Monday, September 24, 2018 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 24 Jun 2018 01.16 AM

സഹായമെത്രാന്‍മാരുടെ അധികാരം നീക്കി , മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ ശുദ്ധികലശം തുടങ്ങി

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയില്‍ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതലയേറ്റ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, നിലവിലുണ്ടായിരുന്ന സമിതികള്‍ പിരിച്ചുവിട്ടു ശുദ്ധികലശം തുടങ്ങി.
അതിരൂപതയുടെ ഭരണച്ചുമതലകളില്‍നിന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ മാറ്റിയ വത്തിക്കാന്റെ തീരുമാനത്തിനു പിന്നാലെയാണിത്‌. സഹായ മെത്രാന്‍മാരുടെ അധികാരങ്ങളും എടുത്തുകളഞ്ഞു. രൂപതയിലെ ദൈനംദിന ഭരണകാര്യങ്ങളെല്ലാം പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ തീരുമാനിക്കും. ഓഗസ്‌റ്റില്‍ സിനഡ്‌ ചേരുമ്പോള്‍ സഹായമെത്രാന്‍മാരെ നിലനിര്‍ത്തണമോയെന്നും തീരുമാനിക്കും.
പ്രോ- പ്രോട്ടോ സിഞ്ചെല്ലൂസ്‌ ആയി ഫാ. വര്‍ഗീസ്‌ പൊട്ടയ്‌ക്കല്‍, പ്രോ- ഫിനാന്‍സ്‌ ഓഫീസറായി ഫാ. സെബാസ്‌റ്റ്യന്‍ മാണിക്കത്താന്‍, പ്രോ- ചാന്‍സലറായി ഫാ. ജോസ്‌ പൊള്ളയില്‍, പ്രോ- വൈസ്‌ ചാന്‍സലറായി ഫാ. വര്‍ഗീസ്‌ (ബിജു) പെരുമായ എന്നിവരെ നിയമിച്ചു.
മാര്‍ ജേക്കബ്‌ മനത്തോടത്തിന്റെ അഭാവത്തില്‍ ഫാ. വര്‍ഗീസ്‌ പൊട്ടക്കല്‍ ചുമതലകള്‍ നിറവേറ്റും. ഇപ്പോഴുള്ള അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം അഡ്‌മിനിസ്‌ട്രേറ്റര്‍ നിയമനത്തോടെ ഇല്ലാതായി. എന്നാല്‍, ഈ സമിതികളില്‍ മാറ്റംവരുത്തുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്‌ത്‌ പ്രവര്‍ത്തനക്ഷമമാക്കാന്‍ അദ്ദേഹത്തിന്‌ അധികാരമുണ്ടാകും. നിലവിലുള്ളവരെ ഉള്‍പ്പെടുത്തി പുതിയ സമിതികള്‍ രൂപീകരിക്കാമെങ്കിലും അതിനുള്ള സാധ്യത വിദൂരമാണെന്നാണു സൂചന.
സഭയിലെ ഭൂമിപ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാണു മാര്‍ മനത്തോടത്തിന്റെ ശ്രമം. ഭൂമി പ്രശ്‌നംപരിഹരിക്കാന്‍ കര്‍ദിനാളിനെ സഹായിക്കുന്നതിനു വേണ്ടിയാണു സഹായമെത്രാന്‍മാരെ വത്തിക്കാന്‍ നിയമിച്ചത്‌. എന്നാല്‍, ഇവരുടെ ശ്രമങ്ങള്‍ പാഴായതു കൊണ്ടു കൂടിയാണ്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ നിര്‍ബന്ധിതമായത്‌.

Ads by Google
Sunday 24 Jun 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW