കൊച്ചി : എറണാകുളം -അങ്കമാലി അതിരൂപതാംഗം തന്നെയായ മാര്‍ ജേക്കബ് മനത്തോടത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതോടെ അതിരൂപതയില്‍ ആഹ്ളാദാരവം.
എറണാകുളം അങ്കമാലി അതിരൂപതയിലെ കോടംതുരുത്തില്‍ പരേതരായ കുര്യനും കത്രീനായുമാണു മാതാപിതാക്കള്‍. ഒരു സഹോദരനും അഞ്ചു സഹോദരിമാരുമുണ്ട്. കോടംതുരുത്ത് എല്‍.പി. സ്കൂള്‍, കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയന് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം എറണാകുളം സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പുനെ പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1972 നവംബര്‍ നാലിനു പൗരോഹിത്യം സ്വീകരിച്ചു.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ അസിസ്റ്റന്റ് വികാരിയായും കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചതിനു ശേഷം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. എളമക്കര, ചെമ്പ് പള്ളികളില്‍ വികാരിയായിരുന്നു.
എറണാകുളം അതിരൂപതാ സെക്രട്ടറി, കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതിസംരക്ഷകന്, ബന്ധസംരക്ഷകന്‍, അതിരൂപതാ ചാന്‍സലര്‍, ആലോചനാസമിതിയംഗം, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യയുടെ എക്സിക്യുട്ടീവ് സെക്രട്ടറി, ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1992 നവംബര്‍ 28-ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി. 1996 നവംബര്‍ 11-ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. സി.ബി.സി.ഐ. ഹെല്‍ത്ത് കമ്മിഷനംഗം, സിറോ മലബാര്‍ വിശ്വാസ പരിശീലന കമ്മിഷന് ചെയര്മാന് എന്നി നിലകളിലും പ്രവര്‍ത്തിക്കുന്നു.