കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് അടുത്തകാലത്തുണ്ടായ പേരുദോഷം മാറ്റിയെടുക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്ത മാര്‍ ജേക്കബ് മനത്തോടത്ത്. പൂര്‍വികരായി സമ്പാദിച്ചെടുത്ത നല്ലൊരു പേര് രൂപതയ്ക്കുണ്ടായിരുന്നു. എന്നാല്‍, അടുത്ത കാലത്തായി പേരുദോഷം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങിനുശേഷം നന്ദിയര്‍പ്പിക്കുകയായിരുന്നു മാര്‍ മനത്തോടത്ത്.
വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് അതിരൂപത കടന്നുപോകുന്നത്. ഇതു രമ്യമായി പരിഹരിക്കാനുള്ള ദൗത്യമാണു തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന് എല്ലാവരുടെയും സഹകരണമുണ്ടാകണം. നല്ലരീതിയില്‍ സഹകരിച്ചില്ലെങ്കില്‍ താന്‍ പരാജയപ്പെടും. അത് അതിരൂപതയുടെ പരാജയമാകും. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കു വിശ്വാസികളുടെ പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു. മാര്‍പാപ്പയുടെ പ്രതിനിധിയായ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജാംബത്തിസ്താ ദിക്വാത്രോ, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. സമൂഹബലിയില്‍ മുഖ്യകാര്‍മികനായ മാര്‍ മനത്തോടത്ത് സഹകാര്‍മികര്‍ക്കൊപ്പം പ്രദക്ഷിണമായാണ് അള്‍ത്താരയിലേക്കെത്തിയത്. മെത്രാന്മാരെയും മറ്റുള്ളവരെയും കത്തീഡ്രല്‍ വികാരി ഫാ. ഡേവിസ് മാടവന സ്വാഗതം ചെയ്തു. സിറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നിയമന ഉത്തരവും അതിരൂപതാ പ്രോ- ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില് അതിന്റെ പരിഭാഷയും വായിച്ചു. വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്ഞചൊല്ലിയാണു നിയമനരേഖയില്‍ ഒപ്പുവച്ചത്. കര്‍ദിനാള്‍ ആമുഖസന്ദേശം നല്കി.
വത്തിക്കാനിലെ പൗരസ്ത്യകാര്യാലയ അധ്യക്ഷന്‍ കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിയുടെ സന്ദേശം വായിച്ച ആര്‍ച്ച് ബിഷപ് ഡോ. ജാംബത്തിസ്താ ദിക്വാത്രോ ദിവ്യബലിയില്‍ വചനസന്ദേശം നല്കി.