Saturday, July 21, 2018 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 22 Jun 2018 03.21 PM

ചെറിയ ശബ്ദം കേള്‍ക്കുമ്പോള്‍പ്പോലും കുഞ്ഞ് കൈകൊണ്ട് ചെവി മൂടി കരയുന്നു ചെവിയുടെ തകരാര്‍കൊണ്ട് ഇങ്ങനെ സംഭവിക്കാനിടയുണ്ടോ?

കുട്ടികളുടെ ആരോഗ്യം
uploads/news/2018/06/227622/asdrkidscar220618.jpg

''സാധാരണ ഈ തകരാര്‍ ചികിത്സിച്ചു ഭേദമാക്കാനാവുന്നതാണ്. എന്നാല്‍ ഞരമ്പുസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് ഹൈപ്പര്‍അക്യൂസിസ് ഉണ്ടായതെങ്കില്‍ ചികിത്സിച്ചു മാറ്റാന്‍ബുദ്ധിമുട്ടാണ്''

ശബ്ദം കേട്ടാല്‍ ചെവിപൊത്തി കരയുന്നു


എന്റെ മകന് 6 മാസം പ്രായം. ചെറിയ ശബ്ദം കേള്‍ക്കുമ്പോള്‍പ്പോലും കുഞ്ഞ് കൈകൊണ്ട് ചെവി മൂടി കരയുന്നു. അതുകൊണ്ട് ശബ്ദമുള്ള കളിപ്പാട്ടങ്ങള്‍ കുട്ടിക്ക് കളിക്കാന്‍ നല്‍കാനാവില്ല. മിക്‌സിയും മറ്റും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കുട്ടി ഉച്ചത്തില്‍ കരയും. എന്തുകൊണ്ടാണിത്? ചെറിയ ശബ്ദങ്ങളോട് കുട്ടി അമിതമായി പ്രതികരിക്കാന്‍ കാരണമെന്താണ്? ചെവിയുടെ തകരാര്‍കൊണ്ട് ഇങ്ങനെ സംഭവിക്കാനിടയുണ്ടോ?
----- സ്മിത ഗോപന്‍ , കോട്ടയ്ക്കല്‍

ആറുമാസം പ്രായമാകുന്നതോടെ കുട്ടികള്‍ ശബ്ദങ്ങളോട് പ്രതികരിച്ചു തുടങ്ങും. കളിപ്പാട്ടങ്ങളുടെയും മറ്റും ശബ്ദം ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇവിടെ കുട്ടിക്ക് ചെറിയ ശബ്ദംപോലും അലോസരമുണ്ടാക്കുന്നു. ചെവി മൂടി കരയുന്നു. കത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിക്ക് ചെവിയുമായി ബന്ധപ്പെട്ട ഹൈപ്പര്‍അക്യൂസിസ് എന്ന തകരാറാകാനാണ് സാധ്യത.

സാധാരണ ഈ തകരാര്‍ ചികിത്സിച്ചു ഭേദമാക്കാനാവുന്നതാണ്. എന്നാല്‍ ഞരമ്പുസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് ഹൈപ്പര്‍അക്യൂസിസ് ഉണ്ടായതെങ്കില്‍ ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടാണ്. എന്തായാലും കുട്ടിയെ ഒരു പീഡിയാട്രിഷനെയും ഇ.എന്‍.ടി സര്‍ജനെയും കാണിച്ച് പരിശോധന നടത്തുന്നത് നല്ലതാണ്. എവിടെയാണ് തകരാര്‍ എന്ന് കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമായിരിക്കും.

പല്ലുകള്‍ ദ്രവിക്കുന്നു


നാല് വയസുള്ള കുഞ്ഞിനു വേണ്ടിയാണ് കത്ത്. അവന്റെ പല്ലുകള്‍ മുഴുവന്‍ കേടായ അവസ്ഥയിലാണ്. ദിവസവും രാവിലെയും വൈകിട്ടും പല്ല് ബ്രഷ് ചെയ്യുന്നുണ്ട്. മധുര പലഹാരങ്ങളാണ് അവന്‍ കൂടുതലായും കഴിക്കുന്നത്. ഇപ്പോള്‍ പല്ലുകള്‍ ദ്രവിച്ച് കുറ്റിയായ നിലയിലാണ്. വേദനയുമുണ്ട്. ഇനി എന്താണ് പോംവഴി. ഈ പ്രായത്തില്‍ പല്ലുകള്‍ മുഴുവന്‍ എടുത്തുകളയുന്നത് ഉചിതമാണോ?
------ കിഷോര്‍ രാജ്, ചേര്‍ത്തല

കുഞ്ഞിന്റെ പല്ല് ഒരു നല്ലശതമാനത്തോളം കേടായി കഴിഞ്ഞു എന്നാണ് കത്തില്‍ നിന്നും വ്യക്തമാകുന്നത്. നമുക്ക് രണ്ടുതരം പല്ലുകളാണുള്ളത്. പാല്‍ ദന്തങ്ങളും പിന്നീട് ഉണ്ടാകുന്ന സ്ഥിര ദന്തങ്ങളും. ഇതില്‍ ആദ്യംവരുന്ന പാല്‍ ദന്തങ്ങളെയാണ് ഈ അവസ്ഥ ബാധിച്ചിരിക്കുന്നത്.

മധുരപലഹാരങ്ങളോടുള്ള അമിതമായ കമ്പമാണ് കുഞ്ഞിനെന്ന് കത്തില്‍ പറയുന്നു. ഇതുതന്നെയാണ് പല്ലുകള്‍ കേടുവന്നു ദ്രവിച്ചുപോകാന്‍ പ്രധാന കാരണം. രാത്രിയില്‍ കുട്ടികള്‍ പാലുകുടിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ അത് പല്ലിനെ ബാധിക്കാനിടയുണ്ട്. പാലിലെ ഷുഗര്‍രോഗാണുക്കളുമായി ചേര്‍ത്ത് പല്ലുകളില്‍ കേടുവരുത്തുന്നു. ചോക്കലേറ്റ് മിഠായികള്‍ കഴിക്കുന്നതും പല്ലുകളെ ദോഷകരമായി ബാധിക്കും.

അത് പല്ലുകളുടെ വിടവുകളില്‍ പറ്റിപ്പിടിച്ചിരിക്കും. ഇത് പിന്നീട് പല്ലുകളെ കേടുവരുത്തുന്നു. നിലവില്‍ കുഞ്ഞിന്റെ പല്ലുകള്‍ മുഴുവന്‍ കേടായി മോണയില്‍ പഴുപ്പും വീക്കവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഇനി എത്രയും വേഗം ഒരു ദന്തഡോക്ടറെ കാണിച്ച് ആവശ്യമായി ചികിത്സ സ്വീകരിക്കുക. പ്രധാനമായി ചെയ്യേണ്ടത് കുഞ്ഞിന് ഇനിവരുന്ന സ്ഥിര ദന്തങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ്.

അതിനായി ഒരു ദന്തരോഗ വിദഗ്ധന്റെ സേവനം പ്രയോജനപ്പെടുത്തണം. ആവശ്യത്തിന് ചികിത്സ സ്വീകരിച്ചില്ലെങ്കില്‍ പുതിയ പല്ലുകളുടെ നിരകള്‍ തെറ്റുകയും കുഞ്ഞിന്റെ മുഖത്തിന്റെ ആകൃതി നഷ്ടമാവുകയും ചെയ്യും.

ഉറക്കക്കുറവിന് പരിഹാരം


എന്റെ മകന് ഏഴുമാസം പ്രായം. കുഞ്ഞിന് ഉറക്കക്കുറവാണ്. പകലും രാത്രിയിലുമായി വളരെ കുറച്ച് സമയം മാത്രമേ കുഞ്ഞ് ഉറങ്ങുന്നുള്ളൂ. ഓരോ തവണയും അരമണിക്കൂര്‍ മാത്രമാണ് കുഞ്ഞ് ഉറങ്ങുക. അരമണിക്കൂര്‍ ഉറങ്ങിയാല്‍ ഉടന്‍ ഉണര്‍ന്ന് കരയാന്‍ തുടങ്ങും. എട്ടാം മാസത്തിലാണ് കുഞ്ഞ് ജനിച്ചത്. സിസേറിയനായിരുന്നു. രാത്രിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഉറക്കം കുറവായിരിക്കും എന്നു പറയുന്നത് ശരിയാണോ? വളര്‍ച്ചയ്ക്ക് ആനുപാതികമായ തൂക്കം കുഞ്ഞിനുണ്ട്. ഉറക്കക്കുറവ് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ? ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരം?
------ പ്രദീപ് നായര്‍ , തേവര

രാത്രിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് രാത്രിയില്‍ ഉറക്കം കുറവായിരിക്കും എന്നത് വിശ്വാസം മാത്രമാണ്. ശാസ്ത്രീയമായി അതിന് തെളിവില്ല. കുഞ്ഞ് അരമണിക്കൂര്‍ കഴിയുമ്പോള്‍ ഉണരുന്നു എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും കുഞ്ഞിന് സ്വാഭാവിക ഉറക്കം ലഭിക്കുന്നില്ല എന്ന് മനസിലാക്കാന്‍ സാധിക്കുന്നു.

ഒരു മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ തടസങ്ങളില്ലാതെ നീളുന്നതാണ് ശരിയായ ഉറക്കം. ആദ്യം മയക്കവും പിന്നീട് ഗാഢനിദ്രയിലേക്കും അവിടെ നിന്നും വീണ്ടും മയക്കത്തിലേക്കും നിങ്ങുന്ന ഒരു ചാക്രിക രീതിയിലാണ് ഉറക്കം നടക്കുന്നത്.

പക്ഷേ, ഇവിടെ കുഞ്ഞ് മയക്കത്തില്‍ നിന്നും ഗാഢനിദ്രയിലേക്ക് കടക്കുന്നില്ല. അതുകൊണ്ടാണ് ഇടയ്ക്കിടെ ഉണരുന്നത്. സുഖമായി ഉറങ്ങാനുള്ള സാഹചര്യം നല്‍കാത്തതുകൊണ്ടാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ പാതിവഴിയില്‍ ഉറക്കം വിട്ടുണരുന്നത്. ഉറങ്ങുന്ന മുറി, കിടക്കുന്ന കട്ടില്‍, അന്തരീക്ഷം, നിശബ്ദത, കാലാവസ്ഥ തുടങ്ങിയവയെല്ലാം കുഞ്ഞിന്റെ ഉറക്കത്തെ സ്വാധീനിക്കുന്നു.

ടി.വിയുടെ ശബ്ദവും, മൊബൈല്‍ ഫോണിന്റെ ശബ്ദവും കുഞ്ഞിന്റെ ഉറക്കത്തെ തടസപ്പെടുത്തും. പതിവായി ഒരു നിശ്ചിത സമയത്ത് കുഞ്ഞിനെ ഉറക്കുക. അമ്മ കുഞ്ഞിനോടൊപ്പം കിടക്കുക. ആ സമയത്ത് മുറിയില്‍ ലൈറ്റ് ഒഴിവാക്കുക. ശബ്ദമുണ്ടാക്കാതെ വീട്ടിലെ മറ്റ് കുടുംബാംഗങ്ങളും സഹകരിക്കണം. ആരോഗ്യകരമായ ഉറക്കശീലം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം.

എങ്കില്‍ മാത്രമേ കുഞ്ഞിന് ശരിയായ ഉറക്കം ലഭിക്കുകയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചതിനു ശേഷവും കുട്ടിക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു പീഡിയാട്രീഷനെ കാണിക്കുന്നതാണ് നല്ലത്. ഉറക്കത്തെ തടസപ്പെടുത്തുന്ന ഒബ്‌സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയ പോലുള്ള തകരാര്‍ കുഞ്ഞിന് ഉണ്ടോ എന്ന് പരിശോധിച്ച് അറിയണം.

രാത്രിയും പകലുമായി പത്തു മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ ഒരു കുട്ടി ശരാശരി ഉറങ്ങണം. രാത്രി എട്ടര - ഒന്‍പതു മണിക്ക് കുട്ടികളെ ഉറക്കണം. രാത്രി പത്തുമണിക്കു ശേഷം കുട്ടികള്‍ ഉണര്‍ന്നിരിക്കേണ്ട ആവശ്യവുമില്ല.

മുടി കട്ടപിടിക്കുന്നു


എന്റെ മകന് 10 വയസ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ജനിച്ചപ്പോള്‍ത്തന്നെ തല നിറയെ മുടി ഉണ്ടായിരുന്നു. രാവിലെയും വൈകിട്ടും കുളിക്കുന്നുണ്ടെങ്കിലും കുട്ടിയുടെ ജടപിടിക്കുന്നു. അതിനാല്‍ പലപ്പോഴും മുടിയുടെ നീളം വളരെകുറച്ച് വെട്ടിയ്‌ക്കേണ്ടിവരുന്നു. വൈകിട്ട് കുളിച്ചിട്ട് കിടന്നാലും നേരം വെളുക്കേുമ്പോള്‍ മുടി കൂടിച്ചേര്‍ന്ന് കട്ടപിടിക്കും. ജനിച്ചപ്പോള്‍മുതല്‍ ഈ പ്രശ്‌നം ഉണ്ടായിരുന്നു. ഇതുവരെ ഡോക്ടറെ കണിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇത് മാറാന്‍ എന്താണ് ചെയ്യേണ്ടത്?
----റിയ തോമസ് , തൃശൂര്‍

മുടിയുടെ സ്വഭാവം പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലരുടെ മുടി എത്ര നീണ്ടാലും കട്ടപിടിക്കില്ല . എന്നാല്‍ ചിലരുടെ മുടി വളരെ വേഗം ജടകെട്ടുന്നതുമാണ്. മുടിയുടെ നീളം കുറച്ച് വെട്ടിയാല്‍ ജട കെട്ടുന്നത് ഒഴിവാക്കാനാവും. എന്നാല്‍ വളരെ അപൂര്‍വമായി മുടിയുഴ നിറം മങ്ങുക, മുടിയുടെ കട്ടി കുറയുക, കൊഴിയുക, ഒട്ടിപ്പിടിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് കാണാറുണ്ട്.

ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഒരു ത്വക്ക്‌രോഗ വിദഗ്ധനെ കാണുന്നത് നന്നായിരിക്കും. കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് ചികിത്സ വേണ്ടിവരുന്ന രോഗമായി കരുതാനാവില്ല.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW