Friday, February 22, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 04.21 PM

സ്തനങ്ങളിലെ പഴുപ്പ് സ്ത്രീകളുടെ ശ്രദ്ധയ്ക്ക്

''സ്തനത്തില്‍ ചതവോ, ക്ഷതമോ ഉണ്ടായാല്‍ രക്തം കല്ലിച്ചു കിടക്കുകയും അത് ക്രമേണ രോഗാണുബാധകൊണ്ട് പഴുത്ത കുരുവായി തീരുകയും ചെയ്യുന്നു. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പഴുപ്പിന്റെ കാരണങ്ങള്‍ ക്ഷയം, സിഫിലിസ്, പരജീവികള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍, പുപ്പല്‍ രോഗങ്ങള്‍ തുടങ്ങിയവയാണ്''
uploads/news/2018/06/228903/brasthelthproblm270618.jpg

പ്രത്യേകതരം ബാക്ടീരിയ വര്‍ഗത്തില്‍പ്പെട്ട രോഗാണുക്കളാണ് സ്തനങ്ങളില്‍ പഴുപ്പുണ്ടാകാന്‍ കാരണം. മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് മുലക്കണ്ണ് വിണ്ടുകീറുന്നതും പൊട്ടുന്നതും സാധാരണമാണ്.

ഇത്തരം വിണ്ടുപൊട്ടല്‍വഴി രോഗാണുക്കള്‍ സ്തനത്തിനുള്ളിലെത്തും. മുലകുടിക്കുന്ന കുഞ്ഞിന് ചെറിയ പാല്‍പ്പല്ലുകള്‍ ഉണ്ടെങ്കില്‍ പല്ലുകൊണ്ടും മുലകണ്ണിലോ, സ്തനത്തിലോ, ചര്‍മത്തിലോ മുറിവുണ്ടാകാം.

ഈ മുറിവ് ക്രമേണ പഴുക്കാനിടയുണ്ട്. ആദ്യം മുലപ്പാല്‍ ഗ്രന്ഥികള്‍ക്കു ചുറ്റുമുള്ള കൊഴുപ്പു നിറഞ്ഞ ഭാഗങ്ങളില്‍ പഴുപ്പ് വ്യാപിക്കുന്നു. അതിന്റെ ഫലമായി മുലപ്പാലുണ്ടാക്കുന്ന ഗ്രന്ഥികളും മുലപ്പാല്‍ ഒഴുക്കുന്ന കുഴലുകളും അമര്‍ത്തപ്പെടുന്നു.

ഈ ഘട്ടത്തെ മാസ്‌റ്റൈസ്റ്റിസ് എന്നുപറയുന്നു. പഴുപ്പ് കൂടുതല്‍ ഉള്ളിലേക്ക് വ്യാപിച്ചാല്‍ സ്തനത്തിനുള്ളില്‍ പഴുപ്പ് കെട്ടിനില്‍ക്കുകയും പഴുത്ത് കുരുപോലാകുകയും ചെയ്യുന്നു. ഇത് കീറി പഴുപ്പ് പുറത്തു കളയേണ്ടിവരും.

സ്തനത്തില്‍ ചതവോ, ക്ഷതമോ ഉണ്ടായാല്‍ രക്തം കല്ലിച്ചു കിടക്കുകയും അത് ക്രമേണ രോഗാണുബാധകൊണ്ട് പഴുത്ത കുരുവായി തീരുകയും ചെയ്യുന്നു. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പഴുപ്പിന്റെ കാരണങ്ങള്‍ ക്ഷയം, സിഫിലിസ്, പരജീവികള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍, പുപ്പല്‍ രോഗങ്ങള്‍ തുടങ്ങിയവയാണ്.

മലയൂട്ടല്‍ സമയത്തോ, സ്തനങ്ങളില്‍ ക്ഷതത്തിന്റെ ഫലമായോ അല്ലാതെയോ പഴുപ്പ് കാണുകയാണെങ്കില്‍ അപൂര്‍വമായി അത് സ്തനാര്‍ബുദത്തിന്റെ സൂചനയാകാം.

ലക്ഷണങ്ങള്‍ തിരിച്ചറിയാം


ആദ്യഘട്ടത്തില്‍ രോഗിക്ക് പനി, അസ്വസ്ഥത, ക്ഷീണം, പഴുപ്പു ബാധിച്ച ഭാഗത്ത് വേദന എന്നിവയുണ്ടാകാം. സ്തനത്തിന് വീക്കം, ചുവപ്പു നിറം, സ്പര്‍ശിച്ചാല്‍ ചൂടും വേദനയും എന്നിവ കാണാം.

ചികിത്സ കിട്ടാന്‍ വൈകുന്നതുമൂലം പഴുപ്പ് കുടുതല്‍ വ്യാപിക്കുകയാണെങ്കില്‍ കുളിരും വിറയലും കൂടിയുള്ള കടുത്തപനി, പഴുത്ത കുരു ഉള്ള ഭാഗത്ത് കഠിന വേദന, കല്ലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.

സ്തനങ്ങളില്‍, പഴുപ്പ് കെട്ടിക്കിടക്കുന്നു എന്നാണ് ഈ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉടനെ ചികിത്സ തുടങ്ങിയില്ലെങ്കില്‍ കുരുവിന്റെ വലിപ്പം കൂടുകയും സ്തനത്തിനുള്ളില്‍ മുഴുവന്‍ വ്യാപിക്കുകയും ചിലപ്പോള്‍ ചര്‍മ്മം പൊട്ടി ചലവും പഴുപ്പും പുറത്തേയ്ക്കുവരികയും ചെയ്യുന്നു.

മുലപ്പാല്‍ ഒഴുകുന്ന കുഴലുകളിലേക്ക് പഴുപ്പ് പ്രവേശിച്ചാല്‍ മുലകണ്ണിലൂടെ പഴുപ്പു വരുന്നതു കാണാം. കഠിനമായ അണുബാധയാണെങ്കില്‍ സ്തനത്തിന്റെ അതേവശത്ത് കക്ഷത്തില്‍ കഴലവീക്കവും വേദനയും ഉണ്ടാവാം.

പഴുപ്പിനുള്ള സാഹചര്യങ്ങള്‍


1. കുഞ്ഞിന് മുലയുട്ടുന്ന രീതി ശരിയാവാതിരിക്കുക. കൃത്യമായ ഇടവേളകളില്‍ ശരിയായ രീതിയില്‍ കുഞ്ഞിന് മുലയൂട്ടേണ്ടതാണ്. രണ്ട് സ്തനങ്ങളില്‍ നിന്നും മാറിമാറി മുല നല്‍കണം. അതല്ലെങ്കില്‍ മുലപ്പാല്‍ കെട്ടിക്കിടക്കാനും പഴുപ്പുണ്ടാകാനും ഇടയുണ്ട്.

2. അടിവസ്ത്രം (ബ്രേസിയര്‍) ഇറുക്കമുള്ളതാകുക . മുലയൂട്ടുന്ന അമ്മമാര്‍ അധികം ഇറുക്കമുള്ള ബ്രേസിയര്‍ ഉപയോഗിക്കരുത്. ഇറുക്കം കൂടിയാല്‍ സ്തനത്തിനും മുലപ്പാലുണ്ടാകുന്ന
ഗ്രന്ഥികളിലും പാലൊഴുകുന്ന കുഴലുകളിലുമെല്ലാം സമ്മര്‍ദവും വേദനയും ഉണ്ടാകും.

uploads/news/2018/06/228903/brasthelthproblm270618a.jpg

3. മുലയൂട്ടല്‍ വേഗം നിര്‍ത്തുന്നത് ചില സ്ത്രീകള്‍ സ്തനസൗന്ദര്യം നഷ്ടപെടുമോ എന്നു ഭയന്ന് മുലയൂട്ടല്‍ പെട്ടെന്നു നിര്‍ത്താറുണ്ട്. ഇത് ശരിയായ രീതിയല്ല. സ്തനങ്ങളുടെ പ്രധാന ഉദേശ്യം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുക എന്നതാണ്. പെട്ടന്നു മുലയൂട്ടല്‍ നിര്‍ത്തുകയാണെങ്കില്‍ പാല്‍ കെട്ടി കിടന്നു പഴുപ്പുണ്ടാകും.

4. അമിതവണ്ണം അമ്മമാര്‍ക്ക് അമിത വണ്ണമുണ്ടെങ്കില്‍ സ്തനത്തില്‍ പഴുപ്പുവരാന്‍ സാധ്യത കൂടാറുണ്ട്. അതിനാല്‍ അമിതവണ്ണമുള്ള അമ്മമാര്‍ വണ്ണം കുറയ്ക്കുക.

5. മുമ്പ് അണുബാധ ഉണ്ടായിട്ടുള്ളവര്‍ സ്തനത്തില്‍ മുമ്പ് പഴുപ്പ് വന്നിട്ടുണ്ടെങ്കില്‍ വീണ്ടും പഴുപ്പുവരാന്‍ സാധ്യത വര്‍ധിക്കുന്നു. ഇതിനാല്‍ ചെറിയ തടിപ്പോ വേദനയോ അനുഭവപ്പെട്ടാല്‍ പരിശോധയും ചികിത്സയും ആവശ്യമാണ്.

ചികിത്സിച്ചു മാറ്റാം


മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണിച്ച് കഴിയുന്നതും വേഗം ചികിത്സ തുടങ്ങേണ്ടതാണ്. നീരും വീക്കവും വേദനയും കുറയുവാനുള്ള വേദന സംഹാരി മരുന്നുകളും പഴുപ്പുമാറാനുള്ള ആന്റിബയോട്ടിക്കുകളും ഡോക്ടര്‍ നല്‍കുന്നു.

അതിനുപുറമേ പഴുപ്പുള്ള ഭാഗത്ത് ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുക്കിയ തുണി ഇടയ്ക്കിടെ വയ്ക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.

വേദനയുള്ള സ്തനത്തിന് ആവശ്യമായ താങ്ങു നല്‍കണം. കാരണം പഴുപ്പുള്ള സ്തനം തൂങ്ങിക്കിടക്കുകയാണെങ്കില്‍ വേദന കൂടും. അമ്മമാര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മുലയൂട്ടല്‍ തുടരാവുന്നതാണ്. പഴുപ്പ് മുലക്കണ്ണിനടുത്താണെങ്കില്‍ അഥവാ കടുത്തവേദനയുണ്ടെങ്കില്‍ മിക്കവാറും ഒരു പ്രത്യേക പമ്പ് ഉപയോഗിച്ച് മുലപ്പാല്‍ പിഴിഞ്ഞെടുക്കാറുണ്ട്.

പഴുപ്പില്ലാത്ത സ്തനത്തില്‍ നിന്ന് മുലയൂട്ടല്‍ തുടരാം. സ്തനത്തിനുള്ളില്‍ പഴുപ്പ് കെട്ടിക്കിടക്കുകയാണെങ്കില്‍ ചെറു സര്‍ജറിയിലൂടെ ചലവും പഴുപ്പും പുറത്തു കളയുകയോ, പഴുപ്പ് കുത്തിയെടുത്ത് കളയേണ്ടി വരികയോ വേണ്ടിവരും.

പഴുപ്പു തടയാം


1. കുഞ്ഞിന് കൃത്യമായ രീതിയില്‍ രണ്ടു സ്തനങ്ങളില്‍ നിന്നും മാറിമാറി മുലയൂട്ടുക.
2. മുലക്കണ്ണുകള്‍ വരണ്ടുപോകാനും വിണ്ടുകീറി പൊട്ടാനുമിടയുണ്ട്. മുലക്കണ്ണുകളുടെ ഈര്‍പ്പം നിലനിര്‍ത്താനായി ഇടയ്ക്കിടെ ശുദ്ധ വെള്ളത്തില്‍ കഴുകുകയോ, ഡോക്ടറുടെ നിര്‍ദേശപ്രകാരം വാസ്ലൈനോ ക്രീമോ പുരട്ടുകയോ ചെയ്താല്‍ മുലക്കണ്ണ് വിണ്ടുകീറുന്നത് തടയാം.

3. പ്രമേഹമുണ്ടെങ്കില്‍ മരുന്നുകളും, ഭക്ഷണക്രമീകരണവും കൊണ്ട് രോഗം നിയന്ത്രിക്കുക.
4. മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തേണ്ടിവന്നാല്‍ പെട്ടെന്നു നിര്‍ത്താതിരിക്കുക. കുറേ ആഴ്ചകൊണ്ട് ക്രമേണ നിര്‍ത്തുന്നതാണ് നല്ലത്.

5. സ്തനത്തില്‍ പഴുപ്പുണ്ടായാല്‍ വളരെവേഗം വ്യാപിക്കാനും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. പഴുപ്പിന്റെ ആദ്യലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനെതന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ്. അവഗണിക്കുകയാണെങ്കില്‍ ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കടപ്പാട്:
ഡോ. (മേജര്‍) നളിനി ജനാര്‍ദ്ധനന്‍
ഫാമിലി മെഡിസിന്‍
സ്‌പെഷലിസ്റ്റ്, പുനെ

Ads by Google
Ads by Google
Loading...
TRENDING NOW