Thursday, September 20, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 04.12 PM

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം

''തൊലിപ്പുറവും കണ്ണുകളിലെ വെള്ളയും മഞ്ഞനിറത്തിലാകുന്നതാണ് കുട്ടികളിലെമഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണം. ഇതിനെ നിയോനാറ്റല്‍ ജോണ്‍ഡിസ് എന്നു വിളിക്കുന്നു. ഈ മഞ്ഞപ്പിത്തം ജനിച്ച് ഒന്നോ രണ്ടോ ദിവസത്തില്‍ തുടങ്ങുകയും രണ്ടോ മൂന്നോ ആഴ്ചകള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു . ''
uploads/news/2018/06/229153/majapithiamforkid280618.jpg

നവജാത ശിശുക്കളില്‍ മഞ്ഞപ്പിത്തം സാധാരണമാണ്. പ്രസവശേഷം 'കുഞ്ഞിന് മഞ്ഞപ്പുണ്ട്, ലൈറ്റ് അടിപ്പിക്കണം' എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആശങ്കപ്പെടേണ്ടതില്ല. ഏകദേശം 70 ശതമാനം കുഞ്ഞുങ്ങളിലും ജന്മനാല്‍ മഞ്ഞപ്പിത്തം കണ്ടുവരുന്നുണ്ട്.

തൊലിപ്പുറവും കണ്ണുകളിലെ വെള്ളയും മഞ്ഞനിറത്തിലാകുന്നതാണ് കുട്ടികളിലെ മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണം. ഇതിനെ നിയോനാറ്റല്‍ ജോണ്‍ഡിസ് എന്നു വിളിക്കുന്നു.

ഈ മഞ്ഞപ്പിത്തം ജനിച്ച് ഒന്നോ രണ്ടോ ദിവസത്തില്‍ തുടങ്ങുകയും രണ്ടോ മൂന്നോ ആഴ്ചകള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. അതിനു ശേഷം ഈ അവസ്ഥ പൂര്‍ണമായി മാറുകയും ചെയ്യുന്നു. എന്നാല്‍ ചില അപൂര്‍വം അവസരങ്ങളില്‍ കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം അപകടകരമായ അവസ്ഥയിലെത്താറുമുണ്ട്.

കാരണങ്ങള്‍


ബിലിറൂബിന്റെ അളവ് ശരീരത്തില്‍ ക്രമാതീതമായി കൂടുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. നവജാത ശിശുക്കളില്‍ ചുവന്ന രക്താണുക്കളുടെ അളവ് കൂടുതലായതിനാലും ചുവന്ന രക്താണുക്കളുടെ നാശം നേരത്തേ സംഭവിക്കുന്നതിനാലും, ബിലുറൂബിന്റെ അളവ് കൂടുതലായി കാണുന്നു.

മഞ്ഞപ്പ് ആദ്യത്തെ 24 മണിക്കൂറിന് ശേഷം മാത്രം തുടങ്ങുകയും അത് ആദ്യത്തെ 2 ആഴ്ചയ്ക്കുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്താല്‍ അതിനെ ഫിസിയോളജിക്കല്‍ ജോണ്‍ഡിസ് അഥവാ കുഴപ്പമില്ലാത്ത മഞ്ഞപ്പിത്തം എന്നു വിളിക്കാം.

കുഞ്ഞുങ്ങളിലെ അണുബാധ, ജനിതകപരമോ മറ്റോ ആയ അസുഖങ്ങള്‍, അമ്മയിലുണ്ടാകുന്ന പഞ്ചസാര, തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവ് എന്നിവയെല്ലാം മഞ്ഞപ്പിത്തത്തിന് കാരണമായേക്കാം.

അമ്മയുടെ രക്തഗ്രൂപ്പ് Rh നെഗറ്റീവും കുഞ്ഞുങ്ങളുടേത് പോസിറ്റീവും ആയാല്‍ മഞ്ഞപ്പിത്തം കൂടാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ അമ്മയുടെ O ഗ്രൂപ്പും കുഞ്ഞ് 'A' അല്ലെങ്കില്‍ 'എ.ബി' അല്ലെങ്കില്‍ 'ബി'യും ആണെങ്കിലും മഞ്ഞപ്പ് കൂടാന്‍ സാധ്യതയുണ്ട്.

അപകടകാരിയാകുന്നു


ചെറിയ തോതിലുള്ള മഞ്ഞപ്പിത്തം കുഞ്ഞുങ്ങള്‍ക്ക് അപകടകരമല്ല. എന്നാല്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഒരു നിശ്ചിത പരിധിക്ക് മുകളില്‍ പോയാല്‍ അത് മസ്തിഷ്‌ക്കത്തെ ബാധിച്ച് കുട്ടിക്ക് ഭാവിയില്‍ അപസ്മാരം, സെറിബ്രല്‍ പാള്‍സി, കേള്‍വിക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവ ഉണ്ടായേക്കാം. അതുകൊണ്ടു ബിലിറൂബിന്റെ അളവ് അപകടകരമായ നിലയിലേക്ക് എത്താതെ ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍


1. മഞ്ഞപ്പിത്തത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ചര്‍മ്മവും കണ്ണിന്റെ വെള്ളയും മഞ്ഞ നിറത്തിലാവുക എന്നതാണ്.
2. സാധാരണ ഗതിയില്‍ ആദ്യത്തെ 2 മുതല്‍ 4 ദിവസത്തിനുള്ളിലാണ് ഇത് പ്രകടമാകുന്നത്.
3. സൂര്യപ്രകാശത്തിലാണ് ഇത് വ്യക്തമായി കാണാന്‍ കഴിയുന്നത്.
uploads/news/2018/06/229153/majapithiamforkid280618a.jpg

അപകടസാധ്യതയുള്ള മഞ്ഞപ്പിത്തം


1. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ ഉള്ള മഞ്ഞപ്പിത്തം
2. ആദ്യത്തെ ചികിത്സയ്ക്ക് ശേഷം വീണ്ടും ഉണ്ടാകുന്ന മഞ്ഞനിറം
3. കൈകാലുകളുടെ വെള്ള വരെ ബാധിക്കുന്ന മഞ്ഞപ്പ്
4. 2 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നവ
5. വെള്ള നിറത്തിലുള്ള മലം
6. മഞ്ഞപ്പിന്റെ കൂടെ കുട്ടിക്ക് ഉന്മേഷക്കുറവ്, അല്ലെങ്കില്‍ നിര്‍ത്താതെയുള്ള കരച്ചില്‍

മഞ്ഞപ്പിത്തത്തിന്റെ തീവ്രത അളക്കാം


രണ്ടുരീതിയില്‍ മഞ്ഞപ്പിത്തം അളക്കാം. ട്രാന്‍സ്‌ക്യൂട്ടിനസ് ബിലിറൂബിന്‍, സെറം ബിലിറൂബിന്‍ എന്നിവയാണ് രണ്ടു രീതികള്‍. ഇതില്‍ ഒരു ചെറിയ ഉപകരണത്തിന്റെ സഹായത്താല്‍ കുഞ്ഞിന്റെ നെറ്റിയിലോ, നെഞ്ചിലോ അമര്‍ത്തി ചര്‍മ്മത്തിലെ ബിലിറൂബിന്റെ അളവ് കണ്ടെത്താം. രക്ത സാംപിളിലൂടെ ബിലിറൂബിന്റെ അളവ് പരിശോധിക്കുന്ന രീതിയാണ് സെറം ബിലിറൂബിന്‍. വളരെ കൃത്യമായ മഞ്ഞപ്പിന്റെ തോത് അളക്കാന്‍ ഇത് സഹായിക്കുന്നു.

എങ്ങനെ ചികിത്സിക്കാം


ചെറിയ തോതിലുള്ള മഞ്ഞപ്പിത്തം ചികിത്സിക്കാതെ തന്നെ ഭേദമാകുന്നതാണ്. കുഞ്ഞിന്റെ പ്രായം (ദിവസങ്ങളില്‍), തൂക്കം, കൂടെയുള്ള അസുഖങ്ങള്‍ ഇതിനെയെല്ലാം കണക്കാക്കി നിങ്ങളുടെ ഡോക്ടര്‍ നിങ്ങള്‍ക്ക് ചികിത്സ നിര്‍ദേശിക്കും. ഫോട്ടോതെറാപ്പി ചികിത്സയാണ് ഇതില്‍ ഏറ്റവും ഫലപ്രദമായ ചികിത്സാ രീതി.

നീലനിറത്തിലും വെള്ള നിറത്തിലുമുള്ള പ്രത്യേക പ്രകാശ കിരണങ്ങള്‍ കൃത്രിമമായി കുഞ്ഞിന്റെ ശരീരത്തിലേക്ക് കടത്തിവിടുന്ന ഒരു ചികിത്സാ രീതിയാണിത്. മഞ്ഞ നിറത്തിന്റെ തോത് അനുസരിച്ച് ചിലപ്പോള്‍ ഒന്നോ രണ്ടോ മൂന്നോ ദിവസങ്ങള്‍ ഇതുപോലെ ചികിത്സ വേണ്ടി വന്നേക്കാം.

കുഞ്ഞുങ്ങളിലെ ബിലിറൂബിന്റെ ഘടനയില്‍ വ്യത്യാസം വരുത്തി അതിനെ വിസര്‍ജ്യത്തിലൂടെ പുറം തള്ളാന്‍ ഫോട്ടോ തെറാപ്പി സഹായിക്കുന്നു.

ഫോട്ടോതെറാപ്പി


1. കുഞ്ഞിനെ ഐസിയുവില്‍ ഒരു പ്രത്യേക ബെഡില്‍ കിടത്തി പ്രകാശം കടത്തിവിടുന്ന ചികിത്സാ രീതിയാണിത്
2. കുഞ്ഞിന്റെ കണ്ണ് മാസ്‌ക് ഉപയോഗിച്ച് മൂടിയതിനു ശേഷം ഒരു നാപ്പി മാത്രം ധരിപ്പിച്ചാണ് സാധാരണയായി ഫോട്ടോതെറാപ്പി കൊടുക്കുന്നത്.
3. പ്രത്യേക തരത്തിലുള്ള ഓപ്ടിക് ആയ മാറ്റുകള്‍ ഉപയോഗിച്ചും ഫോട്ടോ തെറാപ്പി കൊടുക്കാം.

പാര്‍ശ്വഫലങ്ങള്‍


വളരെ ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങളാണ് ഫോട്ടോതെറാപ്പികൊണ്ട് കുഞ്ഞിന് ഉണ്ടാകുന്നത്. വയറിളക്കം, നിര്‍ജലീകരണം എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. അതുകൊണ്ടുതന്നെ കൂടെക്കൂടെ പാല്‍ കൊടുക്കുന്നത് വളരെ പ്രാധാന്യമുള്ളതാണ്.

കുട്ടികളിലെ മഞ്ഞപ്പിത്തം: സംശയങ്ങളും മറുപടിയും


ന്റകുട്ടികളുടെ മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണുള്ളത്. രോഗത്തെക്കുറിച്ചുള്ള അജ്ഞത ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനിടയുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. നവജാതശിശുക്കളില്‍ കണ്ടുവരുന്ന മഞ്ഞപ്പിത്തത്തെക്കുറിച്ച് സാധാരണ ഉയര്‍ന്നുവരാറുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.
uploads/news/2018/06/229153/majapithiamforkid280618b.jpg

പ്രതിരോധ കുത്തിവയ്പ്പുകള്‍ :-
കുഞ്ഞുങ്ങളിലുള്ള മഞ്ഞപ്പിത്തം പ്രതിരോധ കുത്തിവയ്പ്പുകള്‍കൊണ്ട് തടയാന്‍ സാധിക്കുമോ?

കുഞ്ഞുങ്ങളിലെ മഞ്ഞനിറത്തിനു കാരണം ചുവന്ന രക്താണുക്കളിലെ ആധിക്യവും ജന്മനാലുള്ള പരിമിതികളുമാണ്. വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം കുത്തിവയ്പ്പുകൊണ്ട് തടയാം.

സൂര്യപ്രകാശം ദോഷകരം : -
സൂര്യപ്രകാശം നിയോനാറ്റല്‍ ജോന്‍ഡിസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാമോ?

സൂര്യപ്രകാശത്തില്‍, കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം കുറയാനാവശ്യമായ നീല വെളിച്ചത്തിനൊപ്പം ദോഷകരമായ അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് രശ്മികളും ഉണ്ട്. അതിനാല്‍ സൂര്യപ്രകാശം നേരിട്ട് കുഞ്ഞിനെ കൊള്ളിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു.

ബിലിറൂബിന്‍ പരിശോധന :-
എപ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് ബിലിറൂബിന്റെ അളവ് പരിശോധിക്കേണ്ടത്?

ചര്‍മ്മത്തിലോ കണ്ണിലോ മഞ്ഞനിറം ദൃശ്യമാണെങ്കില്‍ ബിലിറൂബിന്റെ അളവ് പരിശോധിച്ച് കൃത്യമായ ചികിത്സ നിശ്ചയിക്കേണ്ടതാണ്.

ചികിത്സയ്ക്കു ശേഷം ഡോക്ടറെ കാണണോ? :-
കുഞ്ഞ് ഡിസ്ചാര്‍ജ് ആയതിനു ശേഷം വീണ്ടും ഡോക് ടറെ കാണേണ്ടതുണ്ടോ?


കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തത്തിന്റെ തീവ്രതയും കാരണവും അനുസരിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വീണ്ടും ഡോക്ടറെ കാണിക്കേണ്ടതുണ്ട്.

ചെറിയ തോതിലുള്ള മഞ്ഞപ്പിത്തം : -
എല്ലാ നവജാതശിശുക്കളിലും മഞ്ഞപ്പിത്തത്തിനുള്ള ചികിത്സ ആവശ്യമുണ്ടോ.?

ചെറിയ തോതിലുള്ള മഞ്ഞപ്പിത്തത്തിന് ചികിത്സ ആവശ്യമില്ല. കൂടെക്കൂടെ ബിലിറൂബിന്റെ ലെവല്‍ പരിശോധിക്കേണ്ടതാണ്. ഒരു നിശ്ചിത പരിധിക്ക് മുകളില്‍ ബിലിറുമിന്റെ അളവ് വര്‍ധിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് അപകരമാണ്.

ഡോ. മൊയ്തീന്‍ ബാബു പേരയില്‍
ഫെല്ലോഷിപ്പ് ഇന്‍ നിയോനാറ്റോളജി
കിംസ് അല്‍ശിഫ
സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ , പെരിന്തല്‍മണ്ണ

Ads by Google
Thursday 28 Jun 2018 04.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW