Saturday, July 21, 2018 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
വ്യത്യസ്തരല്ല; ഇവര്‍ വ്യക്തിത്വമുള്ളവര്‍ / വി.പി. നിസാര്‍
Wednesday 04 Jul 2018 02.37 AM

പുനര്‍ജന്മങ്ങള്‍ക്കിടയിലും മരിക്കാന്‍ അപേക്ഷ നല്‍കി ഒരു ട്രാന്‍സ്‌വുമണ്‍

uploads/news/2018/07/230689/opinon040718a.jpg

കോഴിക്കോട്‌ രാമനാട്ടുകരയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ചേര്‍ന്നു രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടമാണു 'പുനര്‍ജന്മം'. പേരുപോലെതന്നെ ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌ ഈ കൂട്ടായ്‌മ. ജില്ലാ കുടുംബശ്രീ മിഷനു കീഴില്‍ ഇത്തരം മൂന്ന്‌ അയല്‍ക്കൂട്ടങ്ങളാണുള്ളത്‌.

അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്നതാണു രാമനാട്ടുകര സ്വദേശിയായ മോനിഷ ശേഖര്‍ എന്ന ട്രാന്‍സ്‌ വുമണിന്റെ കുടുംബം. ഇപ്പോള്‍ നാട്ടില്‍ സ്വന്തമായി വീട്‌ പണിതുകൊണ്ടിരിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിഞ്ഞതു 'പുനര്‍ജന്മം' അയല്‍ക്കൂട്ടത്തിലൂടെയാണെന്നു മോനിഷ പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനു മാത്രമായി കുടുംബശ്രീ യൂണിറ്റുകള്‍ രൂപീകരിച്ചതോടെ മോനിഷയുടെയും സുഹൃത്തുക്കളുടെയും തലവരതന്നെ മാറി. കുടുംബശ്രീ ജില്ലാ മിഷന്റെ പിന്തുണയോടെ, കഫേ കുടുംബശ്രീയുമായി ചേര്‍ന്ന്‌ ജ്യൂസ്‌ സ്‌റ്റാള്‍ ആരംഭിച്ചു. കുടുംബശ്രീ യൂണിറ്റില്‍ 10 പേരുണ്ടെങ്കിലും കഫേ കുടുംബശ്രീക്കു പിന്നില്‍ കോഴിക്കോട്‌ സ്വദേശികളായ വര്‍ഷ നന്ദിനി, ഷംന ഷംസീര്‍, അലീന ജോസഫ്‌ എന്നിവരാണുള്ളത്‌.

സ്‌കൂള്‍ പഠനം കഴിഞ്ഞ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സ്‌ ചെയ്‌ത മോനിഷയ്‌ക്ക്‌ അതു തൊഴില്‍മേഖലയാക്കാന്‍ ആദ്യം മടിയുണ്ടായിരുന്നു. സമൂഹത്തിന്റെ അവഗണനതന്നെ കാരണം. എന്നാല്‍, ജില്ലാ കുടുംബശ്രീ മിഷനിലെ കവിതയുടെയും രജിതയുടെയും പിന്തുണയോടെ കഴിഞ്ഞവര്‍ഷം കോഴിക്കോട്‌ ബീച്ചില്‍ ആദ്യ ജ്യൂസ്‌ സ്‌റ്റാള്‍ ആരംഭിച്ചു.

സ്വന്തമായി ഒരുരൂപപോലും മുടക്കേണ്ടിവന്നില്ല. കഫേ കുടുംബശ്രീ സ്വയംതൊഴില്‍ സഹായത്തിന്റെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഗുണഭോക്‌താക്കള്‍ മോനിഷയും കൂട്ടുകാരുമാണ്‌. ഇതിനകം 11 ജില്ലകളിലെ വിവിധ പ്രദര്‍ശനങ്ങളില്‍ ഇവരുടെ സ്‌റ്റാളിന്‌ ഇടം കിട്ടി. 10 ദിവസംകൊണ്ട്‌ ഒരംഗത്തിന്‌ 30,000 രൂപയോളം വരുമാനം ലഭിക്കുന്നു. ഏഴുതരം നെല്ലിക്കാ ജ്യൂസാണു സ്‌പെഷല്‍. കോഴിക്കോടന്‍ അവില്‍ മില്‍ക്ക്‌ സ്‌പെഷല്‍, കട്ട്‌ ഫ്രൂട്ട്‌ ജ്യൂസുകള്‍ എന്നിവയുമുണ്ട്‌. സ്വയംതൊഴില്‍ വായ്‌പയ്‌ക്കായി അലയുമ്പോഴാണു കുടുംബശ്രീ താങ്ങായത്‌.

കോഴിക്കോട്ടെ ജ്യൂസ്‌ സ്‌റ്റാള്‍ ഒരിക്കല്‍ ജില്ലാ കലക്‌ടര്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തോടു പരാധീനതകള്‍ പറഞ്ഞതു വെറുതേയായില്ല. കോഴിക്കോട്‌ സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുതന്നെ ജ്യൂസ്‌ കട ആരംഭിക്കാന്‍ കലക്‌ടര്‍ സ്‌ഥലം നല്‍കി. അവിടെ നിര്‍മാണപ്രവൃത്തികള്‍ നടന്നുവരുന്നു.

uploads/news/2018/07/230689/opinon040718c.jpg

**** മരണമല്ല അവസാന 'ആശ്രയം'

പട്ടിണി കിടന്നു മടുത്തതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി തൃശൂര്‍ ജില്ലാ കലക്‌ടര്‍ എ. കൗശികനു മുന്നില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എത്തി. തൃപ്രയാര്‍ എടമുട്ടം സ്വദേശി സുജിയാണു ജീവനൊടുക്കാന്‍ അനുമതി തേടിയത്‌. നാലുവര്‍ഷത്തിലേറെ സൗദിയില്‍ ജോലിചെയ്‌ത ഈ ബി.എസ്‌സി. നഴ്‌സിങ്‌ ബിരുദദാരിക്ക്‌ പ്രശ്‌നം പരിഹരിക്കാമെന്ന കലക്‌ടറുടെ ഉറപ്പിലാണ്‌ ഏകപ്രതീക്ഷ.

സുജിക്കു തൊഴിലും പാര്‍പ്പിടവും നല്‍കാന്‍ കൊല്ലം കൊട്ടാരക്കര കലയപുരം ആശ്രയ അഭയകേന്ദ്രം മുന്നോട്ടുവന്നിട്ടുണ്ട്‌. ഈ വിവരം ജില്ലാ കലക്‌ടറെ രേഖാമൂലം അറിയിക്കുകയും ചെയ്‌തു. സുജിയെ ആശ്രയയില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കാമെന്നാണു കലക്‌ടര്‍ അറിയിച്ചത്‌. 1989-ല്‍ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍നിന്നാണു സുജി ബി.എസ്‌സി. നഴ്‌സിങ്‌ പാസായത്‌. തുടര്‍ന്നു സൗദിയിലെത്തിയെങ്കിലും വിസ പുതുക്കാത്തതിനാല്‍ മടങ്ങേണ്ടിവന്നു. നാട്ടില്‍ ജോലിക്കായി പലവാതിലുകള്‍ മുട്ടിയെങ്കിലും ആരും തുണച്ചില്ല.

ട്രാന്‍സ്‌ജെന്‍ഡറിനെ നഴ്‌സാക്കാന്‍ ആശുപത്രി അധികൃതരും തയാറായില്ല. 51 വയസ്‌ പിന്നിട്ടതിനാല്‍ സര്‍ക്കാര്‍ ജോലിക്കു സാധ്യതയില്ല. വീട്ടുകാരും കൈവിട്ടതോടെ സൗദിയില്‍ ജോലിചെയ്‌തുണ്ടാക്കിയ തുകകൊണ്ടു തറവാടിനു സമീപം പണിത ഒറ്റമുറിവീട്ടിലാണു താമസം. നിസ്സഹായത വിവരിച്ച്‌, ഒരു ജോലിക്കായി രണ്ടുമാസം മുമ്പു ജില്ലാ കലക്‌ടര്‍ക്ക്‌ അപേക്ഷ നല്‍കി. അതിനു പ്രതികരണം ലഭിക്കാതായതോടെയാണു സുജി ദയാവധത്തിന്‌ അപേക്ഷ നല്‍കിയത്‌.

uploads/news/2018/07/230689/opinon040718e.jpg

***** ന്യായാധിപസമിതിയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

കേരളത്തില്‍ ആദ്യമായി ഒരു ന്യായാധിപസമിതിയില്‍അംഗമായ ട്രാന്‍സ്‌ജെന്‍ഡറാണു റിയ. മലപ്പുറം ലീഗല്‍ സര്‍വീസ്‌ അതോറിട്ടിയുടെ മെഗാ അദാലത്ത്‌ സിറ്റിങ്‌ ജഡ്‌ജിമാരുടെ പാനലിലാണു സാമൂഹികപ്രവര്‍ത്തകയെന്ന നിലയില്‍ കോഴിക്കോട്‌ സ്വദേശിയായ റിയ ഉള്‍പ്പെട്ടത്‌. ഫാഷന്‍ ഡിസൈനര്‍ കൂടിയായ റിയയെ വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്ുന്ന വിയഭാഗത്തിലാണു ലീഗല്‍ ഓഫീസറായി നിയമിച്ചത്‌.

ഒരുവര്‍ഷമായി മലപ്പുറം ലീഗല്‍ സര്‍വീസ്‌ അതോറിട്ടിക്കൊപ്പം റിയ പ്രവര്‍ത്തിച്ചുവരുകയാണ്‌. അതോറിട്ടി ജില്ലാ സെക്രട്ടറി രാജന്‍ തട്ടിലാണു റിയയെ ജഡ്‌ജിങ്‌ പാനലിലെത്തിക്കാന്‍ മുന്‍കൈയെടുത്തത്‌. പെരിന്തല്‍മണ്ണയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റിയ ഏറെ ആഹ്‌ളാദവതിയാണ്‌. ബന്ധുക്കള്‍ ഉള്‍പ്പെടെ പണ്ടു പുച്‌ഛിച്ചവരും അവഗണിച്ചവരും ഇന്ന്‌ അംഗീകരിക്കുന്നു.

തന്നെ 'പെണ്ണുകെട്ടിക്കാ'നുള്ള നീക്കങ്ങള്‍ ആരംഭിച്ചതോടെയാണു വീടുവിട്ടത്‌. ഇപ്പോള്‍ തിരികെ വീട്ടിലേക്കു ചെല്ലാന്‍ വിളിക്കുന്നുണ്ട്‌. പുറത്തിറങ്ങിയാല്‍ ആരെയും ശ്രദ്ധിക്കാറില്ല. എന്നാല്‍, പ്രദേശവാസികള്‍ക്കൊക്കെ റിയ സുചരിചിതയാണ്‌. മോഡലിങ്ങിലും സജീവമാണ്‌. ദ്വയ സൗന്ദര്യമത്സരത്തില്‍ പഴ്‌സണാലിറ്റി പുരസ്‌കാരം ലഭിച്ചു.

ഫാഷന്‍ ഡിസൈനിങ്ങില്‍നിന്നുള്ള വരുമാനം സാമ്പത്തികഭദ്രതയും ലീഗല്‍ ഓഫീസറെന്ന പദവി സാമൂഹികാംഗീകാരവും നല്‍കുന്നു. മനസിലാക്കാന്‍ കഴിയുന്ന ഏതെങ്കിലും പുരുഷന്‍ സമീപിച്ചാല്‍ വിവാഹിതയാകണമെന്ന മോഹവും റിയ മറച്ചുവയ്‌ക്കുന്നില്ല.

uploads/news/2018/07/230689/opinon040718d.jpg

****** കേരളം ഒരു അഭയകേന്ദ്രം

മുമ്പു കേരളത്തില്‍ താമസിക്കാന്‍ കഴിയാതെ, ട്രാന്‍സ്‌ജെന്‍ഡറുകള്‍ ബംഗളുരുവിലേക്കും ചെന്നൈയിലേക്കും പോകുകയായിരുന്നെങ്കില്‍ ഇന്ന്‌ അവസ്‌ഥ നേരേതിരിച്ചാണ്‌. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു കേരളത്തില്‍ മെച്ചപ്പെട്ട നിയമപരിരക്ഷ ലഭിക്കുന്നതാണ്‌ ഈ മാറ്റത്തിനു കാരണം. ചെന്നൈയില്‍ ഒരു യുവതിയെ വിവാഹം കഴിച്ച പുരുഷ ട്രാന്‍സ്‌ജെന്‍ഡറിനു നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതായതോടെയാണു കഴിഞ്ഞ ഏപ്രിലില്‍ തിരുവനന്തപുരത്തെത്തിയത്‌.

സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞിരുന്നെങ്കിലും കേരളം നല്‍കുന്ന സുരക്ഷ ഇവിടെയെത്തിയപ്പോഴാണു ബോധ്യപ്പെട്ടതെന്നു നാസിര്‍ മുഹമ്മദും ഭാര്യ നസ്‌റിന്‍ ബാനുവും പറഞ്ഞു. പെണ്ണായി പിറന്ന നാസിറിന്റെ ആണത്തം മനസിലാക്കിത്തന്നെയാണു വിവാഹം കഴിച്ചതെന്നു നസ്‌റിന്‍ പറഞ്ഞു. ബന്ധുക്കളടക്കം എതിര്‍ത്തതോടെ കേരളത്തിലേക്കു പോന്നു. കോവളത്തെ ഹോട്ടലില്‍ കഴിയവേയാണ്‌ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഒയാസിസ്‌ ഓര്‍ഗനൈസേഷനെക്കുറിച്ചും അതിന്റെ അമരക്കാരിയായ രഞ്‌ജിനി പിള്ളയെക്കുറിച്ചും അറിഞ്ഞത്‌.

ഒയാസിസിലെത്തി രഞ്‌ജിനിയോടു കാര്യങ്ങള്‍ വിവരിച്ചതോടെ അവിടെത്തന്നെ താല്‍കാലിക താമസസൗകര്യം ലഭിച്ചു. നിയമപരിരക്ഷതേടി അഡ്വ. ശ്രീജ മുഖേന തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു. ഇതിനിടെ ബന്ധുക്കള്‍ നല്‍കിയ പരാതിപ്രകാരം തമിഴ്‌നാട്‌ പോലീസ്‌ എത്തിയെങ്കിലും കാര്യങ്ങള്‍ വ്യക്‌തമായതോടെ മടങ്ങി. കോടതി അനുകൂലവിധി പുറപ്പെടുവിച്ചതോടെ ബന്ധുക്കളെ വിവരമറിയിച്ച്‌, കഴിഞ്ഞമാസം ഇരുവരും ചെന്നൈയിലേക്കു മടങ്ങി.

uploads/news/2018/07/230689/opinon040718b.jpg

***** ഒയാസിസ്‌: ട്രാന്‍സ്‌ജെന്‍ഡറുകളുടെ 'അമ്മ'

ഒയാസിസ്‌ ഓര്‍ഗനൈസേഷന്റെ നായികയായ രഞ്‌ജിനി പിള്ള കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ (എല്‍.ജി.ബി.ടി) വിഭാഗത്തിന്റെ പ്രിയപ്പെട്ട അമ്മയാണ്‌. കപടസദാചാരലോകത്ത്‌ സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു ജീവിക്കുന്നവള്‍. തിരുവനന്തപുരം, ചിറയിന്‍കീഴ്‌ പരവൂര്‍ പത്മനാഭന്‍ നായരുടെയും പാറുക്കുട്ടിയമ്മയുടെയും നാലുമക്കളില്‍ ഇളയവനായി ജനിച്ചു. പ്രേംനസീര്‍ ഗവ. സ്‌കൂളിലും ആറ്റിങ്ങല്‍ ഗവ. കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 11-ാം വയസില്‍ സ്‌ത്രീത്വം തിരിച്ചറിഞ്ഞു.

പെണ്‍കുട്ടിയായി വളരാനുള്ള പൂര്‍ണസമ്മതം കുടുംബത്തില്‍നിന്നു ലഭിച്ചെങ്കിലും സമൂഹത്തെ ഭയന്ന്‌ ഒതുങ്ങിക്കഴിയേണ്ടിവന്നു. പിന്നീടു ബിസിനസിലേക്കു തിരിഞ്ഞെങ്കിലും പരാജയപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജീവിക്കാനായി വേഷം കെട്ടുന്നവരല്ലെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരിട്ട അക്രമണങ്ങള്‍ക്കും അധിക്ഷേപത്തിനുമെതിരേ, അതിജീവനപോരാട്ടത്തില്‍ രഞ്‌ജിനി എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.

1998 മുതല്‍ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്‌ടിന്റെ ഭാഗമായി പല ജില്ലകളില്‍ പ്രവര്‍ത്തിച്ചു. ആറുവര്‍ഷമായി ഒയാസിസിന്റെ അധ്യക്ഷ. എച്ച്‌.ഐ.വി. പ്ര?വിഷന്‍ പ്രോജക്‌ടില്‍ ഡയറക്‌ടറായിരുന്നു. ഇന്ത്യന്‍ കുടുംബാസൂത്രണ അസോസിയേഷനു കീഴില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സുരക്ഷ പ്രോജക്‌ട്‌ ഓഫീസറായും പ്രവര്‍ത്തിച്ചു. ഒയാസിസിനു കീഴില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ രണ്ട്‌ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ്‌ അംഗവുമാണ്‌ രഞ്‌ജിനി പിള്ള.

uploads/news/2018/07/230689/opinon040718f.jpg

***** മാറ്റങ്ങള്‍ക്കു പിന്നില്‍ ഒരുപാട്‌ നീറ്റലുണ്ട്‌

ഒന്നരപ്പതിറ്റാണ്ടിനിടെ കേരളീയസമൂഹത്തിനു ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള സമീപനത്തിലുണ്ടായ മാറ്റം അത്ഭുതാവഹമാണെന്നു സെക്‌ഷ്വല്‍ ആന്‍ഡ്‌ ജെന്‍ഡര്‍ മൈനോറിറ്റി കേരള (എസ്‌.ജി.എം.എഫ്‌.കെ) പ്രസിഡന്റ്‌ ശ്രീക്കുട്ടി നമിത പറയുന്നു. ആദ്യകാല ട്രാന്‍സ്‌ജെന്‍ഡര്‍ പ്രക്ഷോഭങ്ങളുടെ മുന്‍പന്തിയില്‍ ശ്രീക്കുട്ടി(36)യുണ്ടായിരുന്നു. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം വന്നതോടെയാണു പലരും താരപരിവേഷത്തോടെ പുറത്തുവന്നത്‌.

പുരുഷവേഷത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിനായി പ്രയത്‌നിച്ചവര്‍ അതോടെ തിരശീലയ്‌ക്കു പിന്നിലായി. "സ്‌ത്രീവേഷം ധരിച്ചാലേ ട്രാന്‍സ്‌ജെന്‍ഡര്‍ ആകൂവെന്ന സമൂഹത്തിന്റെ ധാരണ മാറണം. പണ്ടു സര്‍ക്കാര്‍പോലും പറഞ്ഞിരുന്നതു കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇല്ലെന്നായിരുന്നു. അന്നു കേരളത്തില്‍ നില്‍ക്കാനാവാതെ പലരും ബംഗളുരു പോലുള്ള മഹാനഗരങ്ങളില്‍ ചേക്കേറി. ഇക്കൂട്ടര്‍ ഹിജഡകള്‍ക്കിടയില്‍ ജീവിതമാര്‍ഗം തേടി. ഞങ്ങളില്‍ ഒരുവിഭാഗം അന്നും പുരുഷവേഷത്തില്‍ പല പേരുകളില്‍ ഇവിടെക്കഴിഞ്ഞു.

ഒമ്പത്‌, കുണ്ടന്‍, ചാന്തുപൊട്ട്‌, ചെവിയന്‍ അങ്ങനെ പല പേരുകളില്‍ പരിഹസിച്ച്‌ ആളുകള്‍ ഞങ്ങളെ കല്ലെറിഞ്ഞു. അതെല്ലാം സഹിച്ച്‌ സര്‍ക്കാരിനു നിരവധി നിവേദനങ്ങള്‍ നല്‍കി. ഇതേത്തുടര്‍ന്നാണു സംസ്‌ഥാനസര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കി ഞങ്ങളെ അംഗീകരിച്ചത്‌. അന്നു മന്ത്രിമാരെ കാണാന്‍പോലും ഞങ്ങള്‍ക്ക്‌ അനുമതി ലഭിച്ചിരുന്നില്ല. അതിനാല്‍ പുലര്‍ച്ചെ അഞ്ചിനുതന്നെ എഴുന്നേറ്റ്‌, മേക്കപ്പിട്ട്‌, സാരിയുമുടുത്ത്‌ മന്ത്രിമന്ദിരത്തില്‍ പോയി നില്‍ക്കും.

അങ്ങനെ പലതവണ പോയപ്പോഴാണു ഞങ്ങളെ കേള്‍ക്കാന്‍ മന്ത്രിമാര്‍ തയാറായത്‌. പിന്നീടാണു സര്‍ക്കാര്‍ സര്‍വേ നടത്തിയതും ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ചതും. അതിനു പിന്നിലെ കഷ്‌ടപ്പാടുകള്‍ ന്യൂജനറേഷന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ അറിയില്ല. പിന്നീടാണു ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌ സംഘടനകള്‍ നിലവില്‍വന്നത്‌.

ഇന്റര്‍നാഷണല്‍ ജെന്‍ഡര്‍ കോണ്‍ഫറന്‍സില്‍ 2015 ഡിസംബര്‍ അഞ്ചിനു മന്ത്രി ട്രാന്‍സ്‌ജെന്‍ഡര്‍ നയം അവതരിപ്പിക്കുമ്പോള്‍ ഹാളിനു പുറത്തുണ്ടായിരുന്നത്‌ അഞ്ചു ട്രാന്‍സ്‌ജെന്‍ഡറുകള്‍ മാത്രം. 2016-ല്‍ നയം നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ കമ്മ്യൂണിറ്റി ബെയ്‌സ്‌ ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ പല ജില്ലകളിലും നാമമാത്രമായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ എല്ലാ സി.ബി.ഒകളില്‍നിന്നും രണ്ടംഗങ്ങളെ ഉള്‍പ്പെടുത്തി എസ്‌.ജി.എം.എഫ്‌.കെ. രൂപീകരിച്ചത്‌.

തുടര്‍ന്ന്‌ ഫെഡറേഷനും സര്‍ക്കാരും ചേര്‍ന്ന്‌ തുടര്‍വിദ്യാഭ്യാസപദ്ധതി സര്‍വേ നടത്താനും പഠിതാക്കളെ കണ്ടെത്താനും സാധിച്ചു. കായികവകുപ്പ്‌ ട്രാന്‍സ്‌ അത്‌ലറ്റിക്‌സ്‌ മേളയും സംഘടിപ്പിച്ചു. ലളിതകലാ അക്കാഡമി സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പില്‍ 45 പേരെ പങ്കെടുപ്പിക്കാന്‍ സംഘടനയ്‌ക്കു സാധിച്ചു"-ശ്രീക്കുട്ടി പറഞ്ഞു.

(തുടരും......)

Ads by Google
Ads by Google
Loading...
TRENDING NOW