Thursday, February 14, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 02.32 PM

ഗർഭത്തിന്റെ ഈ ലക്ഷണങ്ങൾ നിങ്ങളെ ലജ്ജിതയാക്കിയേക്കാം

Pregnancy Symptoms

ഗർഭവുമായി ബന്ധപ്പെട്ട ചില സാധാരണ ശാരീരിക മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. ഓക്കാനം, ഛർദി, ക്ഷീണം, അമിതമായി മൂത്രമൊഴിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ വളരെ സാധാരണമാണ്. എന്നാൽ, ഗർഭവുമായി ബന്ധപ്പെട്ട മറ്റു ചില ലക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു പോലും സ്ത്രീകൾ ലജ്ജിച്ചേക്കാം. ഇത്തരം ലക്ഷണങ്ങളെക്കുറിച്ചും അവ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുമാണ് ഇവിടെ പറയുന്നത്;

അമിതമായ ഗ്യാസ് (Excess gas)


തൊഴിലിടത്തെ ഒരു കൂടിക്കാഴ്ചയിൽ വച്ച് അല്ലെങ്കിൽ ആളുകൾ തിങ്ങിനിറഞ്ഞ ഒരു ലിഫ്റ്റിൽ വച്ച്, നിയന്ത്രിക്കാൻ സാധിക്കാതെ വലിയൊരു ഏമ്പക്കം വിടേണ്ടിവന്നാൽ നിങ്ങൾ തീർച്ചയായും ലജ്ജിതയാവും. നിർഭാഗ്യകരമെന്നു പറയട്ടെ, വയറ്റിൽ അമിതമായി വായു നിറയുന്നത് ഗർഭത്തിന്റെ ഒരു ലക്ഷണമാണ്. പ്രൊജെസ്റ്റിറോൺ നില ഉയരുന്നതാണ് ഇതിനു കാരണമായി പറയുന്നത്. പ്രൊജെസ്റ്റിറോൺ ഹോർമോൺ ദഹനനാളിയിലെ മസിലുകൾക്ക് ലാഘവത്വം നൽകുന്നതുവഴി ദഹനപ്രക്രിയയെ സാവധാനത്തിലാക്കുന്നത് വായു കെട്ടിക്കിടക്കാൻ കാരണമാവുന്നു. ഇത് ഇല്ലാതാക്കാൻ സാധിക്കില്ല എങ്കിലും വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും നിയന്ത്രിക്കാൻ സാധിക്കും. കാർബണേറ്റഡ് പാനീയങ്ങൾ, പയർവർഗങ്ങൾ, കോളിഫ്ളവർ,ബ്രോക്കോളി തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും അമിതമായി വായു നിറയുന്നത് ഒഴിവാക്കാൻ സഹായിക്കും.

അറിയാതെ മൂത്രം പോകുക (Leaky bladder)


ഗർഭകാലത്ത് നിങ്ങൾ പൊട്ടിച്ചിരിക്കുമ്പോഴും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും അറിയാതെ മൂത്രം പോയാൽ അതിശയിക്കേണ്ട കാര്യമില്ല. ഗർഭവും യൂറിനറി ഇൻകോണ്ടിനെൻസും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. കുട്ടി വളരുന്നതിന് അനുസൃതമായി, മൂത്രസഞ്ചിക്കുമേൽ ഗർഭപാത്രത്തിന്റെ സമ്മർദം വർധിക്കുകയും ചെറിയൊരളവ് മൂത്രം പോലും പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തേക്കാം. പൊട്ടിച്ചിരിക്കുമ്പോഴും തുമ്മുമ്പോഴും ചീറ്റുമ്പോഴും ഗർഭപാത്രത്തിനു മേൽ അധിക സമ്മർദമുണ്ടാകുന്നു. ഒരു പാന്റി-ലൈനർ ഉപയോഗിക്കുന്നതും രണ്ട് മണിക്കൂർ കൂടുമ്പോൾ ബോധപൂർവം മൂത്രമൊഴിക്കുന്നതും ഇതു മൂലമുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിക്കും.

മലബന്ധം (Constipation)


ഗർഭിണികൾ കൂടുതൽ സമയം ടോയ്ലറ്റിൽ ചെലവഴിക്കുന്നത് സാധാരണമാണ്. ഗർഭകാലത്തെ മറ്റൊരു അസ്വസ്ഥതപകരുന്ന ലക്ഷണമാണ് മലബന്ധം. ഗർഭകാലത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ ദഹനത്തെ സാവധാനത്തിലാക്കുകയും കുടലുകളുടെ സ്വാഭാവിക ചലനത്തെ ബാധിക്കുകയും ചെയ്യും. ഇത് മലബന്ധത്തിനു കാരണമാകും. പഴങ്ങൾ, പച്ചക്കറികൾ, ഫ്ളൂയിഡുകൾ, തവിടുകളയാത്ത ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഈ പ്രശ്നം ലഘൂകരിക്കാൻ സഹായിക്കും.

ലൈംഗികാഗ്രഹം കുറയുക (Low sex drive)


നിങ്ങൾ ഗർഭിണിയായശേഷം ലൈംഗികതയുടെ കാര്യത്തിൽ അത്ര താല്പര്യം തോന്നുന്നുണ്ടാവില്ല. തുടക്കത്തിൽ, ഓക്കാനവും തലകറക്കവുമായിരുന്നിരിക്കണം ലൈംഗികാഗ്രഹത്തെ ഇല്ലാതാക്കിയത്. പിന്നീട്, വയറും മോശം ദേഹഭാവവും പുറം‌വേദനയും നിങ്ങളുടെ മനോനിലയിൽ മാറ്റം വരുത്തിയിരിക്കാം. എന്നാൽ, ഭർത്താവുമായി വെറുതെ സംസാരിക്കുന്നതും വികാരങ്ങൾ പങ്കുവയ്ക്കുന്നതും നിങ്ങളുടെ വിഷമതകൾ ലഘൂകരിക്കാൻ സഹായിക്കും. ഓർക്കുക, ഡോക്ടർ അനുവദിച്ചിട്ടുണ്ടെങ്കിൽ, ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ട് നിങ്ങൾക്കും കുട്ടിക്കും പ്രശ്നങ്ങളൊന്നുമുണ്ടാവില്ല.
Pregnancy Symptoms

മുഖക്കുരു (Acne)


മുഖത്ത് കുരുക്കളും കളങ്കങ്ങളും പ്രത്യക്ഷപ്പെടുന്നതു മൂലം മിക്ക ഗർഭിണികൾക്കും ആശങ്കയുണ്ടായേക്കാം. കൗമാര പ്രായത്തിൽ മാത്രമാണ് ഇതുണ്ടാവുകയെന്ന വിശ്വാസമാണ് ഈ ആശങ്കയ്ക്ക് കാരണം. ഗർഭകാലത്ത് ധാരാളം ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതു മൂലം അമിതമായി എണ്ണമയമുണ്ടാകുന്നതും മുഖക്കുരു ഉണ്ടാകുന്നതും അസ്വാഭാവികമായി കരുതേണ്ടതില്ല. വീര്യം കുറഞ്ഞ ഒരു ക്ളെൻസറും എണ്ണ-വിമുക്തമായ ഒരു മോയിസ്ചറൈസറും ഉപയോഗിക്കുകയാണ് ഇതിനുള്ള ഒരു പ്രതിവിധി. ചിലപ്പോൾ, പ്രസവം കഴിഞ്ഞ് ഏതാനും ദിവസത്തിനു ശേഷം മുഖക്കുരു കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നതായി കാണാം.

സ്തനങ്ങളിൽ നിന്ന് ദ്രാവകം ഊറിവരൽ (Leaking breast)


സ്തനങ്ങളിൽ നിന്ന് ദ്രാവകം ഊറിവരുന്നത് നിങ്ങളെ ലജ്ജിതയാക്കിയേക്കാം. ഇത് കുഞ്ഞിനെ സ്വീകരിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ്. പാലൂട്ടുന്നതിനു സ്തനങ്ങളെ സജ്ജമാക്കുന്ന പ്രോലാക്റ്റിൻ ഹോർമോണിന്റെ നില ഉയരുന്നതാണ്, ഉത്തേജിതമാകുമ്പോൾ സ്തനങ്ങളിൽ നിന്ന് ദ്രാവകം ഇറ്റുവീഴാൻ കാരണമാകുന്നത്. കുളി, വസ്ത്രം മാറൽ, ലൈംഗികബന്ധം എന്നിവ മൂലം സ്തനങ്ങൾ ഉത്തേജിതമായേക്കാം. ബ്രേസിയറിനുള്ളിൽ നഴ്സിംഗ് പാഡുകൾ വയ്ക്കുന്നത് ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കും.

മുഖരോമങ്ങൾ (Facial hair)


മുഖത്തിനു ഗർഭത്തിന്റേതായ തിളക്കം ലഭിക്കുന്നതിനൊപ്പം താടിയിലും മേൽച്ചുണ്ടിലും അടിവയറ്റിലും സ്തനങ്ങളിലും രോമവളർച്ച ഉണ്ടായേക്കാം. ഇതിനും ഗർഭകാലത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളാണ് കാരണമാകുന്നത്. മിക്ക സ്ത്രീകളിലും ഇത് കാണപ്പെടുന്നു. വാക്സിംഗ്, ഷേവിംഗ്, ട്വീസിംഗ് തുടങ്ങിയ രീതികളിലൂടെ അനാവശ്യ രോമങ്ങൾ നീക്കംചെയ്യാൻ സാധിക്കും.

ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ലജ്ജയുണ്ടാക്കുമെങ്കിലും അവ അസ്വാഭാവികമല്ല. മിക്കവാറും എല്ലാ ഗർഭിണികളിലും മുകളിൽ പറഞ്ഞ ഏതാനും ലക്ഷണങ്ങൾ കണ്ടേക്കാം. ഇതേക്കുറിച്ച് വിഷമിക്കേണ്ട കാര്യമില്ല. പരിഭ്രമിക്കാതെ, ഇവയെ മറികടക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുക. ഗർഭത്തിന്റെ പോസിറ്റീവായ വശങ്ങളെക്കുറിച്ച് ചിന്തിക്കുക.

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
TRENDING NOW