപീകരിച്ചതോടെ വന്‍മുന്നേറ്റമാണു ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനുണ്ടായത്‌. എന്നാല്‍ നയം നടപ്പാക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്‌ഥരുടെഅവബോധക്കുറവ്‌ തിരിച്ചടിയായി. ട്രാന്‍സ്‌ പുരുഷന്‍മാരെക്കുറിച്ചുള്ള അവബോധക്കുറവാണു പ്രധാനം. അതിനാല്‍ നയത്തിന്റെ പൂര്‍ണപ്രയോജനം ട്രാന്‍സ്‌ പുരുഷന്‍മാര്‍ക്കു ലഭിക്കുന്നില്ല.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ അധികൃതര്‍ കൂടുതലായും ചര്‍ച്ചചെയ്ുന്നതുയ ട്രാന്‍സ്‌വിമെനുമായാണ്‌. ട്രാന്‍സ്‌വിമന്‍ ആ വ്യക്‌തിത്വം തുറന്നുപറയുമ്പോള്‍ ട്രാന്‍സ്‌മെന്‍ ഇക്കാര്യം പലപ്പോഴും അംഗീകരിക്കാറില്ല. സ്വന്തം സ്വത്വം വെളിപ്പെടുത്തുക എന്നതാണു ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ കാതല്‍. സ്‌ത്രീ, പുരുഷന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗങ്ങള്‍ക്കു തുല്യപരിഗണനയാണു നയം വിഭാവനം ചെയ്യുന്നത്‌.

എന്നാല്‍ ഇതു കൃത്യമായി നടപ്പാക്കപ്പെടുന്നില്ല. അതിനുദാഹരണമാണു സര്‍ക്കാര്‍ ഇറക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഏകതിരിച്ചറിയലാണ്‌ ഈ കാര്‍ഡിലുള്ളത്‌. അതിനാല്‍ ട്രാന്‍സ്‌ പുരുഷന്‍മാര്‍ കാര്‍ഡിനായി അപേക്ഷിച്ചിട്ടില്ല തങ്ങളുടെ വ്യക്‌തിത്വം പുരുഷന്‍മാരുടേതാണെന്നും അങ്ങനെയല്ലാത്ത തിരിച്ചറിയല്‍ കാര്‍ഡ്‌ ആവശ്യമില്ലെന്നും ഇവര്‍ പറയുന്നു. ട്രാന്‍സ്‌ പുരുഷന്‍, ട്രാന്‍സ്‌ സ്‌ത്രീ എന്നിങ്ങനെ വെവ്വേറെ കാര്‍ഡുകള്‍ നല്‍കിയാല്‍ പ്രശ്‌നപരിഹാരമാകും.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ ഒരിക്കലും സാധാരണ പുരുഷനും സ്‌ത്രീയുമാകാന്‍ കഴിയില്ല. പുരുഷന്‍ ശസ്‌ത്രക്രിയ ചെയ്‌തു സ്‌ത്രീയായാലും പുരുഷശബ്‌ദമായിരിക്കും. തിരിച്ചും അങ്ങനെതന്നെ. അതുകൊണ്ടുതന്നെ ഇവരെ വേഗത്തില്‍ തിരിച്ചറിയാനാകും. സ്‌ത്രീ പുരുഷനായാലും താടിയും മീശയുമുണ്ടാകാന്‍ സാധ്യത കുറവാണ്‌. അതിനാല്‍ ഇരു ട്രാന്‍സ്‌ വിഭാഗങ്ങള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും അവഹേളനങ്ങള്‍ ഇപ്പോഴും നേരിടേണ്ടിവരുന്നു.

ട്രാന്‍സ്‌ പുരുഷന്‍മാരെന്നു വ്യക്‌തിത്വം വെളിപ്പെടുത്തിയിട്ടുള്ളതു 10 പേര്‍ മാത്രമാണ്‌. അമ്പതോളം പേര്‍ മടിച്ചുനില്‍ക്കുന്നുണ്ടെന്നും എന്നാല്‍, അവര്‍ ഒത്തുകൂടാറുണ്ടെന്നും വ്യക്‌തിത്വം വെളിപ്പെടുത്തിയവരില്‍ ഒരാള്‍ പറഞ്ഞു. വ്യക്‌തിത്വം വെളിപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും പരസ്‌പരം അറിയാം.

പുരുഷനായി ജനിച്ചുവളര്‍ന്നവരാണു ട്രാന്‍സ്‌ സ്‌ത്രീകള്‍. അതുകൊണ്ടുതന്നെ അവര്‍ക്കു വീട്‌ വിട്ടിറങ്ങാനും തനിയെ സഞ്ചരിക്കാനും ധൈര്യമുണ്ടാകും. എന്നാല്‍, സ്‌ത്രീയായി ജനിച്ചുവളര്‍ത്തപ്പെട്ടവര്‍ക്കു പുരുഷനായാലും പുറംലോകത്തെ ഭയമാണ്‌. തങ്ങള്‍ക്കു സമൂഹത്തില്‍ സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിഹാന്‍ പീതാംബര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിനും സാമൂഹികനീതി വകുപ്പ്‌ ഡയറക്‌ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌. ഐ.ടി. ഉദ്യോഗസ്‌ഥനായ വിഹാന്‍, ആറുലക്ഷം രൂപ ചെലവഴിച്ചാണു പുരുഷനായത്‌. അതിനു മുന്നോടിയായി ദുബായില്‍ പരസ്യമേഖലയിലെ ജോലിയും രാജിവച്ചു.

സംസ്‌ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌ അംഗമായ തൃശൂര്‍ സ്വദേശി എബിക്കുട്ടന്‍ പ്രകൃതിയെ അറിഞ്ഞു യാത്രചെയ്‌തും തെരുവിലൂടെ അലഞ്ഞുമാണ്‌ അവളില്‍നിന്ന്‌ അവനിലേക്കെത്തിയത്‌.

തിരുവനന്തപുരം കാരക്കോണം സ്വദേശിയായ സര്‍ബത്ത്‌ കച്ചവടക്കാരന്‍ ശിവാനന്ദുവും പുരുഷനായി വിവാഹം കഴിച്ച്‌ ഭാര്യ സൗമ്യയ്‌ക്കൊപ്പം സന്തുഷ്‌ടജീവിതം നയിക്കുന്നു. ബോക്‌സിങ്‌, പഞ്ചഗുസ്‌തി കായികതാരമായ തിരുവനന്തപുരം സ്വദേശി സോനു നിരഞ്‌ജന്‍ 20-ാം വയസിലാണ്‌ ആണ്‍ജീവിതം ആരംഭിച്ചത്‌. ഇപ്പോള്‍ സംസ്‌ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ്‌ അംഗമാണ്‌.

*** ഉള്ളതു പറഞ്ഞാല്‍ ജോലി പോകും
കേരളത്തിനു പുറത്ത്‌ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ്‌മാന്‌ തന്റെ പേരുപോലും വെളിപ്പെടുത്താന്‍ താല്‍പര്യമില്ല. സഹപ്രവര്‍ത്തകര്‍ പരിഹസിക്കുമെന്നും ജോലി നഷ്‌ടപ്പെടുമെന്നുമുള്ള ഭയമാണ്‌ ഈ ഒളിജീവിതത്തിനു കാരണം. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇയാള്‍ ജന്മനാപുരുഷനാണ്‌. ഒരിക്കല്‍ അനാഥയായിരുന്ന പെണ്‍കുട്ടിയില്‍നിന്നാണ്‌ ഇദ്ദേഹത്തിന്റെ പുരുഷത്വത്തിലേക്കുള്ള പരിണാമം.

*** മാതൃകയായി കേരള സര്‍ക്കാര്‍
രാജ്യത്ത്‌ ആദ്യമായി ലിംഗപദവി കോളത്തില്‍ സ്‌ത്രീ, പുരുഷന്‍ എന്നിവയ്‌ക്കു പുറമേ ട്രാന്‍സ്‌ജെന്‍ഡര്‍ ഓപ്‌ഷന്‍ അംഗീകരിച്ചതു കേരളസര്‍ക്കാരാണ്‌. കഴിഞ്ഞ മാര്‍ച്ച്‌ ആറിനു പുറപ്പെടുവിച്ച ഉത്തരവിലാണു സ്‌കൂള്‍/എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോളവും ചേര്‍ക്കാന്‍ തീരുമാനമായത്‌. എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍, സ്‌കൂള്‍ രേഖകളില്‍നിന്നു വ്യത്യസ്‌തമായി പേരു തിരുത്താന്‍ വ്യവസ്‌ഥയില്ല. ഈ പ്രശ്‌നം പരിഹരിച്ചതിനൊപ്പമാണു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ അനുകൂലമായ തീരുമാനവും കൈക്കൊണ്ടത്‌.

ഇതോടെ കേരളം ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദസംസ്‌ഥാനമായി. ഇതുമായി ബന്ധപ്പെട്ട്‌ കെ.ഇ.ആര്‍. ഭേദഗതി ചെയ്യുമെന്നു ഗവര്‍ണറുടെ ഉത്തരവുപ്രകാരം പൊതുവിദ്യാഭ്യാസവകുപ്പ്‌ സ്‌പെഷല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്‌ണ ഭട്ട്‌ വ്യക്‌തമാക്കി. ട്രാന്‍സ്‌ജെന്‍ഡറുകളുടെ സാമൂഹികസുരക്ഷയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കാത്ത മനോഭാവം പരിഷ്‌കൃതസമൂഹത്തിനു യോജിച്ചതല്ലെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌ ഹെല്‍പ്‌ലൈന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, മഴവില്‍ പദ്ധതി എന്നിവയുടെ ഉദ്‌ഘാടനം നിര്‍വഹിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
ധ്വയ തുടങ്ങിവച്ചത്‌

കേരളത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌ എന്ന പേരില്‍ സൊസൈറ്റി നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത സംഘടനയാണു ധ്വയ. 2017 ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടനയുടെ ഔദ്യോഗിക ഉദ്‌ഘാടനം ജൂണ്‍ 15-നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണു നിര്‍വഹിച്ചത്‌. അതേവര്‍ഷം ക്യൂന്‍ ഓഫ്‌ ധ്വയ എന്ന പേരില്‍ കേരളത്തില്‍ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യമത്സരം നടത്തി.

എറണാകുളം സെന്റ്‌ തെരേസാസ്‌, അല്‍അമീന്‍ കോളജുകളമായി ചേര്‍ന്ന്‌ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌. കേരള സംഗീത നാടക അക്കാഡമിയുമായി ചേര്‍ന്ന്‌ കേരളത്തിലെ ആദ്യത്തെ തീയറ്റര്‍ നാടക ഗ്രൂപ്പും (മഴവില്‍ ധ്വനി) ആരംഭിച്ചു. സംഘടനയിലെ മിക്ക അംഗങ്ങളും സിനിമ, പരസ്യം മേഖലകളില്‍ കഴിവുതെളിയിച്ചു.

(തുടരും.....)

Ads by Google
Ads by Google
Loading...
TRENDING NOW